Wednesday, December 20, 2006

ViswamBlogs... വിശ്വബൂലോഗം - ചൊല്ലും കേള്‍വിയും

URL:http://viswaprabha.blogspot.com/2006/11/blog-post.htmlPublished: 11/1/2006 6:19 AM
 Author: വിശ്വപ്രഭ viswaprabha
എഴുതിപ്പെയ്തിറങ്ങാന്‍ ഒരാകാശം മുഴുവന്‍ മേഘങ്ങളുണ്ടെന്റെ കയ്യില്‍...
പക്ഷേ വായിച്ചുകോരിയെടുക്കാന്‍ ഒരു തുടം കടല്‍ നീട്ടുമോ നീ?


വളരെ നാളുകള്‍ക്കുശേഷമാണ് ബൂലോഗത്തുവന്ന് ഒരു പോസ്റ്റും അതിലെ മുഴുവന്‍ കമന്റുകളും ഇരുത്തിവായിക്കാന്‍ സമയവും സന്നദ്ധതയും ഒത്തുകിട്ടിയത്. കറുത്തു മാറാലപിടിച്ച ഈ വിശ്വബൂലോഗത്തെക്കുറിച്ച്  പലപ്പോഴും പറയണമെന്നു വിചാരിച്ച  കുറേ ജല്‍പ്പനങ്ങള്‍ ഒടുവില്‍ ഇവിടെത്തന്നെ ചേര്‍ക്കാമെന്നു കരുതുന്നു:


ബ്ലോഗുകള്‍ എന്നതിന് ഞാന്‍ വിചാരിക്കുന്ന ഏറ്റവും അടിസ്ഥാനപരമായ അര്‍ത്ഥം  എന്റെ തന്നെ മനോവ്യാപാരങ്ങള്‍ പുറത്തേക്കൊഴുക്കുവാനുള്ള ഒരുപാധി എന്നോ ഉപകരണം എന്നോ ആണ്. ആ നിലയ്ക്ക്  ‘എന്റെ സ്വന്തം ബ്ലോഗ് ’എന്റെ സാടോപപ്രലാപങ്ങള്‍ക്കും ആത്മാവിഷ്കാരങ്ങള്‍ക്കും വേണ്ടിത്തന്നെയാണ് നിലകൊള്ളേണ്ടത്. അങ്ങനെയുള്ളൊരു ബ്ലോഗ് ആയി ആണ് ‘വിശ്വബൂലോഗം’ ഞാന്‍ മാറ്റിവെച്ചിരിക്കുന്നത്. അതിലെഴുതിയിരിക്കുന്ന ഓരോ വാക്കും ആശയവും എന്റെ തന്നെ സ്വന്തം ചിന്തയെത്തന്നെയാണു കൊണ്ടുവന്നുകോരിയിടുന്നത്. വാസ്തവത്തില്‍ അവിടെവരുന്ന കമന്റുകള്‍ പോലും എന്റെ മനോഭൂപ്രകൃതിയില്‍ കടന്നുകയറരുതെന്ന് എനിക്ക് നിര്‍ബന്ധം പോലുമുണ്ട്. അത്രമാത്രം മൌലികമായാണ് അതിലെ മിക്ക പോസ്റ്റുകളും ഞാന്‍ കാത്തുസൂക്ഷിക്കുക. എനിക്കു സ്വയം വായിക്കുമ്പോള്‍ അവ വിശ്വോത്തരങ്ങളായ കവിതയോ കഥയോ മറ്റെന്തൊക്കെയോ ആണ്!

ഇങ്ങനെ പറയുമ്പോള്‍ വിശ്വപ്രഭ അത്രയ്ക്കും ഒരഹങ്കാരിയാണെന്നു പക്ഷേ ദയവുചെയ്തു വിചാരിക്കരുത്. അയാള്‍ കൊണ്ടുനടക്കുന്ന ‘ആ ഒരു ബ്ലോഗ്’ ഞാന്‍, അതായത്, വിശ്വം എന്ന സാധനത്തിന്റെ മാത്രം വ്യക്തിത്വത്തിനെ പ്രതിനിധീകരിക്കുന്നു, ആ വ്യക്തിത്വത്തിന്റെ കൊച്ചുസങ്കല്‍പ്പങ്ങള്‍ക്ക് ഇങ്കു കുറുക്കിക്കൊടുക്കുന്നു എന്നു മാത്രം കരുതുക. നോട്ടുപുസ്തകങ്ങള്‍ക്കിടയിലും കൂട്ടുകാര്‍ക്കെഴുതുന്ന കത്തുകള്‍ക്കുള്ളിലും ഒളിച്ചുചെന്നിടം തേടാറുണ്ടായിരുന്ന വിശ്വത്തിന്റെ മതിഭ്രമങ്ങള്‍ക്ക് അയാളിപ്പോള്‍ സ്വന്തമായി ഒരു കുടില്‍ കെട്ടിക്കൊടുത്തിരിക്കുന്നു എന്നു മാത്രം അനുവദിച്ചുതരിക. തീനിനും കുടിയ്ക്കും കിടപ്പിനും കെട്ടിപ്പൂട്ടാനാവാതെ സ്വയം ഓടിരക്ഷപ്പെട്ട് സ്വച്ഛമായി പറന്നുകളിക്കാന്‍ മനസ്സിന് ഭാഗ്യം കിട്ടുന്ന ചില നാളുകളിലെ, യാമങ്ങളിലെ ആത്മരതിയാണ് അവിടത്തെ താമസക്കാര്‍. ഭാഷ പോലും പറന്നെത്താത്ത നിമ്നോന്നതങ്ങളിലും വിദൂരതകളിലുമാണ് അവയുടെ അഭിനിഷ്പതനങ്ങള്‍. കേള്‍ക്കുവാനുള്ള ചെവികളും കാണുവാനുള്ള കണ്ണുകളും ഉണ്ടായിക്കൊള്ളാണമെന്നില്ല എന്ന ഉത്തമമായ അറിവോടെ തന്നെ, എങ്കിലും ‘ചെവിയുള്ളവര്‍ കേള്‍ക്കട്ടെ’ എന്ന ആത്മഗതത്തോടെ, ‘എന്നിട്ടെന്തേ നീയതൊന്നും ഒരിക്കലും പറയാഞ്ഞൂ’ എന്നാരുമൊരിക്കലും കുറ്റപ്പെടുത്താതിരിക്കാന്‍ വേണ്ടി മാത്രം അവിടെ വിശ്വം എന്ന പല്ലി ഉത്തരവും താങ്ങി വല്ലപ്പോഴും ചിലച്ചുകൊണ്ടിരിക്കും. പണ്ടൊരിക്കല്‍ ആര്‍ക്കൊക്കെയോ കൊടുത്തിട്ടിറങ്ങിപ്പോന്ന വാക്കുകളാണയാള്‍ക്കിപ്പോള്‍ പാലിക്കേണ്ടിവരുന്നത്.

പക്ഷേ, മലയാളത്തമ്മയോടുള്ള അതിരുകടന്ന ഇമ്പം എന്നെ കൊണ്ടെത്തിക്കുന്ന മറ്റൊരു സമതലമാണ് ബൂലോഗം. അവിടെ ഞാന്‍ എന്നത്തേയും പോലെ പലപല വേഷങ്ങള്‍ കെട്ടാന്‍ പഠിക്കുന്നു. നിതാന്തമായ എന്റെ ഏകാന്തതയ്ക്ക് പുറത്തു ചാടി ഞാന്‍ മറ്റൊരു ഉരുളന്‍‌കല്ലായോ ഇഷ്ടികക്കട്ടയായോ മാറേണ്ടിവരുന്നു പലപ്പോഴും. ഞാന്‍ ആയിരിക്കുമ്പോഴത്തെ എന്റെ മാത്രം മുനകളും ചീളുകളും പോടുകളും നഷ്ടപ്പെട്ട് വൃത്തമോ സമചതുരമോ ആയി ഞാന്‍ മതിലിന്റെ അംശമായി മാറുന്നു. സ്വയം കല്‍പ്പിച്ചെടുക്കുന്ന എന്റെ തന്നെ സ്വത്വത്തിന്റെ ശില്പഭംഗിയില്‍നിന്നും എനിക്കുറയൂരേണ്ടിവരുന്നു.

ആ സ്ഥാനാന്തരണഭ്രമണത്തിനിടയിലാണ് വിശ്വവും വിശ്വപ്രഭയും നിങ്ങള്‍ക്കിടയില്‍ ഉദിച്ചസ്തമിക്കാറ്‌.

വിനിമയം തന്നെയാണ് ജീവന്റെ ഏറ്റവും വലിയ പ്രശ്നം. അത് ആദിയിലെ വചനം മുതല്‍ ഒടുവിലെ തിരുവെഴുത്തുനാള്‍ വരെ നമ്മുടെയുടലിലും ആത്മാവിലും പുണര്‍ന്നുകൂടും. കാര്‍ബോണിക്  ചങ്ങലകളും ‘സാമാന്യബുദ്ധി‘യില്ലാത്ത വൈറസുകളും ഇരപിടിക്കാന്‍ പോകുന്ന അമീബയും ലോകത്തെ സംസ്കരിക്കാനിറങ്ങുന്ന ബുഷും ഒസാമയും അതിവേഗഫോറിയര്‍ രൂപാന്തരങ്ങളി ലൂടെ ലോകാന്തരജീവിതങ്ങളെ കയ്യെത്തിപ്പിടിക്കാന്‍ ശ്രമിക്കുന്ന ബെര്‍ക്കിലി യൂണിവേഴ്‌സിറ്റി പോലും ശ്രമിക്കുന്നത്  ആ സമസ്യയുടെ ചുരുളുകളഴിക്കാനാണ്. ഒട്ടുമിക്കവാറും ഈ ശ്രമങ്ങളിലാണ് നമ്മുടെ അന്ത്യവിധികളും നമ്മെത്തേടിയെത്തുകയും ചെയ്യുക എന്നാണെനിക്കു തോന്നാറ്. പറഞ്ഞവനും കേട്ടവനും ഇടയില്‍ ഒളിച്ചോടിപ്പോവുന്ന ശിഥിലാര്‍ത്ഥങ്ങള്‍ ഒട്ടൊന്നുമല്ല ഈ പ്രപഞ്ചത്തിന്റെ ജീവഗാഥയെ എന്നുമെന്നും ഗതിമാറ്റിവിട്ടിട്ടുള്ളത്. അതുകൊണ്ടായിരിക്കാം പലപ്പോഴും തോന്നാറുണ്ട് കൂട്ടായ ജീവന്റെ ഏറ്റവും വലിയ പോരായ്മ ഇന്നും എന്നും വിനിമയത്തിനുള്ള അതിന്റെ കഴിവുകേടുതന്നെയാണെന്ന്.

ആ വിനിമയത്തിന്റെ പല മൂര്‍ത്തരൂപങ്ങളില്‍ ഒന്നാണ് ഭാഷ. മനുഷ്യന്‍ ഉപയോഗിക്കുന്ന ഭാഷയുടെ സംസ്കൃതരൂപങ്ങളെയാണ് നാം ‘മലയാളം’ ‘ഇംഗ്ലീഷ്’, ‘ബ്രഹൂയി’, ‘ബ്രെയ്‌ലി’ എന്നൊക്കെ വിളിക്കുന്നതും. ഓരോരുത്തരും അവരവരുടെ സൌകര്യത്തിനു വേണ്ടി അവര്‍ക്കിഷ്ടപ്പെട്ടപോലെ അങ്ങനെയൊക്കെ ആക്കിയെന്നു മാത്രം.

ആ ഭാഷകളിലൊന്നില്‍ തന്നെ പിന്നെയും തരംതിരിവുകള്‍ ഉണ്ടായെന്നു വരാം. അതുകൊണ്ടാണ് ‘ദുരൂഹ‘മായും ‘പൈങ്കിളി‘യായും നമ്മുടെ തന്നെ കുഞ്ഞുമൊഴിപ്പാടുകള്‍ പരസ്പരം സംവാദം നടത്തുന്നതും.

ഇതൊരു കഴിവുകേടാണോ? അഹങ്കാരത്തിന്റെ ആളിക്കത്തലാണോ? അല്ലെന്നാണെനിക്കു വിനീതമായി തോന്നുന്നത്.

ഒരിക്കല്‍, വര്‍ഷങ്ങളായി കോമയില്‍ കിടന്നിരുന്ന അച്ഛനില്‍നിന്നും  പുറത്തുവരാനാവാതെ ഉള്ളില്‍തന്നെ തേങ്ങിക്കിടന്ന ഞരക്കങ്ങളും വേദനകളുമായി ഞാന്‍ പ്രതിവദിച്ചിട്ടുണ്ട്. ഭ്രാന്തമെന്നോണമെന്നുള്ള എന്റെ ചേഷ്ടകള്‍ കണ്ടു് സഹികെട്ടുനിന്ന വീട്ടുകാര്‍ക്ക് ഞാന്‍ അച്ഛന്റെ ചിന്തകള്‍ മുഴുവന്‍ പുറത്തെടുത്ത് കോരിക്കൊടുത്തിട്ടുണ്ട്.
പിന്നെ ഈയടുത്തൊരിക്കല്‍, ശ്രീക്കുട്ടിയോട് (വായനശാല സുനിലിന്റേയും സോയയുടേയും മകള്‍) ഞാന്‍ കൊഞ്ചിക്കളിച്ചിട്ടുണ്ട്. അഞ്ചുവയസ്സിന്റെ ഇത്തിരിപ്പോന്ന ഭാഷയില്‍ എനിക്കെയ്തുവീഴ്ത്താന്‍ അഞ്ഞൂറുവാക്കുപോലുമില്ലായിരുന്നു അമ്പുകളാക്കാന്‍. എന്നിട്ടും എന്നെ വിട്ടുപോവുമ്പോള്‍ ശ്രീക്കുട്ടി നല്ല ഇളം‌മലയാളത്തില്‍ തേങ്ങിത്തേങ്ങിക്കരഞ്ഞു! ഇല്ലേ സുനിലേ?
ഈ രണ്ട് അനുഭവങ്ങള്‍ക്കുമിടയിലേ മനുഷ്യനും മനുഷ്യനും തമ്മില്‍ സംവദിക്കേണ്ട മറ്റേതൊരു പ്രഹേളികയും വന്നിരിക്കൂയെന്ന് എനിക്കു നല്ല ഉറപ്പുമുണ്ട്.

ചൊല്ലിനും കേള്‍വിക്കുമിടയില്‍ പരസ്പരം കുരുങ്ങിയിരിക്കേണ്ട ഈ ചങ്ങലക്കൊളുത്തുകളെപ്പറ്റിയുള്ള ബോധം നന്നായി ഉള്ളില്‍കരുതിക്കൊണ്ടു തന്നെയാണ് ഞാന്‍ ബൂലോഗങ്ങളില്‍ ഇടപെടാറുള്ളത്.  അതുകൊണ്ടായിരിക്കാം ചില കാര്യങ്ങള്‍ നല്ല വെടിപ്പായും മറ്റു ചിലവ തീരെ ദുര്‍ഗ്രാഹ്യമായും എഴുതിപ്പോവുന്നത്.

എന്നിരുന്നാലും,
കിട്ടുന്ന ഓരോ അവസരങ്ങളിലും മേല്‍ക്കാലത്തേക്കു ഗതി കിട്ടാവുന്ന ഒരു വിവരശകലമെങ്കിലും ഓരോ സംവേദനത്തിനുമിടയിലും  പരസ്പരം ചെലുത്തണമെന്ന് എനിക്കൊരു സ്വാര്‍ത്ഥമോഹമുണ്ട്. ആരാലുമോര്‍ക്കാതെ ഭാഷയുടെ പിന്നിടങ്ങളില്‍ കുഴിച്ചുമൂടിപ്പോകാവുന്ന ഒരു വാക്കെങ്കിലും ഞാന്‍ ഈ കാറ്റില്‍ ഊതിപ്പറത്തിവിടും. അത്തരം കൊച്ചുശകലങ്ങളിലൂടെയേ എന്റെയീ വിശ്വം ഒരുനാള്‍ പ്രവാചകന്മാര്‍ വാഗ്ദാനം ചെയ്ത സമഞ്ജസസ്വര്‍ഗ്ഗലോകമാവൂ എന്ന് ഉള്ളിലെ കിളി എന്നും കുറുകിക്കൊണ്ടിരിക്കുന്നു.

അതുകൊണ്ടാണ് മൊഴിത്താരകളുടെ പിന്നില്‍ ഇങ്ങേത്തലയ്ക്ക്  പച്ചയും ചുവപ്പുമുള്ള ഓരോ കൊടികളും ഒരു കമ്പിറാന്തലും മാത്രം പിടിച്ച് , പിന്നിട്ടുപോകുന്ന പാതകളേയും ഇരുട്ടിനേയും മാത്രം നോക്കിക്കൊണ്ട് എന്റെയാ കുടുസ്സുമുറിവണ്ടിയില്‍ ഞാനിരിക്കുന്നത്. കൊളുത്തുവിട്ടിളകിപ്പോകാതെ എനിക്കുമുന്നില്‍ യാത്രചെയ്യുന്ന ഈ ബൂലോഗനിര എന്റെ സായൂജ്യമാവുന്നതും അതുകൊണ്ടാണ്.
അതുതന്നെയായിരിക്കണം ഉമേഷും സിബുവും കൈപ്പള്ളിയും ഇന്ത്യാഹെറിറ്റേജും ഷിജുവും ഡാലിയും സീയെസ്സും ചന്ദ്രശേഖരന്‍‌നായരും ജ്യോതിയും അതുപോലെ മറ്റുപല ഗാര്‍ഡുകളും അവരവരുടെ കോച്ചുകളിലിരുന്നു ചെയ്തുകൊണ്ടിരിക്കുന്നത്.

ഇത്രയുമൊക്കെ പറഞ്ഞത് വളരെ ദുരൂഹമായിത്തോന്നുണ്ടായിരിക്കാം അല്ലേ? ഇതുതന്നെയും വായിച്ചെത്തിയെങ്കില്‍ കൊള്ളാം! നല്ല ക്ഷമയുള്ള ആള്‍ എന്നു ഞാന്‍ നിങ്ങളെ ഒന്നു പുറത്തു തട്ടിക്കോണ്ടു പറഞ്ഞോട്ടെ! ഇനി ഒന്നു ലളിതവല്‍ക്കരിച്ചു് , കരിക്കാതെ  ചുടാന്‍ പറ്റുമോ എന്നു നോക്കട്ടെ:

ചുരുക്കത്തില്‍ ഇത്ര്യേയുള്ളൂ: എനിക്കെന്റേതായൊരു ഭാഷയുണ്ട്. എന്റെ ലോകത്ത് എനിക്കതേ ആവൂ. പക്ഷേ നിങ്ങളുമായി ഇടപെടുമ്പോള്‍ കുറേയൊക്കെ മാറുവാന്‍ ഞാന്‍ ശ്രമിക്കാം. എന്റെ നിലപാടുകളെപ്പറ്റി ഞാന്‍ പരത്താന്‍ ആഗ്രഹിക്കുന്ന ധാരണകള്‍ക്ക് തെറ്റു വരാത്തിടത്തോളം ഞാന്‍ അങ്ങനെ ചെയ്യാം. എന്റെ വാക്കിന്റെ അര്‍ത്ഥബോധത്തിനു കുറവില്ലാത്തവണ്ണം കൃത്യമായ വാക്കുകള്‍ തെരഞ്ഞെടുക്കേണ്ടിവരുമ്പോള്‍ പക്ഷേ ആ സ്വാതന്ത്ര്യം എനിക്കു തന്നേ തീരൂ. (ഇതുപോലെയൊക്കെയാണ് വക്കീല്‍ നോട്ടീസുകളും എന്‍ഡ് യൂസര്‍ ലൈസന്‍സ് അഗ്രിമെന്റുകളും ഇത്ര ദുരൂഹമായിപ്പോകാറ്‌!)

posted by സ്വാര്‍ത്ഥന്‍ at 3:07 PM

0 Comments:

Post a Comment

<< Home