Gurukulam | ഗുരുകുലം - മലയാളം പഠിപ്പിക്കാന്‍…
URL:http://malayalam.usvishakh.net/blog/archives/217 | Published: 10/5/2006 12:37 AM |
Author: ഉമേഷ് | Umesh |
രണ്ടുമൂന്നു കൊല്ലം മുമ്പു പോര്‍ട്ട്‌ലാന്‍ഡിലെ ഒരു വീട്ടമ്മയ്ക്കു് ഒരു ആശയം തോന്നി.
ഒരു മലയാളം ക്ലാസ് തുടങ്ങിയാലോ?
ഭിലായിയില്‍ ജനിച്ചു വളര്‍ന്ന ഈ വനിതയ്ക്കു മലയാളം നന്നായി പറയാന്‍ അറിയാമെങ്കിലും എഴുതാനും വായിക്കാനും ബുദ്ധിമുട്ടു്. അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന അടുത്ത തലമുറയിലെ കുട്ടികള്‍ക്കും കേരളത്തിനു വെളിയില്‍ ജനിച്ചുവളര്‍ന്ന പല മുതിര്‍ന്നവര്‍ക്കും മലയാളം പറയാന്‍ പോലും അറിയില്ല.
ആശയം കുറെക്കാലം മുമ്പു തൊട്ടേ ഉണ്ടായിരുന്നു. പ്രാവര്‍ത്തികമാക്കിയതു് 2004-ലെ വിജയദശമിനാളില്‍.
എല്ലാ ശനിയാഴ്ചയും ഒരു മണിക്കൂര്‍ വീതം. സൌജന്യമാണു ക്ലാസ്. ആദ്യം ആരുടെയെങ്കിലും വീട്ടിലായിരുന്നു. അതു ബുദ്ധിമുട്ടായപ്പോള്‍ ഒരു പള്ളിയോടു ചേര്‍ന്നുള്ള ഒരു മുറി വാടകയ്ക്കെടുത്തു. വാടകയ്ക്കും ഇടയ്ക്കു നടത്തുന്ന ചെറിയ മത്സരങ്ങളില്‍ കൊടുക്കുന്ന സമ്മാനങ്ങള്‍ക്കുമായി (എല്ലാവര്‍ക്കും സമ്മാനമുണ്ടു്) ഒരു ചെറിയ തുക മാത്രം രക്ഷിതാക്കളില്‍ നിന്നു് ഈടാക്കുന്നു.
ക്ലാസ് എന്നു പറഞ്ഞാല്‍ കട്ടിയുള്ളതൊന്നുമല്ല. ഒരാള്‍ വന്നു രണ്ടുമൂന്നു പാട്ടും കഥയും പറയും. ഒന്നോ രണ്ടോ അക്ഷരം വായിക്കാന്‍ പഠിപ്പിക്കും. മലയാളം ഉപയോഗിക്കേണ്ട ചില ചെറിയ കളികളുമുണ്ടാവും. രണ്ടു വയസ്സു മുതല്‍ പതിനഞ്ചു വയസ്സു വരെയുള്ള വിദ്യാര്‍ത്ഥികള്‍. അവരുടെ കൂടെ വന്നിരിക്കുന്ന രക്ഷാകര്‍ത്താക്കള്‍. അദ്ധ്യാപകന്‍. ഇവരൊന്നിച്ചുള്ള സംഭാഷണങ്ങളും കളികളുമൊക്കെയായി ക്ലാസ് മുന്നോട്ടു പോയി.
ഒരു കൊല്ലത്തിനു ശേഷം അക്ഷരങ്ങള്‍ എഴുതാനും പഠിപ്പിച്ചു തുടങ്ങി.
അദ്ധ്യാപകര്‍ മലയാളത്തില്‍ വിദഗ്ദ്ധരാവണമെന്നു നിര്‍ബന്ധമില്ല. മലയാളം പറയാനും എഴുതാനും അറിയണം. കുട്ടികളോടു സംസാരിക്കാനും കഴിയണം. അത്രമാത്രം.
അദ്ധ്യാപകരെ കൂടാതെ മറ്റു പലരും ഇതില്‍ സഹകരിച്ചിരുന്നു. ആവശ്യമായ പടങ്ങള്‍ വരച്ചു കൊടുക്കുവാനും, പഠിപ്പിക്കുന്നതു ടൈപ്പു ചെയ്തു പുസ്തകമാക്കുവാനും തൊട്ടു് ക്ലാസ്‌റൂമിലെ ബഞ്ചും ഡസ്കും പിടിച്ചു വെയ്ക്കാനും ക്ലാസ് കഴിഞ്ഞാല്‍ തിരിച്ചു വെയ്ക്കാനും വരെ.
വളരെ വിജയകരമായി നടന്നു വരുന്ന ഈ ക്ലാസില്‍ ഇതിനകം എട്ടു പേര്‍ അദ്ധ്യാപകരായിട്ടുണ്ടു്-ഞാനും രാജേഷ് വര്‍മ്മയും ഉള്‍പ്പെടെ. മുപ്പതോളം വിദ്യാര്‍ത്ഥികളും ഉണ്ടു്. കുഞ്ഞുണ്ണിക്കവിതകളും മറ്റു കുട്ടിക്കവിതകളും ഇതിനകം അവര്‍ ഹൃദിസ്ഥമാക്കിയിട്ടുണ്ടു്. ഇവിടെ നടക്കുന്ന കലോത്സവങ്ങളില്‍ മലയാളത്തില്‍ പരിപാടി അവതരിപ്പിക്കാം എന്ന സ്ഥിതിയിലായി കുട്ടികള്‍.
ഇതിനു വേണ്ടി ഒരു യാഹൂ ഗ്രൂപ്പ് തുടങ്ങിയിരുന്നു. ക്ലാസ്സിലേക്കുള്ള പുസ്തകങ്ങളും മറ്റും അവിടെയാണു് ഇട്ടിരുന്നതു്. അതു കണ്ടിട്ടു് ലോകത്തിന്റെ പല ഭാഗത്തുമുള്ള മലയാളികള്‍ അതില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചുതുടങ്ങി.
ഗ്രൂപ്പു് ഇവിടത്തുകാര്‍ക്കു മാത്രമായി നിലനിര്‍ത്താനാണു് ഉദ്ദേശ്യം. എങ്കിലും വിജ്ഞാനം എല്ലാവര്‍ക്കും കിട്ടണം എന്ന ആഗ്രഹമുള്ളതുകൊണ്ടു്, ക്ലാസ്സിലെ പഠനസാമഗ്രികള്‍ ഒരു പൊതുസ്ഥലത്തു പ്രസിദ്ധീകരിക്കാം എന്നു തീരുമാനിച്ചു.
അതനുസരിച്ചു്, ചില പുസ്തകങ്ങള്‍ ഇവിടെ ഇട്ടിട്ടുണ്ടു്. ക്ലാസ്സില്‍ പഠിപ്പിച്ച മുഴുവന്‍ കാര്യങ്ങളുമില്ല. (കഥകള്‍ വളരെ കുറച്ചു മാത്രമേ ടൈപ്പു ചെയ്യാന്‍ പറ്റിയിട്ടുള്ളൂ.) കുഞ്ഞുങ്ങളെ മലയാളം പഠിപ്പിക്കുവാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കു് ഇതു പ്രയോജനപ്രദമായിരിക്കും എന്നു പ്രതീക്ഷിക്കുന്നു.
ഈ സംരഭത്തിന്റെ ഭാഗമായ എല്ലാവര്‍ക്കും ഈ മൂന്നാം വര്‍ഷത്തില്‍ ആശംസകള്‍!
(വിജയദശമിയ്ക്കു പ്രസിദ്ധീകരിക്കണമെന്നു വിചാരിച്ചതാണു്. സമയപരിമിതി മൂലം സാധിച്ചില്ല.)
Squeet Tip | Squeet Advertising Info |
A great RSS feed can help you live, work, or play better. If it's been a while since you've found a feed like this, head over to the Squeet Reader Directory where you'll find 80+ quality feeds in many categories. Quickly and easily subscribe to multiple groups or catgories all at once.
Read the Squeet Blog Article
0 Comments:
Post a Comment
<< Home