Tuesday, October 10, 2006

എന്റെ നാലുകെട്ടും തോണിയും - നാടകം - രണ്ടാം ഭാഗം

ജൂണ്‍ പന്ത്രണ്ട്.

ദിവസങ്ങളായുള്ള മുഷിപ്പിക്കുന്ന കാത്തിരിപ്പിനൊടുവില്‍, വളരെ ഭംഗിയുള്ള ഒരു നെക്ലേസുമായാണ് ഇന്ന് ചേട്ടന്‍ ഓഫീസില്‍ നിന്നെത്തിയത്. എന്റെ പിറന്നാളുകള്‍ ഇത്രമാത്രം കൊണ്ടാടാന്‍, എന്നെ ഇത്രമാത്രം സ്നേഹിക്കുന്ന ഈ മനസ്സുള്ള ആളെ ദൈവം തന്നത് എന്റെ മുന്‍ജന്മ സുകൃതമാണൊ? വൈരക്കല്ലെന്ന് തോന്നിപ്പിക്കുന്ന കല്ലുകള്‍ പതിച്ച പൂവിന്റെ ആകൃതിയിലിള്ള നെക്ലേസ്.

എന്റെ കാതുകളില്‍ വെള്ളക്കല്ലുകള്‍ പതിപ്പിച്ച കമ്മലുകളെ നോക്കി, ഇതു പോലെ ഒരു മാലയും കൂടെ ഉണ്ടെങ്കില്‍ നന്നായേനെ എന്ന്, ചേട്ടന്‍ കുറച്ചു നാള്‍ മുന്‍പ് എന്റെ കാതില്‍ മുഖമമര്‍ത്തി ചോദിച്ചതെ ഉണ്ടായിരുന്നുള്ളൂ... അതിതിനായിരുന്നല്ലെ? കള്ളന്‍! തിരക്കിട്ട ബിസിനസ്സ് യാത്രകള്‍ക്കിടയിലും എന്നെയോര്‍ക്കുവാന്‍...എന്റെ പിറന്നാളിന് ഓടിയെത്തുവാന്‍...

ഞാന്‍ അദ്ദേഹത്തെ സ്നേഹിക്കുന്നതില്‍ നൂറിരട്ടി സ്നേഹം കൊണ്ടെന്നെ പൊതിയുന്നു. അതെന്നില്‍ വല്ലാത്ത കുറ്റബോധം ഉണ്ടാക്കുന്നുണ്ട്. പക്ഷെ എന്താ ചെയ്യാ? അതുപോലെ സ്നേഹിക്കാന്‍ ചേട്ടനെ പോലെയുള്ള ഒരു മനസ്സും വേണം. എനിക്കതില്ലാതെ പോയല്ലൊ. കഷ്ടം!

കൂട്ടുകാരികള്‍ എന്നെ നോക്കി അസൂയപ്പെടുന്നുണ്ടാവുമെന്ന് തീര്‍ച്ച. ഭഗവതീ! ആരും കണ്ണു വെക്കരുതേ ഞങ്ങളെ നോക്കി. കുറച്ചു ദിവസം ചേട്ടന്‍ ഓഫീസ് ട്ടൂറുമായി വീട്ടില്‍ നിന്ന് മാറി നില്‍ക്കുന്നത്, അതുകൊണ്ട് തന്നെ നല്ലതെന്ന് എനിക്ക് പലപ്പോഴും തോന്നുന്നുണ്ട്. ഒറ്റക്ക് ചേട്ടന്‍ ഇല്ലാതെ ഒരു നിമിഷം പോലും ഇരിക്കാന്‍ സാധിക്കുന്നില്ലെങ്കിലും, ആ ഏകാന്തത എന്നെ ശ്വാസം മുട്ടിക്കുന്നുണ്ടെങ്കിലും, ചേട്ടന്റെ ഫോട്ടോ നെഞ്ചില്‍ ചേര്‍ത്ത് പിടിച്ചെന്റെ നിമിഷങ്ങള്‍ ഞാന്‍ തള്ളി നീക്കുമെങ്കിലും, കണ്ണ് കിട്ടാതെ ഇരിക്കുവാന്‍ ഞങ്ങളുടെ ഈ വിരഹം അത്യാവശ്യമാണെന്ന് പോലും തോന്നുന്നു. പാവം...ഒറ്റക്ക് നീ എങ്ങിനെയാ ഇരിക്കാ എന്നുള്ള കൂട്ടുകാരികളുടെ കപട സഹതാപങ്ങള്‍ക്കിടയില്‍ പുച്ഛഭാ‍വം മറയ്ക്കുവാന്‍ ഞാന്‍ പണിപ്പെടാറുണ്ടെങ്കിലെന്ത്?

പക്ഷെ, പാവം ചേട്ടന്‍! ഞാനില്ലാതെ പോകുന്ന ആ ദിവസങ്ങള്‍ എന്തുമാത്രം വേദനിക്കുന്നുണ്ടാകും? അതു മാത്രം ഓര്‍ക്കുമ്പോള്‍...പക്ഷെ എന്നാലും, പിന്നീട് ദിവസങ്ങള്‍ക്ക് ശേഷം, സൂക്ഷിച്ചു വെച്ച സ്നേഹം മൊത്തം വാരിക്കോരി കൊടുക്കുന്നതിനും ഒരു പ്രത്യേക സുഖമുണ്ട്, പിന്നീടുള്ള ദിവസങ്ങളില്‍ ഒരു ഉന്മാദാവസ്ഥയുണ്ട്...ചിലപ്പോള്‍ ഇടക്ക് ഇടക്ക് കിട്ടുന്ന വിരഹത്തെ ഞാന്‍ കാത്തിരിക്കുന്നതും അതുകൊണ്ടാവും.

നാല് ദിവസത്തില്‍ കൂടുതല്‍ ചേട്ടന്‍ എന്നെ വിട്ടുനിന്നിട്ടില്ല. അതിലും കൂടുതല്‍ ദിവസങ്ങളില്‍ കമ്പനി ടൂറിന് പോയാല്‍ ജോലിക്ക് അഭിവൃദ്ധി ഉണ്ടാകുമെങ്കിലും ചേട്ടനെന്നെ വിട്ട് പോവാന്‍ മടിയണത്രെ...ഞാന്‍ എത്ര ഭാഗ്യവതി! അങ്ങിനെ മാനേജര്‍ പറയുന്നുണ്ടെങ്കിലും മനോജരോട് ഇന്നലേയും വഴക്കിട്ടുവത്രെ അതും പറഞ്ഞ്. നിങ്ങള്‍ കല്ല്യാണം കഴിച്ചിട്ട് രണ്ട് കൊല്ലങ്ങള്‍ തികയാറായില്ലേയെന്ന് ചോദിച്ച് മാനേജര്‍ കളിയക്കിയത്രെ. ദുഷ്ടനായ മാനേജര്‍!

സ്നേഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും അയാള്‍ക്ക് ഒന്നും അറിയില്ല്ലാന്ന് തോന്നുന്നു. കുറേ അധികം നാള്‍ മാറി നിന്നാല്‍ പോലും ഞങ്ങളുടെ സ്നേഹം പത്ത് മടങ്ങ് വര്‍ദ്ധിക്കുകയേയുള്ളൂവെന്ന് ആ ശുംഭനു അറിയില്ല്ലല്ലൊ...
പിന്നീട് കാണുമ്പോഴുള്ള ആ ഉന്മാദാവസ്ഥ....അയാള്‍ക്ക് വയസ്സായില്ലെ, എങ്ങിനെ അതറിയാന്‍?എത്ര ദിവസത്തേക്ക് മാറി നിന്നാലും ഞങ്ങളുടെ സ്നേഹം ആയിരം മടങ്ങ് വര്‍ദ്ധിക്കും.....അത് തീര്‍ച്ച!

നാളെത്തന്നെ നെക്ലേസ് ബാങ്ക് ലോക്കറില്‍ വെക്കാന്‍ ഓര്‍ക്കണം.

പലപ്പോഴായി താളുകള്‍ കീറിയെടുക്കുമ്പോള്‍ സൃഷ്ടിച്ച, അവിടവിടെയായി വിടവുകളുള്ള, ചോക്ലേറ്റ് നിറത്തിലുള്ള കട്ടിയുള്ള പുറംചട്ട അടച്ച്, ഉറങ്ങി കിടക്കുന്ന അവനെ ഒന്ന് ശ്രദ്ധിച്ചു നോക്കി, അവന്‍ എപ്പോഴും തിരയാറുള്ള ക്രെഡിറ്റ് കാര്‍ഡുകളുടെ ബില്ലുകളും ബാങ്ക് സ്റ്റേറ്റ്മെന്റുകളും വെച്ചിരിക്കുന്ന മേശവലിപ്പിന്റെ ഉള്ളിലേക്ക് ആ ഡയറി അവള്‍ ഒളിപ്പിച്ചു വെച്ചു.

posted by സ്വാര്‍ത്ഥന്‍ at 5:43 PM

0 Comments:

Post a Comment

<< Home