Monday, November 06, 2006

കൊടകര പുരാണം - പൊരുത്തലട

URL:http://kodakarapuranams.blogsp...g-post_116278761585793744.htmlPublished: 11/6/2006 10:00 AM
 Author: വിശാല മനസ്കന്‍
കേരളത്തില്‍ അതിപ്രശസ്തമായ രണ്ടു വിക്ടോറിയ കോളേജുകളാണുള്ളത്‌.

ഒന്ന് പാലക്കാട്ടേ, ഗവണ്‍മന്റ്‌ വിക്ടോറിയ കോളേജ്‌. പിന്നെയൊന്ന് ശ്രീ. കോമ്പാറ കൊച്ചുണ്ണ്യേട്ടന്റെ മരുമോന്‍ പണിത ധനലക്ഷ്മി ബാങ്കിരിക്കുന്ന രണ്ടുനില ബില്‍ഡിങ്ങിന്റെ ഓപ്പണ്‍ ടെറസില്‍ ഓലമേഞ്ഞുണ്ടാക്കിയ വിക്ടോറിയ കോളേജ്‌, കൊടകര.

പാരലല്‍ കോളേജുകളില്‍ പഠിക്കാന്‍ പോകുന്നതും, ബീഡി തെരുപ്പ്‌ പഠിക്കാന്‍ പോകുന്നതും തമ്മില്‍ പറയത്തക്ക വ്യത്യാസമൊന്നുമില്ലെന്നും ഈ പാരലല്‍ കോളേജെന്നാല്‍ വിളയാത്ത പാഴ്വിത്തുകള്‍ അഥവാ ചെറു സ്കാപ്പുകള്‍ക്ക്‌ വേണ്ടി മുത്തന്‍ സ്കാപ്പുകളാന്‍ നടത്തപ്പെടുന്നവയാണെന്നുമൊക്കെയാണല്ലോ പരക്കേയുള്ള വിശ്വാസം.

എന്റെ കലാലയ ജീവിതം മൊത്തം വിക്റ്റോറിയയില്‍ ആയതിനാല്‍, കാക്ക; റീ സൈക്ക്ലിങ്ങ്‌ ചെയ്തുവിട്ട കുരുവില്‍ നിന്ന് മുളച്ചുവരുന്ന മുളകിന്‍ തൈയോടെന്ന കണക്കേയോരു ബഹുമാനമേ വിദ്യാഭ്യാസകാലത്ത്‌ എനിക്ക്‌ കിട്ടിയിരുന്നുള്ളൂ.

പരിചയപ്പെടുമ്പോഴോ വിശേഷങ്ങള്‍ അപ്ഡേട്‌ ചെയ്യുമ്പോഴോ, എന്ത്‌ ചെയ്യുന്നു? എന്തിന്‌ പഠിക്കുന്നു? എന്ന ചോദ്യങ്ങള്‍ക്ക്‌ ഉത്തരം പറയുമ്പോള്‍ കേള്‍വിക്കാരനില്‍ കയറിവരുന്ന ആ ഒരു ബഹുമാനം, എവിടെ പഠിക്കുന്നു? എന്ന ചോദ്യത്തിന്റെ ഉത്തരത്തില്‍ തകര്‍ന്നിടിഞ്ഞിരുന്നു.

'പ്രൈവറ്റായി കൊടകര തന്നെ പഠിക്കുവാണ്‌' എന്ന് പറയുന്ന എന്നെ, ബാങ്കില്‍ മുക്കുപണ്ടം പണയം വക്കാന്‍ ചെന്നവനെ ബാങ്കുജീവനക്കാര്‍ നോക്കുന്ന പോലെ നോക്കുന്നതൊഴിവാക്കാന്‍ ഒരളവുവരെ 'വിക്റ്റോറിയ കോളേജ്‌' എന്ന പേര്‍ എന്നെ സഹായിച്ചിരുന്നു.

അപ്പോള്‍ പാലക്കാടാണോ പഠിക്കണേ? എന്ന ചോദ്യം കേള്‍ക്കാത്ത പോലെ നിന്ന്, ഉത്തരം കൊടുക്കാതെ 'ബിസി' ആയി സ്പോട്ടില്‍ നിന്ന് സ്കൂട്ടാവുകയാണ്‌ പതിവ്‌.

ഇങ്ങിനെയൊക്കെയാണെങ്കിലും, പാറ്റക്കും തന്‍ പൊന്‍ കുഞ്ഞ്‌ എന്ന് പറഞ്ഞപോലെയായിരുന്നു ഞങ്ങള്‍ക്ക്‌ കൊടകര വിക്ടോറിയ കോളേജ്‌!

ഉള്ളതുകൊണ്ട്‌ ഓണം പോലെ എന്ന പോളിസി അപ്ലൈ ചെയ്ത്‌ 'ഉള്ളത്‌ വച്ച്‌' അഡ്ജസ്റ്റ്‌ ചെയ്യുകയും പരമാവധി ആഹ്ലാദിക്കുകയും ചെയ്തുപോന്നു. 'പ്രാഡോ' യാണെന്ന് സങ്കല്‍പിച്ച്‌ ടൊയോട്ട എക്കോ' ഓടിക്കുമ്പോലെ...!

വിക്റ്റോറിയയില്‍ പഠിക്കുന്നതിന്റെ ഗുണങ്ങളെപറ്റി എണ്ണി എണ്ണി പറഞ്ഞാല്‍ അനവധിയുണ്ടെങ്കിലും പ്രധാനപ്പെട്ടവ, ഏതു ടൈമിലും കൊടകര ടൌണില്‍ നടക്കുന്ന സംഭവ വികാസങ്ങള്‍, ലൈവായി ഓലക്കിടയിലൂടെ നോക്കിയാല്‍ കാണാം എന്നതും, താഴെ കൊച്ചുണ്ണ്യേട്ടന്‍ നടത്തുന്ന റെസ്റ്റോറന്റില്‍ നിന്ന് പന്ത്രണ്ട്‌ മണി നേരത്ത്‌ മീന്‍ വറക്കുന്നതിന്റെയും ഉള്ളി കാച്ചുന്നതിന്റെയും മറ്റു കറികളൂടെയും മസാല മണം നുകരാം എന്നതും മുറിമൂക്കുള്ള ഏത്‌ പാവത്തിനും രാജാധിരാജാനാകാം എന്നതുമൊക്കെയാണ്‌.

വിക്ടോറിയയില്‍ ക്വിസ്‌ കോമ്പറ്റീഷന്‍ നടന്നപ്പോള്‍ ആര്‍ക്കായിരുന്നു ഫസ്റ്റ്‌ കിട്ടിയത്‌?

ആര്‍ക്കാണാവോ. അതോര്‍മ്മയില്ല.

പക്ഷെ, ആര്‍ക്കായിരുന്നു സെക്കന്റ്‌??

അതെനിക്കായിരുന്നു!

അതിന്റെ ഗുട്ടന്‍സ്‌, ഞാനായിടക്ക്‌ ഗുരുവായൂര്‍ പോയപ്പോള്‍ ബസില്‍ വച്ച്‌ 2 രൂപക്ക്‌ വാങ്ങി ചുമ്മാ വായിച്ച '100 ക്വിസ്സുകള്‍' എന്ന കുട്ടി ബുക്കായിരുന്നു ക്വിസ്‌ മാസ്റ്റര്‍ ജോസ്‌ മാഷ്‌ കോമ്പറ്റീഷന്‍ പ്രിപ്പെയര്‍ ചെയ്യാന്‍ റെഫര്‍ ചെയ്ത 'ആധികാരിക ഗ്രന്ഥം' എന്നത്‌ തന്നെ.

പിന്നീടൊരിക്കല്‍ മറ്റൊരു കോമ്പറ്റീഷനും നടന്നു. 'ചെറുകഥാ മത്സരം'.

മൊത്തം പത്തോളം പേര്‍ മത്സരത്തിന്‌ റെജിസ്റ്റര്‍ ചെയ്തു. സുമതിയും രാജിയും അടക്കം. ഞാനും ചുമ്മാ പേരുകൊടുത്തു.

'ഒരാള്‍ നിങ്ങളുടെ കണ്മുന്നില്‍ വിഷം കുടിച്ച്‌ മരിക്കുന്നു' ജോര്‍ജ്ജ്‌ മാഷ്‌ ബോര്‍ഡില്‍ സംബ്ജക്റ്റ്‌ എഴുതിയിട്ടു.

അരമണിക്കൂറോളം ഞാന്‍ അതുമിതും ആലോചിച്ചിരുന്നു. യാതൊരു രൂപവും കിട്ടുന്നില്ല. എന്റെ മുന്‍പില്‍ വച്ച്‌ ആരും വിഷം കഴിച്ച്‌ മരിച്ചിട്ടുമില്ല, ഇനി എന്ത്‌ തന്നെ പ്രശന്മുണ്ടായാലും ഞാന്‍ ആത്മഹത്യ ചെയ്യണ പ്രശനവുമില്ല. ചെറിയ പിന്നെ എന്തോ എഴുതും? എന്റെ കൂട്ടുകാരോ ബന്ധുക്കളോ ഒരാള്‍ പോലും വിഷം കുടിച്ച് മരിക്കാതെ പോയതില്‍ വല്ലാത്ത സങ്കടം തോന്നി.

തൊട്ടടുത്തിരിക്കണ സുമതിയാണേ പരീക്ഷയെതുന്ന അതേ സ്പീഡില്‍ തുരുതുരാന്ന് എഴുതുന്നു. എന്നാലതൊന്നു വായിച്ചേക്കാം എന്ന് കരുതി വായിച്ചു.

ശാലിനി പാവമായിരുന്നു: ജപ്തി നോട്ടീസ്‌ കിട്ടിയ, 70% തെങ്ങുകള്‍ക്കും മണ്ഠരിയുള്ള പറമ്പോടു കൂടിയ തറവാട്ടില്‍ ഗുളിക കഴിക്കാനും പ്രാധമിക കര്‍മ്മങ്ങള്‍ക്കും മാത്രം കട്ടിലീന്ന് എണീക്കുന്ന അച്ഛന്‌ കുഷ്ടരോഗം. അമ്മക്ക്‌ ക്യാന്‍സര്‍. സഹോദരന്മാര്‍ രണ്ടുപേര്‍ മാനസിക രോഗം, അംഗവൈകല്യം എന്നിവയുടെ പിടിയില്‍.

മൂത്ത ചേച്ചി ഒളിച്ചോടിപോയി ബൂമറാങ്ങ്‌ പോലെ തിരിച്ചുവന്നു. ഒക്കത്ത്‌, ബാല ടി.ബി.യുള്ള ഒരു കൊച്ചുമായി!

അതിന്റെ ഇടയില്‍ ശാലിനി മാത്രം ഫുള്‍ ഓക്കെയായിയുണ്ട്‌. നേരെ ചൊവ്വേ കല്യാണം നടക്കേമില്ല, ഇനിയിപ്പോള്‍ പറ്റിയ ഒരുത്തന്റെ കൂടെ ഓടിപ്പോകാമെന്ന് വച്ചാല്‍ അന്നാട്ടിലുള്ള യുവാക്കളെല്ലാം ഒന്നുകില്‍ കറവക്കാര്‌. അല്ലെങ്കില്‍ തെങ്ങുകയറ്റക്കാര്‌! ക്യാ കരൂം. അങ്ങിനെയെങ്ങിനെയോ ഫൈനലി, ശാലിനി തനിക്കിനെയൊരു സെറ്റപ്പുള്ള ലൈഫ് തന്നതില്‍ പ്രതിക്ഷേധിച്ച്, അപ്പന്മാരായ എല്ലാ ദൈവങ്ങളുടെ അപ്പനും അമ്മമാരായ എല്ലാ ദൈവങ്ങളുടെ അമ്മക്കും വിളിച്ച് ആത്മഹത്യ ചെയ്യുന്നു.

ശാലിനിയുടെ ഈ കദനകഥ എഴുതുമ്പോള്‍ സുമതിയുടെ കണ്ണുകള്‍ കലങ്ങിയിരുന്നു, തുളുമ്പിയിരുന്നു. ഞാന്‍ തലയാട്ടി സുമതിയെ സമാധാനിപ്പിച്ചു. ഭരതത്തില്‍ ഉര്‍വ്വശി, മോഹന്‍ലാലിനെ 'തമ്പ്സ്‌ അപ്പ്‌' കാണിച്ച്‌ സമാധാനിപ്പിക്കുമ്പോലെ!

ഹവ്വെവര്‍, തനിയാവര്‍ത്തനവും കിരീടവും ആര്യനും രാജാവിന്റെ മകനും എല്ലാം മിക്സ്‌ ചെയ്ത്‌ ഞാന്‍ ഒരു പെരുക്കങ്ങ്ട്‌ പെരുക്കാം ന്ന് തീരുമാനിച്ചു.

'അമ്മയുടെ മകന്‍ തെറ്റുകാരനല്ലമ്മേ' എന്നുപറഞ്ഞ്‌ കുഴഞ്ഞ്‌ വീണ്‌ തലവെട്ടിച്ച്‌ മരിക്കുന്നതാണ്‌ ലാസ്റ്റ്‌ സീന്‍. പക്ഷെ, എങ്ങിനെ വിഷം കഴിപ്പിക്കും എന്ന് സംശയമായപ്പോള്‍ ജോര്‍ജ്ജ്‌ മാഷ്‌ പറഞ്ഞ തമാശ കടമെടുത്ത്‌ അവസാന സീന്‍ ഇങ്ങിനെ എഴുതി.

'ജെയില്‍ ചാടി വന്ന നരേന്ദ്രന്‌ കഴിക്കാന്‍ അമ്മ വച്ചു നീട്ടിയ ഫേവറൈറ്റ്‌ പൊരുത്തലടയില്‍, അമ്മ കാണാതെ നരേന്ദ്രന്‍ ഫുര്‍ഡാന്‍ തരികള്‍ നിറച്ച്‌ കടിച്ച്‌ മുറിച്ച്‌ തിന്നു. കൊരക്കീന്ന് ഇറങ്ങിപ്പോകാന്‍ ഒരു ഗ്ലാസ്‌ വെള്ളവും കുടിച്ചു'

കുടിലില്‍ നിന്ന് കേട്ട 'എന്റെ മോനേ..' എന്ന അമ്മയുടെ അലറലില്‍, പോലീസ്‌ സംഘം നരേന്ദ്രന്റെ വീട്ടിലേക്കോടിക്കയറി എന്നും പറഞ്ഞു.

എനിവേ, ഇതിന്‌ ഞാനിട്ട പേര്‍ വെട്ടി ജഡ്ജസ്, 'പൊരുത്തലട' എന്നിടുകയും അപ്പേരില്‍ എല്ലാവരും വിളിച്ച്‌ കുറേക്കാലം കളിയാക്കുകയും ചെയ്തു!

Track bugs, feature requests and team-member tasks using OnTime 2006. OnTime helps thousands of software development teams manage and enforce their development processes. Whether you do ad-hoc, agile, MSF, scrum or extreme development, OnTime can help you ship software on-time! Available in 3 flavors: Windows, Web or VS.NET 2003/2005 Integrated App. Winner of the 2006 ASP.NET Pro Readers Choice Award. Free single user installations!

Download a Free Single-User Version Now!
($200 Value - Never Expires!)

posted by സ്വാര്‍ത്ഥന്‍ at 12:03 PM

0 Comments:

Post a Comment

<< Home