Monday, November 13, 2006

Marapatti - ഞാന്‍ ഇതെല്ലാം മറന്നു!

URL:http://marapatti.blogspot.com/2006/11/blog-post.htmlPublished: 11/12/2006 8:02 PM
 Author: CobraToM [മരപ്പട്ടി]
യാതൊരു പണിയും ചെയ്യാതെ ചൊറിയും കുത്തി ആപ്പീസ്സില്‍ ഇരുന്നപ്പൊ വിച്ചാരിച്ചു ഒന്നു പോസ്റ്റിയാലോ എന്ന്. പക്ഷെ വിഷയം ദരിദ്രനായ്‌ വന്നു ബുദ്ധിയുടെ വാതിക്കല്‍ നിന്നു ‘അമ്മാ വല്ലോതും തരണേ‘ എന്നു പറയുമ്പോള്‍ ചട്ടിയില്‍ ഇട്ടു കൊടുക്കാന്‍ എന്റെ കയ്യില്‍ ക്ലാവു പിടിച്ച ഒരോര്‍മ്മയോ, മടക്കിവച്ച് വര വീണ ഒരു നൊമ്പരമോ ഇല്ല. ഉള്ളതു തന്നെ ബാക്കിയുള്ളവര്‍ക്കു കോട്ടുവാ വരാതെ വായിക്കവുന്ന പോലെ എഴുതാനുള്ള കഴിവും കമ്മി. അപ്പന്റെ കഷണ്ടിക്കഥകള്‍ ഇനിയും ഉണ്ടെങ്കിലും, മുട്ടിനു മുട്ടിനു അങ്ങേര്‍ക്കിട്ട് കുത്താന്‍ ഒരു മടി. ഒന്നും അല്ലെങ്കിലും എന്റെ അപ്പനായി പിറന്നു പോയില്ലേ! ങെ?? അപ്പോ പിന്നെ ഇനി ഓര്‍‌മ്മ ചികഞ്ഞു നോക്കാം. പക്ഷേ ഈ ഓര്‍മ്മ ഡിപ്പര്‍ട്ടുമെന്റില്‍, ഞാന്‍ ഇത്തിരി മോശമാ. ഇത്തിരിയല്ല, കൊറച്ചധികം.

ആദ്യമായി നാടു വിട്ട്‌, ബാഗേജ്ജ് അലോ‌‌എന്‍‌സിലും കൂടുതല്‍ സാധനങ്ങള്‍ ഒരു പെട്ടിയിലും, ഒരു സാധാരണക്കാരനു പറഞ്ഞിരിക്കുന്നതില്‍ കൂടുതല്‍ അതിമോഹങ്ങള്‍ മനസ്സിലും കുത്തിനിറച്ച്, കയ്യിലെ കാശെല്ലാം ഒരു എ.ടി.എം കാര്‍‌ഡിലാക്കി ഇവിടെ വന്നപ്പൊ അതിന്റെ പിന്‍ മറന്നു പോയി. വല്ലനാട്ടിലും വന്നിട്ട്‌ കൊറച്ച്‌ നാള്‍ കയ്യില്‍ അഞ്ചു പൈസ്സപോലും ഇല്ലാതെ തെണ്ടി കുത്തുപാളയെടുത്ത്‌ നടന്നപ്പോ നല്ല 'സൊഗം'. പിന്നെ ലോകത്തിന്റെ നാലു ദിക്കിലും വിളിച്ച്‌ ഒരോ സായിപ്പന്‍മാരോടും 'സായിപ്പെ, ദാറ്റ്‌ മണി ഇസ്സ്‌ മൈന്‍, വൈ നോട്ട്‌ യൂ ഗിവ്‌ മീ ദാറ്റ്‌ നൌ ഒണ്‍ളി, ഐ ആം പിച്ചപാപ്പര്‍ സായിപ്പെ, ഡോണ്ട് കൈവിടല്‍ മീ നൌ പ്ലീസ്സ് ' എന്നൊക്കെ അറിയാവുന്ന പൊട്ടന്‍ ഇന്‍ഗ്ളീഷില്‍ പറഞ്ഞു ഫോണില്‍കൂടി കാലു പിടിച്ചു (?) മേടിച്ചു. ഇതെല്ലാം കഴിഞ്ഞു ഒരു മൂന്നു മാസം കഴിഞ്ഞൊരു ദിവസം ബാഗില്‍ നോക്കിയപ്പൊ, പിന്‍ എഴുതിയ കടലാസ്‌ അതാ എന്നെ നോക്കി കൊഞ്ഞനം കാണിക്കുന്നു.

ഇവിടെ വന്ന കൊല്ലം ഞാന്‍ എഴു പ്രാവശ്യം വീടു മാറി. ശരിക്കും പറഞ്ഞാല്‍ അഞ്ചു പ്രാവശ്യം ഞാന്‍ മാറി, രണ്ടു പ്രാവശ്യം എന്നെ 'മാറ്റി'. അങ്ങനെ സ്വമേധയാ മാറിയ ഒരു മാറല്‍ കഴിഞ്ഞപ്പൊ എന്റെ സന്തത സഹധര്‍മ്മിണി റോളില്‍ അഴിഞ്ഞാടിയിരുന്ന ജിടെന്‍ഷ കാണാനില്ല! പതിനാറ്‍ ഗിയറും, മുന്‍പിലും പുറകിലും 'സ്റ്റോക്ക്‌ അബ്രോസ്സറും' ഒക്കെയുള്ള അവളെ വല്ല സൈക്കിള്‍ രാവണനും വന്നു പുഷ്പക വാനില്‍ ഇട്ടോണ്ടു കടന്നു കളഞ്ഞതാണോ എന്നൊരു ശങ്കുണ്ണി. പിന്നെ പഴയവീട്ടിലെ ഷെഡ്ഡിലും, പുതിയ വീട്ടിലെ ഷെഡ്ഡിലും, ഞാന്‍ പഠിച്ചിരുന്ന കോളേജിലും, ജോലി ചെയ്തിരുന്ന സ്ഥലത്തും, അറിയാവുന്നവരുടെ എല്ലാരുടെയും വീട്ടിലും, പോയിരുന്നു കുടിച്ചിരുന്ന ഷാപ്പുകളിലും, അന്തര്‍വല ചായക്കടകളിലും, എന്നു വേണ്ട, ഇതുവരെ നടകയറാത്ത പള്ളിമുറ്റത്തുപോലും പോയി നോക്കി (എങ്ങാനും കര്‍ത്താവീശോമിശിഹാ പെട്ടന്നോരാവശ്യത്തിനു വേണ്ടി എടുത്തോണ്ട് പോയതാരുന്നെങ്കിലോ?). നടന്നു വാ പതഞ്ഞതല്ലാതെ സൈക്കിളിന്റെ യാതൊരു അഡ്രസ്സും ഇല്ല. ഒരാഴ്ച്ച കഴിഞ്ഞു ബാക്കിയുള്ള പ്രതീക്ഷയും കൂടി കെട്ട്, ‘കടാപ്പുറത്തു കൂടി പാടി പാടി’ നടക്കാന്‍ പോകുംവഴി എന്റെ എസ്‌റ്റേറ്റ് എജന്റ്‌ന്റെ കടയുടെ മുന്നില്‍ ‘വീണിതല്ലോ കിടക്കുന്നു ധരണിയില്‍’ എന്റെ സഹധര്‍മ്മിണി! വീടു കിട്ടിയ സന്തോഷത്തില്‍, സാധനങ്ങള്‍ മാറ്റാന്‍ വണ്ടി വിളിക്കാന്‍ പോയ തിരക്കില്‍ ഒരു ചെറുതരി മറവി!

പിന്നെ, തറവാട് പണയം വച്ചു, അമ്മേടേം, പെങ്ങടേം പണ്ടം പണയം വച്ച് പഠിക്കാന്‍ വന്നിട്ട് പരീക്ഷ സമയം മറന്നു. ഉച്ച കഴിഞ്ഞു യൂണിയിലോട്ട് കയറിച്ചെന്നപ്പൊ ദേ, സായിപ്പുന്മാരെല്ലാം പരീക്ഷയെഴുതി തിരിച്ചു പോകുന്നു. കൊറെ നേരം പൊട്ടന്‍ കുത്തിയപോലെ അവടെ ഇളിച്ചോണ്ട് നിന്നട്ട് ഞാനും തിരിച്ചു വീട്ടിലേക്കു പോന്നു. പിന്നെ, മറവി വരാതിരിക്കാന്‍ എല്ലാം എഴുതി ഒരു ഡയറിയില്‍ സൂക്ഷിച്ചാല്‍ മതി എന്നാരു സഖി പറഞ്ഞതനുസരിച്ച്, ഞാന്‍ ഒരു ഡയറിയെ വെല്ലുന്ന ‘പെര്‍സൊണല്‍ ഓര്‍ഗ്ഗനൈസര്‍’ മേടിച്ചു. അതെവിടെയോ വച്ചു മറന്നതില്‍ പിന്നെ, ഡയറിപ്പരിപാടിയും ഞാന്‍ ഉപേക്ഷിച്ചു.

കടയില്‍ പോയി കാശു കൊടുക്കാതെ സാധനങ്ങളുമായി വീട്ടിലോട്ട് പോരുന്നതിനും, കാശു കൊടുത്ത് സാധനങ്ങള്‍ എടുക്കാതെ പോരുന്നതിനും, കടയില്‍ വാളെറ്റ്(പണക്കിഴി) മറന്നു വച്ച് പോരുന്നതിനും ഒന്നും കണക്കില്ല!

വീട് മാറിയിട്ടും പഴയ വീട്ടില്‍ ചെന്നു പുതിയ വീടിന്റെ താക്കോല്‍ തിരുകാന്‍ നോക്കിയതും, കള്ളനാണെന്നു വിചാരിച്ച് പഴയ വീട്ടിലെ പുതിയ താമസക്കാരന്‍ സായിപ്പ് (അയാളെ പറഞ്ഞിട്ടും കാര്യമില്ല , എന്നെ കണ്ടാല്‍ രണ്ടെണ്ണം വച്ചു കീച്ചാന്‍ പീക്കിരിക്കുഞ്ഞുങ്ങള്‍ക്കും തോന്നും, നല്ല കള്ളലക്ഷണമാ!) പോലീസിനെ വിളിക്കാന്‍ പോയതും ഒക്കെ ഇപ്പോ പഴങ്കഥ.

ജന്മദിനങ്ങള്‍, വാര്‍ഷികങ്ങള്‍ എന്നിവയൊന്നും മറക്കുന്നതിനു കണക്കില്ല. “എടാ, ഇന്നു അമ്മചിയുടെ ബര്‍ത്തഡേയാടാ, ഇന്ധ്യയില്‍ ഒരു മണികൂറിനകം നാളെയാകും. ഇപ്പൊ വിളിച്ചാല്‍ രക്ഷപെടാം” എന്നൊക്കെ ചേട്ടനോരുത്തന്‍ വിളിച്ചു പറയുമ്പോള്‍ കുരിവിയുടെ നെഞ്ഞമര്‍ത്തി നാട്ടില്‍ വിളിച്ചു അമ്മച്ചിയെ ഉറക്കത്തില്‍നിന്നും വിളിച്ചെഴുന്നേല്‍പ്പിച്ച് ആശംസകളറിയിക്കും.

പേരെഴുതിയ ഒരു ബ്രേസ്സ്‌ലെറ്റ് കയ്യില്‍ കെട്ടിയപ്പോ “എന്തിനാടാ, സ്വന്തം പേരു മറന്നു പോവാതിരിക്കാനാണോ” എന്നൊക്കെ കൂട്ടുകാര്‍ ചോദിച്ചു കളിയാക്കിയതും കഥ.

‘ഞാന്‍ കാത്തിരിക്കാം’ എന്നൊക്കെ എന്നോട് പറഞ്ഞതു മറന്നു ഒരു സുന്ദരി അവളുടെ കല്യാണക്കുറി അയച്ചു തന്നപ്പോള്‍ അവളെ മറക്കാന്‍ മാത്രം ഒരു വിഷമം. അവളെ പറഞ്ഞട്ടും കാര്യമില്ല. ‘പട്ടത്തിപ്പെണ്ണിനു നസ്സറാണിച്ചെറുക്കന്‍‘ എന്നൊരു സിനിമ പോലും ഇറങ്ങില്ല് എന്നുറപ്പ്. ആയുഷ്ക്കാലം മുഴുവന്‍ സാമ്പാര്‍ തിന്നു ജീവിച്ചോളാം എന്നൊരു നേര്‍ച്ച നേരാന്‍ പോലും നസ്സറാണിപ്പുണ്യാളന്‍‌മാരു സമ്മതിക്കൂല്ല. പിന്നെ എല്ലാ ‘അവന്‍’ മാരേയും പോലെ ഞാനും ഒരു ഊശാന്‍ താടി വളര്‍ത്തി, ശോകഗാനങ്ങളും കേട്ട് ജ്വലിക്കുന്ന ഓര്‍മ്മകളെ ‘മനുഷ്യന്റെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണവും പ്രതിവിധിയുമായ‘ ബീയറൊഴിച്ച് കെടുത്തി.

ഇതൊക്കെ ഞാന്‍ പറഞ്ഞത് മറ്റെന്തോ വിഷയം അവതരിപ്പിക്കാനായിരുന്നു. എന്ത് പണ്ടാരമാണെന്നു ഒരു പിടിയും കിട്ടുന്നില്ല! ശ്ശെ!

വിരോധാഭാസം - ഇത്ര മറവിയുള്ള ഞാന്‍ ഇതൊക്കെ എങ്ങിനെ ഓര്‍ക്കുന്നെന്ന് ഒരു പിടിയും ഇല്ല!

posted by സ്വാര്‍ത്ഥന്‍ at 12:10 PM

0 Comments:

Post a Comment

<< Home