എന്റെ ലോകം - കുളം, മേതിലിന്റെ കവിത
URL:http://peringodan.blogspot.com/2006/11/blog-post_06.html | Published: 11/7/2006 12:52 AM |
Author: പെരിങ്ങോടന്‍ |
1984 -ല്‍ മേതില്‍ രാധാകൃഷ്ണന്‍ എഴുതിയ ഒരു കവിത.
കവിത മുരുകന്റെ നിസ്സംഗതയെ കുറിച്ചു രോഷം കൊള്ളലാണു്, അതിലെ അവസാന മൂന്നുവരിയൊഴികെ. പ്രശസ്ത നാടകാചാര്യനായ ബ്രത്തോള്‍ഡ് ബ്രെഹ്‌ത്ത് തന്റെ രംഗാവിഷ്കാരങ്ങളില്‍ ഉപയോഗിച്ചിരുന്ന അലിനേഷന്‍ ഇഫക്റ്റ്സ് പോലെ, കവിത നാടകം പോലെയുള്ള ഒരു രംഗാവിഷ്കാരമാണെന്നു ഓര്‍മ്മിപ്പിക്കുവാന്‍ വായനക്കാരനു കവി കൊടുക്കുന്ന ഒരു കൊട്ടാണു് അവസാനത്തെ മൂന്നുവരികള്‍ - വായനക്കാരന്റെ തന്മയീഭവിക്കുവാനുള്ള മോഹത്തിനു കുറുകെ നില്‍ക്കുന്ന ഒരു സൂചകം. കവിത വായിച്ചു മലര്‍ന്നു കിടന്നു പിടയുന്നതു്, മുരുകന്റെ നിസ്സംഗതയിലേയ്ക്കു തന്മയീഭവിക്കപ്പെടാന്‍ കോപ്പുകൂട്ടുന്ന വായനക്കാരനാണു് - അയാളുടെ നെഞ്ചത്തു് ഏഭ്യന്‍ എന്നൊരു വിളിയോടെ കവി ചവിട്ടുന്നു, അവനു ചിന്തിക്കുവാന്‍ ഒരു അവസരംകൂടി നല്‍കിക്കൊണ്ടു്.
കുളത്തില് മീന് തുപ്പുന്ന കുമിള,
അതിന്നടിയില് നഷ്ടപ്പെട്ടൊരു ഗോട്ടി,
ഒരു പീപ്പി, ചോക്കിന് കഷ്ണം, താക്കോല് ചങ്ങല,
കുളത്തില് മീന് വിടര്ത്തുന്ന വലയം
അതിന്നടിയില് ശ്വസിക്കുന്ന താമരവളയങ്ങള്
അതിന്നപ്പുറത്ത് നിറഞ്ഞ വയലുകള് ഉടഞ്ഞ കണ്ണാടി പോലെ
അതിന്നപ്പുറത്ത് കുളത്തിലേക്ക് വീഴുന്ന ആകാശം
ഓരോ തവണയും ആകാശം മുകളിലെത്താന് ശ്രമിക്കുന്നു
ഓരോ തവണയും കുളത്തിലേക്ക് കനത്തു വീഴുന്നു
മലര്ത്തിയടിക്കപ്പെട്ട ഒരാമയെപ്പോലെ കുളം പിടക്കുന്നു
മുരുകന് പതിവു പോലെ തുമ്പി പിടിക്കുന്നു
മുരുകന്റെ പെങ്ങളെ ഇന്നലെ തൊട്ട് കാണാതായി
മുരുകന് എന്നിട്ടും കുളത്തിന്നരികിലെ പൊന്തയില്
തുമ്പി പിടിക്കുന്നു
മുരുകാ ഈ കുമിളകള് എവിടന്നു വരുന്നു ?
മീനിനേക്കാള് വലിയതെന്തോ വെള്ളത്തിന്നടിയിലുണ്ട്
മീനിനേക്കാള് ജീവനുള്ളതെന്തോ വലയങ്ങള്ക്കടിയിലുണ്ട്
മുരുകാ, കുരുത്തം കെട്ടവനേ, തുമ്പി പിടുത്തം നിര്ത്ത് !
കുളത്തിലേക്ക് ഒറ്റ ചാട്ടം ചാടി അകാശം പിളര്ക്ക്!
തിരയ്, കരയ്, അട്ടഹസിക്ക്, നെട്ടോട്ടമോട്,
എന്തെങ്കിലും ചെയ്തു തുലക്ക് !
പൊന്തയില് പതിയിരുന്നുള്ള
തുമ്പി പിടുത്തം മാത്രം നിര്ത്ത് !
ആമ എന്തിനെ വിഴുങ്ങിയാണ്
മലര്ന്നു കിടന്നു പിടയുന്നത് ?
ഏഭ്യന്!
കവിത മുരുകന്റെ നിസ്സംഗതയെ കുറിച്ചു രോഷം കൊള്ളലാണു്, അതിലെ അവസാന മൂന്നുവരിയൊഴികെ. പ്രശസ്ത നാടകാചാര്യനായ ബ്രത്തോള്‍ഡ് ബ്രെഹ്‌ത്ത് തന്റെ രംഗാവിഷ്കാരങ്ങളില്‍ ഉപയോഗിച്ചിരുന്ന അലിനേഷന്‍ ഇഫക്റ്റ്സ് പോലെ, കവിത നാടകം പോലെയുള്ള ഒരു രംഗാവിഷ്കാരമാണെന്നു ഓര്‍മ്മിപ്പിക്കുവാന്‍ വായനക്കാരനു കവി കൊടുക്കുന്ന ഒരു കൊട്ടാണു് അവസാനത്തെ മൂന്നുവരികള്‍ - വായനക്കാരന്റെ തന്മയീഭവിക്കുവാനുള്ള മോഹത്തിനു കുറുകെ നില്‍ക്കുന്ന ഒരു സൂചകം. കവിത വായിച്ചു മലര്‍ന്നു കിടന്നു പിടയുന്നതു്, മുരുകന്റെ നിസ്സംഗതയിലേയ്ക്കു തന്മയീഭവിക്കപ്പെടാന്‍ കോപ്പുകൂട്ടുന്ന വായനക്കാരനാണു് - അയാളുടെ നെഞ്ചത്തു് ഏഭ്യന്‍ എന്നൊരു വിളിയോടെ കവി ചവിട്ടുന്നു, അവനു ചിന്തിക്കുവാന്‍ ഒരു അവസരംകൂടി നല്‍കിക്കൊണ്ടു്.
0 Comments:
Post a Comment
<< Home