Thursday, November 09, 2006

ശേഷം ചിന്ത്യം - എന്‍റെ നാട്, നിങ്ങളുടെയും

മുന്‍‍മന്ത്രി ഗണേഷ്കുമാര്‍ ഒരു താരമായി തിളങ്ങി നിന്ന കാലം. അഭിമുഖ സംഭാഷണത്തിനിടയില്‍ ചോദ്യകര്‍ത്താവ് ചോദിക്കുന്നു (ചോദ്യം അപ്പടിയല്ല താഴെക്കൊടുക്കുന്നത്, ആശയം മാത്രം):
വണ്‍‍വേ നിയമം തെറ്റിച്ചു സ്കൂട്ടറോടിച്ച യുവാവിന് താങ്കള്‍ നേരിട്ട് പിഴകൊടുക്കുന്ന വാര്‍ത്തയും ചിത്രവും പത്രങ്ങളില്‍ വന്നല്ലോ. വര്‍ഷങ്ങള്‍ക്കു മുമ്പ് താങ്കള്‍ ഒരു കോളജ് വിദ്യാര്‍ഥിയായിരുന്നപ്പോള്‍ വണ്‍‍വേ നിയമം തെറ്റിച്ചു വാഹനമോടിച്ചതായും പോലീസ് തടഞ്ഞു നിറുത്തിയതായും പഴയ രേഖകളില്‍ കാണുന്നുണ്ട്. സ്വയം തെറ്റു ചെയ്തിട്ടുള്ള താങ്കള്‍ക്ക് ഇപ്പോള്‍ ഇങ്ങനെയൊക്കെ ആത്മാര്‍ഥമായി ചെയ്യാന്‍ കഴിയുമോ?

ഗണേഷ്കുമാറിന്‍റെ മറുപടി (ഇവിടെയും ആശയം മാത്രം):
വളരെ ബാലിശമായ ചോദ്യം. വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരാള്‍ തെറ്റുചെയ്തിട്ടുണ്ട് എന്നുവിചാരിച്ച് അതേ തെറ്റ് ആവര്‍ത്തിക്കുന്നവരെ അതില്‍നിന്ന് വിലക്കാന്‍ പാടില്ല എന്ന് പറയുന്നത് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ട്. വിദേശങ്ങളിലും മറ്റും പോകുമ്പോള്‍ അവര്‍ എത്ര നല്ല രീതിയിലാണ് അവരുടെ പൊതു സ്വത്തുക്കള്‍ സൂക്ഷിക്കുന്നത് എന്നതും നിയമം അനുസരിക്കുന്നത് എന്നതും എന്നെ ചിന്തിപ്പിച്ചിട്ടുണ്ട്. എന്തുകൊണ്ട് അത് നമ്മുടെ നാട്ടില്‍ നടക്കുന്നില്ല എന്ന് വിചാരിച്ചുപോയിട്ടുണ്ട്. അതിലേയ്ക്കായി ഞാന്‍ എന്നാലാവുന്നതു ചെയ്യുന്നു എന്നു മാത്രം.

രാഷ്ട്രീയക്കാര്‍ ഇങ്ങനെ വേണം എന്നൊക്കെ ഞാന്‍ ആശിച്ചുപോയി.

നാം എപ്പോഴും മറ്റുള്ളവര്‍ നന്നാവാത്തതില്‍ നീരസപ്പെടുന്നവരാണ്. കേരളത്തിനു വെളിയില്‍ ജീവിക്കുന്ന എന്നെപ്പോലുള്ളവരാണ് ഈ മനോഭാവം കൂടുതല്‍ വച്ചു പുലര്‍ത്തുന്നതെന്ന് തോന്നുന്നു. കേരളത്തിലെത്തിയാല്‍ നമുക്ക് പിന്നെ കുറ്റമേ പറയാനുള്ളൂ.

  • ഇവരെന്താ ക്യൂ പാലിക്കാത്തത്? [അവിടെ—നിങ്ങള്‍ ഇപ്പോള്‍ ജീവിക്കുന്ന നാട് ഇവിടെ ചേര്‍ത്തു വായിക്കുക] ഇതൊന്നും നടക്കില്ല. എല്ലാവര്‍ക്കും എന്തു ചിട്ടയാണെന്നോ!
  • സേര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ കൈക്കൂലി കൊടുക്കണമെന്നോ? [അവിടെ] ഇതൊന്നും നടക്കില്ല. കൈക്കൂലി വാങ്ങിയാല്‍ വാങ്ങുന്നവന്‍/അവള്‍ അപ്പോള്‍ അകത്താവും.
  • മൂത്രപ്പുരയ്ക്ക് ഒരു വൃത്തിയുമില്ല. [അവിടുത്തെ] മൂത്രപ്പുര കാണണം. കിടന്ന് ഉറങ്ങാന്‍ തോന്നും.
  • ഗവണ്മെന്‍റ് എന്താണ് ഈ റോഡൊന്നും ശരിയാക്കാത്തത്? [അവിടുത്തെ] ആറു ലെയ്ന്‍ റോഡാണു മോനേ, റോഡ്.
  • ഹും, ബാങ്കിലും ആശുപത്രിയിലും മറ്റും സെല്‍‍ഫോണ്‍ ഉപയോഗിക്കരുതെന്നറിയില്ലേ, എന്നിട്ടും... കഷ്ടം. [അവിടെ] ആരും ഇങ്ങനെ ബോധമില്ലാത്തവരെപ്പോലെ പെരുമാറില്ല.
എത്ര വേഗമാണ് നാം വിധികര്‍ത്താക്കളാവുന്നതെന്ന് നോക്കുക. ഞാനുള്‍പ്പെടുന്ന ഈ വിധികര്‍ത്താക്കളുടെ പക്ഷം ചേര്‍ന്ന് ചിന്തിച്ചാലോ? കഴിവതും ഞാന്‍ മുന്‍‍പറഞ്ഞ നല്ലനടപ്പൊക്കെ കേരളത്തിലും പിന്തുടരാറുണ്ട്. കഴിവതും എന്ന് പറഞ്ഞത് മനഃപൂര്‍വ്വവും സൂക്ഷ്മതയോടുമാണ്. ഗണേഷ്കുമാര്‍ പറഞ്ഞതുപോലെ, വിദേശത്തു നിന്ന് പഠിച്ചെടുത്ത പല നല്ല ചിട്ടകളും പാലിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. ഇലക്ട്രിസിറ്റി ബില്ലടയ്ക്കുന്നിടത്തും പെട്രോള്‍ പമ്പിലും ക്യൂ നില്‍ക്കുന്നത് വൃഥാവിലാണെന്നും തള്ളിക്കയറുകയാണ് അംഗീകൃതരീതിയെന്നും ഞാന്‍ സ്വാനുഭവത്തിലൂടെ മനസ്സിലാക്കി (ചിട്ടകള്‍ പഠിക്കുന്നതിനു മുമ്പ് അതായിരുന്നു എന്‍റെ സ്വാഭാവിക രീതിയെന്ന് മറക്കുന്നില്ല). അതേസമയം, നമുക്ക് പൂര്‍ണനിയന്ത്രണമുള്ള ചില ചിട്ടകള്‍ മറ്റുള്ളവയേക്കാള്‍ പാലിക്കുവാന്‍ എളുപ്പമായവയാണ്. മൊബൈല്‍ ഫോണുകള്‍ ഔചിത്യപൂര്‍വം ഉപയോഗിക്കുക എന്ന പ്രക്രിയ തന്നെ ഉദാഹരണം.

നാടു ശരിയല്ല എന്നു പറയുമ്പോഴും, നാട്ടാര്‍ ‘ചിട്ടകള്‍’ പഠിക്കാത്തതില്‍ അമര്‍ഷം കൊള്ളുമ്പോഴും പലപ്പോഴും നാം എത്ര അനായാസമായാണ് ഈ ‘ദുരവസ്ഥ’യ്ക്ക് കാരണക്കാരാവുന്നത് എന്ന് നേരിട്ടറിയാന്‍ എനിക്ക് അവസരമായിട്ടുണ്ട്.

മലയാളികള്‍ക്ക് മാത്രമായി ഒരു ഇ-മെയില്‍ ലിസ്റ്റ് ഉണ്ട് എന്‍റെ കമ്പനിയില്‍. ഒരാള്‍ അതിലേയ്ക്ക് മെയിലയച്ചു:
എന്‍റെ കല്യാണം ആറാം തീയതി ഗുരുവായൂരില്‍ വച്ചാണ്. പതിമൂന്നാം തീയതിയാണ് അമേരിക്കയിലേയ്ക്കു വരാനുള്ള വിസ ഇന്‍റര്‍വ്യൂവിന്‍റെ തീയതി. വിവാഹ സേര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ എത്ര നാളെടുക്കും എന്ന് ആര്‍ക്കെങ്കിലും അറിയാമോ?

അദ്ദേഹത്തിനു കിട്ടിയ മറുപടികളില്‍ ചിലത്:

  • സാധാരണ ഗതിയില്‍ ഒന്നുരണ്ടാഴ്ചയെങ്കിലും എടുക്കും വിവാഹ സേര്‍ട്ടിഫിക്കറ്റ് കിട്ടാന്‍. എന്നാല്‍, താങ്കള്‍ താമസിക്കുന്ന/അമ്പലത്തിനടത്തുള്ള ഹോട്ടലുകാരോട് അന്വേഷിക്കൂ. രജിസ്ട്രേഷന്‍ ഓഫീസിലെ ആരെയെങ്കിലും അവര്‍ക്ക് പരിചയമുണ്ടാവാന്‍ വഴിയുണ്ട്.
  • ഞാന്‍ ഇതേ കടമ്പ കടന്നവനാണ്. രീതി എല്ലായിടവും ഒന്നു തന്നെ. അപേക്ഷ കൊടുക്കുക. അല്പം കൈക്കൂലിയും കരുതുക.
ഒരാള്‍ പോലും കൈക്കൂലി ഉള്‍പ്പെടാത്ത ഒരു വഴി പറയാനുണ്ടായില്ല. ഒരു വേള, അങ്ങനെ ഒരു വഴി ഇല്ലാത്തതാവാം കാരണം. എന്നാലും രാഷ്ട്രീയക്കാരുടെ അഴിമതിയും കൈക്കൂലി വളര്‍ന്നു മൂടിയ ‘സിസ്റ്റ’ത്തെയും നമുക്കെല്ലാര്‍ക്കും എന്തു പുച്ഛമാണെന്നോ!

അദ്യമായി അമേരിക്കയിലേയ്ക്ക് വന്നപ്പോള്‍ ഇന്‍‍കം റ്റാക്സ് എല്ലാം അടച്ചു തീര്‍ത്തു എന്ന ഒരു കടലാസ് എനിക്ക് വേണമായിരുന്നു. ഇത് അറിയുന്നത് വിസ ഇന്‍റര്‍വ്യൂവിന് പോകുന്നതിന് രണ്ടു ദിവസം മുമ്പ്. സേര്‍ട്ടിഫിക്കറ്റിന് ഒരാഴ്ച കാലതാമസമുണ്ട്. 2500 രൂപ യാതൊരു മടിയുമില്ലാതെ ബാംഗ്ലൂര്‍ ഇന്‍‍കം റ്റാക്സ് ഓഫീസിലെ പ്യൂണിന്‍റെ കയ്യില്‍ കൊടുത്തു, സേര്‍റ്റിഫിക്കറ്റ് അന്നു തന്നെ കിട്ടി.

ഈ രാജ്യത്ത് എത്തിപ്പെട്ടപ്പോള്‍ അഴിമതിയും കൈക്കൂലിയും ഇല്ലെങ്കില്‍ എങ്ങനെയൊക്കെയാകാം എന്നത് സ്വപ്നത്തില്‍ നിന്ന് യാഥാര്‍ഥ്യമായി മാറി. ഈ മാറ്റവും രീതികളും ഇഷ്ടപ്പെടാന്‍ തുടങ്ങി. “കാര്യസാധ്യത്തിന്” കാലുപിടിക്കേണ്ട എന്നത് വലിയ ആശ്വാസമായിരുന്നു. പിന്നെ കൈക്കൂലിയോട് അലര്‍ജിയായി. അഴിമതിയില്ലാത്ത ഇന്ത്യയെന്ന സ്വപ്നം മോഹമായി മാറി. ആര്‍ക്കും കൈക്കൂലി കൊടുക്കില്ലെന്ന് ഉറച്ചു. ഇടയ്ക്ക് നാട്ടില്‍ ചെന്നപ്പോള്‍ നാട്ടിലെ ഡ്രൈവിംഗ് ലൈസന്‍സ് ലാമിനേയ്റ്റ് ചെയ്തുകിട്ടാന്‍ 500 രൂപ കൈക്കൂലി ചോദിച്ച ഉദ്യോഗസ്ഥനോട്, ഒരു ചെറിയ സ്റ്റഡി ക്ലാസ് എടുത്ത ശേഷം, തരാന്‍ പറ്റില്ല എന്നു പറഞ്ഞു. വിമാനത്താവളത്തില്‍ കൈക്കൂലി ചോദിച്ച ഉദ്യോഗസ്ഥനോടും അതേ മറുപടി. പിന്നെയും രണ്ടു മൂന്ന് അനുഭവങ്ങള്‍. കൈക്കൂലി കൊടുക്കാത്തവനായതില്‍ ഞാന്‍ അഭിമാനിച്ചു.

കല്യാണം കഴിഞ്ഞ് വിവാഹ സേര്‍ട്ടിഫിക്കറ്റ് വേണം. രണ്ടു ദിവസത്തിനുള്ളില്‍ വേണമെങ്കില്‍ കൈക്കൂലിയല്ലാതെ ശരണമില്ല. കൊടുക്കില്ല എന്ന് വാശിപിടിച്ചാല്‍ നഷ്ടപ്പെടാന്‍ ഏറെയുള്ള അവസരം. പതിയെ, ഞാന്‍ പ്രായോഗിക രീതിക്കാരനായി. പുനരവലോകനത്തില്‍, പണ്ട് കൈക്കൂലി കൊടുക്കില്ല എന്ന് വാശിപിടിച്ച—കൊടുക്കാത്തതില്‍ അഭിമാനിച്ച—കാര്യങ്ങളൊക്കെ, ഒന്നുകില്‍ എനിക്ക് വളരെ അത്യാവശ്യമില്ലാത്ത കാര്യങ്ങളോ, അല്ലെങ്കില്‍ നിയമപ്രകാരം എനിക്ക് ദോഷകരമായി ഭവിക്കുന്നതോ ആയിരുന്നില്ല എന്നു മനസ്സിലാക്കി. നമുക്ക് അത്യാവശ്യമില്ലാത്ത കാര്യങ്ങളില്‍ മാത്രമേ കൈക്കൂലി കൊടുക്കില്ല എന്ന വാശിക്ക് സ്ഥാനമുള്ളൂ.

ഇത്തരം കൈക്കൂലി ഒഴിവാക്കാന്‍ ഒരു മാര്‍ഗമേ ഞാന്‍ കാണുന്നുള്ളൂ. ഏതു കാര്യ സാധ്യത്തിനും പല വിധ ചാനലുകള്‍ ഉണ്ടാക്കുക. അത് നിയമപ്രകാരമാക്കി, കൈക്കൂലിക്കാര്‍ വാങ്ങുന്ന പണം ഗവണ്മെന്‍റ് വാങ്ങുക.

ഉദാഹരണം:
വിവാഹ സേര്‍ട്ടിഫിക്കറ്റ് കാലാവധി:
സാധാരണ ഫീസോടുകൂടി: 14 ദിവസം
അധിക ഫീസ് (250 രൂപ അധികം): 7 ദിവസം
അക്രമ ഫീസ് (1000 രൂപ അധികം): 1 ദിവസം

(ഈ പരിപാടി അമേരിക്കയില്‍ പാസ്പോര്‍ട് ആപ്ലിക്കേഷന്‍ ഉള്‍പ്പെടെയുള്ള പല സെര്‍വീസുകള്‍ക്കും കാണാം. വിമാന റ്റിക്കറ്റ് നേരത്തേ റിസര്‍വ് ചെയ്താലുള്ള വിലക്കുറവ് ഇതുമായി താരതമ്യപ്പെടുത്താവുന്നതേയുളൂ. എനിക്കറിയാത്ത മറ്റുദാഹരണങ്ങളും നാട്ടിലുണ്ടാവും.)

ഇങ്ങനെ ചിട്ട വരുമ്പോള്‍, ഈ സമയക്രമം പാലിച്ചാല്‍, കൈക്കൂലി കൊടുക്കാന്‍ അധികം പേരുണ്ടാവില്ല. ഇനി, ഈ സമയം പാലിക്കുന്നതിന് കൈക്കൂലി വാങ്ങുന്നതിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങിയാല്‍ പ്രശ്നം പഴയതില്‍ നിന്നും മോശമാവുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഇത് നടപ്പാക്കാന്‍ ഒരു സര്‍ക്കാരിനും ധൈര്യമുണ്ടാവാന്‍ വഴിയില്ല. രണ്ടും മൂന്നും തരം പൌരന്മാരെ സൃഷ്ടിക്കും എന്നു പറഞ്ഞ് കൊടിപിടിക്കുന്നവരെ ആരാണ് ഭയക്കാതിരിക്കുക?

[ Cheaters Always Prosper: 50 Ways to Beat the System Without Being Caught എന്ന അത്യന്തം ഉപയോഗശൂന്യമായ പുസ്തകം വായിച്ചപ്പോള്‍ തോന്നിയത്. തന്ത്രങ്ങള്‍ പഠിക്കാനായി പുസ്തകം കാശുകൊടുത്തു വാങ്ങിയതൊന്നുമല്ല. ഒരു സഹപ്രവര്‍ത്തകന്‍ തന്നതാണ്.]

A great RSS feed can help you live, work, or play better. If it's been a while since you've found a feed like this, head over to the Squeet Reader Directory where you'll find 80+ quality feeds in many categories. Quickly and easily subscribe to multiple groups or catgories all at once.

Try the Squeet Reader Feed Directory Now
Read the Squeet Blog Article

posted by സ്വാര്‍ത്ഥന്‍ at 11:48 PM

0 Comments:

Post a Comment

<< Home