Tuesday, December 05, 2006

Ente Malayalam - കാഴ്ചക്കാരന്‍

ഇരുള്‍ പരക്കാന്‍ തുടങ്ങിയിട്ടില്ല, പുറത്ത് നഗരവിളക്കുകള്‍ തെളിയാനിനിയും നേരമുണ്ട്.

മഞ്ഞയും സിന്ദൂരവും നിറങ്ങളുള്ള മേഘങ്ങള്‍ പടര്‍ന്നിരിക്കുന്നു, അങ്ങിങ്ങായ്.

നദിയുടെ മുഖത്തിനും അസ്തമയത്തിന്റെ നിറക്കൂട്ടുകള്‍ പടരുവാന്‍ തുടങ്ങുന്നതേയുള്ളൂ.

അഴിമുഖത്തു നിന്നും ടഗ്ഗ്‌ബോട്ടുകള്‍ ഒരു പടുകൂറ്റന്‍ കപ്പലിനെ വലിച്ചു കൊണ്ടു വരുന്നുണ്ട്. നഗരത്തിലെ ഏതെങ്കിലും ഫാക്ടറിയിലേക്ക് സാ‍മഗ്രികളുമായ്, വിദൂരദേശത്ത് നിന്നും വന്നതാവണം, ആ കപ്പല്‍.

പള്ളയുടെ പകുതി കറുപ്പും, ബാക്കി തുരുമ്പിച്ച നിറത്തിലുള്ള ചായവുമാണെന്നു മാത്രം കാണാം. പേര്‍ വ്യക്തമായി കാണാനാവില്ല.

ഇത്തിരി കഴിയട്ടെ, ചുറ്റിത്തിരിഞ്ഞ് ഇടതുവശത്തെ ജാലകത്തിനു മുമ്പിലെത്തുമ്പോഴേക്കും കുറച്ചു കൂടി അടുത്ത് കാണാനാവും.

ടഗ്‌ബോട്ടുകളുടെ പുകക്കുഴലുകളിലൂടെ കറുത്ത പുക വമിയ്ക്കുന്നു. ഭീമാകാരനായ കപ്പലാകട്ടെ, അവയുടെ കൂടെ നീങ്ങുക മാത്രം ചെയ്യുന്നു.

യന്ത്രങ്ങള്‍ക്കും ചില നേരത്ത് തങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കുവാന്‍ കഴിയുമോ? കാറും കോളും കൂറ്റന്‍ തിരമാലകളും മഹാസമുദ്രങ്ങളും കടന്നു വന്ന ആ കപ്പലിന്‍, ഒരുതരം നിസ്സംഗത തന്നെയെന്ന് തോന്നിപ്പോയി. ഇവിടം വരെ മാത്രം ഞാന്‍ , ഇനി നിങ്ങളെങ്ങോട്ട് കൊണ്ടു പോകുന്നുവോ, അങ്ങോട്ട് കൂടെ ഞാനും പോരാം എന്ന ഭാവം. വലുപ്പത്തില്‍ ചെറുതെങ്കിലും ഈ വമ്പനെ വരുതിക്കുള്ളിലേക്ക് വലിച്ചു നിര്‍ത്തി, തങ്ങളുടെ കരുത്ത് പ്രകടിപ്പിക്കാന്‍ കിണഞ്ഞു ശ്രമിക്കുന്ന ടഗ്ഗുകള്‍. ആയിക്കോട്ടെ എന്ന തരത്തില്‍ ആ കപ്പലും.

നിസ്സംഗതയോ, അതോ നിസ്സഹായതയോ?

ഇനിയും വരും ഇതു പോലെ പടുകൂറ്റന്‍ കപ്പലുകള്‍ ഇതു വഴി. അവയേയും ടഗ്ഗുകള്‍ അഴിമുഖത്ത് ചെന്ന് വരവേല്‍ക്കും, തമ്മില്‍ മത്സരിച്ചു അവയെ കെട്ടിവലിച്ചു കൊണ്ടിതു വഴി കൊന്റു വരും. ചരക്കുകളിറക്കി കഴിഞ്ഞ് തിരികെ അവയെ അഴിമുഖം കഴിഞ്ഞ് ഉള്‍ക്കടലില്‍ കൊണ്ടു വിടുകയും ചെയ്യും.

ഇടവേളകളിലെ നിസ്സാംഗത്യം യന്ത്രങ്ങളും പ്രകടിപ്പിക്കുന്നുണ്ട്, തീര്‍ച്ച.

ജനാലയില്‍ നിന്നും പിന്നോക്കം മാറി.

ഒന്നും ചെയ്യാനില്ല ഇനിയിപ്പോള്‍. പുറത്തേക്ക് നടന്നാലോ എന്നും ഒരു നിമിഷം ചിന്തിക്കാതിരുന്നില്ല.

പുറത്ത് പോയിട്ടോ? തിരക്കേറിയ വീഥിയില്‍, ഒട്ടുമേ തിരക്കില്ലാത്ത ഒരാളാകാം എന്നല്ലാതെ ഇനി പുറത്ത് ഒന്നും ചെയ്യാനില്ല.

കസേരയിലേക്ക് അമര്‍ന്നിരുന്നു കണ്ണുകടച്ചു.

ഇല്ല, ഇപ്പോള്‍ ഓര്‍മ്മകളില്‍ നിന്നും സുഖം പകര്‍ന്നെടുക്കാനാവുന്നില്ല. പ്രൌഡകാലങ്ങളുടെ ഓര്‍മ്മകള് ഇപ്പോള്‍‍ തരുന്നത്, യാതന മാത്രം.

ഇനിയൊരു തിരിച്ചു പോക്കില്ലാത്തിടത്താണിപ്പോളെന്ന അറിവാണോ , ശ്രമിക്കാനായി ഒന്നും ചെയ്യാനാവാത്ത തന്റെ സ്ഥിതിയാണോ? ഏതാണ്‍ കൂടുതല്‍ നോവുന്നത്?

എവിടെയായിരുന്നു മിനിയാന്ന് ഈ സമയത്ത്? എന്തോ തുന്നിക്കൂട്ടിക്കൊണ്ട് അവള്, ഈ മുറിയിലുണ്ടായിരുന്നു.

അതിനും മുമ്പത്തെ ദിവസമോ?

അന്നേരവും അവളൊപ്പം ഉണ്ടായിരുന്നു.

ഇമ്പമുള്ള ആ സ്വരം ഓര്‍മ്മിച്ചെടുക്കാന്‍ അയാള്‍ ശ്രമിച്ചു.“ദേ, ഒന്നിങ്ങോട്ട് വന്നേ..” എന്നോ മറ്റോ അവളുടെ ഒരു പതിവു വാചകം ഓര്‍മ്മയെക്കൊണ്ടു പറയിപ്പിക്കാന്‍ ശ്രമിച്ചു.

കഷ്ടം, മുപ്പത്തേഴു കൊല്ലം കൂടെയുണ്ടായിരുന്നവളുടെ ശബ്ദം പോലും ഒരൊറ്റ ദിവസം കൊണ്ട്...

അയാള്‍ കൂടുതല്‍ ഖിന്നനായി.

നേരത്തെ കണ്ടിരുന്നു, ശീതീകരണിയില്‍ അവള്‍ മിനിഞ്ഞാന്നുണ്ടാക്കിയ ഭക്ഷണവിഭവങ്ങള്‍‍ കേടുകൂടാതെ ഇപ്പോഴുമുണ്ട്.

അരുതെന്നു കരുതിയിട്ടും ചിന്ത പിടിവിട്ടു പോയി. ഭൂമിക്കടിയില്‍, കാസ്കറ്റിനുള്ളില്‍ അവളുടെ ദേഹമിപ്പോള്‍ അഴുകാന്‍ തുടങ്ങിയിരിക്കണം. ആ മുഖവും മാറുമൊക്കെ ഇപ്പോള്‍ പുഴുക്കളരിച്ചു തുടങ്ങിയിരിക്കണം. ചാണക്കപ്പുഴുക്കളെ പോലുള്ള അസംഖ്യം പുഴുക്കളിപ്പോള്‍...

ശ്വാസം മുട്ടുന്നതു പോലെ. അയാള്‍ കസേരയില്‍ നിന്നും പിടഞ്ഞെഴുന്നേറ്റു.

അവളില്ലാത്ത ആദ്യത്തെ രാത്രിയാണിത്.

പുറത്ത്, തെരുവ്‌ വിളക്കുകള്‍ എല്ലാം തെളിഞ്ഞിരിക്കുന്നു.

പുറത്തുള്ളതിനേക്കാള്‍ ഇരുട്ടുണ്ട് മുറിക്കകത്ത്. ചുവരിലെ വിളക്ക് തെളിച്ചു. ഊത നിറത്തിലെ വെളിച്ചം അയാള്‍ക്ക് ചുറ്റും പരന്നു.

അല്പം വെള്ളം വേണം.

അടുക്കളയിലേക്ക് നടക്കുന്നതിനിടയില്‍, ഇടത്തു വശത്തെ ജനാലയിലൂടെ പാളി നോക്കി. നേരത്തെ കണ്ട കപ്പലിനെ കൂടുതല്‍ അടുത്ത് കാണായി.

സാമഗ്രികള്‍ വരുന്ന കണ്ടെയ്നറുകള്‍ ഒരെണ്ണം പോലുമില.

ഉം, പൊളിച്ചടുക്കാന്‍ കപ്പല്‍‌ശാലയിലേക്ക് കൊണ്ടു പോകുന്ന വഴിയാണു്. കീശയിലിരുന്ന കണ്ണട ധരിച്ച്, പള്ളയിലെ പേരു പണിപ്പെട്ട് വായിച്ചെടുത്തു.

“എമ്പറര്‍”

ഒട്ടു നേരം ജനാലയിലൂടെ നോക്കി നിന്നിട്ട് അയാള്‍ തിരികെ തന്റ്റെ കസേര ലക്ഷ്യമാക്കി നടന്നു.

posted by സ്വാര്‍ത്ഥന്‍ at 12:41 AM

0 Comments:

Post a Comment

<< Home