Friday, November 03, 2006

കൈപ്പള്ളി :: Kaippally - കമ്പിളി കുപ്പായം

ഫാത്തിമ ചാരുകസേരയില്‍ ഇരുന്നു കംബിളി നെയ്യുകയാണു്. പച്ചയും വെള്ളയും ചുവപ്പും കറുപ്പും നിറത്തിലുള്ള കംബിളി കുപ്പായം. എഴുപതു വയസുകാരിയയ ഫത്തിമയുടെ കൈകള്‍ ഉണങ്ങിയ ഒലിവ് മരച്ചില്ലകള്‍ പോലെ വരണ്ടവയായിരുന്നു. ഫാത്തിമ ചെറുമകള്‍ടെ ആദ്യത്തെ ആണ്‍കുഞ്ഞിനു വേണ്ടി കുപ്പായം നെയ്യുകയാണു. മൂനു തലമുറകള്‍ കണ്ട ഭാഗ്യവതിയാണവര്‍.

പുറത്ത് മഴ തകര്‍ത്തു പെയ്യുന്നുണ്ട്. പഴയ ഈ നാലുനില കെട്ടിടത്തില്‍ ഫാത്തിമ താമസം തുടങ്ങിയിട്ട് വര്‍ഷം അമ്പതു് കഴിഞ്ഞു.

കഴിഞ്ഞ തവണ അവര്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ അയലത്തെ കെട്ടിടത്തിന്റെ ഒരു വശം തകര്‍ന്നു പോയിരുന്നു. ഫാത്തിമയുടെ കെട്ടിടം ആകെ ഒന്നു കുലുങ്ങിയിരുന്നു.

അവര്‍ മുകളിലേക്ക് നോക്കി, മെല്‍കൂരയിലെ പൊട്ടിപോളിഞ്ഞ പ്ലാസ്റ്ററില്‍ നിന്നും ധാര ധാരയായി മഴ തുള്ളികള്‍ പാത്രത്തില്‍ വീഴുകയാണു്. അവര്‍ അത് ശ്രദ്ധിക്കുന്നില്ല. ജനാലെക്കു പുറത്ത് മഴയില്‍ നിന്നും രക്ഷ നേടാന് ഒച്ച വെച്ച് ഒതുങ്ങി കൂടുന്ന രണ്ടു് വെള്ള പ്രാവുകളെ ഫാത്തിമ കണ്ടു. "സുബഹാനള്ള, അവരെ കാക്കാന്‍ പടച്ചവന്‍ ഉണ്ട്."

അവര്‍ കംബിളി കുപ്പായത്തിന്റെ നെയ്ത്ത് തുടര്‍‍ന്നു. വെള്ളം കൊള്ളാന്‍ ഒരു വലിയ പാത്രം താഴെ ചെറുമകന്‍ ഹൊസ്നി കൊണ്ടു വെച്ചതാണു്. അതു ഏതാണ്ടു് പാതി നിറഞ്ഞു. നിശബ്ദമായ ആ വലിയ മുറിയില്‍ മഴ തുള്ളികളുടെ താളം പ്രതിദ്വനിച്ചുകൊണ്ടിരിന്നു.

മഴ.
ഇടിയും മിന്നലിന്റെയും വാദ്യഘോഷത്തോടുള്ള മഴ.

ഫാത്തിമ ജനാലയിലേക്ക് നോക്കി. അവിടെ നേരത്തെ കണ്ട വെള്ള പ്രാവുകള്‍ ഇല്ല. അരണ്ട വെളിച്ചത്തില്‍ ജനാല ചില്ലിനപ്പുറത്തെ നഗരം കാണാം. മേഖാവൃതമായ അകാശത്തിന്റെ പശ്ചാത്തലത്തില്‍ ദാവീദിന്റെ നക്ഷത്രമുള്ള അവരുടെ പതാക കാറ്റില്‍ പറക്കുകയാണു്.

പാത്രം നിറഞ്ഞു തുളുമ്പുകയാണു്. ഹൊസ്നിയെ വിളിക്കാന്‍ തുന്നല്‍ നിര്‍ത്തി. "എട.. നീ ഒരു പാത്രം കൂടി കൊണ്ടു..." അതു പറഞ്ഞു തീരും മുമ്പേ ഹൊസ്നി പാത്രവുമായി ഓടി വന്നു. നല്ലവനാണു അവന്‍. വലിയുമ്മ മനസില്‍ വിചാരിക്കുന്നതു അവന്‍ പ്രവര്‍ത്തിക്കും.

നിറഞ്ഞു തുളുമ്പുന്ന പാത്രം ഹൊസ്നി നീക്കി മാറ്റി, പകരം ഒരു വലിയ പാത്രം അവിടെ വെച്ചു്. മഴ തുള്ളികള്‍ അതിലേക്ക് ഓരോന്ന് ഓരോന്നായി വീഴുന്നുണ്ട്. അവര്‍ അതിലേക്ക് എത്തിനോക്കി ഒറപ്പുവരുത്തി. നെടുവീര്‍പ്പിട്ടു. പുറത്തു അവരുടെ പതാക കാറ്റില്‍ വിളയാടുകയാണു്. ഇരുമ്പ് പാത്രത്തില്‍ മഴ തുള്ളികളുടെ ധ്വനി ആ വലിയ മുറിയില്‍ മുഴങ്ങി തുടങ്ങി. അവര്‍ വീണ്ടും തുന്നലിലേക്ക് മടങ്ങി.

posted by സ്വാര്‍ത്ഥന്‍ at 10:51 AM

0 Comments:

Post a Comment

<< Home