Tuesday, November 28, 2006

Gurukulam | ഗുരുകുലം - ഭയം

URL:http://malayalam.usvishakh.net/blog/archives/228Published: 11/28/2006 7:29 PM
 Author: ഉമേഷ് | Umesh

ഭര്‍ത്തൃഹരിയുടെ വൈരാഗ്യശതകത്തില്‍ നിന്നു് ഒരു പ്രസിദ്ധശ്ലോകം.

ഭോഗേ രോഗഭയം, കുലേ ച്യുതിഭയം, വിത്തേ നൃപാലാദ് ഭയം,
മാനേ ദൈന്യഭയം, ബലേ രിപുഭയം, രൂപേ ജരായാ ഭയം,
ശാസ്ത്രേ വാദിഭയം, ഗുണേ ഖലഭയം, കായേ കൃതാന്താദ് ഭയം,
സര്‍വ്വം വസ്തു ഭയാന്വിതം ഭുവി നൃണാം-വൈരാഗ്യമേവാഭയം!

അര്‍ത്ഥം:

ഭോഗേ രോഗഭയം : അനുഭവിച്ചാല്‍ രോഗത്തിന്റെ ഭയം
കുലേ ച്യുതിഭയം : നല്ല വംശത്തിലായാല്‍ കുലച്യുതിയുടെ ഭയം
വിത്തേ നൃപാലാദ് ഭയം : പണമുണ്ടെങ്കില്‍ രാജാവിനെ ഭയം
മാനേ ദൈന്യഭയം : അഭിമാനമുണ്ടെങ്കില്‍ ദാരിദ്ര്യം ഭയം
ബലേ രിപുഭയം : ബലമുണ്ടെങ്കില്‍ ശത്രുക്കളെ ഭയം,
രൂപേ ജരായാഃ ഭയം : സൌന്ദര്യമുണ്ടെങ്കില്‍ വാര്‍ദ്ധക്യത്തിലെ ജര ഭയം
ശാസ്ത്രേ വാദിഭയം : അറിവുണ്ടെങ്കില്‍ വാദിക്കുന്നവരെ ഭയം
ഗുണേ ഖലഭയം : ഗുണമുണ്ടെങ്കില്‍ ഏഷണിക്കാരെ ഭയം
കായേ കൃതാന്താദ് ഭയം : ആരോഗ്യമുണ്ടെങ്കില്‍ മരണത്തെ ഭയം
നൃണാം ഭുവി സര്‍വ്വം വസ്തു ഭയ-അന്വിതം : മനുഷ്യര്‍ക്കു ഭൂമിയില്‍ എല്ലാം ഭയം കലര്‍ന്നതാണു്
വൈരാഗ്യം ഏവ അഭയം : വൈരാഗ്യം മാത്രമാണു് അഭയം!

സുഖഭോഗങ്ങളില്‍ കൂടുതല്‍ മുഴുകുന്നവനു കൂടുതല്‍ രോഗങ്ങളും വരും. അതാണു “ഭോഗേ രോഗഭയം”. (“ഭോഗം” എന്നതിനു മലയാളത്തില്‍ ഇപ്പോള്‍ ഒരര്‍ത്ഥം മാത്രം വാച്യമായതു കൊണ്ടു് ഇതു കേള്‍ക്കുമ്പോള്‍ എയിഡ്‌സിനെപ്പറ്റി ഓര്‍ത്താല്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല :) )

“കുലേ ച്യുതിഭയം” എന്നതിനു രണ്ടു വ്യാഖ്യാനങ്ങള്‍ കണ്ടിട്ടുണ്ടു്. വലിയ വംശങ്ങള്‍ (സ്ഥാപനങ്ങള്‍, സാമ്രാജ്യങ്ങള്‍, സര്‍ക്കാരുകള്‍) ക്രമേണ നശിച്ചുപോകുന്നതു ചരിത്രസത്യം. വലുതായ എന്തിനും ഈ ഭയം ഉണ്ടാവും. മറ്റൊരു വ്യാഖ്യാനം, ഉന്നതകുലത്തില്‍ ജനിച്ചവനു ഭ്രഷ്ടനാകുന്നതിന്റെ ഭയം ഉണ്ടാവും എന്നാണു്.

കൂടുതല്‍ പണമുണ്ടായാല്‍ അതു രാജാവു കൊണ്ടുപോകും എന്നതു പഴയ കാലത്തെ സ്ഥിരം പതിവായിരുന്നു. (നികുതി പിരിക്കുന്നതിനെയും ഇതില്‍ പെടുത്താം.) അതാണു “വിത്തേ നൃപാലാദ് ഭയം”. ഇന്നും സ്ഥിതി വ്യത്യസ്തമല്ല. രാജാവിനു പകരം ഗവണ്മെന്റാണെന്നു മാത്രം. കൂടാതെ രാഷ്ട്രീയ-ആത്മീയ സംഘടനകളും.

“പണമുണ്ടായാല്‍ പിരിവുകാരെ ഭയം” എന്നതാണു ഇന്നത്തെ കാലത്തു കൂടുതല്‍ യോജിക്കുന്നതു്.

അഭിമാനിയായാല്‍ മറ്റുള്ളവരോടു സഹായം ചോദിക്കാന്‍ മടിക്കും. തത്‌ഫലമായി ദീനതയും ദാരിദ്ര്യവും ഫലം. അതാണു “മാനേ ദൈന്യഭയം”.

കൂടുതല്‍ ബലമുണ്ടാകുന്തോറും ശത്രുക്കളും കൂടും. അതാണു “ബലേ രിപുഭയം”.

സൌന്ദര്യമുള്ളവര്‍ക്കു വയസ്സാകാന്‍ വലിയ സങ്കടമാണു്. സൌന്ദര്യം മാത്രം മുതലായവര്‍ക്കു പ്രത്യേകിച്ചും. അതാണു “രൂപേ ജരായാഃ ഭയം”.

അറിവുണ്ടായാല്‍, അതു പ്രകടിപ്പിച്ചാല്‍, എതിര്‍ക്കാനും ആളുണ്ടാവും. ഒരു ശാസ്ത്രവും പൂര്‍ണ്ണസത്യമല്ലല്ലോ. അതാണു “ശാസ്ത്രേ വാദിഭയം”.

“ഖലന്‍” എന്ന വാക്കിനു സംസ്കൃതത്തില്‍ ഏഷണിക്കാരന്‍ എന്നാണര്‍ത്ഥം. (ഇതു കാണുക.) ഗുണമുള്ള മനുഷ്യരെപ്പറ്റി ഏഷണി പറയാനും ആളു കൂടും. “ജനാനാം പീയൂഷം ഭവതി ഗുണിനാം ദോഷകണികാ” എന്നു മേല്‍പ്പത്തൂര്‍ നാരായണീയത്തില്‍ പറയുന്നു. അതാണു “ഗുണേ ഖലഭയം”.

ശരീരബലമുള്ളവനു മരണത്തെ ഭയമുണ്ടായിരിക്കും. അതാണു “കായേ കൃതാന്താദ് ഭയം”.

ഇതിനു “കാലേ കൃതാന്താദ് ഭയം” എന്നൊരു പാഠഭേദമുണ്ടു്. കാലം ചെല്ലുന്തോറും (നല്ല കാലം വരുമ്പോള്‍ എന്നും പറയാം) മരണത്തെ കൂടുതല്‍ ഭയക്കുന്നു എന്നു സാരം. കാലന്‍, കൃതാന്തന്‍ എന്നിവ പര്യായങ്ങളായതുകൊണ്ടു് “പുനരുക്തവദാഭാസം” എന്നൊരു അലങ്കാരവും ഈ പാഠത്തിനുണ്ടു്.

ഇങ്ങനെ എല്ലാം ഭയത്തിനു കാരണമാണു്. അല്ലാത്തതു വൈരാഗ്യം മാത്രമാണു്. “വൈരാഗ്യം” എന്ന വാക്കിനു മലയാളത്തില്‍ “വിദ്വേഷം” എന്ന അര്‍ത്ഥമാണു കൂടുതല്‍ പ്രചാരം. വൈരാഗ്യം അല്ലെങ്കില്‍ വിരാഗത അടുപ്പമില്ലായ്മയാണു്. ഒന്നിനോടും ആഗ്രഹമോ attachment-ഓ ഇല്ലാത്ത അവസ്ഥ. “സന്ന്യാസം” എന്നാണു് ഇതിന്റെ അര്‍ത്ഥം പറയുന്നതെങ്കിലും അത്രത്തോളം പോകണമെന്നില്ല. ഉദാഹരണമായി, ശാസ്ത്രത്തില്‍ ഒന്നാമനാകണമെന്നില്ലാത്തവനു വാദികളെ ഭയമില്ല. സൌന്ദര്യത്തില്‍ ശ്രദ്ധയില്ലാത്തവനു ജരാനരകളെയും ഭയമില്ല.

“അഭയം” എന്ന വാക്കിന്റെ ചാരുത ശ്രദ്ധിക്കുക. ഭയമില്ലായ്മ, ആലംബം എന്ന രണ്ടര്‍ത്ഥങ്ങളും ഇവിടെ നന്നായി ചേരുന്നു.


ഞാന്‍ ഇവിടെ ഒരു പരിഭാഷയ്ക്കു മുതിരുന്നില്ല. പരിഭാഷപ്പുലികളും യന്ത്രങ്ങളും അതിനു ശ്രമിക്കട്ടേ.

ഒരു ഹാസ്യാനുകരണം ആയ്ക്കോട്ടേ. ബ്ലോഗേഴ്സിന്റെ ഭയങ്ങളെപ്പറ്റി:

വീട്ടില്‍ ഭാര്യ ഭയം, പണിസ്ഥലമതില്‍ ബോസ്സിന്‍ ഭയം, കൂടിടും
മീറ്റില്‍ തീറ്റി ഭയം, പ്രൊഫൈലിലപരന്‍ കാഷ്ടിച്ചിടും വന്‍ ഭയം,
ഓര്‍ക്കുട്ട് സ്ക്രാപ്പു ഭയം, കമന്റെഴുതുകില്‍ ലേബല്‍ ഭയം, കൈരളീ-
പോസ്റ്റില്‍ വിശ്വമുമേഷ്‌ഭയങ്ങ, ളഭയം ബ്ലോഗര്‍ക്കു കിട്ടാ ദൃഢം!

(രണ്ടാം വരി “മീറ്റിങ്കല്‍ സെമിനാര്‍ ഭയം,…” എന്നും, മൂന്നാം വരി “ചാറ്റില്‍ ബാച്ചിലര്‍മാര്‍ ഭയം,…” എന്നുമാണു് ആദ്യം എഴുതിയതു്. ബാക്കിയുള്ളവ വൃത്തത്തിലൊതുങ്ങിയില്ല. ശാര്‍ദ്ദൂലവിക്രീഡിതത്തിനു വലിപ്പം പോരാ എന്നു തോന്നിയ സന്ദര്‍ഭം :) )

Track bugs, feature requests and team-member tasks using OnTime 2006. Whether you do ad-hoc, agile, MSF, scrum or extreme development, OnTime can help you ship software on-time! 100% .NET with SQL Server Backend. Available in 3 flavors: Windows, Web or VS.NET 2003/2005 Integrated App. Free single user installations! $495 for 5-User Teams, $995 for 10-User Teams.

Download a Free Single-User Version Now!
($200 Value - Never Expires!)

posted by സ്വാര്‍ത്ഥന്‍ at 2:01 PM

0 Comments:

Post a Comment

<< Home