Thursday, November 30, 2006

ദുര്‍ഗ്ഗ - അനേകായിരത്തിലൊരുവള്‍....


നീ മാത്രമേ സത്യമായുള്ളൂ എന്നു എന്നെ ഓരോ നിമിഷവും ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുകയാണല്ലോ. എന്റെയുള്ളില്‍ ഭക്തീണ്ടാക്കിത്തരണേ ന്ന് എപ്പഴും പ്രാര്‍ത്ഥിക്കണതുകൊണ്ടാണോ അത്? ആ കാല്‍ക്കലെത്താന്‍ ഉത്കടമായി ആഗ്രഹിക്കുന്നതുകൊണ്ടാണോ? പെട്ടെന്നു കണ്ണുനിറയുന്ന നിസ്സാരക്കാരിക്ക് എന്നും അങ്ങു മാത്രമേയുള്ളൂ. അന്നന്നത്തെ വിശേഷങ്ങള്‍ പങ്കുവയ്ക്കാനും സുഖദു:ഖങ്ങള്‍ ഓടി വന്നു പറയാനും ഇടയ്ക്കൊന്നു പരിഭവിക്കാനും ഒക്കെ. സന്തോഷമോ സങ്കടമോ എന്തു തന്നെയായാലും അത് അങ്ങ് തരുന്നതാണെന്ന് അറിയുന്നതുകൊണ്ട് അടിയന്‍ അമൃതമായി സ്വീകരിക്കുന്നു. സന്തോഷത്തില്‍ മതിമറക്കാതെ, സങ്കടത്തില്‍ പൂണ്ടുപോകാതെ, സ്ഥിതപ്രജ്ഞയായിരിക്കുവാന്‍ ആ ചിരി മാത്രം മതിയല്ലോ. രാവിലെ ഉണരുമ്പോള്‍ മുതല്‍ രാത്രി ഉറങ്ങാന്‍ കിടക്കുന്നതുവരെ, ഏഴുതിരിയിട്ട നെയ്‌വിളക്കുപോലെ തെളിഞ്ഞു കത്തുന്ന, ജീവന്‍ തുടിക്കുന്ന കണ്ണുകളുള്ള ആ രൂപം! ചോദിക്കാതെ തന്നെ കൊച്ചുകൊച്ചുകാര്യങ്ങള്‍ പോലും നടത്തിത്തരുന്നതിലൂടെ ആ സാന്നിധ്യം എനിക്കു അനുഭവവേദ്യമാക്കുന്നുണ്ട് അങ്ങ്! ഒരു വേള ശ്വസിക്കാന്‍ കൂടെ മറന്നു പോവുന്ന വിധം ആ മഹദ്സാമീപ്യം! വീണ്ടും ഗുരുവായൂര്‍ ഏകാദശി! ക്ഷമാപണങ്ങളും അപരാധങ്ങളും ആവര്‍ത്തിക്കപ്പെടുമ്പോള്‍, എന്റെ നിസ്സഹായത ഞാനറിയുന്നു. എക്കാലത്തേയും എന്റെ ഏറ്റവുമടുത്ത സുഹൃത്തിനോട് ഈയൊരപേക്ഷയേ ഉള്ളൂ-നിന്നെ മറക്കാതിരിക്കട്ടെ ഞാന്‍.

posted by സ്വാര്‍ത്ഥന്‍ at 2:06 PM

0 Comments:

Post a Comment

<< Home