Thursday, December 28, 2006

Suryagayatri സൂര്യഗായത്രി - ആരാധകരുടെ ഇടപെടലുകള്‍

കാവ്യാമാധവന്‍ ആരെക്കെട്ടണം എന്ന് ഞാന്‍ ചോദിച്ചാല്‍, നിങ്ങള്‍ വിചാരിക്കും, ഞാന്‍ മാര്യേജ്‌ ബ്യൂറോ തുടങ്ങിയെന്ന്. ഇല്ല. കാവ്യാമാധവന്റെ മാത്രമല്ല, മറ്റു പലരേയും വിവാഹക്കാര്യത്തില്‍ സിനിമാപ്രേമികള്‍ക്ക്‌ വ്യക്തമായ ധാരണകള്‍ ഉണ്ടാകും. മീരജാസ്മിനേയും, പൃഥിരാജിനേയും, നരേയ്‌നേയും ഒക്കെ കെട്ടിച്ചേ അവര്‍ക്ക്‌ സമാധാനം ഉണ്ടാകൂ. പിന്നെ അടുത്ത ആളെ നോക്കി നടന്നോളും.

ജനങ്ങള്‍ക്ക്‌ പ്രസിദ്ധരായ വ്യക്തികളുടെ സ്വകാര്യത്തില്‍ തലയിടാന്‍ എന്താണ്‌‍ ഇത്ര താല്‍പര്യം എന്ന് ചോദിച്ചാല്‍ എനിക്ക്‌ ഉത്തരമില്ല. സിനിമാനടന്മാരുടേയും, നടിമാരുടേയും കാര്യത്തിലും, കായികതാരങ്ങളുടെ കാര്യത്തിലും ആണ്‌ വളരെ കാര്യമായിട്ട്‌ ഇടപെട്ടേക്കാമെന്ന് ജനങ്ങള്‍ തീരുമാനിക്കുന്നത്‌. രാഷ്ട്രീയക്കാരുടേയോ, മറ്റ്‌ മേഖലകളില്‍ പ്രസിദ്ധരായവരുടേയോ കാര്യത്തില്‍ അവര്‍ ചിന്തിക്കുന്നത്‌ അല്‍പം കുറവാണ്‌‍. പണ്ട്‌ മോഹന്‍ലാല്‍ കാര്‍ത്തികയെ വിവാഹം കഴിച്ചാല്‍ കൊള്ളാമെന്ന് ഞങ്ങള്‍ക്കൊക്കെ ഒരു ആശ ഉണ്ടായിരുന്നു. അത്‌ നടന്നില്ല. ജയറാം, പാര്‍വതിയെ കെട്ടുമെന്ന് ഒരൂഹം ഉണ്ടായിരുന്നു.

സാനിയാ മിര്‍സ കളിക്കളത്തില്‍ ഇറങ്ങുമ്പോള്‍ വസ്ത്രത്തിന്റെ കാര്യത്തില്‍ ശ്രദ്ധയുണ്ടാവണം എന്ന് ആരൊക്കെയോ വാശിപിടിച്ചിരുന്നു. സാരിയും ചുറ്റി സാനിയാ മിര്‍സ ടെന്നീസ്‌ കളിക്കുന്നത്‌ ഭാവനയില്‍ കണ്ട്‌ എനിക്ക്‌ തല ചുറ്റി. സാനിയ ഇടുന്നതിനേക്കാള്‍ ചെറിയ വസ്ത്രവും ഇട്ട്‌, റോഡില്‍ക്കൂടെ നടക്കുന്ന കുട്ടികളുള്ള നാട്ടില്‍, പ്രശസ്തിയുള്ളതുകൊണ്ട്‌ മാത്രമാണ്‌‍ സാനിയായ്ക്ക്‌ വിലക്ക്‌ വന്നത്‌.

കാവ്യാമാധവന്‍, ഒരു സിനിമയ്ക്ക്‌ വേണ്ടി മുടി മുറിച്ചത്‌ പലര്‍ക്കും ഇഷ്ടമായില്ല. എനിക്കും. ;) എന്നുവെച്ച്‌ മുടിമുറിക്കണോ, നഖം വെട്ടണോന്ന് തീരുമാനിക്കുന്നതില്‍ ആരെങ്കിലും ഇടപെടുന്നത്‌ ശരിയാണോ? പ്രസിദ്ധിയുണ്ടെങ്കിലും, അവരും മനുഷ്യരല്ലേ. കാവ്യാമാധവന്‍ തന്നെ ഏതോ ഒരു മാസികയിലെ അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്‌, വീട്ടിലേക്ക്‌ വിളിച്ചിട്ട്‌, സാരിയുടുക്കുന്നതിനെപ്പറ്റിയൊക്കെ വിമര്‍ശിക്കാറുണ്ടെന്ന്.

വിവാഹത്തിന്റെ കാര്യം കൂടാതെ, ഏതൊക്കെ സിനിമയില്‍ അഭിനയിക്കണം, ആരുടെ ജോടിയായി അഭിനയിക്കണം, എന്തൊക്കെ വസ്ത്രങ്ങള്‍ ധരിക്കണം എന്നുവരെ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ആരാധകര്‍ക്കാണ്‌‍.

ഇപ്പോള്‍ പലര്‍ക്കും താല്‍പ്പര്യം തുടങ്ങിയിട്ടുള്ളത്‌ കല്യാണക്കാര്യത്തിലാണ്‌‍. മീരജാസ്മിന്‍, കാവ്യാമാധവന്‍ എന്നിവരെയൊക്കെ വിവാഹം കഴിപ്പിക്കുന്നത്‌, തങ്ങളുടെ ചുമതലയാണെന്നാണ്‌‍ പലരുടേയും ഭാവം. നയന്‍‌താര കല്യാണം കഴിക്കില്ല എന്നൊക്കെ ഒരു വാദം ഉണ്ടാക്കിവെച്ചിരുന്നു, പലരും. ഇനിയിപ്പോ എറ്റെടുക്കാന്‍ ഒന്നുകൂടെ ആയതില്‍ എല്ലാവര്‍ക്കും സന്തോഷം.

മഞ്ജുവാര്യര്‍, ദിലീപിനെ കല്യാണം കഴിച്ചതും, അഭിനയം നിര്‍ത്തിയതും പലര്‍ക്കും ഇഷ്ടമായില്ല. അവരെന്തോ ചെയ്തോട്ടെ എന്നു വിചാരിക്കാതെ, അയ്യോ അയ്യയ്യോ എന്ന് പറഞ്ഞുംകൊണ്ടിരിക്കും, ഞാനടക്കമുള്ള സിനിമാപ്രേമികള്‍. രാഷ്ട്രീയക്കാര്‍, മിക്കവാറും, വിവാഹം കഴിഞ്ഞ്‌ പ്രസിദ്ധി നേടുന്നവരായതുകൊണ്ടാണോ അതോ, ഞങ്ങളിലൊന്നിനെ തൊട്ടുകളിച്ചാല്‍ അക്കളി തീക്കളി സൂക്ഷിച്ചോ എന്നായതുകൊണ്ടാണൊയെന്നറിയില്ല, അവരുടെ കാര്യത്തില്‍ ഇടപെടാന്‍ മിക്കാവാറും ജനങ്ങള്‍ തയ്യാറാവില്ല.

ഇനിയിപ്പോ ഇവരുടെയൊക്കെ, വ്യക്തിപരമായ കാര്യത്തില്‍ ഇടപെടുന്നതില്‍ ഒരു സന്തോഷമില്ലേന്ന് ചോദിച്ചാല്‍ ഉണ്ട്‌. അത്‌ അവരോടുള്ള ആരാധനയേക്കാള്‍, അവരോടുള്ള സ്നേഹവും കരുതലും ആകാനേ വഴിയുള്ളൂ. നമ്മുടെയൊക്കെ സ്വന്തം കുട്ടിയായ കാവ്യാമാധവന്‍, നമുക്കിഷ്ടമില്ലാത്ത ആരെയെങ്കിലും വിവാഹം കഴിച്ചാല്‍, നമുക്കൊരു തൃപ്തിക്കുറവുണ്ടാകില്ലേ?

അല്ലെങ്കില്‍, നമുക്ക്‌ അവരുടെയൊക്കെ കാര്യം, അവരുടെ വീട്ടുകാര്‍ക്ക്‌ വിട്ടുകൊടുത്താല്‍ എന്താ? നമ്മള്‍ക്കിവരെയൊക്കെ കളിക്കളത്തിലും, ടി.വി യിലും, സിനിമാശാലയിലും ഒക്കെ കാണുന്ന പരിചയം അല്ലേ ഉള്ളൂ?

----------

"ഹലോ"

"ഹലോ..."

"ഇത്‌ കൊടകരപുരാണം വിശാലമനസ്കന്റെ വീടല്ലേ?"

"ആണെങ്കില്‍?"

"അദ്ദേഹം സ്ഥലത്തുണ്ടോ?"

"ഇല്ല. പുറത്തുപോയതാ. (എന്ന് പറയാന്‍ പറഞ്ഞു എന്ന് മനസ്സില്‍.)"

"എനിക്കൊരു കാര്യം പറയാന്‍ ഉണ്ടായിരുന്നു."

"എന്താണ്?. എന്നോട്‌ പറഞ്ഞാല്‍ ഞാന്‍ പറഞ്ഞോളാം."

"അതേയ്‌, വിശാലേട്ടന്‍, കറുപ്പ്‌ ഫ്രെയിമുള്ള കണ്ണട വെക്കുന്നത്‌ എനിക്ക്‌ തീരെ ഇഷ്ടമില്ല. ചന്ദനക്കളറാ ചേര്‍ച്ച."

"വന്നാല്‍പ്പറയാം. വേറെ ഒന്നുമില്ലല്ലോ?"

"ഇല്ല. ഉണ്ടെങ്കില്‍ വീണ്ടും വിളിക്കാം. വിരോധം ഒന്നുമില്ലല്ലോ"

“ഏയ്... എന്തു വിരോധം?”


ടക്ക്‌.

ടക്ക്‌.

ടക്ക്‌ ടക്ക്‌.

ആദ്യത്തെ ടക്ക്‌ അവിടെ ഫോണ്‍ വെച്ചത്‌. രണ്ടാമത്തെ ടക്ക്‌ ആരാധിക ഫോണ്‍ വെച്ചത്‌.

മൂന്നാമത്തെ രണ്ട്‌ ടക്ക്‌, വിശാലന്റെ കണ്ണട നിലത്ത്‌ വീണ് പൊട്ടുന്നതിന്റേത്. ;)

A great RSS feed can help you live, work, or play better. If it's been a while since you've found a feed like this, head over to the Squeet Reader Directory where you'll find 80+ quality feeds in many categories. Quickly and easily subscribe to multiple groups or catgories all at once.

Try the Squeet Reader Feed Directory Now
Read the Squeet Blog Article

posted by സ്വാര്‍ത്ഥന്‍ at 11:08 AM

0 Comments:

Post a Comment

<< Home