Thursday, October 26, 2006

ദുര്‍ഗ്ഗ - കൂടെയുണ്ടാവണം.


ഇതെനിക്ക് അപരിചിതമായ പാതയാണ്- ഈ വഴിക്ക് ആദ്യമാണ്.
മുന്നോട്ട് നീങ്ങട്ടെ ഞാന്‍? ഇതിലൂടെയുള്ള യാത്ര സുഖകരമാണ്, സ്വച്ഛശീതളമാണ്. ചുറ്റിനും സൌരഭ്യം പരത്തുന്ന പുഷ്പങ്ങള്‍ നിറഞ്ഞ ഉദ്യാനങ്ങള്‍, മുന്നോട്ട് പോകുന്തോറും മനോഹാരിത ഏറുന്നുണ്ടോ? കണ്ണടച്ച് ഞാനീ കൈ പിടിച്ചു കൊള്ളട്ടെ, ഒരു സഹയാത്രികന്റെ കരുതല്‍ പ്രതീക്ഷിച്ചുകൊള്ളട്ടെ? കൂടെയുണ്ടാവണം.

പാത നിര്‍മ്മിച്ചവര്‍ക്കും വഴി കാണിക്കാനാവാത്ത ഇടങ്ങളുണ്ടാകാമിതുവഴി പോകുമ്പോള്‍. വളവും തിരിവുമെല്ലാം നാം സ്വയം മനസ്സിലാക്കേണ്ടിയിരിക്കുന്നു, പുതിയവ വെട്ടിത്തെളിക്കേണ്ടിയിരിക്കുന്നു; കൂടെയുണ്ടാവണം.

തുടക്കത്തില്‍ അപരിചിതത്വം എന്നെ നിന്നില്‍ നിന്നകറ്റിയിരുന്നു, എന്നാല്‍ കാലടികളിലെ ഐകരൂപ്യം നമ്മെ അടുപ്പിച്ചു.ഇപ്പോള്‍ ഭയം അശേഷമില്ല; കൂടെയുണ്ടാവണം.
ഇതാ പാതയോരത്തെ തടാകത്തില്‍ ഞാനെന്റെ മുഖം ഒരു നോക്കു കണ്ടു. ഇതു ഞാന്‍ തന്നെയോ എന്ന് സംശയിച്ചു പോകും വിധം ഏറിയിരിക്കുന്നു സൌന്ദര്യം! യാത്രാക്ഷീണത്താല്‍ അതിനു കോട്ടം തട്ടിയാലും, കൂടെയുണ്ടാവണം.
പോയകാലങ്ങളിലെപ്പോഴൊക്കെയോ ഒറ്റയ്ക്കല്ലാത്ത ഈ യാത്ര ഞാന്‍ സ്വപ്നം കണ്ടിരുന്നതു തന്നെയാണ്; എന്നാല്‍ അപ്പോഴൊക്കെ നിന്റെ മുഖം അവ്യക്തമായിരുന്നു. ഇനിയങ്ങോട്ട്...കൂടെയുണ്ടാവണം.

വാചാലസുന്ദരമായ ഈ മൌനസംവാദത്തിലൂടെ നാമിത്രദൂരം പിന്നിട്ടു; ഇനിയും, എന്നും...കൂടെയുണ്ടാവണം.

കാവിവസ്ത്രമുടുത്ത ഒരു രുദ്രാക്ഷഭസ്മധാരിണിയായി, ഒരു യോഗിനിയായുള്ള ആത്മതപോസഞ്ചാരത്തിന്റെ ഫലപ്രാപ്തിയെന്നോണം തെളിഞ്ഞുവന്ന ഈ പാതയുടെ വില നന്നായറിയാമെനിക്ക്, നിന്റെയും. അതുകൊണ്ട്, കൂടെയുണ്ടാവണം.

A great RSS feed can help you live, work, or play better. If it's been a while since you've found a feed like this, head over to the Squeet Reader Directory where you'll find 80+ quality feeds in many categories. Quickly and easily subscribe to multiple groups or catgories all at once.

Try the Squeet Reader Feed Directory Now
Read the Squeet Blog Article

posted by സ്വാര്‍ത്ഥന്‍ at 11:23 AM

0 Comments:

Post a Comment

<< Home