Thursday, March 30, 2006

കൊടകര പുരാണം - സീനിയ പൂക്കള്‍

http://kodakarapuranams.blogsp....com/2006/03/blog-post_29.htmlDate: 3/30/2006 12:07 PM
 Author: വിശാല മനസ്കൻ
കൊടകരയുടെ ചങ്കുഭാഗത്ത്‌; കുറച്ചുകൂടെ ക്ലിയറാക്കിയാല്‍, ടൌണിന്റെ മാറത്തെ ചെണ്ടേല്‍ വണ്ടിരിക്കുമ്പോലെ ഇരുന്നിരുന്ന ഒരു വിദ്യാലയമാണ്‌, വാഴ്ത്തപ്പെട്ട ഹിസ്‌ ഹൈനസ്സ്‌. ഡോണ്‍ബോസ്‌കോ അച്ചന്റെ പേരിലുള്ള, മഠം വക, സെന്റ്‌ ഡോണ്‍ബോസ്കോ ഗേള്‍സ്‌ ഹൈസ്കൂള്‍ ഓഫ്‌ കൊടകര.

പൊതുവില്‍ ഗേള്‍സ്‌ ഹൈസ്കൂളെന്നാണ്‌ അറിയപ്പെടുകയെങ്കിലും, നേഴസറി മുതല്‍ ഏഴുവരെ; അപ്പറേയുള്ള അപ്പര്‍ പ്രൈമറിയില്‍ പഠിക്കാന്‍, പാവാടയും ജാക്കറ്റുമിട്ട്‌, മുടിമെടഞ്ഞിട്ട്‌ റിബണ്‍ കെട്ടി വരുന്ന പിടയിനമാവണമെന്ന് നിര്‍ബന്ധല്ല്യ. പക്ഷെ അവിടന്നങ്ങോട്ട്‌, പൂവന്മാര്‍ക്ക്‌ അവിടെ പഠിപ്പ്‌ ഇമ്പോസിബിളാണ്‌.

ഓ പിന്നേ, അല്ലെങ്കില്‍ ആര്‍ക്ക്‌ പഠിക്കണം അവിടെ? പരമാനന്ദ സുഖവും കൂടെയോരു നുകവുമാണല്ലോ..! ഗവണ്മെന്റ് ബോയ്സ് സ്കൂളുമായി കമ്പയര്‍ ചെയ്യുമ്പോള്‍, തനി ബോറന്‍, മൂരാച്ചി മൊട്ടച്ചികള്‍ടെ സ്കൂള്‍ എന്ന് പലരും രഹസ്യമായി പറഞ്ഞു.

എങ്ങിനെ പറയാതിരിക്കും? യൂണിഫോം നിര്‍ബന്ധം, പഠിപ്പിന്റെയും അച്ചടക്കത്തിന്റെയും കാര്യത്തില്‍ ഒടുക്കത്തെ സ്ട്രിക്റ്റ്‌, ഉറക്കെ സംസാരിക്കാന്‍ പടില്ല, കരയാനും. സമരമെന്ന സുന്ദര സുരഭില എടപാടേയില്ല, ഇന്റര്‍വെല്ലിന്‌ ഗേയ്റ്റ്‌ വിട്ട്‌ പുറത്ത്‌ പോയിക്കൂടാത്തതിനാല്‍, ഐസ്‌, ഐസ്ക്രീം, മുളകായ, നാരങ്ങ വെള്ളം, ഉണ്ട, ബോണ്ട എന്നിവയൊന്നും ഡോണ്‍ബോസ്ക്കോയുടെ മുന്നില്‍ വരില്ല. ഇടക്കെങ്ങാനും മുടങ്ങിയാല്‍, തീര്‍ന്നു, കൊലപാതകം നടത്തിയ പ്രതിയേക്കാള്‍ കഷ്ടമായാണ്‌ ചോദ്യം ചെയ്യല്‍. ഒരുമാതിരി കാര്യങ്ങള്‍ക്കൊന്നും മുടക്ക്‌ കിട്ടില്ല, അഥവാ അധ്യയന വര്‍ഷക്കണക്കിലൊരു ദിവസം മുടക്കായിപ്പരിണമിച്ചാല്‍, കുരിശ്‌, ശനിയാശ്ചയും ക്ലാസുണ്ടാകും. ത്വയിരക്കേട്‌!

ഇങ്ങിനെ എണ്ണിയാലൊടുങ്ങാത്ത നിരവധി നിരവധി മനുഷ്യാവകാശലംഘനങ്ങള്‍ നടന്നുകൊണ്ടിരുന്ന ആ സ്കൂളില്‍ നിന്ന് ഏഴാം ക്ലാസ്‌ പാസാവുന്നതോടെ അവിടത്തെ തടവ്‌ തീരുമെന്നും പിന്നെ, ചേരാന്‍ പോകുന്ന ഗവണ്‍മന്റ്‌ ബോയ്സ്‌ സ്കൂളിനെപ്പറ്റിയുള്ള സുന്ദരന്‍ ചിന്തകളായിരുന്നു അന്നൊക്കെ അവിടുത്തെ ആണ്‍പടയുടെ സ്വപ്നങ്ങള്‍ക്ക്‌ നിറം കൊടുത്തിരുന്നത്‌.

ഡോണ്‍ബോസ്‌കോയിലെന്നെ ചേര്‍ത്തി, ഒരാള്‍ മുന്നില്‍ നിന്ന് പുള്ളിങ്ങും പിന്നില്‍ നിന്നൊരാള്‍ പുഷിങ്ങുമായി, പശുവിനെ ടെമ്പോയില്‍ കയറ്റാന്‍ പോകുമ്പോലെ കൊണ്ടുപോകുമ്പോള്‍, അന്ന് എന്റെ സഹോദരന്‍ ഉദാരമനസ്കന്‍ അവിടത്തെ ഒരു അന്തേവാസിയായിരുന്നു.

പ്രായവ്യത്യസാനുപാതം കണക്കിലെടുത്താല്‍ ഞാന്‍ ഒന്നിലെത്തുമ്പോള്‍ അദ്ദേഹം ഒമ്പതിലെത്തേണ്ടവനാണ്‌. പക്ഷെ, കൊടകരയിലെ റാങ്ക്‌ പ്രതീക്ഷയായിരുന്നതുകൊണ്ട്‌, അദ്ദേഹം രണ്ട്‌ തവണ ഗേയ്റ്റടയില്‍ പെട്ടതിനാല്‍ ഞാന്‍ രണ്ടാം ക്ലാസിലെത്തിയിട്ടേ മഹാന്‍ മഠം വിട്ടുള്ളൂ.

അതുകൊണ്ടെന്തായാലും എനിക്കൊരുപാട്‌ ഗുണങ്ങളുണ്ടായി.

എടുത്ത പറയത്തക്ക നേട്ടങ്ങളിലൊന്ന്, ചേട്ടന്റെ കുറ്റപ്പേരായ 'കള്ളും കുടുക്ക' എന്ന ഓമനപ്പേര്‍ എനിക്ക്‌ ചെറിയ ഭേദഗതിയോടെ 'കുഞ്ഞിക്കുടുക്ക' എന്നാക്കി സ്കൂളിലെ കുട്ടികള്‍ ട്രാന്‍സ്ഫര്‍ ഓഫ്‌ ഓണര്‍ഷിപ്പ്‌ ചെയ്തു തന്നു എന്നതാകുന്നു.

പിന്നെ ചേട്ടന്റെ അത്യപാര കൂര്‍മ്മ ബുദ്ധിയും പഠിക്കാനുള്ള ഉത്സാഹവും ഒമ്പത്‌ കൊല്ലായിട്ട്‌ കാണുന്നതുകൊണ്ട്‌, ടീച്ചര്‍മാര്‍ 'കണ്ണന്‍ വാഴയുടെ കടക്കുള്ള എല്ലാ കണ്ണുകളും(തൈകള്‍) കണ്ണന്‍' എന്ന യൂണീവേഴ്സല്‍ ട്രൂത്ത്‌ ഉള്‍കൊണ്ട്‌, ചേട്ടനും മറ്റു റാങ്കു പ്രതീക്ഷകളും അലങ്കരിച്ചുപോന്നിരുന്ന ക്ലാസിലെ സ്ക്രാപ്പുകള്‍ടെ ബഞ്ചായ പിന്‍ ബഞ്ചിലേക്ക്‌ എനിക്കും ഡയറക്റ്റ്‌ എന്റ്രി നല്‍കി.

നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ അവരുടെ കാല്‍ക്കുലേഷന്‍ തെറ്റല്ല എന്ന് ഞാന്‍ തെളിയിച്ച ഒരു സംഭവം നടന്നു. പരീക്ഷ സമയത്ത്‌, നേഴറിയുടെ ബാക്കിലുള്ള പുളിമരത്തിന്റെ ചുവട്ടുല്‍ വച്ച്‌, ടൌണില്‍ നിന്ന് കിട്ടിയ പൊട്ടാത്ത ഒരു പടക്കത്തിന്റെ വെടിമരുന്നെടുത്ത്‌ കരിങ്കല്ലില്‍ വച്ച്‌, അതിന്റെ മുകളില്‍ കരിങ്കല്ല് ചീള്‌ പ്ലേസ്‌ ചെയ്ത്‌ വലിയ കല്ലെടുത്ത്‌ മുകളിലിട്ട്‌ 'ഠേ' എന്ന ഉഗ്രശബ്ദമുണ്ടാക്കിപൊട്ടിക്കുന്നതിന്റെ ഡെമോ നടത്തുന്നതിന്റെയിടയില്‍, എന്നെ അന്നത്തെ ഹെഡ്മിസ്ട്രസ്സ്‌ തട്ടിക്കൊണ്ടുപോയി!!!

ഓഫീസില്‍ നിര്‍ത്തി, നഖസംരക്ഷണം ഹോബിയായുള്ള ഹെഡ്മിസ്ട്രസ്സ്‌, എന്റെ ചെവി പിടിച്ച്‌ ഉപദേശത്തിന്റെ താളലയത്തിനനുസരിച്ച്‌ ആട്ടിയപ്പോള്‍, ഞാന്‍ കരുതിയത്‌ സിസ്റ്റര്‍ എന്റെ ചെവിക്ക്‌ ഓട്ടകുത്തുകയാണെന്നാണ്‌!

മര്‍മ്മ സ്ഥാനത്ത്‌ ഇടികൊണ്ട്‌ സ്വല്‍പനേരത്തേക്ക്‌ മാന്ദ്യം സംഭവിച്ച മൈക്ക്‌ ടൈസണ്‍, മൂലക്കിരുന്ന് കരിങ്ങാലി വെള്ളം കുടിച്ച്‌ റസ്റ്റ്‌ ചെയ്യുമ്പോള്‍, മൈക്കിലൂടെ വിളിച്ചുപറഞ്ഞത്‌ ' ലോക ചെവി ബൈറ്റ്‌ ചാമ്പ്യന്‍ഷിപ്പ്‌' എന്ന് തെറ്റിക്കേള്‍ക്കുകയും ഉടനേ എണീറ്റോടി ഹോളിഫീല്‍ഡിന്റെ ചെവി കടിച്ച്‌ പറിച്ച് ഹോളുണ്ടാക്കിയതുപോലെ ഒരു ഹോള്‍!

പിന്നെ ഏഴാം ക്ലാസുവരെ എനിക്ക്‌ തിരിഞ്ഞുനോക്കേണ്ടി വന്നില്ല! എന്നും പിന്നില്‍ ചുമരും മടക്കി ചാരി വച്ച കുടകളും.

ഒരിക്കല്‍ ഒരു ഓണക്കാലത്ത് പുറത്ത് പറയാന്‍ പാടില്ലാത്ത ഒരു സംഭവം നടക്കുകയുണ്ടായി.

പഴയ അമ്പാടി തീയറ്ററിന്റെ അടുത്ത്‌ വീടുള്ള കുട്ടിരവി, ഞാന്‍ സ്ഥിരമായി പൊട്ടിച്ചുപോന്ന ഹൈവേയ്ക്കരുകില്‍ നിന്നിരുന്ന കനകാമ്പരം, അദ്ദേഹം കണ്ടുവച്ചതാനെന്നും മേലാല്‍ പൊട്ടിക്കരുതെന്നും ഭീഷണിപ്പെടുത്തിയപ്പോള്‍ പിന്നെ എനിക്ക്‌ വീട്ടിലെ ചെമ്പരത്തിയേയും ചെട്ടിമല്ലിയേയും അപ്പോളക്കാരുടെ വീട്ടിലെ മാജിക്‌ റോസിനെയും ആശ്രയിച്ച്‌ പൂക്കളമിടേണ്ടി വന്നു.

വെറൈറ്റി പൂക്കളില്ലാ..യെന്ന് വിലപിച്ച എനിക്ക്‌ അപ്പോള്‍ ബോയ്സില്‍ ഒമ്പതാം ക്ലാസില്‍ പഠിച്ചിരുന്ന ചേട്ടന്‍ ഒരു ദിവസം കാലത്ത്‌ നിറയെ പൂക്കളുള്ള ഒരു പൂച്ചെടി കൊണ്ടു തന്നു. കമ്മല്‍പോലെയുള്‍ല മഞ്ഞനിറത്തിലുള്ള പൂക്കളുണ്ടാകുന്ന ചെടി ഉടലോടെ...വേരോടെ..!

ജീവിതത്തിലാദ്യമായി എന്റെ ചേട്ടനെക്കുറിച്ചോര്‍ത്ത്‌ ഞാന്‍ അഭിമാനം പൂണ്ടു.

മറഡോണയുടെ അനിയനെപ്പോലെ, മമ്മൂട്ടിയുടെ അനിയനെപ്പോലെ ഞാന്‍ സ്വന്തം ചേട്ടന്റെക്കുറിച്ചോര്‍ത്ത്‌ നെകളിച്ചു.

പൂക്കളിറുത്ത്‌ കളമിട്ട്‌, ചേട്ടനും ആ ചെടികൊടുത്തുവെന്ന് പറയപ്പെടുന്ന പേരറിയാത്ത ആ കൂട്ടുകാരനും നന്ദി പറഞ്ഞ്‌, ആ പൂച്ചെടി ഞാന്‍ മുറ്റത്ത്‌ നട്ട്‌ വെള്ളം നനച്ചു.

പിറ്റേ ദിവസം അതിരാവിലെ ചേട്ടന്‍ കൊണ്ടുവന്നത്‌ സീനിയ ചെടിയായിരുന്നു... നിറയെ മെറൂണ്‍ പൂക്കളുള്ള നിറഞ്ഞ ആരോഗ്യവാനായ ചെടി. എന്റെ തോട്ടത്തിലെ പുതിയ താരം.

അങ്ങിനെ തിരുവോണമായപ്പോഴേക്കും എന്റെ പൂന്തോട്ടം പലതരം ചെടികള്‍ കൊണ്ട്‌ സമൃദ്ധമായി! ഞാന്‍ അഭിമാനം കൊണ്ട്‌ പുളഞ്ഞു. അയല്‍വീട്ടിലെ കൂട്ടുകാര്‍ ജിനുവും ഷാജുവും എന്നെയും എന്റെ ചെടികളെ അസൂയയോടെ നോക്കി. എന്റെ ചെടിയില്‍ തൊട്ടാല്‍ ഇവിടെ ചോര ചിതറുമെന്ന് ഞാന്‍ ഭീഷണിമുഴക്കി അവരെ അകറ്റി നിര്‍ത്തി.

ഓണമവധിയുടെ ആര്‍ഭാടങ്ങള്‍ അവസാനിച്ച്‌, ഓണപ്പൂട്ട്‌ കഴിഞ്ഞ്‌ സ്കൂള്‍ തുറന്നു.

രണ്ടു ദിവസങ്ങള്‍ കഴിഞ്ഞ്‌ ഒരുദിവസം കാലത്ത്‌ അസംബ്ലി കൂടിയപ്പോള്‍ ഹെഡ്മിസ്ട്രസിന്റെ വക ഒരു പ്രത്യേക അറിയിപ്പ്‌:

'കുട്ടികളേ, കഴിഞ്ഞ ഓണാം അവധി ദിനങ്ങളില്‍ ആരോ നമ്മുടെ പൂന്തോട്ടത്തില്‍ നിന്നിരുന്ന കുറേ നല്ല ചെടികള്‍ പറച്ചികൊണ്ടുപോവുകയും മറ്റുള്ള ചെടികള്‍ ചവിട്ടി നശിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഈ സ്കൂളിലെ ആരും അങ്ങിനെ ചെയ്യില്ല എന്നാണ്‌ എന്റെ വിശ്വാസം. എങ്കിലും ആരെങ്കിലും ചെയ്യുകയോ ചെയ്തവരെക്കുറിച്ചറിയുകയോ ഉണ്ടെങ്കില്‍ എത്രയും വേഗം വിവരം എന്നെയോ നിങ്ങളുടേ ക്ലാസ്‌ ടീച്ചറെയോ അറിയിക്കണം'

ഇത്‌ കേട്ടതും എന്റെ അടുത്ത ലൈനില്‍ നിന്നിരുന്ന ജിനു എന്നെ, സര്‍‌ഗത്തില്‍ 'ഗോക്കളെ മേച്ചും കളിച്ചും ചിരിച്ചുമെന്ന്' പാടുമ്പോള്‍ രംഭ, വിനീതിനെ നോക്കിയ പോലെ, ഒരു നോട്ടം നോക്കി.

ങും. ബ്രദര്‍ ഫെര്‍ണാണ്ടസ്‌! എന്ന് മനസ്സില്‍ പറഞ്ഞു എടുത്താല്‍ പൊന്താത്ത ഒരു ടെന്‍ഷനും പേറി ഒന്നുമറിയാത്തവനെപ്പോലെ ഞാനവിടെ തരിച്ചു നിന്നു.

കാര്യങ്ങളുടെ കിടപ്പ് ഇങ്ങിനെയായിരുന്നു. കക്ഷി വെളുപ്പിന്‌ പാലാസ്‌ ഹോട്ടലില്‍ പാല്‌ കൊടുക്കാന്‍ പോയി വരും വഴി സ്കൂളിന്റെ മതില്‍ ചാടിക്കടന്ന്, ഡോണ്‍ബോസ്കോയിലെ കുഞ്ഞരിപ്രാവുകള്‍, ആട്ടിങ്കാട്ടവും ചാണകവും ചാരവുമെല്ലാം വീട്ടില്‍ നിന്നും ബാഗില്‍ വച്ച് കൊണ്ടുവന്നിട്ട്‌ വളര്‍ത്തിയ പുഷ്ടിഗുണമുള്ള ചെടികളെ ഒോരോന്നായി അടിച്ചുമാറ്റിക്കൊണ്ടുവരുകയായിരുന്നു. മിടുക്കന്‍!

അഥവാ പിടിച്ചാലും ആള്‍ക്ക് വല്യ പ്രശന്മില്ല, അദ്ദേഹം ബോയിസിലാണ്. എന്റെ അവസ്ഥയോ? ‘പണ്ടേ ശോഷിച്ചത് കൂടെ പോളിയോ‘ എന്ന അവസ്ഥയിലാവുക ഞാന്‍ ഞാന്‍ മാത്രം.

അന്നുതന്നെ, വീട്ടിലെത്തിയയുടന്‍ ചെടികള്‍ പറിച്ച് കളഞ്ഞ് തെളിവ് നശിപ്പിച്ചെങ്കിലും, അതിന് ശേഷം കുറെക്കാലം സ്കൂളില്‍ പറയുമോയെന്ന് പേടിച്ച് ഞാന്‍ ജിനുവിനോടും, വീട്ടില്‍ പറയുമോയെന്ന് പേടിച്ച് ചേട്ടന്‍ എന്നോടും വിധേയനായി ജീവിച്ചു.

posted by സ്വാര്‍ത്ഥന്‍ at 1:33 AM

0 Comments:

Post a Comment

<< Home