Gurukulam | ഗുരുകുലം - കൂപമണ്ഡൂകം
URL:http://malayalam.usvishakh.net/blog/archives/225 | Published: 11/3/2006 8:29 PM |
Author: ഉമേഷ് | Umesh |
നീലകണ്ഠദീക്ഷിതരുടെ അന്യാപദേശശതകം എന്ന കാവ്യത്തിലുള്ളതാണു് ഈ ശ്ലോകം.
കാ ദ്യൌ കിം ബലിസത്മ കാ വസുമതീ സ്യാത് സര്‍വ്വമേതദ്യദി
പ്രത്യക്ഷം ന ഭവേത് കദാചിദപി കിം തേ സര്‍വ്വസന്ദര്‍ശിനഃ
ഭ്രാമ്യന്തു പ്രലപന്തു നാമ, വിദിതം മണ്ഡൂക, സമ്യക് ത്വയാ
മുക്ത്വേമം പരമം കകൂപമിതരത് കിം നാമ സംഭാവ്യതേ
അര്‍ത്ഥം:
ദ്യൌ കാ? | : | സ്വര്‍ഗ്ഗം എന്താണു്? |
കിം ബലിസത്മ കിം? | : | പാതാളം എന്താണു്? |
വസുമതീ കാ സ്യാത്? | : | ഭൂമി എന്നു പറയുന്നതു് എന്താണു്? |
സര്‍വ്വസന്ദര്‍ശിനഃ തേ കദാചിത് അപി | : | എല്ലാം അറിയുകയും മനസ്സിലാക്കുകയും ചെയ്യുന്ന നിനക്കു് |
യദി ഏതത് സര്‍വ്വം | : | ഈ പറയുന്നതൊക്കെ |
പ്രത്യക്ഷം കിം ന ഭവേത്? | : | എന്തു കൊണ്ടു മനസ്സിലാകുന്നില്ല? |
(ലോകാഃ) ഭ്രാമ്യന്തു, പ്രലപന്തു നാമ | : | (ആളുകള്‍) നടന്നു് എന്തെങ്കിലും പറഞ്ഞുകൊള്ളട്ടേ |
മണ്ഡൂക | : | എടോ തവളേ, |
ത്വയാ സമ്യക് വിദിതം | : | നിനക്കു നന്നായി അറിയാവുന്ന |
ഇമം പരമം കകൂപം മുക്ത്വാ | : | ഈ പൊട്ടക്കിണറല്ലാതെ |
ഇതരത് കിം സംഭാവ്യതേ നാമ? | : | വേറേ എന്തെങ്കിലും ഉണ്ടാവുമോ? |
താന്‍ അറിയുന്നതും ഇഷ്ടപ്പെടുന്നതും മാത്രമേ ലോകമുള്ളൂ എന്നു കരുതുന്ന മൂഢന്മാരെ പരിഹസിക്കുന്ന ഒരു ശ്ലോകമാണിതു്. ഇതു മറ്റു പലയിടത്തും കാണുന്ന ഒരു ആശയമാണു്. ഈ ആശയത്തെ പിന്നീടു് സ്വാമി വിവേകാനന്ദന്‍ ഒരു ഷിക്കാഗോ പ്രസംഗത്തില്‍ ഉപയോഗിച്ചിട്ടുണ്ടു്. ഓരോ മതത്തിലുമുള്ളവന്‍ അവനവന്റേതു മാത്രം ശരി എന്നു പറയുന്നതിനെപ്പറ്റി.
വാച്യത്തെക്കാള്‍ വ്യംഗ്യം മുഴച്ചുനില്‍ക്കുന്നു ഇതില്‍. തവള ഇതില്‍ ഒരു വിഷയമേ അല്ല; തന്റെ ലോകം വലുതെന്നു കരുതുകയും തനിക്കു മനസ്സിലാകാത്തതിനെ പുച്ഛിക്കുകയും ചെയ്യുന്ന ഒരുവന്റെ ചിത്രമാണു് ഇതു വായിക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ വരുന്നതു്.
ആരെപ്പറ്റിയാണു പറയുന്നതു് എന്നു നേരേ പറയാതെ ഇങ്ങനെ വ്യംഗ്യമായി, എന്നാല്‍ എല്ലാവര്‍ക്കും മനസ്സിലാകുന്ന വിധത്തില്‍ പറയുന്നതിനെ സംസ്കൃതത്തില്‍ അന്യാപദേശം എന്നാണു പറയുന്നതു്. ഈ അലങ്കാരത്തെപ്പറ്റിയും അന്യാപദേശശതകം എന്ന പുസ്തകത്തെപ്പറ്റിയും (ഈ ശ്ലോകവും അതില്‍ നിന്നുള്ളതാണു്) ഞാന്‍ തേളും ബ്ലോഗറും എന്ന പോസ്റ്റില്‍ വിശദമായി പറഞ്ഞിട്ടുണ്ടു്.
ശാര്‍ദ്ദൂലവിക്രീഡിതത്തിലുള്ള ഈ ശ്ലോകത്തിനു കുസുമമഞ്ജരിയില്‍ കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്റെ പരിഭാഷ:
നാകമേതു? ഫണിലോകമേതു? നരലോകമേതിവ ഭവിക്കിലി–
ന്നാകണം സകലദര്‍ശിയാം തവ വിലോകനത്തിനിതു ഗോചരം
ലോകമുള്‍ഭ്രമമിയന്നു വല്ലതുമുരച്ചിടട്ടെ, മതിമാന്‍ ഭവാന്‍
ഭേകമേ, കിണറിതൊന്നൊഴിഞ്ഞു പുനരന്യമെന്തിഹ ഭവിച്ചിടാം?
ഈ പരിഭാഷ അത്ര നന്നായിട്ടില്ല. ബ്ലോഗര്‍ പരിഭാഷപ്പുലികളാരെങ്കിലും ഒന്നു ശ്രമിക്കുമോ?
0 Comments:
Post a Comment
<< Home