Thursday, November 09, 2006

::വാക്ക്‌ | VAKKU:: - വാഴ്‌ത്തപ്പെട്ട സഖാവ്‌ വല്യപ്പന്‍

കു ന്നേല്‍ മത്തായിച്ചന്‍ എന്ന എന്റെ വല്യപ്പന്‍, പുള്ളിക്കാരന്റെ സ്വന്തം ശവമടക്കിനാണ്‌ ആദ്യമായും അവസാനമായും പള്ളിയില്‍ പോയത്‌. കാര്യമങ്ങനെയാണെങ്കിലും ഞങ്ങളുടെ പള്ളിയില്‍ രൂപക്കൂട്ടിലിരിക്കുന്ന പല പുണ്യാളന്മാരേക്കാളും നേര്‌ ആ ജീവിതത്തിനുണ്ടായിരുന്നു എന്നപക്ഷക്കാരനാണ്‌ കൊച്ചുമകനായ ഞാന്‍.
യേശു ചെയ്ത ഏറ്റവും വലിയ അത്ഭുതം തനിക്കു വിശന്നപ്പോള്‍ ഭക്ഷണമുണ്ടാക്കി കഴിക്കാതിരുന്നതാണെന്ന് കെ പി അപ്പനേക്കാളും മുന്നേ എനിക്കു പറഞ്ഞു തന്നതും ഈ പള്ളിവിരോധിതന്നെ.

പിടിപ്പതു പണിയൊന്നും ചെയ്തുകൂടാത്ത ഞായറാഴ്ചകളില്‍ കുന്നേല്‍ മത്തായിച്ചന്‍ എന്തു ചെയ്യുകയായിരുന്നു എന്ന് ചരിത്രമറിയാത്ത, എനിക്കു ശേഷമുള്ള തലമുറ ചോദിച്ചേക്കാം. അവര്‍ക്കു നല്‍കാന്‍ ഏറ്റവും ചെറിയ ഉത്തരം ആ നേരങ്ങളില്‍ ഭൂമിയില്‍ സ്വര്‍ഗ്ഗം പണിയാനായി അങ്ങോര്‍ അത്യധ്വാനം ചെയ്യുകയായിരുന്നു എന്നതാണ്‌.

ചെളിപുരണ്ടു കനംവച്ചാലും കഴുത്തില്‍ നിന്ന് വെന്തിങ്ങ ഊരിമാറ്റാത്ത സത്യക്രിസ്ത്യാനികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഞങ്ങളുടെ കരയില്‍, കയ്യില്‍ അരിവാളും നെല്‍ക്കതിരുമായി നെഞ്ചുവിരിച്ചു നടന്ന മത്തായിച്ചന്‍, ആളൊരു ദിനേശനായിരുന്നു എന്നു മാത്രം ചരിത്രകാരനായ ഈ കൊച്ചുമകന്‍ സാക്ഷ്യപ്പെടുത്താം.

റോമില്‍പ്പോയി കമ്മ്യൂണിസം പ്രസംഗിക്കാന്‍ മാര്‍ക്സുപോലും ധൈര്യം കാണിക്കുമായിരുന്നില്ല. അപ്പോഴാണ്‌ പകല്‍വിശുദ്ധന്മാരുടെ ഇടയില്‍ സമത്വവും സ്വാതന്ത്ര്യവും സോഷ്യലിസവും എങ്ങനെ പരത്താം എന്നാലോചിച്ച്‌ മത്തായിച്ചന്‍ ജീവിതം പാഴാക്കിയത്‌. സ്വന്തം മക്കളെപ്പോലും കമ്മ്യൂണിസ്റ്റുകാരാക്കാന്‍ പറ്റാത്ത ആ മനുഷ്യന്‍ ഇപ്പോല്‍ സ്വര്‍ഗ്ഗ രാജ്യത്തില്‍, മാര്‍ക്സിനൊപ്പം തമ്പുരാന്റെ വലത്തുഭാഗത്തുണ്ടായിരിക്കട്ടെ എന്നാണെന്റെ പ്രാര്‍ഥന.

പള്ളീല്‍ കേറാത്ത വല്യപ്പന്‍ എങ്ങനെ സ്വര്‍ഗ്ഗത്തിക്കേറും എന്നൊരു സംശയവും ചരിത്രബോധമില്ലാത്ത പിന്‍തലമുറയിലേതെങ്കിലുമൊരുത്തന്‍ ചോദിക്കാന്‍ സാധ്യതയുണ്ട്‌. മാര്‍ക്സിന്റെ കാര്യത്തില്‍ എനിക്കത്ര നിശ്ചയം പോരാ. നല്ലമനുഷ്യനായിരുന്നു എന്നാരൊക്കെയോ പറഞ്ഞു തന്നിട്ടുള്ളതുകൊണ്ട്‌ വെറുതേ പ്രാര്‍ഥിച്ചെന്നു മാത്രം. പക്ഷേ വല്യപ്പന്‍ സ്വര്‍ഗ്ഗത്തില്‍ കേറുമെന്ന കാര്യത്തില്‍ എനിക്കു സംശയങ്ങളൊന്നുമില്ല.

കേറാന്‍ ചെല്ലുമ്പോ ആരെങ്കിലും തടഞ്ഞാല്‍ അവിടൊരു ഒക്ടോബര്‍ വിപ്ലവമോ ഒളിപ്പോരോ നടത്താനുള്ള മരുന്ന് അങ്ങോരുടെ കയ്യിലുണ്ടാകുമെന്നതു വേറേകാര്യം. കയ്ക്കരുത്തു കാട്ടി സ്വര്‍ഗ്ഗത്തില്‍ക്കേറിക്കളയും എന്നല്ല ഈ ചരിത്രകാരന്‍ ഉദ്ദേശിക്കുന്നത്‌.( അര്‍ഹതയില്ലാത്തിടത്ത്‌ ഇടിച്ചു കയറാന്‍ വിപ്ലവം ദുരുപയോഗപ്പെടുത്തരുത്‌ എന്നൊരു പ്രമാണം മത്തായിച്ചന്റെ സിദ്ധാന്തപ്പുസ്തകത്തിലുണ്ടായിരുന്നു താനും.) മറിച്ച്‌ വല്യപ്പന്റെ വീരകൃത്യങ്ങളൊക്കെ അകലെമാറിനിന്നു നോക്കിക്കാണുന്നതിനിടയില്‍, അങ്ങോര്‍ ഒരിക്കല്‍ ദൈവവുമായി നേരിട്ടു സംസാരിക്കുന്നതു കണ്ടു എന്ന് രേഖപ്പെടുത്തുകയാണിവിടെ.

സംസാരം എന്നൊക്കെപ്പറഞ്ഞാല്‍ ചരിത്രത്തില്‍ വെള്ളം കലരും. അതുകൊണ്ട്‌ ആ സംഭാഷണത്തെ ആര്‍ത്തനാദം, നിലവിളി തുടങ്ങിയവയോ, അതിനോടു ചേര്‍ന്നുനില്‍ക്കുന്നതോ ആയ പദങ്ങളോ ഉപയോഗിച്ചുവേണം രേഖപ്പെടുത്തുവാന്‍. ചങ്കിന്റെ അടിത്തട്ടീന്നുള്ള വിളി എന്നൊരര്‍ഥം തീര്‍ച്ചയായുമുണ്ടാകണം.

സംഭവമിങ്ങനെയാണ്‌. നാട്ടുകാരുടെ പരാതിപരിഹാരക്രിയകള്‍, സങ്കട ഹര്‍ജി പരിഗണിക്കല്‍, അല്‍പസ്വല്‍പ്പം അടിപടി(ഗറില്ലാ യുദ്ധം) എന്നിങ്ങനെ പാര്‍ട്ടി ഏല്‍പ്പിച്ച ഭാരിച്ച ചുമതലകള്‍ സ്തുത്യര്‍ഹമായി നിറവേറ്റുന്നതിനിടയില്‍, വല്ലപ്പോഴും ഇത്തിരി നേരം കിട്ടിയാല്‍ മത്തായിച്ചന്‍ ഒളിവുജീവിതത്തിലേക്ക്‌ ഊളയിടും. കുടുംബത്തില്‍ നിന്നും അല്‍പ്പമകലെ താമസിക്കുന്ന മൂത്ത മകന്റെ പുരയിടത്തിലേക്കായിരിക്കും ആ മുങ്ങല്‍.

അങ്ങനെയൊരു നട്ടുച്ചനേരത്ത്‌ ഒളിത്താവളത്തിലെത്തുമ്പോഴാണ്‌ മൂത്ത മരുമകളുടെ (അതായത്‌ എന്റെ അമ്മയുടെ) കഷ്ടപ്പാടുകള്‍ മത്തായിച്ചന്റെ കണ്ണില്‍പ്പെടുന്നത്‌. അധ്വാനിക്കുന്നവരുടെ തോളോടുചേര്‍ന്നുനിന്നുമാത്രം ശീലമുള്ള സഖാവ്‌ , തന്റെ മനസിന്റെ പാര്‍ട്ടിപരിപാടിയില്‍ എന്തൊക്കെയോ എഴുതിച്ചേര്‍ത്തു.

പിറ്റേന്ന് ഉച്ചവെയിലാറിയ നേരത്ത്‌ തന്റെ 'ഒളിത്താവളം തീസിസ്‌' നടപ്പാക്കാന്‍ വല്യപ്പന്‍ വിണ്ടും ഞങ്ങളുടെ വീട്ടിലെത്തി. കഷ്ടപ്പാടിന്റെ വേദപുസ്തകം ഒറ്റയ്ക്കുവായിക്കുന്ന മരുമകളെ ഒരുകൈ സഹായിക്കുക എന്നൊരു ഹ്രസ്വകാല പദ്ധതി മാത്രമേ ആ വരവിലുണ്ടായിരുന്നുള്ളു. വന്നതും മരുമകളുടെ കയ്യില്‍നിന്നും അല്‍പ്പം മോരുംവെള്ളം വാങ്ങിക്കുടിച്ച്‌ വല്യപ്പന്‍ പശുത്തൊഴുത്തിലേക്കു നടന്നു.

മക്കളെ മേയിച്ചു മടുത്ത മരുമകള്‍, പശുവിനെ വരുതിയിലാക്കാന്‍ പെടാപ്പാടുപെടുന്നതു കണ്ടതാണ്‌ അങ്ങോരുടെ മനസില്‍ ഇങ്ങനെയൊരു തീസിസ്‌ രൂപംകൊള്ളാനുണ്ടായ പ്രധാന പ്രചോദനം.

തൊഴുത്തില്‍നിന്നും പശുവിനെയുംകൂട്ടി സഖാവു വല്യപ്പന്‍ പുരയിടത്തിലെ കളകള്‍ വെട്ടിനിരത്താനിറങ്ങി. അധ്വാനം അല്‍പ്പമൊന്നടങ്ങിയ ആശ്വാസത്തില്‍ വരാന്തയിലെത്തിയ എന്റെ അമ്മ, ദീപികപ്പത്രം വായിക്കാനെടുത്തു. ചരമപ്പേജ്‌ തപ്പിയെടുത്തുവന്നതും പുരയിടത്തില്‍ നിന്നും ഒരു നിലവിളികേട്ടു.

ഏതാണ്ട്‌ ഇതേ സമയത്താണ്‌ നേരത്തേവിട്ട സ്ക്കൂളില്‍നിന്നും ഞാനുമവിടെയെത്തിയത്‌. വീട്ടിലേക്കു കയറവേ ആദ്യം കേട്ടത്‌ ആ നിലവിളിയാണ്‌. അമ്മയുടെ കൈപിടിച്ച്‌ പറമ്പിലേക്കോടി. അവിടെക്കണ്ടകാഴ്ച ഞങ്ങളുടെ ചങ്കിലേക്ക്‌ തീകോരിയിട്ടു. ലാത്തിച്ചാര്‍ജിനിടയിലെ‍ പോലീസുകാരനെപ്പോലെ, നമ്മുടെ പശു, ആ ധീരസഖാവിനെ കുത്തിനിലത്തിട്ട്‌ വിറളിപിടിച്ചുനില്‍ക്കുന്നു.

വിപ്ലവ വീര്യം ആവുന്നത്ര പുറത്തെടുത്ത്‌ മത്തായിച്ചന്‍ പശുവിന്റെ നാലുകാലിലും പിടിച്ച്‌ ജീവന്മരണപോരാട്ടത്തിലാണ്‌. മര്‍ദ്ദനമേറ്റു തളര്‍ന്ന അനേകം ധീരസഖാക്കന്മാരേപ്പോലെ വല്യപ്പ്ന്റെ കൈകളിലൊന്ന് ബലഹീനമായി. കാളക്കൂറ്റനേക്കാള്‍ വീറുള്ള പശു സ്വതന്ത്രമായിക്കിട്ടിയ കാല്‌ വല്യപ്പന്റെ നെഞ്ചുലക്ഷ്യമാക്കി വീശി.

ഞാനും അമ്മയും കണ്ണടച്ചു. ആ നിമിഷം‍ സോവ്യറ്റ് യൂണിയനില്‍പ്പോലുമെത്തുന്ന സ്വരത്തില്‍ ''എന്റെ ദൈവമേ...'' എന്നൊരു നിലവിളി ഞാന്‍ കേട്ടു. കണ്ണുതുറന്നു നോക്കിയതും പശുവിന്റെ മൂക്കുകയറില്‍പ്പിടിച്ച്‌ വല്യപ്പന്‍ നടന്നുവരുന്നു.

ഒറ്റശ്വാസത്തിലൊരു ദൈവത്തിനു സ്തോത്രം പാടിയശേഷം ഞാന്‍, അവിശ്വസനീയതയോടെ സഖാവു വല്യപ്പന്റെ മുഖത്തേക്കു നോക്കി.

ആ വിപ്ലവപ്പോരാട്ടത്തിനിടയില്‍ ആരാവും ദൈവത്തെ വിളിച്ചത്‌. സഖാവു കുന്നേല്‍ മത്തായി എന്ന എന്റെ വല്യപ്പനോ അതോ പശുവോ ??.

എന്റെ അമ്മയൊഴികെ ആരുടെയടുത്തും മൂത്തപിശാചിന്റെ രൂപമിറക്കുന്ന, ആ പശുവാകാന്‍ തീരെസാധ്യതയില്ല. അപ്പോള്‍പ്പിന്നെ....?.

രംഗബോധമുള്ള ചരിത്രകാരനായതിനാലും തലയ്ക്കുവെളിവില്ലാത്ത ചാനല്‍ റിപ്പോര്‍ട്ടര്‍ അല്ലാത്തതിനാലും ഞാന്‍ ആ ചോദ്യം വല്യപ്പനോടു ചോദിച്ചില്ല. ഒരിക്കലും.

ഈ ചരിത്ര രചനപൂര്‍ത്തിയാക്കുമ്പോള്‍ ധൈര്യത്തോടെ ഞാന്‍ പ്രര്‍ത്ഥിക്കട്ടെ:
''സഖാവു വല്യപ്പാ, സ്വര്‍ഗ്ഗ രാജ്യത്തില്‍ എന്നെയും ഓര്‍ക്കണമേ.''

Track bugs, feature requests and team-member tasks using OnTime 2006. OnTime helps thousands of software development teams manage and enforce their development processes. Whether you do ad-hoc, agile, MSF, scrum or extreme development, OnTime can help you ship software on-time! Available in 3 flavors: Windows, Web or VS.NET 2003/2005 Integrated App. Winner of the 2006 ASP.NET Pro Readers Choice Award. Free single user installations!

Download a Free Single-User Version Now!
($200 Value - Never Expires!)

posted by സ്വാര്‍ത്ഥന്‍ at 11:48 PM

0 Comments:

Post a Comment

<< Home