തോന്ന്യാക്ഷരങ്ങൾ - സല്‍മാന്‍ഖാന്‍ ചരിതം ഒന്‍പതാം ദിവസം
URL:http://kumarnm.blogspot.com/2006/12/blog-post.html | Published: 12/7/2006 8:45 PM |
Author: kumar © |
“അതേയ് ഒന്ന് എണീക്കണുണ്ടോ?”
ഭാര്യയുടെ ഉച്ചത്തിലുള്ള സംസാരം കേട്ടാണ് അയാള്‍ ഞെട്ടി ഉണര്‍ന്നത്.
“ആ സല്‍മാന്‍ ഖാന്‍ ഇതുവരെ വന്നിട്ടില്ല.“
“വരും”
തിരിഞ്ഞുകിടക്കുമ്പോള്‍ അയാള്‍ അലസമായിപ്പറഞ്ഞു. “അതൊരു പൂച്ചയല്ലെ, അതിനു കയ്യില്‍ വാച്ചുണ്ടാവില്ല”
“അതല്ല, ഇന്നുംനാളെയും കൂടി അത് ഒന്നു വന്നുകിട്ടിയാല്‍ രക്ഷപ്പെട്ടു. പക്ഷെ അത് ഇതുവരെ വന്നിട്ടില്ല”
ഭാര്യ അസ്വസ്തതയോടെ പറഞ്ഞു. പെട്ടന്നാണ് അയാളുടെ ഉറക്കത്തിനു മുകളിലൂടെ സ്വബോധത്തിന്റെ ഒരു മിന്നായം പാഞ്ഞുപോയത്. ബെഡ് ഷീറ്റ് മാറ്റി അയാള്‍ ചാടി എണീറ്റു. മുണ്ടുമുറുക്കി ഉടുത്ത് ചോദിച്ചു,
“നീ എല്ലായിടത്തും നോക്കിയോ? എന്നത്തേയും പോലെ ആഹാരം വച്ചുകൊടുത്തില്ലേ?”
“ഒക്കെയും ഞാന്‍ ചെയ്തു. പക്ഷെ അതിന്റെ പൊടിപോലുമില്ല.“
ഭാര്യയുടെ വാക്കുകളില്‍ ഒരു ഭീതി നിഴലിച്ചു.
“കണ്ണനെവിടെ?”
“അവന്‍ അപ്പുറത്തിരുന്നു കളിക്കുന്നു”
ഡ്രോയിങ്ങ് റൂമില്‍ ഇരുന്നു കളിക്കുന്ന ഒന്നരവയസുകാരന്‍ കണ്ണനെ അയാള്‍ ചേര്‍ത്തുപിടിച്ചു. അവന്റെ മുഖം അയാളുടെ മുഖത്തോട് ഒരു നിമിഷം ചേര്‍ത്തു. പിന്നെ അയാള്‍ വീടിന്റെ പിന്‍ വശത്തേക്ക് പോയി. തുണി നനയ്ക്കുന്ന കല്ലിന്റെ കീഴിലും പാത്രം കഴുകുന്ന ബേയ്സിനിന്റെ പരിസരത്തുമൊക്കെ അയാള്‍ ചുറ്റിനടന്നു.മതിലിനരുകില്‍ അടുക്കി വച്ചിരുന്ന ഇഷ്ടികകളുടെ ഇടയിലൊക്കെ അയാള്‍ തിരഞ്ഞു.മതിലിനുമുകളിലൂടെ അടുത്തവീട്ടിലേക്ക് വിളിച്ചു ചോദിച്ചു.
“അമ്മൂ, ഇവിടെയൊക്കെ കറങ്ങി നടക്കണ ഒരു കള്ളപൂച്ചയില്ലേ, വൈറ്റില്‍ ബ്രൌണ്‍ മാര്‍ക്കുള്ളത്. അതിനെ ഇന്നെങ്ങാനും കണ്ടോടാ?”
ചെറിയ സൈക്കിളില്‍ നിന്നും കാല്‍ നിലത്തുകുത്തിയിട്ട് അമ്മു പറഞ്ഞു “ഇല്ലങ്കിള്‍, കണ്ടില്ല. എന്തുപറ്റി അങ്കിള്‍?”
അയാള്‍ ഉത്തരം പറയാന്‍ നിന്നില്ല. ടൂത്ത് ബ്രഷില്‍ പേസ്റ്റ് വച്ചുകൊടുക്കുമ്പോള്‍ ഭാര്യ പറഞ്ഞു, “അതിനി എങ്ങാനും..?”
“നീ ഒന്നു മിണ്ടാതിരിക്കുന്നുണ്ടോ?”
ദേഷ്യത്തില്‍ അയാള്‍ ബ്രഷ് വലിച്ചു പേസ്റ്റിന്റെ ബാക്കി ഒരു ചുവന്ന തുള്ളിയായി ചുവന്ന നേരിയ നൂലില്‍ തൂങ്ങി നിലത്തിറങ്ങി.
ബക്കറ്റില്‍ നിന്നും വെള്ളം എടുത്ത് ശരീരത്തിലേക്ക് ഒഴിക്കുമ്പോള്‍ അയാള്‍ സ്വയം പറഞ്ഞു, അതുവരും. പാവം എവിടെയോ ഉറക്കം തൂങ്ങിയിരിപ്പാവും. എങ്കിലും മനസില്‍ ഒരു രംഗം വെറുതെ പുകഞ്ഞുകൊണ്ടിരിക്കുന്നു. പേടിച്ചരണ്ട കണ്ണന്‍. വളഞ്ഞു കുത്തി പിന്നോക്കം നില്‍ക്കുന്ന പൂച്ച.
അന്ന് അതിന് സല്‍മാന്‍ ഖാന്‍ എന്ന പേരില്ല. കുറച്ചുദിവസം മുന്‍പാണ്, രാവിലെ പതിവുപോലെ വല്യമ്മായി മീന്‍ കഴുകുന്നു. കണ്ണന്‍ നടന്നു തുടങ്ങിയ പ്രായം. പൂച്ച അവന്റെ ദൌര്‍ബല്യമാണ്. കിണറിന്റെ അരികില്‍ അയാള്‍ പത്രം വായിച്ചിരിക്കുന്നു. പാരായണത്തിനിടയിലും ഒരു കണ്ണ് അവനിലേക്ക് അറിയാതെ നീളും. മീനിന്റെ വാലും പ്രതീക്ഷിച്ചിരിക്കുന്ന പൂച്ചയിലാണ് അവന്റെ ശ്രദ്ധ. കുഞ്ഞുചട്ടമ്പിയുടെ ഒരു കുഞ്ഞുവടിയും അവന്റെ കയ്യിലുണ്ട്. മീന്‍ വെട്ടി എണീറ്റ വല്യമ്മായി ശരീരം പിന്നോക്കം വളച്ചിട്ടു പറഞ്ഞു,
“എന്റെ പണി കഴിഞ്ഞു. മോനിവിടെ നില്‍ക്കുകയാണ്. ഒരു കണ്ണുവേണേ ഇവടെ..”
അതു കേട്ട അവന്‍ വടി ഉയര്‍ത്തി അഛനു സലാം പറഞ്ഞു. അയാള്‍ തിരിച്ചും.
‘ഗാംഗുലി ദക്ഷിണാഫ്രിക്കയിലേക്ക് ‘ - പൊതുവേ ക്രിക്കറ്റിനോടും അതിലുപരി ഗാംഗുലിയോടുമുള്ള ഇഷ്ടം അയാളുടെ വായനയെ ആഴങ്ങളിലേക്ക് വലിക്കുന്ന വേളയിലാണ് കണ്ണന്റെ വിളി കേട്ടത്. അലക്കു കല്ലിന്റെ അടുത്തേക്ക് അയാള്‍ ഓടിയടുത്തപ്പോള്‍ പേടിച്ചു വിറച്ചു നില്‍ക്കുന്ന കണ്ണന്‍. അവന്റെ നോട്ടം കല്ലിന്റെ പിന്നിലാണ് അയാള്‍ അങ്ങോട്ട് നോക്കിയപ്പോള്‍ അതു പോലെ വിറച്ച് പിന്നോക്കം വളഞ്ഞു നില്‍ക്കുന്ന പൂച്ച.
അവനെ വാരിയെടുക്കുമ്പോള്‍ ഭാര്യയും ഓടിവന്നു. അയാള്‍ പറഞ്ഞു,
“പാവം പേടിച്ചുപോയതാ.. ഒന്നും സംഭവിച്ചില്ല. പൂച്ച ഒന്നും ചെയ്തില്ല”.
പക്ഷെ അവന്റെ കൈകള്‍ അപ്പോഴും വിറയ്ക്കുന്നു.
പൈപ്പിന്റെ ചുവട്ടില്‍ അവന്റെ കാലുകള്‍ കഴുകിക്കൊടുക്കുന്നതിനിടയി ഭാര്യ പറഞ്ഞു,
“അതേയ് ഇവന്റെ കാലില്‍ ചെറിയ ഒരു മാര്‍ക്ക്. മുള്ള് ഉരഞ്ഞ പോലെ”
അയാള്‍ നോക്കുമ്പോള്‍ അവന്റെ വെളുത്ത കുഞ്ഞുപാദത്തില്‍ വളരെ നേരിയ ചെറിയ രണ്ട് വരകള്‍. ഒന്ന് നന്നായിട്ട് തെളിഞ്ഞിട്ടുണ്ട്. അയാള്‍ അവന്റെ കാലിലേക്ക് കൂടുതല്‍ വെള്ളം ഒഴിച്ചു. അവന്‍ കാല്‍ വലിച്ചു. പക്ഷെ കരഞ്ഞില്ല.
“ഇതു മുള്ള് ആവണമെന്നില്ല. പൂച്ചയുടെ വിരലോ മറ്റോ? ഡാ കുഞ്ഞൂ... പൂച്ച മാന്തിയോടാ കണ്ണാ..?” അയാള്‍ അവന്റെ മൂക്കില്‍ ഉമ്മ വച്ചു ചോദിച്ചു. അവന്‍ ചിരിച്ചു. അവന്റെ നിറഞ്ഞുനിന്ന കണ്ണില്‍ നിന്നും ഒരു തുള്ളി പുറത്തേക്ക് തൂവി.
അപ്പുറത്തെ അമ്മുവിന്റെ അഛനാണ് പറഞ്ഞത്,
“ഡോക്ടറെ ഒന്നു കാണിക്കുന്നത് നല്ലതാ..“
“കൊതുകുകടിച്ചാല്‍ വരെ പനിവരുന്ന കാലമാ” വല്യമ്മായിയും ശരിവച്ചു.
പിന്നെ മറ്റൊന്നും ആലോചിച്ചില്ല. ഓഫീസില്‍ വിളിച്ച് ലീവ് പറഞ്ഞു.
ഡോക്ടര്‍ അവന്റെ കാലിലെ പോറല്‍ ശ്രദ്ധിച്ചു നോക്കി. എന്നിട്ടു പറഞ്ഞു
“ഇതിപ്പോള്‍ സംശയത്തിന്റെ പുറത്ത് റാബിസിന്റെ ഇഞ്ചക്ഷന്‍ എടുക്കേണ്ടതാണ്. കാരണം പൂച്ചയ്ക്ക് റാബീസിന്റെ അസുഖം ഉണ്ടെങ്കില്‍ പ്രശ്നം ആകും. പക്ഷെ പൂച്ചമാന്തിയതാണോ എന്നുപോലും ഒരു ഉറപ്പും ഇല്ലാതെ വെറുതേ ഈ കുഞ്ഞിന്റെ ശരീരത്തിലിട്ട് കുത്തുന്നത് ഓര്‍ക്കുമ്പോള്‍..”
ഡോക്ടര്‍ ഒന്നു നിര്‍ത്തി. അവന്റെ മുറിവ് ഒന്നുകൂടി നോക്കി. എന്നിട്ട് പറഞ്ഞു
“കഴുത്തിലോ മുഖത്തോ മറ്റോ ആയിരുന്നെങ്കില്‍ ഞാന്‍ എടുക്കാന്‍ തന്നെ പറഞ്ഞേനെ, കാലിലാകുമ്പോള്‍ അത്രമാത്രം ഞരമ്പുകള്‍ ഇല്ല. അതു പോട്ടെ ഈ പൂച്ച പതിവായി അവിടെ വരുന്നതാണോ?”
“അതെ“
എന്നു പറഞ്ഞിട്ട് ഒരു ഉറപ്പിനായി അയാള്‍ ഭാര്യയുടെ മുഖത്തുനോക്കി.
“അങ്ങനെയാണെങ്കില്‍ അതിനെ പത്തു ദിവസം വാച്ചു ചെയ്യൂ. എന്തെങ്കിലും പ്രോബ്ലം ഉണ്ടെങ്കില്‍ നമുക്കു ഇഞ്ചക്ഷന്‍ എടുക്കാം”
അതും പറഞ്ഞ് ഡോക്ടര്‍ കുഞ്ഞിന്റെ കവിളില്‍ തൊട്ടു.
അന്നുമുതല്‍ അവരുടെ വീട്ടിലെ മുഖ്യാതിഥിയാണ് ആ മാര്‍ജ്ജാരന്‍. എന്നും അവന്‍ അവിടെ എത്താന്‍ വേണ്ടി ഭാര്യ നെയ്‌മീനിന്റെ കഷണങ്ങളൊക്കെ ആണ് വറുത്ത് കൊടുത്തിരുന്നത്. കൂടാതെ സെറിലാക്ക് ചേര്‍ത്ത പാലും ചോറും മുട്ടയും ഉണക്കമീനും ഒക്കെ അവനെ തേടി എത്തിയിരുന്നു. മൂന്നു നാലു ദിവസം കൊണ്ടുതന്നെ അവന്‍ അങ്ങു തടിച്ചുകൊഴുത്തു. എല്ലും തോലും ആയിരുന്ന പൂച്ചയ്ക്ക് മസിലൊക്കെ വന്നു. അയാള്‍ തന്നെ അതിനു ഒരു വിളിപ്പേരിട്ടു,
‘സല്‍മാന്‍ ഖാന്‍’
സല്‍മാന്‍ ഖാന്‍ ഒരു വി ഐ പി ആയിട്ട് അവിടെ പകല്‍ ജീവിച്ചു. അടുക്കളയിലും അവരുടെ ബെഡ്റൂമിലും ഒക്കെ അവന്‍ വാല്‍ ചുഴറ്റി നടന്നു. വീടിന്റെ പിവശത്ത് അവന്‍ പകുതിതിന്നു കളഞ്ഞിട്ടുപോയ ഉണക്കമീന്‍ കഷണങ്ങള്‍ വെയില്‍ കൊണ്ട് കിടന്നു.
ഇന്നലെ രാത്രിയിലും പൂച്ചയെ കണ്ടിരുന്നു. അപ്പോള്‍ അയാള്‍ പൂച്ചയോട് പറയുകയും ചെയ്തു,
“ഡാ സല്‍മാന്‍ ഖാനേ രണ്ടുദിവസംകൂടി മാത്രമേ ഉള്ളൂ നിന്റെ സുഖവാസം. അതുകഴിഞ്ഞാല്‍ ഞാന്‍ നിന്നെ ഇന്ദ്രന്‍സ് ആക്കിത്തരാം. എന്റെ കണ്ണനേയും ഉപദ്രവിച്ചിട്ട് ഇവിടെ ഇങ്ങനെ സുഖവാസം നടത്തുന്നതു കാണുമ്പോള്‍ എനിക്ക് ശരിക്കും ചൊറിയുന്നുണ്ട്”
കുളികഴിഞ്ഞ് വരുമ്പോള്‍ ഭാര്യ ചോദിച്ചു
“എന്താ ഇപ്പോള്‍ ചെയ്യേണ്ടേ?“
“അറിയില്ല. ഇന്നിപ്പോള്‍ ഒന്‍പത് ദിവസം ആകുന്നതേയുള്ളു. അതിനു എന്തെങ്കിലും പറ്റിയോ?”
അയാള്‍ നിസ്സഹായനായി പറഞ്ഞു. ആ പൂച്ചയ്ക്ക് അസുഖമുള്ളതാണോ എന്നുള്ള സംശയ ചോദ്യം അയാള്‍ ഉള്ളിലൊതുക്കി.
“എന്തായാലും നീ കണ്ണനെ ഡ്രസ് ചെയ്യിക്കൂ, ഡോക്ടറുടെ അടുത്ത് പോകാം”
അയാള്‍ അവന്റെ മുഖത്തു നോക്കി അവനു ക്ഷീണം ഉണ്ടോ? അയാള്‍ അവന്റെ നെറ്റിയില്‍ കൈവച്ചു നോക്കി. സംശയം, അവനു പനിയുണ്ടോ?
മകനേയും കൊണ്ട് ഭാര്യ കാറിലേക്ക് കയറുമ്പോഴും അയാല്‍ അവന്റെ നെറ്റിയില്‍ വെറുതെ കൈവച്ചുനോക്കി. ഹേയ് അവനു പനിയൊന്നും ഇല്ല. എനിക്കു വെറുതെ തോന്നുന്നതാവും. അയാള്‍ സ്വയം പറഞ്ഞു.
പിന്നെ വണ്ടി സ്റ്റാര്‍ട്ട് ചെയ്തു. ഉടന്‍ തന്നെ റിവേര്‍ഴ്സ് ഗിയര്‍ ഇട്ടു. വണ്ടി പിന്നിലേക്ക് നീങ്ങി.
“മ്യാവൂ.............” പൂച്ച കരഞ്ഞു, പക്ഷെ ഒരു ദീന രോദനം.
അയാള്‍ ബ്രേക്ക് ചെയ്തു. വീണ്ടും പൂച്ച ഒന്നുകൂടി കരഞ്ഞു. പക്ഷെ അതു പതിവുള്ള മ്യാവൂ അല്ല. പുറത്തിറങ്ങി നോക്കുമ്പോള്‍ പിന്നിലെ ടയറിനോട് ചേര്‍ന്ന് പകുതി ചതഞ്ഞ ശരീരവുമായ് ആ പൂച്ച. സല്‍മാന്‍ ഖാന്‍.
അതു അയാളെ ഒന്നുനോക്കി. അതുപിന്നെ വിളിച്ചില്ല.
കണ്ണുമാത്രം തുറന്ന് പുറത്തേക്ക് തള്ളിയിരുന്നു.
0 Comments:
Post a Comment
<< Home