Blogging A Story - ശരവണഭവന്‍
http://kathakal.blogspot.com/2006/04/blog-post.html | Date: 4/1/2006 2:20 AM |
Author: പെരിങ്ങോടന്‍ |
മുറിയടച്ചു ഫ്ലാറ്റ് വിട്ടു പുറത്തിറങ്ങി. പൊടിമണ്ണിന്റെയും തൊട്ടപ്പുറത്തെ ഉത്തരേന്ത്യന്‍ റെസ്റ്റോറന്റിന്റെയും മണം വന്നു. പൊതുനിരത്തിലേയ്ക്കു നടന്നെത്തിയപ്പോള്‍ മനസ്സുപറഞ്ഞു, കണ്ണടകള്‍ വയ്ക്കേണ്ടതില്ല. ദൂരക്കാഴ്ചകള്‍ കാണേണ്ടതില്ല. കുറച്ചുദൂരം നടന്നപ്പോള്‍ ഷവര്‍മയുടെ മണം വന്നു. നാലടികള്‍ക്കപ്പുറം പുതുവസ്ത്രങ്ങളുടെ മണം വന്നു, ഒപ്പം തണുത്ത കാറ്റും തള്ളിവന്നു. ആള്‍പ്പെരുമാറ്റം തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുന്ന ചില്ലുവാതിലുകള്‍ അടഞ്ഞതോടെ മണവും തണുപ്പും പിന്‍വാങ്ങി.
കുറച്ചുകൂടി നടന്നപ്പോഴാണു് അസുഖകരമായ ഒരു മണം വന്നതു്. മനുഷ്യര്‍ അനസ്യൂതം നടന്നുകയറുന്ന ഇരുളു നിറഞ്ഞ ഒരു സബ്‌വേ അപ്പുറത്തുണ്ടു്. തെല്ലു കഴിഞ്ഞതോടെ കെന്റക്കി ഫ്രൈഡ് ചിക്കണ്‍ന്റെ മണം വന്നു. ഞാനെന്റെ കൈകള്‍ വെറുതെ മണത്തുനോക്കി. വിയര്‍പ്പിന്റെ മണം.
പിന്നെ ചെന്നു കയറിയതു മനുഷ്യരുടെ പലവിധം ഗന്ധം കൂടിക്കുഴഞ്ഞു ചേര്‍ന്നിരിക്കുന്ന അന്തരീക്ഷത്തിലേയ്ക്കാണു്. എസ്കലേറ്ററുകള്‍ കയറുന്നതിനു മുമ്പേ സ്റ്റാര്‍ബക്ക്സിലെ കോഫിയുടെ മണം വന്നു. മുകള്‍നിലയിലെത്തിയതോടെ ഊദിന്റെയും അത്തറിന്റെയും മണം വന്നു. പിന്നയതുമാറി പേരറിയാത്ത മറ്റേതോ സുഗന്ധദ്രവ്യങ്ങളുടെ മണം വന്നു. ജനം തിങ്ങിത്തിരക്കി നടക്കുന്ന ഇടനാഴികളില്‍ ഒരു ഭക്ഷ്യശാലയിലെ സിന്നമണ്‍ റോള്‍സിന്റെ രൂക്ഷഗന്ധം നിറഞ്ഞുനിന്നിരുന്നു. ഞാന്‍ തിടുക്കപ്പെട്ടു കുറച്ചു യന്ത്രങ്ങളുടെ ഇടയിലേയ്ക്കു ചെന്നു കയറി. അതിലൊരു യന്ത്രവും ഞാനും തമ്മിലൊരു രഹസ്യ ഉടമ്പടിയുണ്ടു്. കുറച്ചു കഴിഞ്ഞപ്പോള്‍ മുഷിയുവാന്‍ തുടങ്ങിയിരിക്കുന്ന ചില കറന്‍സി നോട്ടുകള്‍ കൈയില്‍ വന്നു. അവയ്ക്കും ഒരു പ്രത്യേക ഗന്ധമുണ്ടു്. ചുറ്റും ജനമില്ലായിരുന്നെങ്കില്‍ ഞാനവയൊന്നു മണപ്പിച്ചേന്നെ. ഞാന്‍ ആ നോട്ടുകളെ പോക്കറ്റില്‍ കരുതിവച്ചു തിരികെ നടന്നു.
നേരത്തെ പറഞ്ഞ അസുഖകരമായ മനുഷ്യമണം വീണ്ടും അനുഭവപ്പെട്ടിരുന്നു. ഇത്തവണ അതു രൂക്ഷമായിരുന്നു. ഞാന്‍ സബ്‌വേ കടന്നു നിരത്തിന്റെ അപ്പുറത്തെത്തി. പതിവുപോലെ ഒന്നു രണ്ടിടങ്ങളില്‍ ഷവര്‍മയുടെ മണം നേരിയ വ്യത്യാസത്തോടെ തിരിച്ചറിഞ്ഞു. നടത്തം നിന്നു പോയതു കരിഞ്ഞ ടയറുകളുടെ മണം കിട്ടിയപ്പോഴാണു്. ഞാന്‍ റോഡ് മുറിച്ചു കടക്കുവാന്‍ ഭയപ്പെട്ടു അല്പനേരം നിന്നു.
ഞാന്‍ വഴി അല്പം മാറി നടന്നു; വെട്ടിയ പച്ചപ്പുല്ലിന്റെ മണം കിട്ടി. സ്പ്രിംഗ്ലറുകള്‍ നനയ്ക്കുന്ന പുല്ലിനു മഴപെയ്ത നനവിന്റെ മണമില്ല. കടലിന്റെ മണം കിട്ടിത്തുടങ്ങിയപ്പോള്‍ തിരികെ പഴയ വഴിയിലേയ്ക്കു ചെന്നു കയറി. ഇരുണ്ട ഗലികളിലൂടെ ഒരു കുറുക്കുവഴിയുണ്ടു്. ശബ്ദവും വെളിച്ചവും തെല്ലുനേരത്തേയ്ക്കു് അകന്നു നിന്നപ്പോള്‍ ഇരുട്ടിനു മണമുണ്ടെന്നു തോന്നി. അതു തോന്നല്‍ മാത്രമായിരുന്നു.
ഗലികളില്‍ നിന്നു രക്ഷപ്പെട്ടു്, പെട്രോള്‍ മണക്കുന്ന വര്‍ണ്ണവിളക്കുകള്‍ക്കു കീഴെയാണു് ഞാന്‍ വന്നുനിന്നതു്. സിഗ്നല്‍ വിളക്കുകള്‍ക്കു ചുവട്ടില്‍ പ്രജ്ഞനഷ്ടപ്പെട്ടവനെപ്പോലെ അല്പനേരം നിന്നുവെന്നു തോന്നുന്നു. പിന്നെയാണു ഓര്‍മ്മ വരുന്നതു്, എന്റെ ഊഴമാണു്. റോഡു കുറുകെ കടന്നു്, നടന്നു ചെന്നതു എയര്‍ഫ്രഷ്നറിന്റെ മണമുള്ള ഒരു കുടുസ്സുമുറിയിലേയ്ക്കാണു്. അവിടെ യന്ത്രങ്ങളുടെയും പുതുമയുള്ള നോട്ടുകളുടെയും മണം അനുഭവപ്പെട്ടു. ഊഴം കാത്തു നിന്നു് എന്റെ കുടിശ്ശിക അടച്ചു തീര്‍ത്തു ഞാന്‍ പുറത്തിറങ്ങി.
ഇരുട്ടിന്റെ ഓരം ചേര്‍ന്നു പഴയ സിഗ്നല്‍ വരെ തിരിച്ചു നടന്നു. വീണ്ടും പെട്രോളിന്റെ നനുത്തമണം തോന്നി. പാതി തുറന്നു കിടന്നിരുന്ന ചില്ലുവാതിലുകളില്‍ കടന്നു ഉള്ളില്‍ കയറിയപ്പോള്‍ ഹൃദ്യമായ ചില സുഗന്ധങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു. ശുഭ്രവസ്ത്രധാരിയായ മനുഷ്യരുടെ സുഗന്ധം. ഞാന്‍ ചൂളിപ്പിടിച്ചു നിന്നു. രാവിലെ എഴുന്നേറ്റപ്പോള്‍ കുളിച്ചതാണു്. പിന്നെ വളരെ നേരം കിടന്നുറങ്ങി. ശരീരം വേദനിക്കുന്നുവെന്നു തോന്നിയപ്പോള്‍ എഴുന്നേറ്റു മുഖം കഴുകി. പുറത്തിറങ്ങുമ്പോള്‍ ധരിച്ചിരിക്കുന്നതു മുഷിഞ്ഞു തുടങ്ങിയ വസ്ത്രമാണു്. പുറത്തിറങ്ങും മുമ്പേ കണ്ണാടിയില്‍ നോക്കിയപ്പോള്‍ മുഖം പതിവിലേറെ ഇരുണ്ടിരുന്നു.
മസാലദോശയുടെ മണം വന്നു. ഏകരായുള്ളവര്‍ക്കു് ഇരുന്നു കഴിക്കുവാന്‍ പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന ഒരു കോണിലേയ്ക്കു ഞാന്‍ മാറ്റപ്പെട്ടു. മണമില്ലാത്ത ശുദ്ധജലം സ്റ്റീല്‍ ഗ്ലാസുകളില്‍ നിറഞ്ഞു. ഓര്‍ഡറുകള്‍ എടുക്കുന്ന ചെറുപ്പക്കാരന്‍ വന്നു നിന്നു. “സാര്‍” അയാള്‍ ശ്രദ്ധനേടുവാന്‍ മുരടനക്കി.
“ഒരു മനഃസമാധാനം”
എഴുതിയെടുക്കുവാന്‍ തുനിഞ്ഞ അയാള്‍ ശങ്കിച്ചു നിന്നു. “എന്നാ ഇതു സാര്‍” അയാള്‍ ചിരിച്ചു.
“ഒരു മസാലദോശ” ഞാനും ചിരിച്ചു.

0 Comments:
Post a Comment
<< Home