Monday, November 06, 2006

തുളസി - മലയാളം കമ്പ്യൂട്ടിങ് എവിടെയെത്തി?

e.jpgമലയാളത്തിലെ ചില്ലുപ്രശ്നം എന്നത്തേയ്ക്കുമായി പരിഹരിച്ചിരിക്കുന്നു എന്നു പറയാം. പക്ഷേ ഞങ്ങള്‍ (ഞാന്‍, സിബു, പെരി അങ്ങനെ പലരും) അതു നടപ്പിലാക്കാന്‍ അടുത്ത യുണീക്കോഡ് വേര്‍ഷന്‍ പ്രസിദ്ധീകരിയ്ക്കുന്നതു് വരെ കാക്കുകയാണു്, കാരണം, കഴിഞ്ഞ പ്രാവശ്യം ചില്ലുകള്‍ക്കു പുതിയ കോഡുകള്‍ ഏര്‍പ്പെടുത്തിയതിനേറ്റ തിരിച്ചടി മൂലം ഉണ്ടായ കൊളാബ്രിക്കേഷനുകള്‍ ഇനിയും വേണ്ടെന്നു കരുതിയാണു്. ചുരുക്കി പറഞ്ഞാല്‍ ചില്ലിനെ സംബന്ധിച്ചു് ഇനി യാതൊരു പ്രശ്നങ്ങളുമില്ല. ഇപ്പോള്‍ നടപ്പിലിരിക്കുന്ന ചില്ലടിക്കുന്ന രീതി മാറും, പുതിയ യുണീക്കോഡ് രീതി അവലംബിക്കുമ്പോള്‍. പക്ഷേ അതു് സാധാരണ ഉപയോക്താവിനെ സംബന്ധിക്കുന്ന പ്രശ്നമല്ല. ഞങ്ങള്‍ ഇടക്കാലത്തു് വച്ചു് ചില്ലിനു പുതിയ കോഡു കൊടുത്തതു് ഓര്‍ക്കുന്നുണ്ടാവും, ആ കോഡുകള്‍ തിരിച്ചു വരും. എവിടെയും എങ്ങിനെയും ചില്ലുകള്‍ നല്ല മര്യാദക്കാരായി തന്നെ ഇനി വാഴും.

a.jpgഇതുകൂടാതെ ഇനിയൊരു പ്രശ്നം ബാക്കി നില്ക്കുന്നതു്, രേഫത്തെ സംബന്ധിച്ചാണു്. അതിനു കോഡ് വേണമെന്നു് സിബുവും മറ്റും വാദിക്കുമ്പോള്‍ വേണ്ടെന്നാണു് എന്റെ നിലപാടു്. ഇതുവരെ തീരുമാനം ആയിട്ടില്ല. പക്ഷേ ഇതും മലയാളം കമ്പ്യൂട്ടിങ്ങിനെ കാര്യമായി ബാധിക്കുന്ന പ്രശ്നമല്ല.

പിന്നെ കൊള്ളേഷന്‍, ഒന്നുകൂടി മിനുക്കാനുണ്ടെന്നു മാത്രം.

മലയാളം കമ്പ്യൂട്ടിങ്ങിനു് യുണീക്കോഡ് സര്‍വ്വതന്ത്രപരമായി ഒരുങ്ങിക്കഴിഞ്ഞു എന്നു പറയാം. ഇനി വേണ്ടതു് പബ്ലിഷിങ് സോഫ്റ്റവെയറുകള്‍ യുണീക്കോഡ് ഇംപ്ലിമെന്റ് ചെയ്യുകയാണു്. അഡോബിയുടെ മിക്ക സോഫ്റ്റുവെയറുകളും യുണീക്കോഡിനെ പൂര്‍ണ്ണമായി നടപ്പില്‍ വരുത്തിയിട്ടില്ല. ഉദാഃ അക്രോബാറ്റ്, ഫോട്ടോഷോപ്പ്, തുടങ്ങിയവ. കൂടാതെ ലിനക്സ് റെന്‍ഡറിങ് എഞ്ചിനുകളും(പാങ്കോ മുതലായവ) ഫോണ്ടുകളും കുറച്ചു പിന്നാക്കമാണു്. മൈക്രൊസോഫ്റ്റിന്റെ റെന്‍ഡറിങ്ങും സമ്പൂര്‍ണ്ണമായി എന്നു പറഞ്ഞുകൂടാ. പിന്നെ നല്ല പ്രൊഫഷണല്‍ ഫോണ്ടുകളുടെ ലഭ്യത. ഇതെല്ലാം ചുരുങ്ങിയ കാലം കൊണ്ടു് തന്നെ നീങ്ങിപോകുന്ന പ്രശ്നങ്ങളാണു്.

ഇതിലും വലിയ വേറൊരു പ്രശ്നം‍ മലയാളം കമ്പ്യൂട്ടിങ് നേരിടുന്നുണ്ടു്. മലയാളത്തോടു് ആഭിമുഖ്യമില്ലത്ത മലയാളിജനത. ആ പ്രശ്നവും പതുക്കെ, വളരെ പതുക്കെ മാറുന്നുണ്ടെന്നാണു് എന്റെ വിശ്വാസം. അതിനു വേണ്ടി നമുക്കു പ്രയത്നിക്കാം.

posted by സ്വാര്‍ത്ഥന്‍ at 12:03 PM

0 Comments:

Post a Comment

<< Home