Wednesday, November 29, 2006

ശേഷം ചിന്ത്യം - കാരുണ്യവാനായ അപരിചിതന്‍

ഏകദേശം ഒരു മാസത്തോളമായി ശ്രീ. റ്റി. പദ്മനാഭന്‍റെ പള്ളിക്കുന്ന് എന്ന ലേഖന സമാഹാരം വായിക്കാന്‍ തുടങ്ങിയിട്ട്. വെറും നൂറ്റിയെണ്‍പത്തി മൂന്നു പേജു മാത്രമുള്ള ഈ പുസ്തകം രണ്ടാഴ്ച കൊണ്ട് വായിച്ചെടുക്കാമെന്നായിരുന്നു എന്‍റെ കണക്കുകൂട്ടല്‍. ഓഫീസ് പണിക്ക് ഡെഡ് ലൈന്‍ ഉള്ളതിനാലും പുസ്തകവായനയ്ക്ക് അതില്ലാത്തതിനാലും ഇനിയും പള്ളിക്കുന്ന് വായിച്ചു തീര്‍ന്നിട്ടില്ല.

അധികം ആലോചനയൊന്നും കൂടാതെ വെറുതെ വായിച്ചുപോകാവുന്ന ലേഖനങ്ങളാണ് ഈ പുസ്തകത്തില്‍. ‘അനുഭവങ്ങളുടെ സംഗീതം’ എന്ന ലേഖനം ഓര്‍മകള്‍ പരതുവാന്‍ എന്നെ നിര്‍ബന്ധിതനാക്കി. ലേഖനത്തിന്‍റെ തുടക്കത്തില്‍, ശ്രീ. പദ്മനാഭന്‍, തന്‍റെ ഏറ്റവും പ്രിയങ്കരനായ എഴുത്തുകാരനായ റ്റെന്നസ്സി വില്യംസിനെക്കുറിച്ചും അദ്ദേഹത്തിന്‍റെ ‘എ സ്ട്രീറ്റ് ഖാര്‍ നേയ്മ്ഡ് ഡിസയര്‍’ എന്ന നാടകത്തിലെ കഥാപാത്രമായ Blanche Du Bois പറയുന്ന ഒരു വാചകത്തിലൂടെ താന്‍ എങ്ങനെയാണ് ജീവിതത്തിന്‍റെ ഉദാത്ത സംഗീതം ശ്രവിച്ചത് എന്നും പറയുന്നുണ്ട്.

ലേഖനത്തിന്‍ നിന്ന്:
അവര്‍ നല്ല ഗൃഹനാഥയാണ്. സംസ്കൃത ചിത്തയും സംസ്കാര സമ്പന്നയും. ആ സ്ത്രീയെ മൃഗസമാനനായ ഭര്‍ത്താവും അവന്‍റെ കൂട്ടുകാരും കൂടി ഭ്രാന്തിലേക്കെത്തിക്കുകയാണ്. അവസാനം ആ സ്ത്രീയെ മാനസികരോഗാശുപത്രിയില്‍ കൊണ്ടുപോകുന്ന സന്ദര്‍ഭം. അതിനായി ഡോക്ടര്‍ എത്തുമ്പോള്‍ മുറിവേറ്റ ഒരു സിംഹിയെപ്പോലെ അവര്‍ തടുക്കുന്നു. ഒടുവില്‍ ഒരു കറുത്ത നഴ്സ് എത്തി. ആ നഴ്സ് കൈകൊണ്ടു കുറച്ചുനേരം അവരെ മെല്ലെ അങ്ങനെ തൊട്ടുനിന്നു. അന്നേരംതന്നെ ആ സ്ത്രീയില്‍ വല്ലാത്ത മാറ്റമുണ്ടാവുന്നുണ്ട്. തുടര്‍ന്ന് നഴ്സ് ‘വരൂ’ എന്ന് പറയുമ്പോള്‍ ഒരക്ഷരം എതിര്‍ക്കാതെ അവര്‍ ആംബുലന്‍സില്‍ കയറുകയാണ്. അപ്പോള്‍ Blanche Du Bois പറയുന്ന ഒരു വാചകമുണ്ട്: “Whoever you are, I have always depended on the kindness of strangers.” എന്തൊരു വാചകം!

റ്റെന്നസ്സി വില്യംസിന്‍റെ ഇന്‍റര്‍വ്യൂ ‘റ്റൈം’ മാഗസിനില്‍ വായിച്ചതിനെത്തുടര്‍ന്ന്, ആ ഇന്‍റര്‍വ്യൂവിനെക്കുറിച്ചുള്ള പ്രതികരണമായി ഇതേ വാചകം പദ്മനാഭനും റ്റെന്നസ്സി വില്യംസും (പരസ്പരം അറിയാതെ) ഉപയോഗിച്ചതും മറ്റും പദ്മനാഭന്‍ ലേഖനത്തിന്‍ വിവരിക്കുന്നുണ്ട്. പദ്മനാഭന്‍റെ മറ്റെല്ലാ കൃതികളും വായിച്ചിട്ടുണ്ട്, എന്നാല്‍ ഇത് വായിച്ചിട്ടില്ല എന്നുള്ള ആരെങ്കിലുമുണ്ടെങ്കില്‍ ഇതാ പുസ്തകത്തിന്‍റെ വിശദാംശങ്ങള്‍: പള്ളിക്കുന്ന് (ലേഖനങ്ങള്‍), വിതരണം: ഗ്രീന്‍ ബുക്സ്, ISBN: 81-88582-29-8, വില: 95 രൂപ.

‘അപരിചിതരുടെ കാരുണ്യം ഞാന്‍ എപ്പോഴും ആശ്രയിച്ചിട്ടുണ്ട്’ എന്ന വാചകത്തെക്കുറിച്ചാണ് ഞാന്‍ ചിന്താധീനനായത്. എനിക്കു പരിചയമില്ലാത്തവര്‍ എന്നില്‍ കാരുണ്യം ചൊരിഞ്ഞിട്ടുണ്ടെന്ന് തീര്‍ച്ച. എന്നാല്‍ അവയിലൊന്നുപോലും എനിക്ക് ഇപ്പോള്‍ ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ലല്ലോ എന്ന് തെല്ലദ്ഭുതത്തോടെയെങ്കിലും ഞാന്‍ തിരിച്ചറിഞ്ഞു. മനുഷ്യന്‍ ഒരു സമൂഹജീവിയാകയാല്‍, തനിക്കു ചുറ്റും നടക്കുന്ന, തന്‍റെ സഹായമര്‍ഹിക്കുന്ന സംഭവങ്ങളോട് സഹാനുഭൂതിയോടുകൂടി പ്രതികരിക്കുക അസ്വാഭാവികമോ കരുണയുടെ പ്രകടനമോ ആണെന്നു കരുതുക വയ്യ. (ഏതെങ്കിലും കാരണത്താല്‍ അങ്ങനെ ചെയ്യാത്തവരെ ക്രൂരന്മാരെന്നും മനസ്സാക്ഷിയില്ലാത്തവരെന്നും നാം എളുപ്പത്തില്‍ പേരിട്ടുവിളിക്കുമെങ്കിലും.)

ഏകദേശം ഒരു മാസം മുമ്പ് എ. ബി. സി. ചാനലിലോ മറ്റോ കണ്ട ഒരു പരിപാടിയും ഓര്‍മ വന്നു. കൈ നിറയെ പുസ്തകങ്ങളുമായി ഒരു സുന്ദരിയെയും സൌന്ദര്യം തെല്ലുകുറഞ്ഞ ഒരുവളെയും ന്യൂയോര്‍ക്ക് സിറ്റിയിലെ ഒരു ഇന്‍റര്‍സെക്ഷനില്‍ നിര്‍ത്തി. സുന്ദരിയെ സഹായിക്കാന്‍ എത്ര പേരാണെന്നോ സന്നദ്ധരായെത്തിയത്! ചിലര്‍ പുസ്തകങ്ങള്‍ താങ്ങി അവള്‍ക്ക് പോകേണ്ടിടത്തെത്തിക്കാന്‍ തയ്യാറാവുന്നു, ചിലര്‍ അവള്‍ക്ക് ഒരു സഞ്ചികൊണ്ടെത്തിക്കുന്നു, മറ്റു ചിലര്‍ “എന്തു സഹായം വേണമെങ്കിലും” വാഗ്ദാനം ചെയ്യുന്നു. സൌന്ദര്യം കുറഞ്ഞവളെ സഹായിക്കാന്‍ തയ്യാറാവുന്നതോ, വളരെക്കുറച്ചുപേര്‍ മാത്രം. നമ്മുടെ നാട്ടിലും ഇത്തരം പെരുമാറ്റത്തില്‍ നിന്നും വലിയ മാറ്റം വരാന്‍ വഴിയൊന്നുമില്ല.

സൌന്ദര്യവര്‍ധക വസ്തുക്കളും പുസ്തകക്കെട്ടുകളുമില്ലാതെ അപരിചതന്‍റെ കാരുണ്യത്തിന്‍റെ മധുരം സമയതാമസമില്ലാതെ അനുഭവിക്കാന്‍ എനിക്ക് അവസരമുണ്ടായി. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി മഞ്ഞുപെയ്തതുകാരണം തിങ്കളാഴ്ച രാവിലെ ഓഫീസിലേയ്ക്കുള്ള യാത്ര കഠിനമായിരുന്നു. എന്നാലും റോഡില്‍ അധികം തിരക്കില്ലാതിരുന്നതിനാല്‍ അരമണിക്കൂര്‍ കൊണ്ട് ഓഫീസിലെത്തി. ഉച്ചകഴിഞ്ഞപ്പോള്‍ വീണ്ടും കാലാവസ്ഥ മോശമാവുകയും ശീതക്കാറ്റും മഞ്ഞുവീഴ്ചയും പുനരാരംഭിക്കുകയും ചെയ്തു. ജനാലയിലൂടെ ഓരോ തവണ പുറത്തേയ്ക്കു നോക്കിക്കഴിഞ്ഞ്, സ്ഥിതി ഒന്നു കൂടി മെച്ചമാവട്ടെ എന്നു വിചാരിച്ച്, മടക്കയാത്ര നീട്ടിനീട്ടി വച്ചുകൊണ്ടിരുന്നു. അവസാനം അഞ്ചുമണികഴിഞ്ഞ് ഓഫീസ് വിജനമാകാന്‍ തുടങ്ങിയപ്പോള്‍ ഞാനും മടക്കയാത്രയ്ക്കൊരുങ്ങി.

തെന്നിയും തെറിച്ചും മൂന്നു നാലു മൈല്‍ പിന്നിട്ടപ്പോള്‍ വഴി വിജനമായിത്തുടങ്ങി. പിന്നെ നാലഞ്ചുമൈല്‍ യാത്ര വളരെ സുഗമമായിരുന്നു. ഹൈവേകളിലെ ദുരവസ്ഥ റേഡിയോയിലൂടെ കേട്ടുകൊണ്ടിരുന്ന എനിക്ക് ആള്‍ക്കാര്‍ ഈ ഉള്‍‍റോഡ് തെരഞ്ഞെടുക്കാഞ്ഞതില്‍ അതിശയവും ആശ്വാസവും തോന്നി.

റോഡു മുഴുവന്‍ മഞ്ഞുറഞ്ഞ് ഐസ് ആയിരിക്കുന്നു. കാര്‍ തെന്നിയാല്‍ ബ്രേയ്ക് പിടിച്ചിട്ടൊന്നും ഒരു കാര്യവുമില്ല. നിന്നാല്‍ പിന്നെ വീണ്ടും നീങ്ങിക്കിട്ടാനും പ്രയാസം. മാത്രമല്ല, ട്രാക്ഷന്‍ കണ്ട്രോള്‍ ചെറിയ പാരയുമാണ്, അല്പമെങ്ങാനും തെന്നിയാല്‍ ട്രാക്ഷന്‍ കണ്ട്രോള്‍ എന്‍‍ഗേയ്ജ് ആയി, എന്‍‍ജിനിലേയ്ക്കുള്ള പവര്‍ ഇല്ലാതാക്കുന്നതോടെ കാര്‍ നിന്നു പോകാനും മതി. എങ്ങും നിര്‍ത്താന്‍ ഇടവരുത്തരുതേ എന്ന് പ്രാര്‍ഥിച്ച് മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു. വീട്ടില്‍ നിന്നും ഏകദേശം രണ്ടര മൈല്‍ അകലെയെത്തി. ചെറിയൊരു കയറ്റമാണ്. അവിടേയ്ക്ക് തിരിഞ്ഞതും ഉള്ളൊന്നു കാളി. കയറ്റം തുടങ്ങുന്നിടത്ത് നാലഞ്ചു കാറുകള്‍ ഒതുക്കിയിട്ടിരിക്കുന്നു. കയറ്റം കയറാന്‍ ശ്രമിച്ച് പിറകിലേയ്ക്കു ഉരുണ്ടു വന്നതാവാം. കയറേണ്ട എന്നു കരുതി ഒതുക്കിയതുമാവാം. കാറുകള്‍ക്കു ചുറ്റും മൂന്നാലു പേര്‍ കൂടി നില്‍പ്പുണ്ട്. എന്തും വരട്ടെ എന്നു കരുതി ഞാന്‍ വണ്ടി വിട്ടു. കയറ്റം തീരാറായതും എതിരെ ഒരു കാര്‍ വരുന്നു. ഐസിലൂടെ തെന്നിപ്പോയി പരസ്പരം ഇടിക്കേണ്ടെന്നു കരുതി ഞാന്‍ വേഗത കുറച്ചു. വേഗത കുറഞ്ഞപ്പോള്‍ പിന്‍വീല്‍ ചെറുതായൊന്നു പാളി. ഇനി വേഗത പഴയ രീതിയിലാക്കാനൊരു ഭയം. നേരേ പോയി എതിരേ വരുന്നവനിട്ട് ചാര്‍ത്തിയാലോ? എന്തിനധികം പറയുന്നു, ട്രാക്ഷന്‍ കണ്ട്രോള്‍ എന്‍‍ഗേയ്ജ് ആയി, ആക്സിലറേയ്റ്റര്‍ കാര്യമായി കൊടുക്കാത്തതിനാല്‍ വണ്ടി നീങ്ങാതായി. വണ്ടി പതിയെ താഴേയ്ക്ക് ഉരുണ്ടു തുടങ്ങി. കാല്‍ ബ്രേയ്കും കൈ ബ്രേയ്കും ഉപയോഗിച്ചിട്ടും കാര്യമുണ്ടായില്ല. കാര്‍ ഫസ്റ്റ് ഗിയറിലിട്ട് ഓഫ് ചെയ്തു. കാര്‍ നിന്നു.

ഞാന്‍ കാറില്‍ നിന്നിറങ്ങി യോഗസ്ഥലത്തേയ്ക്ക് നടന്നു. മലയാളികളെത്താത്ത സ്ഥലമില്ല എന്ന് പറയുന്നതെത്ര ശരി. ഒരു മലയാളി സുഹൃത്താണ് വിഷണ്ണനായി അവിടെ നില്‍ക്കുന്നത്. അവിടെ നിന്ന മൂന്നാമന്‍, കയറ്റം കേറാന്‍ കഴിയാതെ വാഹനം നിന്നു പോകുന്നവരെ സഹായിക്കാന്‍ സ്വന്തം ട്രക്കുമായി കൊടും തണുപ്പിനെ അവഗണിച്ചു നില്‍ക്കുന്ന നല്ല സമരിയാക്കാരനാണ്. അയാളുടെ സഹായഹസ്തമെത്തും മുമ്പ് എന്‍റെ സുഹൃത്തിന്‍റെ വണ്ടി പിന്നോട്ടുരുണ്ടുവന്ന് പിന്നില്‍ വരുകയായിരുന്ന കാറിനെ ഇടിച്ചു കഴിഞ്ഞിരുന്നു. സുഹൃത്തും സഹായിയും ഞാനും കൂടി സുഹൃത്തിന്‍റെ കാര്‍ ഉന്തി റോഡിന്‍റെ വശത്താക്കി. അപരിചിതനായ സഹായി തന്നെ ട്രക്കുമായി വന്ന് എന്‍റെ കാറിന്‍റെ പിന്നില്‍ നിന്നും തള്ളിത്തരാമെന്നേറ്റു. സുഹൃത്തും ഞാനും എന്‍റെ കാറില്‍ കയറി. പിന്നില്‍ നിന്നും ട്രക്ക് ഉപയോഗിച്ചു തള്ളിത്തന്നതിനാല്‍ എന്‍റെ കാര്‍ കൂള്‍ കൂളായി കയറ്റം കയറി.

അങ്ങനെ, കുന്നിന് മുകളിലെത്തിയപ്പോഴാണ് സുഹൃത്ത് തന്‍റെ ബാഗ് താഴെ ഒതുക്കിയിട്ട കാറിലായിപ്പോയതറിഞ്ഞത്. ഞാന്‍ കാര്‍ ഒതുക്കി സുഹൃത്ത് ബാഗുമായെത്താന്‍ കാത്തിരുന്നു. കഷ്ടകാലമെന്നല്ലാതെന്തു പറയാന്‍, സുഹൃത്ത് മടങ്ങിയെത്തി പോകാനൊരുങ്ങുമ്പോള്‍ ഐസ് കാരണം ടയര്‍ കറങ്ങുന്നതല്ലാതെ കാര്‍ മുന്നോട്ട് പോകുന്നില്ല. അപരിചിതന്‍ വീണ്ടും സഹായവുമായെത്തി. ഇതിനോടകം താപനില വളരെക്കുറഞ്ഞ് റോഡിലെ ഐസ് കട്ടി കൂടി കാല്‍നട പോലും വിഷമകരമാക്കിത്തീര്‍ത്തിരുന്നു. വളരെ എളുപ്പമെന്നു കരുതിയ മറ്റൊരു ചെറിയ കയറ്റത്തിലും സഹായിച്ചിട്ടേ അപരിചിതന്‍ മടങ്ങിയുള്ളൂ. കാര്‍ നിര്‍ത്തി ഒരു നന്ദി വാക്കുപോലും പറയാനാവാതെ, കാര്‍ വിന്‍ഡോയിലൂടെ കയ്യുയര്‍ത്തിക്കാണിച്ച് നന്ദി പ്രകടിപ്പിച്ച് ഞാന്‍ യാത്ര തുടര്‍ന്നു. വഴിയരികില്‍ സുഹൃത്തിനെ ഇറക്കി വിട്ട് വീട്ടിലെത്തി. കാര്‍ വഴിയിലുപേക്ഷിച്ച് വീട്ടിലേയ്ക്ക് നടക്കേണ്ടി വന്നവരുടെ കഥകളായിരുന്നു ന്യൂസ് മുഴുവന്‍. അപരിചിതരുടെ കാരുണ്യമേല്‍ക്കാതെ മൈലുകള്‍ നടക്കേണ്ടി വന്നവരില്‍ എന്‍റെ ചില സുഹൃത്തുക്കളുമുണ്ടായിരുന്നു.

വീട്ടിലേയ്ക്കുള്ള വഴിയില്‍ ഞാന്‍ ചിന്തിച്ചതും ഒരല്പം തിരുത്തിയ ആ വാചകം തന്നെ: “Whoever you are, I also have depended on the kindness of you, dear stranger!”

A great RSS feed can help you live, work, or play better. If it's been a while since you've found a feed like this, head over to the Squeet Reader Directory where you'll find 80+ quality feeds in many categories. Quickly and easily subscribe to multiple groups or catgories all at once.

Try the Squeet Reader Feed Directory Now
Read the Squeet Blog Article

posted by സ്വാര്‍ത്ഥന്‍ at 8:38 PM

0 Comments:

Post a Comment

<< Home