Thursday, October 26, 2006

ചിത്രങ്ങള്‍ - സാങ്കേതിക സംഭവങ്ങള്‍

ഉബണ്ടു എഡ്ജി

ഉബണ്ടു ലിനക്സിന്റെ പുതിയ വെര്‍ഷന്‍ ഉബണ്ടു (Ubuntu 6.10) എഡ്ജി എഫ്റ്റ് (Edgy Eft) എന്ന ചെല്ലപ്പേരില്‍ ഇന്ന് പുറത്തിറങ്ങിയിരിക്കുന്നു. ഗ്നോം 2.16 (Gnome 2.16), കെര്‍ണല്‍ 2.6.17 (Kernel 2.6.17) എന്നീ ചൂടന്‍ സവിശേഷതകള്‍ക്ക് പുറമേ, മോസില്ല ഫയര്‍ഫോക്സ് 2.0 അതേ പടി ബന്‍ഡില്‍ ചെയ്യുന്ന ആദ്യത്തെ ലിനക്സ് ഫ്ലേവറെന്ന ഖ്യാതിയും എഡ്ജി എഫ്റ്റിനു സ്വന്തം. മിത്ത്‌ടീവി (mythtv) 0.20 -നുള്ള പാക്കേജുകള്‍ എഡ്ജിക്ക് ലഭ്യമാണെന്നതും ഒരു പ്രധാന വസ്തുതയാണ്.

ഉബണ്ടു ഡെബിയന്‍ ലിനക്സിന്റെ ഡെറിവേറ്റീവാണെന്നിരിക്കെ, ഫയര്‍ഫോക്സ് 2.0 ഉള്‍പ്പെടുത്തിയിരിക്കുന്നത് അല്പം ആശ്ചര്യജനകം തന്നെയാണ്. എന്താണിതില്‍ കൌതുകകരമായിട്ടുള്ളത് എന്ന ചോദ്യത്തിനു്, ഡെബിയനും മോസില്ല കോര്‍പറേഷനും തമ്മില്‍ ഏതാനും മാസങ്ങളായി നടക്കുന്ന പിടല പിണക്കത്തിന്റെ കഥയില്‍ നിന്നും ഉത്തരം തുടങ്ങുന്നു.

മോസില്ല vs. ഡെബിയന്‍

മോസില്ല.ഓര്‍ഗ് എന്ന ഓപ്പണ്‍സോഴ്സ് സംരംഭത്തില്‍ നിന്നും, മോസില്ലാ കോര്‍പറേഷന്‍ എന്ന വാണിജ്യ വിഭാഗം ഉരുത്തിരിയുന്നത് ഏതാനും മാസങ്ങള്‍ മാത്രം മുമ്പത്തെ കഥയാണ്. അതിനും വളരെക്കാലം മുമ്പേ തന്നെ -- എന്നു വെച്ചാല്‍, ഫയര്‍ഫോക്സ് ബ്രൌസറിന്റെ ആവിര്‍ഭാവത്തിനും മുമ്പേ, മോസില്ല കോര്‍ പാക്കേജുകള്‍ (Mozilla suit) ഡെബിയന്‍ ലിനക്സില്‍ ഉളപ്പെട്ടിരുന്നു. കാലക്രമേണ, മോസില്ല.ഓര്‍ഗ്ഗിനേക്കാള്‍ വേഗത്തില്‍ സെക്യൂരിറ്റി ഫിക്സുകളും പാച്ചുകളും ഡെബിയന്‍ പാക്കേജിന്റെ ഉടമസ്ഥര്‍ ഇറക്കുകയും ചെയ്തു പോരുകയായിരുന്നു.

ഉബണ്ടു/ഡെബിയന്‍ ലിനക്സിലോടുന്ന ഫയര്‍ഫോക്സിനുള്ള പാച്ചുകള്‍ മോസില്ലയില്‍ നിന്നല്ല, മറിച്ച് ഡെബിയനില്‍ നിന്ന് വന്നിരുന്നു എന്ന് ചുരുക്കം. മോസില്ല-യെക്കാള്‍ വേഗത്തില്‍ തന്നെ ഡെബിയനിലെ ഡെവലപ്പേഴ്സ് പാച്ചുകളും ഫിക്സുകളും സ്തുത്യര്‍ഹമായ രീതിയില്‍ പുറത്തിറ്ക്കുകയും ചെയ്തു പോന്നിരുന്നു.

മോസില്ല കൊര്‍പറേഷന്റെ നയങ്ങള്‍ പ്രകാരം, ഫയര്‍ഫോക്സിനെ “ഫയര്‍ഫോക്സ്” എന്നു വിളിക്കണമെങ്കില്‍, ഫയര്‍ഫോക്സ് ബൈനറി മോസില്ല അംഗീകരിച്ചതാവണമെന്നും, അതിനാല്‍, ഇനി മേല്‍ ഡെബിയന്‍ ബൈനറിക്കു പകരം, മോസില്ലയുടെ സ്റ്റോക്ക് ബൈനറി തന്നെ വിതരണം ചെയ്യണം എന്നവര്‍ (മോസില്ല കോര്പറേഷന്‍) നിര്‍ബന്ധം പിടിച്ചു തുടങ്ങി.

നല്ല ആശയം, അല്ലേ? പക്ഷെ, മോസില്ലക്കാരേക്കാള്‍ വേഗത്തില്‍ പ്രശ്നങ്ങള്‍ ഫിക്സു ചെയ്തും മറ്റും പോന്നിരുന്ന ഡെബിയന്‍ ഡിവലപ്പേഴ്സിന് അതു സ്വീകാര്യമായില്ല. പ്രധാന കാരണങ്ങള്‍ ഇവയാണ് :

  1. പക്കാ ഓപ്പണ്‍ സോഴ്സ് /ജി.പി.എല്‍. സോഫ്റ്റ്‌വെയറും ഘടകങ്ങളും അല്ലാത്തവ, ഡെബിയനില്‍ ഉള്പ്പെടുത്തില്ല എന്നത് ഡെബിയന്റെ ആദ്യ കാലം മുതലേയുള്ള നയമാണ് -- മോസില്ല കോര്‍പറേഷന്റെ ഫയര്‍ഫോക്സ് ജീ.പി.എല്‍. ലൈസന്‍സാണെങ്കിലും, അതിനൊപ്പമുള്ള് ഫയര്‍ഫോക്സ് ഐക്കണുകള്‍ മോസില്ലയുടെ മാത്രം ഉടമസ്ഥതയിലുള്ളവയാണ്. ഇത് മോസില്ലയുടെയും കുറ്റമല്ല. നിലവിലുള്ള നിയമങ്ങള്‍ പ്രകാരം, ഫയര്‍ഫോക്സ് എന്നത്, മോസില്ലയുടെ ട്രേഡ്‌മാര്‍ക്കാണ് -- ആയതിനാല്‍ ഫയര്‍ഫോക്സിന്റെ ഐക്കണുകള്‍ മോസില്ലയുടെ സ്വന്തമാവണം -- അല്ലെങ്കില്‍ അവര്‍ക്ക് സ്വന്തം ഉല്പന്നത്തിന്റെ ട്രേഡ്മാര്‍ക്ക് കൂടി കിട്ടില്ല. ശിഷ്ടന്‍ ദുഷ്ടന്റെ ഫലം ചെയ്യുമെന്ന് പറയുന്നതു പോലെ, ഇരുകൂട്ടര്‍ക്കും തങ്ങളുടെ ന്യായങ്ങളാല്‍ ഒരു തീര്‍പ്പിലെത്താന്‍ കഴിയാതെ വന്നു.
  2. ബഗ്ഗുകള്‍ മോസില്ലയെക്കാള്‍ വേഗത്തില്‍ തങ്ങള്‍ ഫിക്സു ചെയ്യുന്നതിനാല്‍ ഡെബിയന്റെ മുഴുവന്‍ സുരക്ഷയ്ക്ക് തുടര്‍ന്നും തങ്ങള്‍ തന്നെ ബ്രൌസര്‍ പാക്കേജുകള്‍ ചെയ്യുന്നതാണ് നന്ന്.
ഈ പ്രശ്നം മോസില്ലക്കാര്‍ ഉയര്‍ത്തിക്കൊണ്ടു വന്നതും ഡെബിയനെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമായ അവസരത്തിലായിരുന്നു - ഡെബിയന്‍ എച്ച് (Debian Etch) എന്ന പുതിയ വെര്‍ഷന്റെ പണി തകൃതിയായി നടക്കവേയാണ് ഈ പ്രശ്നം പൊന്തി വന്നത്.

ഗ്നുസില്ല പിറക്കുന്നു

ഫലമോ? ജീ.പി.എല്‍. ചട്ടക്കൂട്ടുകള്‍ക്കുള്ളില്‍ നിന്നു കൊണ്ട് ഫയര്‍ഫോക്സ് 1.5.0.4 -നെ ആസ്പദമാക്കി ഗ്നു ഐസ്‌‌‌വീസില്‍ (Gnu IceWeasel )എന്ന ഉല്പന്നം ഫയര്‍ഫോക്സിനു ബദലായും, മോസില്ല സ്യൂട്ടിനു ബദലായ് ഗ്നുസില്ല (Gnuzilla ) എന്ന മറ്റൊരു ഉല്പന്നവും രുപപ്പെട്ടു. മോസില്ല ഫയര്‍ഫോക്സിനും, മോസില്ല സ്യൂട്ടിനും ബദലായ്, ഡെബിയന്‍ ലിനക്സില്‍ ഇനി മുതല്‍ വീസിലും ഗ്നുസില്ലയും മാത്രമേ ഉണ്ടാവൂ എന്നാണ് ഇപ്പോഴത്തെ തീരുമാനം.

ഗ്നുസില്ലയും ഐസ്‌വീസിലും മുറുകെ പിടിച്ചു ‍ഡെബിയന്‍ നില്‍ക്കുമ്പോള്‍ , ഡെബിയന്‍ ഡെറിവേറ്റീവായ ഉബണ്ടുവാകട്ടെ, നേരിട്ട് മോസില്ല ഫയര്‍ഫോക്സ് തന്നെ ബന്‍ഡില്‍ ചെയ്യുവാന്‍ തീരുമാനിച്ചു. പതിവിനു വിപരീതമായി ഡെബിയനിലും ഉബണ്ടുവിലും രണ്ടു തരം ബ്രൌസറുകളുള്ള് ഭാവിയാണോ എന്ന ചോദ്യത്തിനു് ഇനിയും ഉത്തരമില്ല എന്നു പറയേണ്ടിയിരിക്കുന്നു.


മോസില്ലയ്ക്ക് സ്നേഹപൂര്‍വ്വം, മൈക്രോസോഫ്റ്റ്

എക്സ്പ്ലോറര്‍ (IE) 7.0 -ഉം ഫയര്‍ഫോക്സ് 2.0 -ഉം മാധ്യമ ശ്രദ്ധയില്‍ നിറഞ്ഞു നില്ക്കവേ, ഫയര്‍ഫോക്സ് 2.0 -ന്റെ റിലീസിനു മോസില്ല കോര്‍പറേഷനെ അഭിനന്ദിച്ച് മൈക്രോസോഫ്റ്റിലെ IE ടീം ഒരു കേയ്ക്ക് കൊടുത്തയച്ചത് തമാശയാണോ, എന്തോ?

എന്താ‍യാലും, അതു കഴിച്ച മോസില്ലക്കാര്‍ പറയുന്നത്, അതില്‍ വിഷാംശങ്ങളൊന്നുമില്ലായിരുന്നു എന്നു തന്നെയാണ്. (പതിയെ മാത്രം ഫലിക്കുന്ന വിഷമാവുമെന്നും മറ്റു ചിലര്‍).






വാല്‍ക്കഷണം:

ഗ്നോം പുതിയ വെര്‍ഷനിലും പാന്‌ഗോ പാച്ച് വേണ്ടി വരുമോ യൂണീക്കോഡ് മലയാളം വായിക്കാന്‍? ആവോ? 1 2

posted by സ്വാര്‍ത്ഥന്‍ at 11:23 PM

0 Comments:

Post a Comment

<< Home