Thursday, March 30, 2006

ഗുരുകുലം - അക്ഷരശ്ലോകസദസ്സിലെ നാഴികക്കല്ലുകള്‍

അക്ഷരശ്ലോകത്തിന്റെ യാഹൂ ഗ്രൂപ്പില്‍ നടക്കുന്ന ഇ-സദസ്സിലെ ശ്ലോകങ്ങള്‍ 100, 500 തുടങ്ങിയ നാഴികക്കല്ലുകളില്‍ എത്തുമ്പോള്‍ സദസ്സിലെ അക്ഷരക്രമത്തില്‍ത്തന്നെ ഒരു ശ്ലോകം രചിച്ചു ചൊല്ലുന്നതു് എന്റെ ഒരു പതിവായിരുന്നു. എത്ര ശ്ലോകമായി എന്നു പറ്റുമെങ്കില്‍ സൂചിപ്പിക്കുകയും ചെയ്യും. അത്തരത്തില്‍ ഇതുവരെ എഴുതിയിട്ടുള്ള ശ്ലോകങ്ങളാണു് താഴെച്ചേര്‍ക്കുന്നതു്.

  • 101-ാ‍ം ശ്ലോകം :

    പദ്യം നൂറു തികഞ്ഞു, ശാസ്ത്രയുഗമാമിന്നക്ഷരശ്ലോകമാം
    വിദ്യയ്ക്കിത്രയുമാളിരിപ്പതതിയാമാഹ്ലാദമേകുന്നു മേ!
    ഹൃദ്യം ശ്ലോകവിശിഷ്ടഭോജ്യമിനിയും നല്‍കേണമീ സാഹിതീ–
    സദ്യയ്ക്കേവരു, മെന്‍ കൃതജ്ഞതയിതാ നിങ്ങള്‍ക്കു നല്‍കുന്നു ഞാന്‍!
  • 251-ാ‍ം ശ്ലോകം :

    കരുതാം കമനീയമീ സദ-
    സ്സിരുനൂറ്റമ്പതിലെത്തി നില്‍ക്കയാല്‍
    പെരുതായ കവിത്വമെട്ടിലൊ-
    ന്നൊരുമിച്ചിന്നു കരസ്ഥമാക്കി നാം!
  • 501-ാ‍ം ശ്ലോകം :

    മഞ്ഞിന്‍ മാമല മോളിലേറി, യുടലില്‍ വെണ്ണീറു പൂശി, സ്സദാ
    നഞ്ഞും മോന്തിയിരുന്ന പുള്ളിയെയുടന്‍ സര്‍വ്വജ്ഞനാക്കുന്നൊരാ
    കുഞ്ഞിക്കണ്ണു തുറന്നു, ഞങ്ങള്‍ വിഷമിച്ചെന്തൊക്കെയോ ചെയ്തു വെ–
    ച്ചഞ്ഞൂറാക്കിയൊരീ സദസ്സിനെയുമേ! നന്നായ്‌ കടാക്ഷിക്കണേ!
  • 1000-ാ‍ം ശ്ലോകം :

    ഘ്രാണിക്കാന്‍ കുസുമം സഹസ്രദള, മത്യുഗ്രാന്ധകാരത്തിലും
    കാണിക്കാന്‍ വഴിയാ സഹസ്രകിരണന്‍, സംസാരപീഡാര്‍ത്തരായ്‌
    കേണാല്‍ വീണിടുവാന്‍ സഹസ്രപദപാദാംഭോജ, മാറ്റീടുവാന്‍
    ക്ഷീണം ശ്ലോകസഹസ്ര, മിത്ര സുകൃതം നമ്മള്‍ക്കു കൈവന്നുവോ?
  • 1500-ാ‍ം ശ്ലോകം :

    നിത്യം ശ്ലോകസദസ്സിലോര്‍മ്മയെയരിച്ചത്യന്തഹൃദ്യങ്ങളാം
    പദ്യങ്ങള്‍ പരിചോടെടുത്തരുളിടും സ്തുത്യര്‍ഹരാം പണ്ഡിതര്‍
    മുക്തന്മാര്‍ മുനിമാരുമെന്നുമൊരുമിച്ചുള്‍ത്താരിലാശിച്ച പോ–
    ലെത്തുന്നൂ പരമം പദം സകലദം — സത്യം ശിവം സുന്ദരം!
  • 2000-ാ‍ം ശ്ലോകം :

    അണ്ഡാന്തഃസ്ഥിതമായ ജീവകണമായുണ്ടായി, യാണ്ടൊന്നിനെ–
    ക്കൊണ്ടന്യൂനമനന്തരൂപമതു കൈക്കൊണ്ടീശപര്യങ്കമായ്‌,
    അണ്ടര്‍ക്കും കുതുകം വളര്‍ത്തി, വിരവില്‍ തണ്ടാര്‍മകള്‍ക്കും കിട–
    പ്പുണ്ടാക്കി, ത്തരുമീ സദസ്സു സുകൃതം രണ്ടായിരം നാവിനാല്‍!

ഇപ്പോള്‍ 2450-ല്‍ കൂടുതല്‍ ശ്ലോകങ്ങളായി. 2500 എത്തുമ്പോള്‍ ഒരു ശ്ലോകം എഴുതണമല്ലോ. ശ്ലോകമൊക്കെ എഴുതിയിട്ടു കുറെക്കാലമായി. കഴിയുമോ എന്തോ!


posted by സ്വാര്‍ത്ഥന്‍ at 4:29 PM

0 Comments:

Post a Comment

<< Home