Monday, April 10, 2006

നെടുമങ്ങാടീയം - ഹൌവൈ വണ്ടാ വാട്ട്യു വാര്‍!

"ടിങ്കിള്‍ ടിങ്കിള്‍ ലിറ്റിസ്റ്റാര്‍
ഹൌവൈ വണ്ടാ വാട്ട്യു വാര്‍"
ശാരദചേച്ചി പാടി.

"ടിങ്കിള്‍ ടിങ്കിള്‍ ലിറ്റിസ്റ്റാര്‍
ഹൌവൈ വണ്ടാ വാട്ട്യു വാര്‍"
കുഞ്ഞുങ്ങള്‍ ചേര്‍ന്നു പാടി.
അതില്‍ ചിലര്‍ ചുമച്ചു. ചുറ്റും പുക. ശാരദചേച്ചി പാട്ട്‌ നിര്‍ത്തി. കുട്ടികളും.
ശാരദചേച്ചി അംഗന്‍വാടിയുടെ പിന്നാമ്പുറത്തേക്ക്‌ പോയി. ഉപ്പുമാവു വേവുന്ന അടുപ്പില്‍ നിന്നും പുക ഉയരുന്നു. അടുപ്പിനകത്തേക്ക്‌ വിറകുതള്ളിവച്ചിട്ട്‌ ശാരദചേച്ചി അതിനുള്ളിലേക്ക്‌ ഒന്ന് ആഞ്ഞ്‌ ഊതി. ചാരം പറന്നു. കണ്ണുകളില്‍ അത്‌ നീരിന്റെ ഉറവ പൊട്ടിച്ചു. ശാരദചേച്ചി തലയുയര്‍ത്തി മുന്നിലെ പാടത്തേക്ക്‌ നോക്കി. കണ്ണുനീരിനുള്ളിലൂടെ പാടം തിളങ്ങി. അതിന്റെ അങ്ങേത്തലക്കല്‍ ഇരുമ്പുപാലത്തിനും അപ്പുറം നാരായണിയക്കന്റെ പച്ചക്കറി കുട്ട തെളിഞ്ഞു. അവര്‍ക്കുമുന്നില്‍ ഇരുമ്പുപാലം വെയിലില്‍ ജ്വലിച്ചു. ശാരദചേച്ചി ഓര്‍ത്തു.അതും കടന്ന്‌ ഇതുപോലൊരു വെയിലിലാണ്‌ രവിയണ്ണന്‍ പോയത്‌.


രവിയണ്ണന്‍ നാട്ടിലെ അറിയപ്പെടുന്ന ഒരു പെയിന്റര്‍ ആയിരുന്നു. പക്ഷെ രവിവര്‍മ്മയെപോലൊരു പെയിന്റര്‍ അല്ല. ചുവരുകളും വാതിലുകളും പെയിന്റ്‌ ചെയ്യുന്ന പെയിന്റര്‍. നാട്ടുകാര്‍ക്ക്‌ പെയിന്റര്‍ ആയിരുന്നെങ്കിലും രവിയണ്ണന്‍ ശാരദചേച്ചിക്ക്‌ എല്ലാമായിരുന്നു.
ഉമ്മറത്തിണ്ണയില്‍ വാരികകള്‍ വായിച്ചിരുന്നതും, വൈകുന്നേരം കുളിച്ച്‌ ഈറന്മുടിയില്‍ ഒരു തുളസിയിലയും തിരുകി കൈകളില്‍ "മോഡേണ്‍ ഫാന്‍സിയില്‍" നിന്നും വാങ്ങിയ കുപ്പിവളകളുമണിഞ്ഞ്‌ വേലിക്കല്‍ കാത്തുനിന്നതും രവിയണ്ണനുവേണ്ടിയായിരുന്നു.
നാടുകുലുക്കിയ ഒരു പ്രണയം.


മേലങ്കോട്ടമ്മയുടെ പൊങ്കാലയ്ക്ക്‌ പൊങ്കാലക്കലത്തില്‍ തീ പൂട്ടുമ്പോള്‍ പുകയുടെ മറവില്‍, കണ്ണിന്റെ നീറ്റലില്‍, ജമന്തിപൂക്കളുടെ മഞ്ഞനിറത്തില്‍, ചെണ്ടയുടെ താളത്തില്‍ മുറുകി തുടങ്ങിയ നോട്ടം, കുറുകി തുടങ്ങിയ പ്രണയം. അതു കാലം ഏറുംതോറും കീഴേവീട്ടുനടയിലെ ഇടുങ്ങിയ വഴിയിലേക്കും, ഞാറയ്കാട്‌ തോടിന്റെ ഓരത്തുള്ള പടിക്കെട്ടിലേക്കും ഒക്കെ നീണ്ടു. അവര്‍ അവരുടെ പ്രണയം ആഘോഷിക്കുകയായിരുന്നു, ഞങ്ങളും! കാരണം അന്ന് അതു ഞങ്ങളുടെ നാടിന്റെ പ്രണയമായിരുന്നു.
റ്റൈപ്പ്‌ റൈറ്റിംഗ്‌ ഇന്‍സ്റ്റിറ്റ്യൂട്ടില്‍, മാഞ്ഞുതുടങ്ങിയ അക്ഷരങ്ങള്‍ക്ക്‌ മുകളില്‍ വിരല്‍ കുത്തിയടിക്കുമ്പോള്‍ ശാരദചേച്ചി വേഗം ഒരുമണിക്കൂര്‍ കഴിയണെ എന്ന് പ്രാര്‍ത്ഥിക്കും. പഞ്ചായത്ത്‌ വായനശാലയുടെ മതിലിനുള്ളില്‍ ചിലപ്പോള്‍ രവിയണ്ണന്‍ കാത്തുനില്‍പ്പുണ്ടാകും! ടൈപ്പ്‌ ചെയ്തു കഴിഞ്ഞ്‌ പേപ്പറില്‍ ബാക്കി സ്ഥലം വരുമ്പോള്‍ അടുത്താരും കാണാതെ ചില കീ കളില്‍ ഒരു ചിരിയോടെ ശാരദചേച്ചി വിരലമര്‍ത്തും, "റെമിങ്ങ്‌ടണിന്റെ" പഴയ മെഷിനില്‍ തേഞ്ഞുതുടങ്ങിയ അച്ചുകള്‍ പേപ്പറില്‍ വന്നടിക്കുമ്പോള്‍ ചതഞ്ഞു തെളിഞ്ഞുവരും, my dear ravindra anna i love you. എന്നിട്ട്‌ കള്ളചിരിയോടെ ആരും കാണാതെ അതു കീറിയെടുത്ത്‌ പേഴ്സിനുള്ളില്‍ തിരുകി ഇറങ്ങി ഓടും.


അവരുടെ പ്രണയത്തെ നാടിന്റെ ഭൂപടത്തില്‍ നിന്നും മായ്ചുകളഞ്ഞത്‌ ഒരു വിസയായിരുന്നു. സൌദിയിലുള്ള മൂത്തമച്ചമ്പി അയച്ചുകൊടുത്ത ഒരു 'സൌദി വിസ'.
പോകുന്നതിനു തലേന്നാള്‍ കോയിക്കല്‍ കൊട്ടാരത്തിന്റെ വളപ്പില്‍, നീരാഴിയുടെ പടവില്‍ വച്ച്‌ ശാരദചേച്ചിയുടെ കൈകള്‍ എടുത്ത്‌ നെഞ്ചില്‍ വച്ച്‌ രവിയണ്ണന്‍ സത്യം ചെയ്തു. "ഞായ്‌ വരും നീ യെനിക്ക്‌ വേന്‍ണ്ടി കാത്തിരിക്ക്‍നം"


"യെടീ ചാരദേയ്‌, ഇത്തിരിപ്പോരം കഞ്ഞിവെള്ളം ഇഞ്ഞോട്ട്‌ യെടുത്താണെടീയേയ്‌.."
നാരായണിയക്കന്‍ അടുത്തെത്തി. ശാരദചേച്ചി കണ്ണുതുടച്ചു. ചാരം കണ്ണില്‍ കലങ്ങി.
നാരായണിയക്കന്‍ പച്ചക്കറിക്കുട്ട നിലത്തേക്ക്‌ ഇറക്കിവച്ച്‌ മാറിലെ തോര്‍ത്തെടുത്ത്‌ മുഖം തുടച്ചുകൊണ്ട്‌ ചോദിച്ചു.

"നീ എന്തരുപെണ്ണേ ഇങ്ങനെ ഇരുന്ന് നിരുവിക്ക്നത്‌? പത്തിരുവത്‌ കൊല്ലം ആയില്ലീ? ഇനീം നീ എന്തരിന്‌ നിന്റെ ജീവിതം കളയിനത്‌? അവയ്‌ വടക്ക്‌ എവടയാ പെണ്ണുംകെട്ടി ജീവിക്കേണ്‌. മേലത്തെ മണിയന്‍ കണ്ടന്നല്ലീ പറയിനത്‌?"
അലുമിയപാത്രത്തില്‍ നിന്നും വെള്ളമെടുത്ത്‌ നാരായണിയക്കനു കൊടുക്കുമ്പോള്‍ പച്ചക്കറികുട്ടയില്‍ നോക്കി അവള്‍ വിഷയം മാറ്റാന്‍ വേണ്ടി ചോദിച്ചു
" ഇന്ന് എന്തരക്കാ വെള്ളരിക്ക മാത്രമേ ഒള്ളാ?"
"വോ, കത്തിരിയ്ക്കയ്ക്കും പയറ്റുവള്ളിക്കും ഒക്കെ മുടിഞ്ഞ വെല ചെല്ലാ." നാരയണിയമ്മ കുട്ടയെടുത്ത്‌ തലയില്‍ വച്ചിറങ്ങി.
ശാരദചേച്ചി അംഗന്‍വാടിയുടെ മുന്‍വശത്തേക്ക്‌ പോയി. കുഞ്ഞുങ്ങള്‍ക്കൊപ്പം പാടാന്‍. ഇന്നു ശാരദചേച്ചിക്ക്‌ മറ്റാരുമില്ല, ഈ "പകല്‍കുഞ്ഞുങ്ങള്‍" അല്ലാതെ.
ഇല്ലാത്തജീവിതം അവരുമായി ആഘോഷിക്കുകയാണ്‌ ശാരദചേച്ചി .
ഒരു ചോരവറ്റിയ പ്രണയത്തിന്റെ ജീവിക്കുന്ന രക്തമില്ലാസാക്ഷി.

രവിയണ്ണന്‍?
അറിയില്ല! ഇപ്പോള്‍ 'എവിടെയോ' 'ആരോ' ആണ്‌. ചിലപ്പോള്‍ ഇതൊന്നുമാവില്ല.

.." അപ്പ്‌ എബൌദ വേള്‍സോ ഹൈ
ലൈക്കേ ഡയ്‌മണ്‍ ഇന്‍ദസ്കൈ"
ശാരദചേച്ചി കുഞ്ഞുങ്ങള്‍ക്ക് താളത്തില്‍ പാടിക്കൊടുത്തു.

posted by സ്വാര്‍ത്ഥന്‍ at 11:28 AM

0 Comments:

Post a Comment

<< Home