Tuesday, December 05, 2006

Suryagayatri സൂര്യഗായത്രി - ഒടുക്കം

URL:http://suryagayatri.blogspot.com/2006/12/blog-post.htmlPublished: 12/1/2006 1:01 PM
 Author: സു | Su
ഇവിടെ ഒടുങ്ങാന്‍ അനുവദിക്കില്ല എന്ന് പറഞ്ഞത് കാട്ടാളന്‍ ആയിരുന്നു.

അവനെ പരിചയമുണ്ടല്ലോ. തന്റെ തോഴന്‍ തന്നെ ആണോ? അവന്‍ എങ്ങനെ കാട്ടാളന്‍ ആയി?

അവന്‍ ശരീരത്തില്‍ ആഞ്ഞ് കുത്തി. ശരീരത്തിലോ അതോ ആത്മാവിലോ?

മറ്റു കാട്ടാളന്മാര്‍ അമ്പും വില്ലും കൊണ്ട് ചുറ്റും നിന്നു.

‘ഇതിനൊരു തീരുമാനം ഉണ്ടാക്കും.’

പറയുന്നതാരാണ്? രാജാവോ?

രാജാവ് വെറും നിലത്ത് ഇരിക്കാനോ? അതെ. രാജാവ് തന്നെ. കഴുത്തിലെ മാല രസമായിട്ടുണ്ട്.

അല്ല. സൂക്ഷിച്ച് നോക്കട്ടെ. രാജാവല്ല. കയ്പ്പും ചവര്‍പ്പും കുടിപ്പിച്ചാലും, പുഞ്ചിരിയുള്ള ആ മുഖമല്ലേ, ജീവിക്കാന്‍ പ്രേരിപ്പിച്ചിരുന്നത്?

പലപ്പോഴും അപ്സരസ്സുകളുടെ ഇടയില്‍ ആയിരുന്നല്ലോ. അവിടെ നല്ല സുഖമായിരുന്നു. രാത്രിയും പകലുമില്ലാതെ.

അതുകഴിഞ്ഞാണ് രാജാവും, മാലാഖമാരും കൂട്ടിനെത്തിയത്. മാലയിട്ട രാജാവും, വെള്ളക്കുപ്പായമിട്ട മാലാഖമാരും.

അതിനിടയ്ക്ക് ഒരിക്കലാണ് ഒരു രാജാവ് വന്ന് പുറത്താക്കിയത്.
ഇവന്റെ കൂടെ ഭീകരന്മാരുണ്ട്. ഇവിടെ നിര്‍ത്താന്‍ പറ്റില്ല.

അപ്സരസ്സുകള്‍ എന്നോ രംഗം വിട്ടിരുന്നു. മാലാഖമാര്‍
പുഞ്ചിരിക്കാന്‍ മറന്നോ?

പിന്നേയും എത്തിയത്, മാലാഖമാരുടെ അടുത്ത് തന്നെ. പക്ഷെ അവരുടെ ഭാവം മാറിയിരുന്നു. ഒരു പുഞ്ചിരി പോയിട്ട്, തിളക്കമുള്ള ഒരു നോട്ടം പോലും കണ്ണുകളില്‍ കണ്ടില്ല. രാജാവ് മാത്രം പുഞ്ചിരി മറന്നിരുന്നില്ല.

പിന്നെ ഒരിക്കല്‍പ്പോലും, എന്നും ചുറ്റും ഉണ്ടായിരുന്ന തോഴന്മാരെ കണ്ടില്ല. ചുവന്ന വെളിച്ചത്തില്‍, ചുവന്ന ചഷകം പങ്കുവെക്കുമ്പോള്‍ ഒരുപാട് തോഴന്മാര്‍ ഉണ്ടായിരുന്നു.

അപ്സരസ്സുകളേയും, പരിചയപ്പെടുത്തിയത് അവരായിരുന്നില്ലേ?

ഇന്നവരൊക്കെ എവിടെ?

ഭിത്തി കെട്ടിയ മനസ്സുമായി നില്‍ക്കുന്നുണ്ടാകുമോ?

അതോ ഹൃദയം തനിക്ക് വേണ്ടി എന്നെന്നേക്കുമായി അടച്ചതോ?

മണ്ണ് പോലും സ്വന്തമല്ലായിരുന്നോ? ഇതിനൊക്കെ ഉത്തരം കിട്ടാന്‍ ഇല്ല.

ഒരിത്തിരി മണ്ണ് കിട്ടിയാല്‍ മതി. ഉറങ്ങാന്‍. എന്നെന്നേക്കുമായി ഉറങ്ങാന്‍.

ഭീകരന്‍ അട്ടഹസിക്കുന്നുണ്ടോ.

താന്‍ ആര്‍ക്കൊക്കെ കൊടുത്തു, സമ്മാനം. കൂട്ടുകാരിക്കോ?

ഒന്നുമറിയാതെ, ഈ ലോകത്തേക്ക്, കടന്നുവരാന്‍ പോകുന്ന
ആ നിഷ്കളങ്കതയ്ക്കോ? താന്‍ ആണ് ഭീകരന്‍.

കാട്ടാളന്മാര്‍, പൊരുതിജയിക്കാതെ സ്ഥലം വിട്ടെന്നോ?

രാജാവ് കല്‍പ്പിച്ചു. “ഈ ജന്മം ഇവിടെ ഒടുങ്ങട്ടെ.”

ഒരുപിടി മണ്ണ്, തന്റെ ദൈന്യതയ്ക്ക് മുകളില്‍ വീണു.

കൂട്ടിന് വരാന്‍ പോകുന്ന വ്യര്‍ത്ഥജന്മങ്ങളെക്കാത്ത്, നിഷ്കളങ്കജന്മങ്ങളെക്കാത്ത്, ഒന്നുമോര്‍ക്കാതെ ഇരിക്കാം.



(ഇന്ന് ലോക എയിഡ്സ് ദിനമാണ്!)

posted by സ്വാര്‍ത്ഥന്‍ at 9:55 AM

0 Comments:

Post a Comment

<< Home