Thursday, December 28, 2006

കല്ലേച്ചി - ഉദ്ദിഷ്ഠകാര്യത്തിന്‌ ഉപകാര സ്മരണ.

ഓലപ്പാമ്പുകള്‍ നമുക്ക്‌ പുത്തരിയൊന്നുമല്ല. കഴിഞ്ഞ ദിവസം ഇതുപോലെ കാണിച്ച ഒരു ഓലപ്പാമ്പാണ്‌ വിജിലന്‍സ്‌ അന്വേഷണം. പത്ത്‌ മുന്‍മന്ത്രിമാര്‍ക്കെതിരെ അന്ന്‌ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ആഭ്യന്തരമന്ത്രി ഉത്തരവിട്ടെന്നും ഇല്ലെന്നും ശ്രുതി. ഇതിപ്പോള്‍ ഇങ്ങനെയൊക്കെയാണ്‌. കാര്യങ്ങള്‍ അറിയേണ്ടവര്‍ അറിയുന്നേയില്ല. സെക്രട്ടറിയേറ്റിലെ ഫയലുകള്‍ അധികവും രണ്ടായി കീറിയിട്ടുണ്ടത്രേ. മുഖ്യമന്ത്രി പരിശോധിക്കുന്ന ഫയലുകള്‍ക്കാണ്‌ ഈ ദുര്‍വിധി. മുഖ്യമന്ത്രിയുടെ ഓഫീസ്‌ ഇങ്ങോട്ട്‌ പിടിച്ചു വലിക്കുമ്പോള്‍ മറ്റു മന്ത്രിമാര്‍ അങ്ങോട്ട്‌ വലിക്കും. കടലാസല്ലേ. ഭരണപക്ഷത്തെ ഗ്രൂപ്‌ വഴക്കുകളേപ്പറ്റി അതിനെന്തറിയാം. മുഖ്യമന്ത്രിക്കൊന്നും ചെയ്തുകൂട. പൊതുമരാമത്തില്‍ നോക്കിയാല്‍ "കുരുവിള"യില്‍ കാലിമേയും. വിദ്യാഭ്യാസത്തില്‍ "ബേബി" കരയും. വ്യവസായത്തില്‍ "ഇളമരം" മുറിയും. ധനകാര്യത്തില്‍ "ഐസ്‌" ഉറഞ്ഞു കട്ടിയാവും. ആഭ്യന്തരത്തില്‍ കലിയുടെ "കൊടിയേറും." ആരോഗ്യത്തില്‍ "ശ്രീമതി"യുടെ കുമ്മിപ്പാട്ട്‌, ആറ്റിലെക്കച്ച്യുതാ ചാടല്ലേ ചാടല്ലേ... എപ്പടീ ആരോഗ്യം. അപ്പടീ ച്യാമീ. സഹകരണത്തില്‍ സുധാകരന്റെ കത്തിവേഷമാണ്‌, വിവരമറിയും.

ഇതൊക്കെ ശാസ്താംകോട്ടയിലെ അമ്പലക്കുരങ്ങുകളും ചന്തക്കുരങ്ങുകളും തമ്മില്‍ ഇടയ്ക്കുണ്ടാകാറുള്ള "പ്രത്യയശാസ്ത്ര" വഴക്കില്ലേ. ആഗണത്തില്‍ പെടുത്തിയാല്‍ മതി. ഡാര്‍വനായ നമ. അങ്ങനെയുള്ള ഇവര്‍ക്ക്‌ ആ കള്ളനും പോലീസും തന്നെയങ്ങ്‌ കളിച്ചാല്‍മതി. അതിനിടയില്‍ ഇപ്പുറത്തെ വിമന്‍സ്‌ കോളേജിന്റെ മതിലു ചാടേണ്ടതില്ല.

അതിനാലാണ്‌ `ഉത്തരവിന്നൊച്ചകേട്ടു നടുങ്ങി മുന്‍മന്ത്രിമാര്‍, ഉരഗങ്ങളേപോലെ'യായത്‌. മാളത്തില്‍ സ്വസ്ഥമായിരിക്കുമ്പോഴാ സ്വൈരക്കേട്‌. ഉത്തരവിനെ ഭയന്നിട്ടോ വിജിലന്‍സ്‌ എന്നു പറയുന്ന നീര്‍ക്കോലി കടിച്ച്‌ അത്താഴം മുടങ്ങും എന്നൊന്നും കണ്ടതിനാലോ അല്ല ഈ നടുക്കം. മറിച്ച്‌ ചതിയില്‍ വഞ്ചന കാണിച്ചതിനാണ്‌.

നമ്മള്‍ മറക്കാനായിട്ടില്ലല്ലോ കഴിഞ്ഞ മന്ത്രിസഭയുടെ മധുവിധുനാളുകള്‍. ആ മന്ത്രിസഭയുടെ പ്രതിബിംബമാണല്ലോ ഈ മന്ത്രിസഭ. ഈ മന്ത്രിസഭയുടെ പ്രതിബിംബമായിരിക്കുമല്ലോ അടുത്ത മന്ത്രിസഭ. കഴിഞ്ഞ മന്ത്രിസഭ കണ്ണാടിയില്‍ ദര്‍ശിച്ചാല്‍ ഇതെല്ലാം അതിലും കാണാം. ബിംബത്തിന്റെ വലതു വശം പ്രതിബിംബത്തില്‍ ഇടതുവശമാകുമെന്നൊരു വ്യത്യാസമേയുള്ളൂ. അതില്‍ ഒരു വൃദ്ധന്‍ ഏത്‌ സമയവും പ്രതിപക്ഷത്തേക്കിറങ്ങി ഗോളടിക്കുന്ന അവസ്ഥയായിരുന്നെങ്കില്‍ ഇവിടെ ഒരു വൃദ്ധന്‍ അയാള്‍ തന്നെ അറിയുന്നില്ല ആരാണ്‌ ഗോളടിക്കുന്നതെന്ന്‌. അയാളോട്‌ പൊറുക്കേണമേ?

മുന്‍ മന്ത്രിസഭയുടെ തീരുമാനങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു കഴിഞ്ഞ ഗവണ്‍മെന്റിന്റെ കാലത്തെ ഒരു അഴിമതി ആരോപണവും പരിശോധിക്കുകയില്ല എന്നത്‌. ഈ തീരുമാനമാവട്ടെ സ്വതവേ പ്രതിരോധത്തിലൂന്നിക്കളിക്കുമെങ്കിലും ക്ലീന്‍ ഇമേജ്‌ ഇപ്പോഴുമുള്ള ആന്റണിയുടെ മന്ത്രി സഭയും. ഇടവേളയ്ക്ക്‌ ശേഷം കഥ കൊണ്ട്‌ പോയത്‌ ഉമ്മന്‍ചാണ്ടിയായിരുന്നല്ലോ. അന്ന്‌ നടുങ്ങിയത്‌ ജനങ്ങളാണ്‌. എറ്റ്‌ റ്റൂ ആന്റണീ... ഇന്ന്‌ ജനങ്ങള്‍ക്കൊരു നടുക്കവുമില്ല. ഇതൊക്കെ എത്രതവണ ഇനി ആവര്‍ത്തിക്കാനുള്ളതാണ്‌. ഭരണത്തില്‍ കേറുക, കക്കുക, പ്രതിപക്ഷത്തിരിക്കുക അതൊക്കെ വിളിച്ചു പറയുക, വീണ്ടും ഭരണത്തില്‍ കേറുക, ഈ കട്ടതും വിളിച്ചു പറഞ്ഞതും അങ്ങനെ വിഴുങ്ങുക. അങ്ങനെ ഒരു തൊണ്ടതൊടാതെ വിഴുങ്ങല്‍ പ്രതീക്ഷിച്ചിരിക്കേയാണ്‌ ഓര്‍ക്കാപ്പുറത്തൊരു വിജിലന്‍സ്‌. പിന്നെ ങ്ങനെ നടുങ്ങാതിരിക്കും. ഇത്‌ ചതിയാണ്‌. തലയില്‍ മുണ്ടിട്ടു ചെയ്യുന്ന പ്രവര്‍ത്തികള്‍ നമ്മള്‍ പരസ്പരം കണ്ടത്‌ മിണ്ടില്ല എന്നു പറഞ്ഞിട്ടും നിങ്ങള്‍ വിളിച്ചു പറയുമ്പോലെയാണിത്‌. ചെയ്ത ഉപകാരത്തിന്‌ നന്ദി കാണിക്കാതിരിക്കരുത്‌. അത്‌ നമ്മള്‍ അന്നേ പ്രതിക്ഷിച്ചതാണ്‌. അധികം വെളയരുത്‌. അടുത്ത തവണ ഞങ്ങളാണ്‌ അധികാരത്തില്‍. ഇത്‌ ഇത്തവണ ആവര്‍ത്തിക്കുമോ എന്നറിയില്ല. അത്‌ ഇപ്പൊഴത്തെ ഭരണത്തോടുള്ള ജനങ്ങളുടെ പ്രിയം കൊണ്ടൊന്നുമല്ല. മറിച്ച്‌ ജനങ്ങള്‍ക്ക്‌ അങ്ങനേയേ നിങ്ങളെ ശിക്ഷിക്കാനാവൂ. ഇതൊക്കെ ഓര്‍ത്താവണം. വിജിലന്‍സ്‌ ഭീകരനെ തല്‍ക്കാലം കോടിയേരി കുടത്തിലടച്ചത്‌.

ഈ വിജിലന്‍സെന്നൊക്കെ കേട്ടാല്‍ നാം കരുതും എന്തോ ആനക്കാര്യമാണെന്ന്‌. നാട്ടിലെ ചില പ്രമാണിമാര്‍ക്ക്‌ ഒരു വിജിലന്‍സുമില്ല, കുന്തവുമില്ല. അവരെ സമ്പന്ധിച്ച്‌ അത്‌ വെറും അലാവുദ്ധീന്റെ ഭൂതമാണ്‌. കണ്ടാല്‍ ഭീകരനെന്ന്‌ തോന്നുമെങ്കിലും നമ്മുടെ അമടിയാണ്‌. ഇങ്ങനെ എത്ര വിജിലന്‍സന്വേഷണങ്ങള്‍ കഴിഞ്ഞിരിക്കുന്നു. അല്ലെങ്കില്‍ മൊത്തം ബഡ്ജറ്റില്‍ നിന്ന്‌ (ചെലവ്‌ ശരിയായരീതിയിലാണോ എന്ന്‌ പരിശോധിച്ച്‌) ചെലവിനെ കൃത്യവും സൂക്ഷ്മവുമായി കിഴിച്ചാല്‍ നമ്മുടെ പണമെവിടെ എന്ന്‌ കണ്ടെത്താനാവും. അതാരെങ്കിലും ഈ ജന്‍മത്തില്‍ ചെയ്യുമോ? പണം ആകാശത്തേക്കുയര്‍ത്തപ്പെടുകയോ ആകാശത്തില്‍ നിന്ന്‌ പൊട്ടിവീഴുകയോ ഇല്ല.

കല്ലേച്ചിക്കൊന്നേ പറയയാനുള്ളൂ. പണ്ട്‌ ആദികവി പാടിയ വചനം. "ആവതില്ലാത്തത്‌ ചിന്തിച്ച്‌ ദുഖിച്ച്‌, ചാവതിനെന്തവകാശം കപികളേ"

വെറുതെ ഓരോന്നോര്‍ത്ത്‌കഴിഞ്ഞദിവസം രാഷ്ട്രപതിയുടെ ചടങ്ങില്‍ അച്യുതാനന്ദന്‍ ലാബ്‌ടോപ്പില്‍ പ്രസംഗം വായിക്കുന്നത്‌ കണ്ടു. 1980കളില്‍ ഇന്ത്യയില്‍ കമ്പ്യൂടര്‍വത്കരണം (ഈ അടുത്ത കാലത്തെ `കവിത`യായിരുന്ന ആഗോളവത്കരണം പോലൊന്ന്‌) ഉദ്യോഗസ്ഥ, ബുദ്ധിജിവി തലകളില്‍ നടക്കുന്ന കാലം അച്ച്യുതാനന്ദന്‍ പറഞ്ഞു.
"എന്റെ ശവത്തിലൂടെ മാത്രമേ കമ്പ്യൂട്ടര്‍ വത്കരണം നടപ്പിലാകുകയുള്ളൂ."

കഴിഞ്ഞദിവസം നിലമ്പൂരില്‍ എം എ ബേബിയെ സഖാക്കള്‍ തടഞ്ഞതിനെ കുറിച്ച്‌ ബേബിയുടെ വിശദീകരണം.
"പ്രവര്‍ത്തകര്‍ ആശയവിനിമയം നടത്തുകമാത്രമാണ്‌ ചെയ്തത്‌."
പരസ്പരമുള്ള `ആശയവിനിമയം` ഇത്രയ്ക്ക്‌ കടുത്തതാണെങ്കില്‍ പുറത്തുള്ള ആശയവിനിമയതെ പറ്റി ചോദിക്കാനുണ്ടൊ?

എം. വി രാഘവന്റെ സഹകരണമെഡിക്കല്‍ കോളേജ്‌ പിടിച്ചടുത്തതിനെപ്പറ്റി സുധാകരന്‍.
"സ്വാഭാവികമായ സര്‍ക്കാര്‍ നടപടികള്‍ മാത്രമാണത്‌"
തിരിച്ചായിരുന്നെങ്കില്‍ "സാമ്രാജ്യത്വ, പ്രതിലോമ, കുത്തക, ബൂര്‍ഷ്വാ, മുതലാളിത്ത, വലതുപിന്തിരിപ്പന്‍ ഇടപെടല്‍." പാപ്പിനിശ്ശേരിയിലെ പാമ്പുകള്‍ ജാഗ്രതൈ. ഇതുപോലൊരു പിടിച്ചെടുക്കലിന്റെ രാത്രിയിലായിരുന്നു കാപാലികര്‍ നിങ്ങളിലെ പുരുഷന്‍മാരെ അഗ്നിക്കിരയാക്കുകയും സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്തത്‌.

കെ. കരുണാകരന്‌ ആയിരം വഴികളാണ്‌ തുറന്നു വരുന്നത്‌. മഹാഭാഗ്യം. രാജയോഗം എന്നൊക്കെപറയുന്നത്‌ ഇതാണ്‌. പണ്ട്‌ കുന്തീ ദേവി പറഞ്ഞതുപോലെ "ഭാഗ്യവന്തം പ്രയാസൂത".. ഭാഗ്യമാണു വേണ്ടത്‌. വാഗ്ദാനം നല്‍കി വഞ്ചിച്ചു എന്നും പറഞ്ഞ്‌ പിണറായിക്കെതിരെ ഇലക്ഷന്‍ കമ്മീഷനില്‍ ഒരു കേസുകൊടുക്കാം. നല്ല സ്കോപ്പാണിതിന്‌. മക്കള്‍തിലകമുന്നണി എന്നപേരില്‍ അകിലേന്ത്യാ പാര്‍ട്ടിയായി ഒന്നുകൂടി വലുതാകാം. നമ്മുടെദേവഗൌഡ, മാണി തുടങ്ങിയ മക്കള്‍ തിലകക്കാരേയും ഭാവിയില്‍ ഈ ഗണത്തില്‍ വരാവുന്ന എല്ലാവരേയും ഈ മുന്നണിയില്‍ ചേര്‍ത്ത്‌ മൂന്നാം മുന്നണിയുണ്ടാക്കാം or ബിജേപ്പി, ഇരുമുന്നണിയിലേയും അസംതൃപ്തര്‍ തുടങ്ങിയവരെ ചേര്‍ത്ത്‌ മുന്നണി മൂന്നാക്കാം. ജേക്കബിനെ നോക്കണ്ട.

A great RSS feed can help you live, work, or play better. If it's been a while since you've found a feed like this, head over to the Squeet Reader Directory where you'll find 80+ quality feeds in many categories. Quickly and easily subscribe to multiple groups or catgories all at once.

Try the Squeet Reader Feed Directory Now
Read the Squeet Blog Article

posted by സ്വാര്‍ത്ഥന്‍ at 10:54 AM

0 Comments:

Post a Comment

<< Home