Thursday, December 07, 2006

Suryagayatri സൂര്യഗായത്രി - ശ്രമം

URL:http://suryagayatri.blogspot.com/2006/12/blog-post_07.htmlPublished: 12/7/2006 10:10 PM
 Author: സു | Su
വാക്കുകള്‍ തെന്നിത്തെന്നി പോയ്ക്കൊണ്ടിരുന്നു. ഒന്നിനോടൊന്ന് ചേരുന്നില്ല. എത്ര ശ്രമിച്ചിട്ടും കൂട്ടിച്ചേര്‍ക്കാന്‍ കഴിയുന്നില്ല.

“അവിടെയല്ല എന്റെ സ്ഥാനം.”

ഓരോ വാക്കും പിണങ്ങി മുഖം വീര്‍പ്പിച്ചു. എന്ത് ചെയ്യും ഇനി? പുതിയത് ഉണ്ടാക്കണോ. അക്ഷരങ്ങളും പിണങ്ങിത്തുടങ്ങി. അവയില്ലാതെ വാക്കുകള്‍ എങ്ങനെ നില്‍ക്കും?

മടുത്തു. ഇനി പിന്നെ ശ്രമിക്കാം. അവള്‍ മനസ്സിലെ സ്ലേറ്റ് മഷിത്തണ്ടുകൊണ്ട് മായ്ച്ചുകളയുന്നതായി ചിന്തിച്ചു. മാഞ്ഞു. കറുപ്പ് നിറഞ്ഞു. ഒടുവില്‍ മനസ്സ് ശൂന്യമായി.

മനസ്സ് പിന്നേം അവളോട് പറഞ്ഞു. കുറച്ച് അക്ഷരങ്ങള്‍, അതിലൂടെ കുറച്ച് വാക്കുകള്‍, അതുകൊണ്ട് കുറച്ച് വാചകങ്ങള്‍. ഇത്രയ്ക്കും ആവില്ലേ.

"SHAME ON YOU"

അവള്‍ മനസ്സിനോട് ചോദിച്ചു. എന്താവും അതിന്റെ അര്‍ത്ഥം? എത്ര പെട്ടെന്ന് അക്ഷരങ്ങളും വാക്കുകളും ഒരുമിച്ച് ഒരു വാചകം ചമച്ചു. അത്രയ്ക്കും മനോഹരമാണോ ആ വാക്ക്!

അവള്‍ മനസ്സിലെ സ്ലേറ്റ് നിസ്സഹായത കൊണ്ട് ഒന്നുകൂടെ അമര്‍ത്തിത്തുടച്ചു. പിന്നെയും ശ്രമിക്കാന്‍ തുടങ്ങി.

മഷിത്തണ്ടില്‍ നിന്നാവും, മനസ്സ് നിറഞ്ഞ് രണ്ടു തുള്ളി കണ്ണില്‍ക്കൂടെ ഉതിര്‍ന്ന് പോയി. നിറഞ്ഞ പീലി വിടര്‍ത്തി, കണ്ണ് മിഴിച്ച് അവള്‍ കണ്ടു. അതിന് ചുവപ്പ് നിറം ആയിരുന്നു!

posted by സ്വാര്‍ത്ഥന്‍ at 12:56 PM

0 Comments:

Post a Comment

<< Home