Wednesday, November 01, 2006

ഉദയസൂര്യന്റെ നാട്ടില്‍ - കേരളപ്പിറവിയാശംസകള്‍

URL:http://nilavathekozhi.blogspot.com/2006/11/blog-post.htmlPublished: 11/1/2006 11:16 AM
 Author: വക്കാരിമഷ്ടാ
ജപ്പാനില്‍ നിന്ന് കുറ്റീം പറിച്ച് നാട്ടിലേക്ക് പോന്നു. വിപുലമായ ഒരു യാത്രയയപ്പ് എനിക്ക് ഞാന്‍ തന്നെ പ്ലാന്‍ ചെയ്‌തിരുന്നെങ്കിലും അവിടെയുള്ള സോപ്പ്, ചീപ്പ്, കണ്ണട, ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ - അല്ല ഉപ്പ് തൊട്ട് കമ്പ്യൂട്ടര്‍ വരെ (എന്തൊരു പരസ്യം ഹെന്റമ്മോ-ഇനി ആ ഹൈക്യൂ മാര്‍ക്കറ്റിന്റെ നലയല്‌പക്കത്തേക്ക് പോലും പോകാന്‍ തോന്നുന്നില്ല) എല്ലാം പെറുക്കിക്കെട്ടുന്ന തിരക്കിലായിപ്പോയതുകാരണം യാത്രയയപ്പ് കുളമാവായി. സീ മെയിലിലയച്ചാല്‍ സീ ചെയ്യണമെങ്കില്‍ നാലഞ്ചുമാസം എടുക്കുമെന്നതിനാലും തലവര നന്നായാല്‍ സീ മെയില്‍ ചിലപ്പോള്‍ നോ-സീ മെയില്‍ തന്നെ ആയിപ്പോയാലോ എന്ന് ഉല്‍‌പ്രേക്ഷിച്ചതിനാലും അതിവേഗ-ബഹുദൂര ഉമ്മന്‍‌ചാണ്ടിപോസ്റ്റ് പോക്കറ്റിലൊതുങ്ങാത്തതിനാലും ഓസിനുള്ള ഒരു ആകാശത്തപാല്‍ മാര്‍ഗ്ഗം (എസ്.എ.എല്‍ എന്ന് ജപ്പാനില്‍ പറയും-സാദാ എയര്‍ മെയിലിന്റെ അത്രയും കാശില്ല, സാദാ എയര്‍ മെയില്‍ വരുന്നതിനെക്കാളും ഒന്നുരണ്ടാഴ്‌ച കൂടുതലെടുക്കും-വിമാനത്തില്‍ സ്ഥലം ഉണ്ടാകുന്നതനുസരിച്ച് മാത്രം അയയ്ക്കും) കണ്ടുപിടിച്ച് ഉപ്പ്, കപ്പ്, സോപ്പ് ഇവയൊക്കെ കൂട്ടിനകത്താക്കി ടേപ്പിട്ട് കെട്ടുന്ന തിരക്കില്‍ എനിക്ക് എന്റെ തന്നെ യാത്രയയപ്പ് നഷ്ടമായി. നീലാവന്‍‌വറേ ക്ഷമി.

സിം‌ഹപുരി ട്രാവല്‍‌സിന് പണ്ടുണ്ടായിരുന്ന ആ ഇത് പോയോ എന്നൊരു ശങ്കയും തോന്നി, മടക്കയാത്രയില്‍. ഞങ്ങളുടെ തൊട്ട് മുന്നിലെ നിരയെത്തിയപ്പോള്‍ തീര്‍ന്ന ഭക്ഷണം പുനരാരംഭിച്ചത് ഞങ്ങളുടെ തൊട്ട് പിന്നിലെ നിരയില്‍-ഒന്നല്ല, രണ്ട് തവണ. വെള്ളമൊട്ട് കിട്ടിയുമില്ല. എല്ലാം ചോദിച്ച് ചോദിച്ച് വാങ്ങേണ്ടി വന്നു. കൊച്ചിയിലേക്കുള്ള സില്‍‌ക്കെരുമ വാഹനം ഒന്നുകൂടി ഹൃദ്യമായി തോന്നി.

ടോക്കിയോ-സിംഹപുരി വാഹനത്തില്‍ തൊട്ടു മുന്നിലിരുന്ന സായിപ്പ് ദേഹം പുറകിലിരിക്കുന്നവന്‍ എന്ത് ചെയ്യുകയാണ്, പുട്ടടിക്കുകയാണോ എന്നൊന്നും നോക്കുകപോലും ചെയ്യാതെ സീറ്റ് ചെരിക്കുകയും മറിക്കുകയും ചാരിയിരുന്നിട്ട് കുലുങ്ങിക്കളിക്കുകയും ഒക്കെ ചെയ്‌തപ്പോള്‍ സിംഹപുരി-കൊച്ചി വാഹനത്തിലെ സാദാ മലയാളികള്‍ പുറകോട്ട് സീറ്റ് ചെരിക്കുന്നതിനു മുന്‍‌പ് പുറകിലിരുന്നവരോട് അനുവാദം ചോദിക്കുന്നത് കണ്ടു-ഒന്നില്‍ കൂടുതല്‍ ആള്‍ക്കാര്‍.

നാട്ടിലെത്തി അടുത്ത ദിവസം തന്നെ പുട്ടും കടലയും അടിക്കാന്‍ തുടങ്ങി. നല്ല എരിവുള്ള കടലക്കറി-തേങ്ങാക്കൊത്തും ചുമന്ന മുളകുമൊക്കെയിട്ട് കൊഴുത്തിരിക്കുന്നത്. അത് പുട്ടിലേക്കിട്ട് കുഴച്ചടിച്ചിട്ട് കടുപ്പത്തിലുള്ള, സ്വല്പം മധുരം കൂട്ടിയിട്ട ചൂട് ചായ കുടിച്ച് ശൂ..ശൂ എന്ന് വെച്ചു-പലപ്രാവശ്യം. പക്ഷേ നിനക്ക് പുട്ടിഷ്ടമാണല്ലേ, കാണിച്ച് തരാമെടാ എന്ന് പറഞ്ഞ വീട്ടുകാര്‍, വിജയകരമായ പന്ത്രണ്ടാം ദിവസവും പുട്ടും കടലയും തന്നപ്പോള്‍ ഞാന്‍ തോല്‍‌വി സമ്മതിച്ചു. ഇപ്പോള്‍ അപ്പവും ഉള്ളിക്കറിയും. അത് മടുത്തു എന്ന് പ്രഖ്യാപിച്ചാല്‍ മാത്രമേ ഇഡ്ഡലിയിലേക്ക് മാറുകയുള്ളൂ അത്രേ :)

എന്തൊക്കെ പറഞ്ഞാലും നമ്മുടെ നാട്ടിലും റോട്ടിലുമൊക്കെയുള്ള ആ ഒരു richness മറുനാടുകളിലില്ല എന്ന് തോന്നുന്നു (എന്റെ മാത്രം അഭിപ്രായം). റോട്ടിലേക്കങ്ങിറങ്ങിയാല്‍ മൊത്തം ബഹളമയം. ബൈക്ക്, ലോറി, കാറ്, ബസ്സ്, ഒച്ച, ആള് കുറുകെ ഓടുന്നു, കാള കൂളായി നടക്കുന്നു, പട്ടി ചാടുന്നു, ബൈക്ക് കാരന്‍ കുഴി വെട്ടിക്കുന്നു, വണ്ടിക്ക് പുറകില്‍ വണ്ടി ഉമ്മ വെക്കുന്നു, റോഡ് മുഴുവന്‍ ബ്ലോക്കാകുന്നു, ബഹളം, ഒച്ച...മൊത്തത്തില്‍ അടിപൊളി.

പോസ്റ്റോഫീസില്‍ സ്റ്റാമ്പ് വാങ്ങിക്കാന്‍ പോയി ജപ്പാന്‍ സ്റ്റൈലില്‍ ക്യൂ നിന്നു. മുന്നിലെ ദേഹത്തിന്റെ കാര്യം കഴിഞ്ഞപ്പോള്‍ ജപ്പാന്‍ സ്റ്റൈലില്‍ മുന്നോട്ടായാന്‍ തുടങ്ങിയപ്പോള്‍ വേറൊരു ദേഹം പാഞ്ഞുവന്ന് നാല് സ്റ്റാമ്പ് വാങ്ങിപ്പോയി. എന്നാലിനി വാങ്ങിയേക്കാം എന്ന് വിചാരിച്ച് ഒന്നുകൂടി മുന്നോട്ടാഞ്ഞപ്പോള്‍ വേറൊരു ദേഹം ഇടതുവശത്തുനിന്ന് ശൂ..ന്ന് വന്ന് ശൂ..ന്ന് രണ്ട് ഇന്‍‌ലന്‍ഡും വാങ്ങിപ്പോയി. അപ്പോള്‍ പിന്നെ ഞാന്‍ ശരി മലയാളിയായി. പാഞ്ഞുവന്ന മൂന്നാം ദേഹത്തെ കവച്ച് വെച്ച് ഞാന്‍ കാര്യം സാധിച്ച് പോയി. ചേര-നാട്-നടുക്കഷ്ണം. പക്ഷേ രസമായിരുന്നു.

കളക്ട്രേറ്റിലെ ലേബര്‍ ആപ്പീസില്‍ വീട് പണ്ടെങ്ങോ പണിതതിന്റെ തൊഴിലാളി ക്ഷേമനിധിപ്പൈസാ എത്ര അടയ്ക്കണമെന്ന് തീരുമാനിക്കാന്‍ പോയി. ഒരു സാദാ സര്‍ക്കാരാപ്പീസിലെ സാദാ പെരുമാറ്റം പ്രതീക്ഷിച്ച ഞങ്ങളെ അത്‌ഭുതപ്പെടുത്തിക്കൊണ്ട് തികച്ചും മാന്യമായ പെരുമാറ്റം, ആ ഉദ്യോഗസ്ഥന്റെ. ഞങ്ങള്‍ പറഞ്ഞ തറുതലകളും തമാശകളുമൊക്കെ അതിന്റേതായ സ്പിരിറ്റില്‍ അദ്ദേഹം എടുത്തു. വളരെ മാന്യമായ പെരുമാറ്റം. സന്തോഷം തോന്നി. ആ സന്തോഷത്തോടെ ചുമ്മാ ഒരു ക്ഷീണത്തിന് മെഡിക്കല്‍ കോളേജിലെ ഒരു ഡാക്കിട്ടറുടെ വീട്ടില്‍ അദ്ദേഹത്തെ കാണാന്‍ പോയി. നിശ്ശബ്‌ദത പാലിക്കുക എന്നുള്ള ബോര്‍ഡിന് കീഴിലിരുന്ന് ഞങ്ങളുള്‍പ്പടെ എല്ലാവരും കുശുകുശുക്കുന്നുണ്ടായിരുന്നു. ഡോക്‍ടര്‍ സാറിന്റെ മകള്‍ പരിശോധനാ മുറിയുടെ അടുത്തുതന്നെയുള്ള മുറിയിലിരുന്ന് ഉറക്കെ ഹിന്ദി പഠിക്കുന്നുമുണ്ട്. ഒരു അമ്മൂമ്മ ദേഹത്തെ കാണാന്‍ മുറിയില്‍ കയറി. കുറച്ച് കഴിഞ്ഞപ്പോള്‍ അമ്മൂമ്മയുടെ മകള്‍ അവിടെ വന്ന് അമ്മൂമ്മ അകത്ത് കയറിയോ എന്ന് അവിടെ ഇരുന്നവരോട് അന്വേഷിച്ച് അതിനുശേഷം അമ്മൂമ്മയെപ്പറ്റിയും മറ്റും സാധാരണ ശബ്‌ദത്തില്‍ സംസാരിക്കാന്‍ തുടങ്ങി. വാതില്‍ വലിച്ച് തുറന്ന് ഡോക്‍ടര്‍ ദേഹം ആക്രോശിച്ചു;

“എന്റെ മകള്‍ അപ്പുറത്തിരുന്ന് പഠിക്കുന്നുണ്ട്, ഇവിടെയാരും ശബ്‌ദമുണ്ടാക്കാന്‍ പാടില്ല”.

ഇത് കേള്‍ക്കാതെ പാവം അമ്മൂമ്മയുടെ മകള്‍ പിന്നെയും എന്തോ ഒന്ന് രണ്ട് വാക്കുകള്‍ സംസാരിച്ചു. കോപാന്ധനായ ഡോക്ടര്‍ ദേഹം ആ മകളെ അത്രയും ആള്‍ക്കാരുടെ മുന്നില്‍ വെച്ച് അവിടെനിന്നും ഇറക്കി വിട്ടു-ശരിക്കും അപമാനിച്ച് തന്നെ. അതും ആ സ്ത്രീ ഉണ്ടാക്കിയതിന്റെ മൂന്നിരട്ടി ഡെസിബല്‍ ശബ്‌ദം ഉപയോഗിച്ച് ആക്രോശിച്ച്. അവര്‍ ഒന്നും പറയാതെ അവിടെനിന്നും ഇറങ്ങിപ്പോയി. ഒന്ന് കണ്ടാല്‍ തന്നെ പകുതി അസുഖം പോകുന്ന തരക്കാരനായിരിക്കണം ഡോക്ടര്‍; ഒന്ന് സംസാരിച്ചാല്‍ പകുതിയുടെ പകുതി അസുഖം കൂടി പോകണം എന്നുള്ള സിദ്ധാന്തമൊന്നും അവിടെ ചിലവായില്ല. ക്ഷീണവും ബീപ്പീയും കൂടി.

നല്ല പെരുമാറ്റം പ്രതീക്ഷിച്ചിടത്ത് മഹാ മോശം പെരുമാറ്റവും ഒന്നും പ്രതീക്ഷിക്കാത്തിടത്ത് ഹൃദ്യമായ പെരുമാറ്റവും. മനുഷ്യന്റെ കാര്യം ഇത്രയൊക്കെയേ ഉള്ളൂ എന്ന് മനസ്സിലായി.

സ്വന്തം കഥാപ്രാത്രത്തെ നേരിട്ട് കാണുമ്പോള്‍ കഥാകാരനുള്ള (?) വികാരം ചമ്മലും ജാള്യതയുമാണെന്നും നാട്ടില്‍ വെച്ച് പിടികിട്ടി. തങ്കമ്മ സാര്‍ എന്ന കഥാപാത്രത്തെ നേരില്‍ കാണാനുള്ള ഭാഗ്യം ഉണ്ടായി. ശരിക്കും ചമ്മിപ്പോയി. ടീച്ചറിന്റെ കൂടുതല്‍ വിശേഷങ്ങളും കിട്ടി. എല്ലാവരും കൂടിയിരുന്ന് കത്തിവെച്ചുകൊണ്ടിരുന്ന സദസ്സില്‍ ടീച്ചര്‍ വന്നിട്ട് നടുക്കിരുന്ന ആളോട് ചോദിച്ചു;

“ഒറ്റയ്ക്കിരുന്ന് മുഷിഞ്ഞായിരിക്കുമല്ലേ”

പണ്ട് മകന്റെ കല്യാണക്ഷണക്കത്ത് ടീച്ചര്‍ എല്ലാവര്‍ക്കും കൊടുത്തു-കവറില്‍ എല്ലാവരുടെയും പേരും വിലാസവുമൊകെ വെച്ച് തന്നെ. പക്ഷേ ഒരൊറ്റ കവറിനകത്തും ക്ഷണക്കത്തില്ലായിരുന്നത്രേ. തവിയാണെന്നോര്‍ത്ത് വിറക് വെച്ച് മാത്രമേ ടീച്ചര്‍ സാമ്പാറിളക്കാറുമുള്ളൂ എന്നും പറഞ്ഞു, പാണന്മാര്‍. പട്ടാളത്തിലായിരുന്ന ഭര്‍ത്താവിന്റെ എഴുത്തുകള്‍ ക്ലാസ്സിലിരുന്നാണ് ടീച്ചര്‍ വായിക്കുന്നത്. കുട്ടികള്‍ക്ക് ഉത്‌സവമാണ് ആ എഴുത്തുവരവ് ദിനങ്ങള്‍. ടീച്ചറിന്റെ വിവിധ വികാരപ്രകടങ്ങളായ മന്ദസ്മിതം, ഗൂഢസ്മിതം, ചിരി, പുഞ്ചിരി, പൊട്ടിച്ചിരി, പരിഭവം, സങ്കടം എല്ലാം എഴുത്തുവായനയ്ക്കിടയില്‍ ടീച്ചര്‍ ക്ലാസ്സിലിരുന്ന് തന്നെ പ്രദര്‍ശിപ്പിക്കുമായിരുന്നത്രേ.

ഇതൊക്കെ തന്നെ നാട്ടുവിശേഷങ്ങള്‍. പറിച്ച നടലിനിടയ്ക്ക് ബ്ലോഗ് വായന അങ്ങ് നടന്നില്ല, നേരാംവണ്ണം. മടി വലിയൊരു കാരണമായിപ്പോയി. ബ്ലോഗെഴുത്ത് ഒട്ടും തന്നെ നടന്നില്ല. എങ്കിലും എന്നെ ഓര്‍ത്ത എല്ലാവര്‍ക്കും നന്ദിയുടെ നന്ത്യാര്‍വട്ടങ്ങള്‍.

ചോദ്യം നമ്പ്ര് ഒന്ന്: കേദാരം, പുഴ, സൂര്യന്‍ ഇവ മൂന്നിനെയും പ്രതിനിധീകരിക്കുന്ന കേരള-ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖനായ ഒരു വ്യക്തി?

ഉത്തരം: വയലാര്‍ രവി.

ചോദ്യം നമ്പ്ര് രണ്ട്:

സുഗന്ധപുഷ്പക്രിസ്തുമുസ്ലീമാരാധനാലയസീതാപതിഭൂമിയുപഗ്രഹ എന്ന പേരിട്ടാല്‍ എങ്ങാനും കോടതിയില്‍ പോകേണ്ടി വന്നാല്‍ പേര് വിളിച്ച് ഗുമസ്തന് പണിയാകുമല്ലോ എന്ന് വെച്ച് മാത്രം ആ അര്‍ത്ഥങ്ങള്‍ വരുന്ന വാക്കുകളാല്‍ പേരുള്ള മറ്റൊരു രാഷ്ട്രീയക്കാരന്‍?

ഉത്തരം: മുല്ലപ്പള്ളി രാമചന്ദ്രന്‍.

(കടപ്പാക്കട-സുഹൃത്തിന്. എങ്ങുനിന്നോ അദ്ദേഹത്തിന് കിട്ടി, ഫോണില്‍ ഫോര്‍വേഡ് ചെയ്‌തു).

എല്ലാവര്‍ക്കും കേരളപ്പിറവിയാശംസകള്‍. മലയാളം അദ്ധ്യാപകന്റെ മകനും പഠിക്കുന്ന ആംഗലേയമാധ്യമവിദ്യാലയത്തില്‍ മലയാളം പറഞ്ഞാല്‍ അഞ്ച് രൂപാ പിഴ കൊടുക്കണമെന്ന് ഈ കേരളപ്പിറവി ദിനത്തില്‍ മനസ്സിലായി.

posted by സ്വാര്‍ത്ഥന്‍ at 1:29 PM

0 Comments:

Post a Comment

<< Home