Saturday, October 21, 2006

:: മന്ദാരം :: - :: ദീപാവലി നാളിലെ സൈക്കിള്‍ സവാരി ::

ദീ പാവലി ദിവസവും ഞാന്‍ ഉച്ച വരെ ജോലി ചെയ്തിരുന്നു .. പിന്നെ പെട്ടെന്നായിരുന്നു ഒരു സൈക്കിള്‍ സവാരി plan ചെയ്തത്‌ .. എങ്ങോട്ടെന്നൊന്നും ഇല്ലായിരുന്നു .. ചുമ്മാ ഇറങ്ങി .. ചവിട്ടി കുറച്ച്‌ കഴിഞ്ഞപ്പോഴാണ്‌ മനസ്സിലായത്‌, സംഗതി വന്ദനത്തിലെ ജഗദീഷിന്റെ അവസ്ഥയിലേക്ക്‌ ആണ്‌ പോകുന്നത്‌ എന്ന് .. നേരിയ ഒരു സീറ്റ്‌ മാറ്റി ഇച്ചിരി പരന്ന ഒരു സീറ്റ്‌ വാങ്ങിയിട്ടു . പിന്നെ ഒരു സുഖം തന്നെയായിരുന്നു നീട്ടിവലിച്ച്‌ ചവിട്ടാന്‍ .. കാറില്‍ സഞ്ചരിക്കാന്‍ കഴിയാത്ത ഇടവഴികളില്‍ കൂടെയൊക്കെ സാവധാനം ചവിട്ടി നീങ്ങി .. വണ്‍വേയില്‍ കൂടെ തിരിച്ചു ചവിട്ടി .. നല്ല കരുത്തരായ പെണ്ണുങ്ങള്‍ കുത്തിയിരുന്ന് കച്ചവടം ചെയ്യുന്ന അങ്ങാടികളിലൂടെ ചവിട്ടി ..
പുക വലിച്ച്‌ തുപ്പുന്ന പാണ്ടി ലോറികള്‍ക്കും BMTC ബസ്സുകള്‍ക്കും അടിയിലൂടെ ചവിട്ടി ..
നഗരത്തിന്റെ നടുവില്‍ തന്നെ തലമുറകളായി ആളുകള്‍ ഉപയോഗിച്ച്‌ ഉപയോഗിച്ച്‌ അംഗീകാരം നേടിയിരിക്കുന്ന 'മൂത്രക്കുണ്ടിലൂടെ' ചവിട്ടി ..
റോഡ്‌ പണിക്കാരുടെ സംഘത്തിന്റെ കൂട്ടത്തിലെ കുട്ടികള്‍ക്കിടയിലൂടെ .. അവരുടെ കളിവീടുകള്‍ക്കിടയിലൂടെ .. ചവിട്ടി ..
പകലത്തെ കച്ചവടത്തിന്റെ ക്ഷീണം മാറ്റാന്‍ മരച്ചുവട്ടില്‍ ഇരുന്ന് വെടി പറയുന്ന ഉന്തുവണ്ടി കച്ചവടക്കാരുടെ ഇടയില്ലൂടെ ചവിട്ടി ..
ദീപാവലി പടക്കം തരം തിരിച്ചും പങ്ക്‌ വച്ചും കളിക്കുന്ന കുട്ടികള്‍ക്കിടയിലൂടെ ചവിട്ടി ..
ഇരുവശത്തും വലിയ കവര്‍നിറയെ പാനിപ്പൂരി-പൂരി വച്ച്‌ വിദഗ്‌ധമായി മോപഡ്‌ ഓടിച്ച്‌ പോകുന്ന ആളുകളെയും പിന്തള്ളി ചവിട്ടി ..
അലക്ഷ്യമായി കളിച്ചപ്പോള്‍ കൂട്ടില്‍ നിന്നും വീണുപോയ കുഞ്ഞിന്റെ ചുറ്റിനും നിന്ന് അത്യുച്ചത്തില്‍ ബഹളം വെക്കുന്ന കാക്കക്കൂട്ടത്തിന്റെ ഇടയിലൂടെ ചവിട്ടി ..
പട്ടാള camp ന്റെ പുറത്ത്‌ കൊച്ചു പെട്ടിയുമായി സൈക്കിള്‍ repair ചെയ്യാനിരിക്കുന്ന വയസ്സനപ്പൂപ്പന്റെ അരികത്ത്‌ കൂടെ ചവിട്ടി ..
അറവുശാലകളുടെ മുറ്റത്ത്‌ തടിച്ച്‌ കൊഴുത്ത്‌ നടക്കാന്‍ പോലുമാകാത്ത തരത്തിലുള്ള നായകളുടെ ഇടയിലൂടെ ചവിട്ടി ..
ദേവസ്ഥാനങ്ങളുടെ പുറത്ത്‌, തെരുവില്‍ കുനിഞ്ഞിരുന്ന് ദിനം മുഴുവന്‍ പൂമാല കെട്ടുന്ന അമ്മൂമ്മമാരുടെ അരികത്ത്‌ കൂടെ ചവിട്ടി ..
വലിച്ചെറിയുന്ന, 50 പൈസ കവറില്‍ കെട്ടിയ വീട്ടുമാലിന്യങ്ങള്‍ വാഹനങ്ങള്‍ കയറി ചതഞ്ഞരഞ്ഞ - ദുര്‍ഗന്ധത്തിലൂടെ ചവിട്ടി ..

....
ചവിട്ടി - ചവിട്ടി - ചവിട്ടി
.... ഇന്ദിരാനഗര്‍ - അള്‍സൂര്‍ - MG റോഡ്‌ - കോര്‍പറേഷന്‍ സര്‍ക്കിള്‍ - റസിഡെന്‍സി റോഡ്‌ - വിവേക്‌ നഗര്‍ - ഇജിപുര - കോറമംഗല - ബൊമ്മനഹള്ളി - ദൊമ്ലൂര്‍ - ഇന്ദിരാനഗര്‍ - മല്ലേഷ്‌ പാള്യ ..

ഒരു ബെംഗളുരു യാത്ര .. സൈക്കിളില്‍ സഞ്ചരിക്കുമ്പോള്‍ കാണുന്ന ലോക കാഴ്ചകള്‍ എത്ര വ്യത്യസ്തമാണ്‌ !! .. ജീവിതത്തിന്‌ പെട്ടെന്ന് വേഗത്ത കുറഞ്ഞ പോലെ ഒരു തോന്നലായിരിക്കും സൈക്കിളില്‍ സഞ്ചരിക്കുമ്പോള്‍ .. എല്ലാവരും അതി വേഗത്തില്‍ പോകുമ്പോള്‍ നമുക്ക്‌ എന്നും കാണാത്ത കാഴ്ചകള്‍ ഒക്കെ കണ്ട്‌ പതുക്കെ പോകാം .. പൂര്‍ണ്ണമായി നിമഗ്നമായി സൈക്കിള്‍ ചവിട്ടുന്നത്‌ ഒരു ധ്യാനാത്മകമായ അനുഭവമാണെന്ന് ഞാന്‍ പറയും .. എടുപിടി എന്ന് - എവിടെയെങ്കിലും എത്താനുള്ള പാച്ചിലാകരുത്‌ .. സമയം എടുത്ത്‌ - പതുക്കെയുള്ള ഈ മെല്ലെപ്പോക്ക്‌, നമുക്ക്‌ നമ്മിലേക്ക്‌ നോക്കാനുള്ള ഒരു വാതില്‍ തുറന്ന് തരും .. നടന്ന് പോകുന്നതിനെക്കാളും സൈക്കിള്‍ യാത്രക്ക്‌ എന്തോ ഒരു പ്രത്യേകതയുണ്ട്‌ .. അത്‌ വളരെ വ്യക്തിപരമായ ഒരു അനുഭവം ആണ്‌ ..

പൂര്‍ണമായി മുഴുകി സൈക്കിളില്‍ യാത്ര ചെയ്യുമ്പോള്‍ തളര്‍ച്ചയേ അറിയില്ല ..

posted by സ്വാര്‍ത്ഥന്‍ at 8:59 AM

0 Comments:

Post a Comment

<< Home