Tuesday, September 05, 2006

Suryagayatri സൂര്യഗായത്രി - സഹയാത്രിക

ഷിബുവിന് അവളോടെന്തെങ്കിലും ചോദിക്കണമെന്നുണ്ട്‌. അവളാണെങ്കില്‍ ഈ ലോകത്തൊന്നുമല്ലാത്ത മട്ടില്‍ ഇരിക്കുന്നു. തന്നേക്കാളും പ്രായം തോന്നിക്കുന്നുണ്ട്.

ഇങ്ങനെയുമുണ്ടോ ആള്‍ക്കാര്‍?

നല്ല സഹയാത്രികരില്ലെങ്കില്‍ വിരസമാവും എല്ലാ യാത്രയും. എന്നും, ആരെങ്കിലും, കഥ പറയാനും, ചര്‍ച്ച ചെയ്യാനും കിട്ടുന്ന ഭാഗ്യം ചെയ്ത യാത്രക്കാരന്‍ എന്ന് കൂട്ടുകാര്‍ പറയുന്ന ഒരാളാണ്‌‍ താനെന്ന് ഷിബു എന്നും അഹങ്കരിച്ചിരുന്നു. യാത്രയുള്‍പ്പെടുന്ന ജോലി തെരഞ്ഞെടുക്കുമ്പോഴും തനിക്കൊരു ആശങ്കയും ഉണ്ടായിരുന്നില്ല. ഇന്നാദ്യമായിട്ടാവും ഇങ്ങനെയൊരു സഹയാത്രികയെ കിട്ടുന്നത്‌. ജനറലില്‍ ടിക്കറ്റ്‌ എടുത്താല്‍ മതിയായിരുന്നു. കമ്പനിയുടെ ചിലവില്‍ അല്ലേന്ന് കരുതിയാണ്‌‍ ഒന്നും ചിന്തിക്കാഞ്ഞത്‌.

‘ദൈവമേ, ഈ യാത്ര ഒരു ബോറന്‍ ലിസ്റ്റില്‍ എഴുതേണ്ടി വരുമല്ലോ.’

കൂട്ടുകാരോട്‌ പറഞ്ഞാല്‍ "നിന്നെ കണ്ടിട്ട്‌, നിന്നോട്‌ മിണ്ടാതിരിക്കുന്നതാ ബുദ്ധി എന്ന് അവള്‍ തീരുമാനിച്ചുകാണും" എന്ന് പറഞ്ഞ്‌ പരിഹസിക്കും.

അതിനിട വരുത്തരുത്‌. എന്തെല്ലാം കാര്യങ്ങള്‍ കിടക്കുന്നു, ഈ ലോകത്ത്‌, മിണ്ടാനും പറയാനും.

തുടങ്ങാം.

"ചേച്ചി എങ്ങോട്ട്‌ പോകുന്നു?"

അവളെന്തിനു ഞെട്ടി? ഷിബുവിനു കുറച്ച്‌ അമ്പരപ്പായി. വല്ല ഒളിച്ചോട്ടവും ആണോ?

"തൃശ്ശൂര്‍ക്കാ."

‘വെള്ളം കുടിക്കാതെ നാലു ദിവസമായോ ഇവര്‍?’

“ഞാനും തൃശ്ശൂര്‍ക്കാ."

അറിയാന്‍ വല്യ താല്‍പര്യം ഇല്ലെന്നുള്ള മട്ടില്‍ അവള്‍ പ്രതിമയെപോലെ ഇരുന്നു.

"തൃശ്ശൂരാണോ വീട്‌?" വാക്കുകള്‍ വീണുപോയാല്‍ എന്തോ നഷ്ടം വരുന്നതുപോലെ അവളൊന്നു മൂളി.

ഇനിയൊന്നും മിണ്ടാതിരിക്കാം എന്നാല്‍. ഷിബു തീരുമാനിച്ചു. തന്റെ ബര്‍ത്തില്‍ കയറിക്കിടന്ന് ഉറക്കം തുടങ്ങി. കണ്ണു തുറക്കുമ്പോഴേക്കും തൃശ്ശൂര്‍ എത്താന്‍ ആയിരുന്നു. അവള്‍ ഇറങ്ങിപ്പോയത്‌ അറിഞ്ഞില്ല. അവളിരുന്ന സ്ഥലത്ത്‌ ഒരു പേഴ്സ്‌. ഇറങ്ങാനുള്ള തിരക്കില്‍ ഇനി പേഴ്സ്‌ വെച്ച്‌ പോയതാണോ എന്തോ. ഏതായാലും ഒന്ന് നോക്കാം. ഒരു ചെറിയ ഹെയര്‍പിന്‍, ഒരു ചെറിയ മാല. അതും സ്വര്‍ണമാണെന്ന് തോന്നുന്നു. കുഞ്ഞുങ്ങളുടേത് പോലെ തോന്നി. കുറച്ച്‌ പൈസ, പിന്നെ കുറേ കടലാസും. മരുന്നിന്റെ കുറിപ്പുകളും. ഒരു കടലാസ്സില്‍ ഏതോ വീട്ടിന്റെ മേല്‍വിലാസം ആണ്‌. എറണാകുളത്തെ. പിന്നെ കുറച്ച്‌ മിഠായിയും.

ഇറങ്ങുമ്പോള്‍ പേഴ്സ് കൈയില്‍ത്തന്നെ വെച്ചു. അല്‍പമൊരു പേടി ഉണ്ട്‌. പുലിവാലാകുമോ. നോക്കാം. ഇനി എറണാകുളത്ത്‌ ചെന്ന് വീട്‌ കണ്ടുപിടിക്കാം. അവളുടേതല്ലെങ്കിലും, അവളെ അറിയാവുന്നവര്‍ എന്തായാലും ആ വീട്ടില്‍ ഉണ്ടാകും.

അല്‍പമൊരു പരുങ്ങലോടെയാണ്‌‍ ആ വീട്ടിലേക്ക്‌ കയറിച്ചെന്നത്‌. ഒരാള്‍ വന്നു. എന്തൊക്കെയോ വിഷമങ്ങള്‍ ആ മുഖത്തുള്ളത്‌ പോലെ. പേഴ്സ്‌ കാണിച്ച‌പ്പോള്‍ അയാളൊന്ന് ഞെട്ടി. പേഴ്സ് കൈനീട്ടി വാങ്ങി. തട്ടിയെടുക്കുന്നപോലെ തോന്നി, ഷിബുവിന്.

കുഴപ്പമായോ? കുടുങ്ങുമോ എന്തെങ്കിലും നൂലാമാലയില്‍?

പൂമുഖവാതിലിനു പിന്നില്‍ കുറേ രൂപങ്ങള്‍ വന്നെത്തി നോക്കുന്നതവന്‍ കണ്ടു. അവരുടെ മുഖഭാവവും അത്ര പന്തിയല്ല.

അയാള്‍ ഷിബുവിനെ വിളിച്ച്‌ അകത്തേക്ക്‌ നടന്നു. ഒരു മുറിയില്‍ മാലയിട്ട്‌ തൂക്കിയ അവളുടെ ഫോട്ടോ. ഷിബു ഒന്നും മിണ്ടാനാവാതെ നിന്നുപോയി.

"ഹൃദയത്തിന് അസുഖമായിരുന്നു. കഴിഞ്ഞ മാസം മരിച്ചു. റെയില്‍വേസ്റ്റേഷന്റെ അടുത്തുള്ള ഹോസ്പിറ്റലില്‍ ആയിരുന്നു കുറെക്കാലം. എന്റെ പെങ്ങളുടെ കുട്ടിയാണ്‌‍. അച്ഛനും അമ്മയും തെറ്റിലായിരുന്നു. വണ്ടിയുടെ ശബ്ദം കേള്‍ക്കുമ്പോഴൊക്കെ, അനിയനേം കൂട്ടി അച്ഛനെ ഒന്ന് കാണാന്‍ പോകണം, എന്ന് എപ്പോഴും പറയും. തൃശ്ശൂരാണുള്ളത്‌. കുറേക്കാലമായി അച്ഛനും മക്കളും, തമ്മില്‍ കണ്ടിട്ട്‌. ആഗ്രഹം സാധിക്കാതെ അവള്‍ പോയി."

ഷിബുവിന്റെ മനസ്സ്‌ ഒന്ന് പിടഞ്ഞു.

'അപ്പോള്‍ ഇവരൊന്നും അറിയാതെയാണ്‌‍ അവള്‍ തൃശ്ശൂര്‍ക്ക്‌ പോയത്‌. കൊള്ളാം.'

"മോനെവിടുന്നാ പേഴ്സ്‌ കിട്ടിയത്‌?"ചോദിക്കുന്ന അയാളേക്കാളും ഉത്സാഹത്തില്‍ കാതോര്‍ത്തുകൊണ്ട്‌ കുറേപ്പേര്‍ മുറിക്ക്‌ പുറത്തുണ്ടെന്ന് അവനു മനസ്സിലായി.

ഇനി സത്യം പറഞ്ഞ്‌ അവളുടെ ആത്മാവിനെ ശല്യം ചെയ്യേണ്ട.

"ഇത്‌ ഹോസ്പിറ്റലില്‍ നിന്ന് കിട്ടിയതാണ്. എന്റെ അനിയത്തി അവിടെ ജോലി ചെയ്യുന്നുണ്ട്‌. അവള്‍ക്ക്‌ ഒഴിവില്ലാത്തതിനാല്‍ എന്നെ ഏല്‍പ്പിച്ചു."

"ഉം. ഇതെപ്പോഴും കൂടെ കൊണ്ടുനടക്കും. ഞങ്ങള്‍‍ വിചാരിച്ചു, ഇത് കണ്ടില്ലല്ലോന്ന്. നന്ദിയുണ്ട് കൊണ്ടുത്തന്നതിന്.”

അയാള്‍ പേഴ്സ്‌ തുറന്ന് ഒരു വശത്തെ കള്ളിയില്‍ നിന്ന് ഒരു നിറം മങ്ങിയ ഫോട്ടോ എടുത്തു.

"ഇതവളുടെ അച്ഛന്‍ ആണ്‌. അയാള്‍ക്ക്‌ വേറെ ഭാര്യയും മക്കളും ഉണ്ട്‌. എന്നാലും ഇവിടെയുള്ളവര്‍ക്കൊന്നും ഒരു എതിര്‍പ്പും ഇല്ലായിരുന്നു. അച്ഛനു കൊടുക്കാന്‍ എന്നും പറഞ്ഞ്‌ തനിക്ക്‌ കിട്ടുന്നതില്‍ നിന്ന് കുറേ മിഠായിയും എടുത്തുവെക്കും. പഴകുമ്പോള്‍ കളയും. ഈ മാല അവള്‍ കുഞ്ഞായിരിക്കുമ്പോള്‍ അയാള്‍ അണിയിച്ചതാണ്."

ഷിബു, താന്‍ നോക്കിയിട്ട്‌ കാണാതിരുന്ന ആ ഫോട്ടോയിലേക്ക്‌ ഒന്ന് പാളി നോക്കി. എവിടെയോ കണ്ടതുപോലെ. തിരിച്ചറിഞ്ഞപ്പോള്‍ ഞടുക്കം തോന്നി. ആകെക്കൂടെ ഒരു തളര്‍ച്ച.

അച്ഛന്‍!

ഈ ഫോട്ടോ പോലെയുള്ളത്‌ അച്ഛന്റെ പഴയ ആല്‍ബത്തില്‍ ഒരുപാട്‌ കണ്ടിട്ടുണ്ട്‌. എന്തെങ്കിലും പറയാന്‍ വേണ്ടി വാക്കുകളോട്‌ പിടിവലി നടത്തുമ്പോള്‍ അതില്‍ ഉണ്ടായിരുന്ന മിഠായി, അച്ഛന്‍ തന്നെയാണല്ലോ തിന്നതെന്ന് ഷിബുവിന്റെ ഓര്‍മയില്‍ തെളിഞ്ഞു. മേശപ്പുറത്ത്‌ കണ്ടിട്ട്‌ എടുത്തതാണ്. തന്റെ അനിയത്തിയുടേതെന്ന് കരുതിക്കാണും. ആരുടേയാണെന്ന് ചോദിക്കാതെ എടുത്തുവെന്നും പറഞ്ഞ്‌ അച്ഛനോടിത്തിരി മുഷിയുകയും ചെയ്തു. ഇതെല്ലായിടത്തും കിട്ടുന്നതല്ലേ, വാങ്ങി ഇതില്‍ വെച്ചാല്‍പ്പോരേന്ന് അച്ഛന്‍ ചോദിക്കുകയും ചെയ്തു. ഒക്കെ അത്ഭുതം.

പുറത്തെത്തി ഒന്നും കേള്‍ക്കാന്‍ ശേഷിയില്ലാതെ, ഇറങ്ങി രക്ഷപ്പെടാന്‍ നിന്ന ഷിബു അയാളോട്‌ ചോദിച്ചു.

"എന്നാണ്‌‍ മരിച്ചത്‌?"

അയാളുടെ ഉത്തരം കേട്ടതും ഷിബു മൃതപ്രായന്‍ ആയി മാറി.

അയാള്‍ പറഞ്ഞ ദിവസം അവള്‍- ചേച്ചി- തന്റെ കൂടെ യാത്ര ചെയ്യുകയായിരുന്നു!

ഇനിയുമെന്തൊക്കെയോ പറയാനും ചോദിക്കാനുമായി, ഒരു തിരിച്ചുവരവ്‌ മനസ്സില്‍ കുറിച്ചിട്ട്‌, ഷിബു, യാത്ര പോലും പറയാതെ അവിടെ നിന്നിറങ്ങി.

തന്റെ ചുറ്റിലും ഏതോ അദൃശ്യശക്തി സന്തോഷത്തോടെ നൃത്തം വെച്ച്‌ നടക്കുന്നതായി അവന് അനുഭവപ്പെട്ടു.

posted by സ്വാര്‍ത്ഥന്‍ at 12:27 PM

0 Comments:

Post a Comment

<< Home