Tuesday, April 11, 2006

കൊടകര പുരാണം - ആറേശ്വരത്തെ പുനര്‍ജ്ജനി ഗുഹ

കൊടകര നിന്ന് കിഴക്കോട്ട്‌, വെള്ളിക്കുളങ്ങര റൂട്ടില്‍ സൈക്കിളില്‍ പോയാല്‍, നിന്ന് ചവിട്ടിയാല്‍ അരമണിക്കൂറും; ഇരുന്ന് ആയമ്പോലെ ചവിട്ടിയാല്‍ മുക്കാല്‍ മണിക്കോറുകൊണ്ടും എത്തിപ്പെടാവുന്ന ഒരു പില്‍ഗ്രിമേജ്‌ സ്പോട്ടാണ്‌ ആറേശ്വരം എന്ന സ്ഥലം.

ആറേശ്വരത്തിന്‌ സ്വന്തമായി മലയൊക്കെയുണ്ട്‌! മലയ്ക്കുമുകളില്‍ ഒരു ക്ഷേത്രവും. പതിനെട്ടാം പടിയുള്ള ഇവിടെ പ്രതിഷ്ഠ ശ്രീ.അയ്യപ്പസ്വാമിയാണ്‌. തൃശ്ശൂര്‍ ജില്ലയിലെ ശബരിമല, മിനി ശബരിമല, എന്നിവയാണ്‌ ഈ ക്ഷേത്രത്തിന്റെ വിശേഷണങ്ങള്‍. പക്ഷെ, ഇത്‌ ആറേശ്വരംകാര്‍ ചുമ്മാ പറയുന്നതാണെന്നും, ഒറിജിനല്‍ ശബരിമലയും ആറേശ്വരം മലയും തമ്മില്‍, മോഹന്‍ലാലും മദന്‍രാജും തമ്മിലുള്ള അന്തരമുണ്ടെന്നും അഭിപ്രായമുണ്ട്‌.

മലയിടുക്കിലെ പുനര്‍ജ്ജനി ഗുഹ പുരാതനവും പ്രശസ്ഥവും ഒരു തവണ കയറിയവര്‍ പിന്നെ ജന്മത്ത്‌ രണ്ടാമതൊന്നുകൂടെ കയറാന്‍ ധൈര്യപ്പെടാത്തതുമാണ്‌!

അറേശ്വരം മലയും അടിവാരവും പ്രകൃതി രമണീയമാണ്‌. കൊടകര പോലുള്ള ഒരു പട്ടണത്തിന്റെ വളരെ അടുത്തുകിടന്നിട്ടും, നാഗരികത ഒട്ടുമെത്താത്ത തികഞ്ഞ ഗ്രാമാന്തരീക്ഷമുള്ള അവിടത്തുകാരുടെ പ്രധാന ഉപജീവനമാര്‍ഗ്ഗങ്ങള്‍, കൃഷി, ക്ഷീരോല്‍പാദനം, ബലൂണ്‍- പീപ്പി, തുടങ്ങിയവയുടെ സീസണല്‍ റീട്ടെയില്‍ വ്യാപാരം, ചാരായം വാറ്റ്‌, പോക്കറ്റടി തുടങ്ങിയവയാണ്‌.

എല്ലാവര്‍ഷവും വിശ്ചികമാസത്തില്‍ ആറേശ്വരംകാര്‍ ഷഷ്ഠി, തങ്ങളുടെ ദേശീയോത്സവമായി ആഘോഷിക്കുന്നു. വണ്ടിക്കൂലി പോലും കിട്ടില്ലെന്നറിഞ്ഞിട്ടും കേരളത്തിലെ മൊത്തം യാചകരും അന്നേ ദിവസം ഇവിടെ എത്തിപ്പെടുന്നത്‌ ആറേശ്വരത്തിന്റെ പ്രശസ്തി വെളിവാക്കുന്നു.

ചെങ്കുത്തായ മലനിരകളുള്ള ഈ പ്രദേശത്ത്‌, ദൂരദേശത്തുനിന്ന് വരുന്ന ചോരത്തിളപ്പുള്ള ഭക്തജനങ്ങള്‍, പാറയില്‍ അള്ളിപ്പിടിച്ച്‌ പാറയുടെ ഉച്ചിയില്‍ കയറുകയും പാറയിടുക്കുകളില്‍ പൂത്തുനില്‍ക്കുന്ന ചെടികള്‍ ഇറുക്കുകയും, ഷഷ്ഠിക്ക്‌ വന്നിരിക്കുന്ന എല്ലാ പെണ്‍ഭക്തരും തങ്ങളെത്തന്നെ നോക്കിനില്‍ക്കുകയാണെന്ന തോന്നലോടെ, അടിവാരവും സമീപപ്രദേശങ്ങളും ഷഷ്ഠിക്ക്‌ വാങ്ങിയ ബൈനാക്കുലറിലൂടെ നോക്കി 'ദേ ഒരു പെണ്ണ്‍ കുളിക്കുന്നെടാ എന്നും., താഴെ പുല്ല് തിന്നാന്‍ കെട്ടിയിട്ട എരുമയെക്കണ്ടിട്ട്, ദേ ഒരു കാട്ട്‌ പോത്ത്‌ നില്‍ക്കുന്നെടാ..' എന്നൊക്കെ വിളിച്ചുകൂവുന്നതും സംതൃപ്തിയടകയും ചെയ്യുന്നത്‌ സാധാരണ ദൃശ്യമാണ്‌.

ഇങ്ങിനെ കയറുന്നവര്‍ കേറിയ പോലെ ഇറങ്ങാന്‍ കഴിയാതെ മണിക്കൂറുകളെടുത്ത്‌, പരങ്ങിപിടിച്ച്‌ നെഞ്ച്‌, കൈ കാല്‍ മുട്ടുകള്‍, തുട എന്നിവയെല്ലാം ഒരച്ച്‌ ചോരത്തിളപ്പ്‌ കുറഞ്ഞ്‌ തിരിച്ചിറങ്ങി, പിന്നീട്‌ 2-3 ദിവസങ്ങളില്‍ നീറ്റം കാരണം കുളിക്കാതെ നടക്കുന്നതും, കുളിച്ചാലും, സോപ്പ്‌ തേക്കാതെയിരിക്കുന്നതും ഇത്തരം മലകയറ്റത്തിന്റെ അനന്തര ഫലങ്ങളാണ്‌.

ഇടമറുകിന്റെ, 'കൃസ്തുവും കൃഷണനും ജീവിച്ചിരുന്നില്ല' എന്ന പുസ്തകം വായിച്ചതിന്‌ ശേഷം, പള്ളിയില്‍ പോക്ക്‌ കമ്പ്ലീറ്റായി നിര്‍ത്തിയ ഒരു വ്യക്തിയായിരുന്നു, കോഴിബിസിനസ്സുള്ള ദേവസ്സ്യേട്ടന്റെ മോന്‍, ഷാജുവെന്ന സാക്ഷാല്‍ കോഴി ഷാജപ്പന്‍.

ഒരിക്കല്‍ ഞങ്ങളുടെ കൂടെ, കമ്പനിക്ക്‌ വേണ്ടി, ആറേശ്വരം ഷഷ്ഠിയുടെ കളക്ഷന്‍ എടുക്കാന്‍ വന്ന, തടിയും തന്റേടവും ഒത്തിണങ്ങിയ ഈ യുവാവ്‌, ഒരിക്കല്‍ ആത്മാര്‍ത്ഥസുഹൃത്തുക്കള്‍, ഞങ്ങളുടെ നിര്‍ബന്ധത്തിന്‌ വഴങ്ങി, പുനര്‍ജ്ജനി ഗുഹയില്‍ നൂഴാന്‍ കയറുകയുണ്ടായി. എല്ലാ കൊല്ലവും മിനിമം പത്ത്‌ പേരെങ്ങിലും പുനര്‍ജ്ജനി ഗുഹയില്‍ കുടുങ്ങുമെന്നുള്ളതുകൊണ്ട്‌, സാധാരണയായി തടിയുള്ള ആരും ഇത്തരം റിസ്കെടുക്കാറില്ലെന്ന സത്യം മറച്ചുവെച്ചായിരുന്നു അദ്ദേഹത്തെ ഈ നൂഴലിന്‌ തയ്യാറാക്കിയത്‌.

പ്രതീക്ഷിച്ചത്‌ സംഭവിച്ചു. ആദ്യമാദ്യം 'ഇതാണോ ഇത്ര വല്യ കാര്യം' എന്ന നിലപാടില്‍ മൂളിപ്പാട്ടും പാടി നീങ്ങിയ ഷാജു ഏറെക്കുറെ പുറത്തേക്കുള്ള വഴിയുടെ അടുത്തുള്ള എട്ടിഞ്ച്‌ ഗ്യാപ്പില്‍ കുടുങ്ങുകയായിരുന്നു. ഫ്ലോ നിലച്ചപ്പോളുണ്ടായ അമിതമായ ഹൃദയവികാസത്തില്‍ ഷാജപ്പന്‍ 'അങ്ങടൂല്ല്യ, ഇങ്ങടൂല്യ' എന്ന സ്റ്റാറ്റസില്‍ അങ്ങിനെ ആര്‍ക്കും വേണ്ടാത്തവനായി നിലകൊണ്ടു.

'ടാ. നീ വരണുണ്ടെങ്കില്‍ വേഗം വാ, അല്ലെങ്കില്‍ ഞങ്ങള്‌ പൂവാ..' എന്ന പുറത്തുനിന്നുള്ള ഞങ്ങളുടെ വിളികളെ 'പോടാ...പേട്ടകളേ' എന്ന് മാത്രം പറഞ്ഞത്‌ അതൊരു അമ്പലമായിപ്പോയീ എന്ന വിഷമത്തോടെയായിരുന്നു.

നോര്‍മ്മല്‍ പിടിവലിയില്‍ പോരാതിരിക്കുന്ന ഭക്തരെ, ക്ഷേത്രത്തിലെ പൂജാരി, പുണ്യാഹം തെളിച്ച്‌ ശരണം വിളിച്ച്‌ ഈപ്പണിയില്‍ പ്രത്യേകം വൈദഗ്ദ്യമുള്ളവരെക്കോണ്ട്‌ വടമുപയോഗിച്ച്‌ വലിച്ചെടുക്കുന്നതാണ്‌ രീതി.

അങ്ങിനെ ശാന്തിക്കാരനും അസിസ്റ്റന്റുകളും വന്നു, ഷാജപ്പനോടായി, 'സ്വാമീ, ഉറക്കെ ഉറക്കെ ശരണം വിളിച്ചോളൂ....' എന്ന് പറഞ്ഞു.

'സ്വാമിയേ... ശരണമയ്യപ്പാ....'

പിന്നില്‍ നില്‍ക്കുന്ന ഞങ്ങളും അവിടെക്കൂടിയ മറ്റുള്ളവരും ഉറക്കെ വിളിച്ചൂ...

നിരീശ്വരവാദി, ഒന്നാന്തരം റോമന്‍ കത്തോലിക്കന്‍ ദേവസ്സ്യേട്ടന്റെ മോന്‍ അങ്ങിനെ പാറപൊട്ടിപ്പോകുമാറ്‌ ശരണം വിളിച്ചു.

'സ്വാമിയേ ശരണമയ്യപ്പോ'

നൂലപ്പമുണ്ടാക്കുമ്പോള്‍, അച്ചില്‍ ചില്ല് ലേശം ചെരിഞ്ഞിരുന്നാല്‍, മാവ്‌ സ്ലോമോഷനില്‍ കഷ്ടപ്പെട്ട്‌ വരുന്നപോലെ ഗുഹയില്‍ നിന്ന് പാറയിലുരഞ്ഞ്‌ കീറിയ ഷര്‍ട്ടുമായി പുറത്ത്‌ കടന്ന ഷാജപ്പന്റെ വായില്‍ നിന്ന് മെഷീന്‍ ഗണ്ണില്‍ നിന്ന് ഉണ്ടവരുമ്പോലെ തെറികള്‍ പ്രതീക്ഷിച്ച്‌ ചെവി പൊത്തി നിന്ന ഞങ്ങളോട്‌ ഇങ്ങിനെ പറഞ്ഞു.

'എടാ നിങ്ങളോട്‌ എനിക്കൊന്നും പറയാനില്ല, പക്ഷെ, ഒരു എലിക്ക്‌ പോലും മര്യാദക്ക്‌ പോകാന്‍ പറ്റാത്ത ഈ ഗ്യാപ്പ്‌ കണ്ടുപിടിച്ചവനുണ്ടല്ലോ, അവനെയെങ്ങാനുമെന്റെ കയ്യില്‍ കിട്ടിയിരുന്നെങ്കില്‍....'

posted by സ്വാര്‍ത്ഥന്‍ at 8:33 AM

0 Comments:

Post a Comment

<< Home