Thursday, November 09, 2006

Suryagayatri സൂര്യഗായത്രി - ജീവിതം ഒരു ഭാഗ്യം

അന്നും പതിവുപോലെ ആകാശം മുകളിലും, ഭൂമി താഴേയും, നമ്മളൊക്കെ നടുവിലും ആയിരുന്നു. സൂര്യന്‍ പടിഞ്ഞാറു തന്നെ അസ്തമിക്കും എന്ന് ഉറപ്പ്‌ വരുത്തിയിട്ടാണ്‌ ഞങ്ങള്‍ ഇറങ്ങിയത്‌. അന്ന് ഒരു ബൈക്കായിരുന്നു ഞങ്ങള്‍ക്ക്‌ ഉള്ളത്‌. എല്ലാ ഭര്‍ത്താക്കന്മാരേയും പോലെ, മാറ്റാന്‍ പറ്റുന്നതല്ലേ മാറ്റാന്‍ പറ്റൂ എന്നതില്‍ നിരാശപൂണ്ടാണ്‌‍ ബൈക്ക്‌ മാറ്റി ഇപ്പോഴുള്ള സ്കൂട്ടര്‍ വാങ്ങിയത്‌.

അങ്ങനെ അന്നത്തെ ദിവസം ബൈക്കില്‍ കയറി. പുറകില്‍ കയറ്റിവെച്ചിരിക്കുന്നത്‌, ഭാരമല്ലെന്നും, ഭാര്യയാണെന്നും ഓര്‍മ്മപ്പെടുത്താന്‍ വേണ്ടി, ഞാന്‍ പതിവുപോലെ മൂളിപ്പാട്ടും, ലോകകാര്യങ്ങളും ഒക്കെ പറയുന്നുണ്ട്‌. ചേട്ടന്‍ ഒന്നും കേട്ടില്ലെങ്കിലും, വഴിയില്‍ ഇരിക്കുന്നവരൊക്കെ, ബൈക്കിലിരിക്കുമ്പോഴെങ്കിലും, ഇത്തിരി സ്വൈരം കൊടുത്തുകൂടെ എന്ന മട്ടില്‍ നോക്കും.

എന്താണ് സംഭവിക്കുന്നതെന്നറിയുന്നതിനുമുമ്പ്‌ സംഭവിച്ചു എന്നൊക്കെ പത്രത്തില്‍ വായിക്കുമ്പോള്‍ ഞാന്‍ വിചാരിക്കാറുണ്ട്‌, ‘പുളുവടിക്കുന്നു. അറിയാതെയങ്ങ്‌ ഓരോന്ന് സംഭവിക്കുകയല്ലേ’ എന്ന്. പക്ഷെ, ഓരോ കാര്യവും അനുഭവത്തില്‍ വരുമ്പോഴേ പഠിക്കൂ, എന്ന് അനുഭവിച്ചറിഞ്ഞാലേ പഠിക്കൂ.

അങ്ങനെ, എന്താണ്‌ സംഭവിച്ചത്‌ എന്നറിയുന്നതിനുമുമ്പ്‌, കത്തിനൊട്ടിച്ച സ്റ്റാമ്പ്‌ പോലെ ചേട്ടനെ ഒട്ടിപ്പിടിച്ചിരുന്ന ഞാന്‍, നീണ്ട്‌ നിവര്‍ന്ന് കിടക്കുന്ന നാഷനല്‍ ഹൈവേയിലേക്ക്‌ പകിട എറിയുന്ന പോലെ എടുത്തെറിയപ്പെട്ടു. കാസര്‍കോട്‌ മുതല്‍ കന്യാകുമാരി വരെയുള്ള സകല ദൈവങ്ങളേയും വിളിച്ച്‌, വേളാങ്കണ്ണിയിലേക്കും, തിരുപ്പതിയിലേക്കും, പഴനിയിലേക്കും, ഉള്ള വിളിക്ക്‌ കറങ്ങിക്കൊണ്ടിരിക്കുന്ന മനസ്സിന്റെ പിന്നിലേക്ക്‌, ഒരു അംബാസിഡര്‍ കാറിന്റെ ചക്രം കറങ്ങി. സിനിമയില്‍പ്പോലും ഇത്രേം കൃത്യമായിട്ട്‌, ആരും ബ്രേക്കിട്ട്‌ കാണില്ല. പിറ്റേന്നത്തെ പത്രത്തിന്റെ ആദ്യപേജും, ഷാരൂഖിന്റേയും, മോഹന്‍ലാലിന്റേയും, വരാനിരിക്കുന്ന റിലീസുകളും, തിളങ്ങുന്ന ഇന്ത്യയുമൊക്കെ എന്റെ മനസ്സിലൂടെ മില്‍ഖാസിങ്ങിനെപ്പോലെ ഓടി.



എന്തായാലും, ദൈവം കാറിന്റെ സ്റ്റിയറിങ്ങ്‌ വീലിനു പിന്നിലുള്ളവരുടെ കൂടെയാണെന്ന് എനിക്ക്‌ ബോധ്യപ്പെട്ടു. അല്ലെങ്കില്‍ ട്രാക്ടര്‍ കയറിയ പുല്ലുപോലെ ഇരിക്കേണ്ട ഞാന്‍, ദൈവത്തെ സ്ഥിരമായി കണ്ടുകൊണ്ടിരിക്കേണ്ട ഞാന്‍, ദൈവത്തെ ഓര്‍ത്ത്‌ കഴിയാന്‍ വിധിക്കപ്പെടില്ലായിരുന്നു. ദൈവം എന്നും നിങ്ങളോട്‌ കൂടെയുണ്ടാകട്ടെ എന്ന് മറ്റുള്ളവരോട്‌ പറയുന്നതിന്റെ അര്‍ഥവും എനിക്ക്‌ മനസ്സിലായി.

കാല്‍മുട്ടില്‍ നിന്ന് കുറച്ച്‌ പെയിന്റ്‌ പോയതല്ലാതെ എനിക്കൊന്നും സംഭവിച്ചില്ല. അക്കാലത്ത്‌ ഞാന്‍ വാഹനങ്ങളുടെ പുകക്കുഴലിനടുത്ത്‌ നിന്നാല്‍ പറന്നു പോകുന്നത്ര വലുപ്പത്തിലേ ഉണ്ടായിരുന്നുള്ളൂ.


കിടന്ന കിടപ്പില്‍ത്തന്നെ ചേട്ടനെ നോക്കി. നായിക, നായകനെ നോക്കുമ്പോലെ നോക്കണം എന്നുണ്ടായിരുന്നു. പക്ഷെ പുരപ്പുറത്ത്‌ നിന്ന് വീണ പൂച്ചയുടെ നോട്ടത്തില്‍ അഡ്ജസ്റ്റ്‌ ചെയ്യാനേ കഴിഞ്ഞുള്ളൂ. ചേട്ടന്‍ വന്ന് കൈപിടിച്ചതും ഞാന്‍ ഒറ്റക്കരച്ചില്‍. നാഷനല്‍ ഹൈവേ, ചീറിപ്പായുന്ന ബസുകള്‍, ലോറികള്‍, മറ്റു വാഹങ്ങള്‍, ഞങ്ങളെ കൂടി നില്‍ക്കുന്ന ജനങ്ങള്‍. ഇതിനിടയ്ക്ക്‌ എന്തിനു കരഞ്ഞു എന്ന് ചോദിക്കരുത്‌. രക്ഷപ്പെട്ടില്ലെങ്കില്‍, ഞാന്‍ എങ്ങനെ കരയുമായിരുന്നു എന്ന് ഓര്‍ത്ത്‌ കരഞ്ഞതായിരിക്കും, അവസരം പാഴാക്കാതെ.

അടുത്തുള്ള ഒരു ഹോസ്പിറ്റലില്‍ പോയി. മരുന്നും, ഇഞ്ചക്‍ഷനും ഒക്കെ ഒപ്പിച്ചു.

സംഭവിച്ചത്‌ എന്താണെന്ന് വെച്ചാല്‍, ഞങ്ങള്‍ക്ക്‌ കുറച്ച്‌ മുന്നില്‍ പോയ്ക്കൊണ്ടിരുന്ന ബസ്‌, നിര്‍ത്തുകയും, അതില്‍ നിന്നൊരു പയ്യന്‍, ഓപ്പറേഷനു പോകുന്ന പട്ടാളക്കാരനെപ്പോലെ, റോഡ്‌ ക്രോസ്സ്‌ ചെയ്ത്‌ മുന്നോട്ട്‌ ചീറിപ്പാഞ്ഞതും, ചേട്ടന്‍, അവനെ തട്ടി, മുട്ടി എന്നായപ്പോള്‍, ബൈക്ക്‌ കൊണ്ട്‌ സര്‍ക്കസ്‌ കളിച്ചതും, സ്പീഡില്‍ ആയതിനാല്‍, ഞാന്‍ തെറിച്ച്‌ പോയതും ആണ്‌‍.

ഇന്നും ഇടയ്ക്ക്‌ എന്റെ മനസ്സില്‍ ആ അംബാസിഡര്‍ കാര്‍ ബ്രേക്കിടുന്നത്‌ കേള്‍ക്കാറുണ്ട്‌. അതെന്തായാലും നന്നായി. പത്രത്തില്‍ ഒന്നാം ചരമവാര്‍ഷികം, രണ്ടാം ചരമവാര്‍ഷികം എന്നൊക്കെ കണ്ടാല്‍ എന്റെ ഫോട്ടോയിലേക്ക്‌ ഒന്ന് നോക്കുകപോലും ചെയ്യാതെ, സിനിമാക്കോളത്തിലേക്കും, കായികലോകത്തേക്കും പോകുന്ന നിങ്ങളെ എന്റെ ബ്ലോഗ്‌ കൊണ്ട്‌ ബോറടിപ്പിക്കാന്‍ സാധിച്ചല്ലോ. ഹി ഹി ഹി.

ഇത്‌ വായിച്ചു കഴിയുമ്പോള്‍ നിങ്ങളുടെ മനസ്സില്‍ ഉള്ളത്‌ എനിക്കറിയാലോ. "പാവം ചേട്ടന്‍. ആരാടാ, ആ കാറിന്റെ ബ്രേക്ക്‌ ഇത്ര കാര്യമായിട്ട്‌ നിര്‍മ്മിച്ചത്‌? " എന്നല്ലേ? ;)

(ഇത്‌
ധീം തരികിട തോം എന്നതിനും മുമ്പ്‌ സഭവിച്ചതായിരുന്നു)

posted by സ്വാര്‍ത്ഥന്‍ at 10:27 PM

0 Comments:

Post a Comment

<< Home