Tuesday, September 05, 2006

::സാംസ്കാരികം:: - കേരളകൌമുദിയിലെ ഓണസ്മൃതികള്‍

ഓണനിലാവിലൂടെ
മാടമ്പ്‌ കുഞ്ഞിക്കുട്ടന്‍

സാധാരണ അര്‍ത്ഥത്തില്‍ ഒരോണവും എനിക്ക്‌ നഷ്‌ടമായിട്ടില്ല. ഒരോണവും അത്രവലിയ ആഹ്‌ളാദത്തിന്റേതുമായിരുന്നില്ല.
വളരെ സാധാരണമായ ഒരു ഇടത്തരം ജന്മികുടുംബത്തില്‍ ജനിച്ചയാളാണ്‌ ഞാന്‍. അതുകൊണ്ടുതന്നെ വിഭവസമൃദ്ധമായ സദ്യകളെക്കുറിച്ചോ ഓണക്കോടികളെക്കുറിച്ചോ ഒരു സ്വപ്‌നം എനിക്കുണ്ടായിരുന്നില്ല. പ്രായേണ 50 - 55 വര്‍ഷംമുന്‍പുള്ള നമ്പൂതിരി ഉണ്ണികളുടെ ബാല്യം ഏറക്കുറെ ശുഷ്കിച്ചതാണെന്നുപറയാം. വിദ്യാഭ്യാസത്തിന്റെ കര്‍ശനമായ നിഷ്ഠകളില്‍നിന്ന്‌ ഒരു ഒഴിവുകിട്ടുന്നതാണ്‌ ഏറ്റവും വലിയ ഓണം.
പിന്നീട്‌ പ്രാരാബ്‌ധങ്ങളുടെ നടുവില്‍പ്പെട്ടപ്പോള്‍ ഓണം ഏതോ തീവണ്ടി ഓഫീസുകളിലോ ബസ്‌സ്റ്റാന്‍ഡുകളിലോ, അതല്ലെങ്കില്‍ ഹോട്ടല്‍ മുറികളിലോ ആയിപ്പോയി. പലപ്പോഴും ഭക്ഷണം തന്നെ കിട്ടാതായിട്ടുണ്ട്‌. എന്നുവച്ചാല്‍ ദാരിദ്യ്‌രം കൊണ്ടല്ല. തിരുവോണ മുടക്കമായതുകൊണ്ട്‌ ഹോട്ടലുകള്‍ അടച്ചിടാറുണ്ട്‌. അതുകൊണ്ട്‌ ഭക്ഷണം കിട്ടാന്‍ വിഷമമാണ്‌. പക്ഷേ, അപ്പോഴേക്കും മഹാപൊലിമകള്‍ ചാര്‍ത്തി ഓണം പത്രക്കാരുടെയും ദൃശ്യമാദ്ധ്യമങ്ങളുടെയും മാത്രമായി മാറിയിരുന്നു.

ഇന്ന്‌ എന്റെ പഴയ തറവാടായ തൃശൂര്‍ കിരാലൂരില്‍ ഓണം നിറംമങ്ങിയ കുറെ ഓര്‍മ്മകള്‍ മാത്രമാണ്‌. പൂക്കള്‍വരെ കാശുകൊടുത്തു വാങ്ങുന്നു. ഓണസദ്യ മുഴുവന്‍ ഫാസ്റ്റ്ഫുഡ്‌ കടകളില്‍നിന്ന്‌ വാങ്ങിയും ആഘോഷിക്കുന്നു. അതുകൊണ്ടുതന്നെ ഓണപ്പാട്ടും കളികളുമെല്ലാം ഏതോ കാലഹരണപ്പെട്ട വിനോദങ്ങളായിമാറി. ഇന്നത്തെ ക്രിക്കറ്റ്‌ യുഗത്തില്‍ തലപ്പന്ത്കളികള്‍ മാത്രം അറിയാവുന്ന ഒരു ബാല്യം ഓര്‍ക്കുന്നതേ ഗൃഹാതുരത്വമല്ലേ?

മുട്ടുമറയാത്ത ഒരു തോര്‍ത്തുമുണ്ട്‌ മാത്രം ധരിച്ച ഞങ്ങള്‍ ഇന്നത്തെ അടിപൊളി ടി-ഷര്‍ട്ടിനു മുന്നിലും ഡിസൈന്‍ഡ്‌ പാന്റ്‌സിനുമുമ്പിലും അമ്പരന്നുനില്‍ക്കുന്നു. നാട്ടിന്‍പുറത്തെ ഞങ്ങളുടെ പാവം പെണ്‍കിടാങ്ങള്‍ അത്യാധുനിക ബിക്കിനികളില്‍ രാപ്പകല്‍ മൊബെയിലുകളില്‍ ചാറ്റുചെയ്യുന്നു. ടെലിഫോണുകളും അതിനുംമുന്‍പേ വൈദ്യുതിയും അന്യമായിരുന്ന കിരാലൂര്‍ ഗ്രാമത്തിലാണ്‌ ഞാന്‍ ജനിച്ചത്‌. എവിടേക്ക്‌ പോകാനും അഞ്ചുകിലോമീറ്റര്‍ നടക്കേണ്ടിയിരുന്നു. ഒന്നുംതന്നെ ലഭ്യമായിരുന്നില്ല. എന്നിട്ടും ഈ നൂറ്റാണ്ടില്‍ ഞങ്ങളുടെ ഗ്രാമത്തില്‍ എം.എയും എല്‍.ടിയും പാസായ സര്‍വാധികാര്യക്കാര്‍ വരെയുണ്ടായി. അങ്ങനെ അവര്‍ ഞങ്ങളുടെ ഗ്രാമത്തിലെ ഓണനിലാവുകള്‍ക്ക്‌ ഭംഗിപകര്‍ന്നു. ചരിത്രത്തിലെ ആ മഹാദ്ഭുതങ്ങള്‍ ഞങ്ങളുടെ പിന്‍തലമുറകള്‍ അറിയുന്നില്ലല്ലോ എന്ന ദുഃഖമുണ്ട്‌.

ഓര്‍ത്തിരിക്കാന്‍ എന്തുസുഖം!
പുനത്തില്‍ കുഞ്ഞബ്‌ദുള്ള

ഓര്‍ത്തിരിക്കാന്‍ എന്തു സുഖമുള്ളതാണ്‌ കഴിഞ്ഞകാല ഓണനാളുകള്‍. ഓണപ്പാട്ടുകളും ഓണക്കളികളും ഓണത്തല്ലും എല്ലാം ചേര്‍ന്ന ബാല്യകാല ഓണസ്‌മരണകള്‍ അയവിറക്കുമ്പോഴേ മനസ്സിന്‌ ഓണമായി. അല്ലെങ്കിലും ബാല്യത്തിനല്ലേ ഓണം.

ഇസ്കൂള്‍ പൂട്ടുന്ന ദിവസം എത്തുമ്പോഴേ ഞങ്ങള്‍ കുട്ടികള്‍ക്കന്ന്‌ ഓണമാണ്‌. പഠിക്കാനൊന്നുമില്ലാതെ, ശാസനകള്‍ ഒന്നും കേള്‍ക്കാതെ തൊടിയിലും പറമ്പിലും പറമ്പിന്‍കുന്നുകളിലുമായി കളിച്ചും ചിരിച്ചും ഞങ്ങള്‍ ഓടിനടക്കും. ചെറിയ ഓണത്തിന്റന്ന്‌ പുലര്‍ച്ച മുതലേ തുടങ്ങും അതിന്റെ മേളപ്പൊട്ടുകള്‍.

അങ്ങ്‌ വടക്കോട്ടൊക്കെ ഞങ്ങള്‍ രണ്ടോണം കാര്യമായി ആഘോഷിക്കും. ചെറിയ ഓണവും വലിയ ഓണവും. എന്നുവച്ചാല്‍ ഉത്രാടവും തിരുവോണവും. ചെറിയ ഓണത്തിന്റെ അന്ന്‌ പുലര്‍ച്ചെ മുതല്‍ ഞങ്ങള്‍ കുട്ടികള്‍ കുന്നുകള്‍ താണ്ടി പൂപറിക്കാന്‍ പോകും.

എന്റെ അമ്മയുടെ അച്ഛന്റെ അച്ഛന്റെ തറവാട്ടിലാണ്‌ ഞങ്ങള്‍ കുട്ടികള്‍ ഓണം ആഘോഷിക്കുന്നത്‌. തട്ടുതട്ടായിട്ടുള്ള ഏഴെട്ട്‌ ഏക്കര്‍ പറമ്പിലാണ്‌ തറവാട്‌. ഓരോ തട്ടും കയറിപ്പോയാല്‍ അവസാനിക്കുന്നത്‌ ഒരു കുന്നിന്റെ മുകളിലായിരിക്കും. അവിടെ നിന്നാല്‍ കോഴിക്കോട്‌ നഗരത്തിന്റെ ചെറിയ ഒരു ദൃശ്യം കിട്ടും. വെള്ളിയാങ്കല്ലും തൃക്കോടി വിളിക്കുമൊക്കെ കാണാം. ഞങ്ങള്‍ പൂപറിച്ച്‌ ഒടുവില്‍ ഈ കുന്നിന്‍മുകള്‍ വരെ എത്തും. പൂവട്ടികളും പൂക്കൂടകളുമായി തുള്ളിരസിച്ച്‌ ഓടിയിറങ്ങുമ്പോഴേക്കും ഓണമറിയിച്ച്‌ ഓണപ്പൊട്ടന്‍ വന്നു തുടങ്ങിയിരിക്കും.

മുഖത്ത്‌ ചായം തേച്ച്‌ വലിയ കിരീടം ചാര്‍ത്തി കഥകളിക്കാരുടേതുപോലുള്ള വേഷമണിഞ്ഞ്‌ മണികിലുക്കിയെത്തുന്ന ഓണപ്പൊട്ടന്മാര്‍. ഓണപ്പൊട്ടന്‍ ഒന്നും മിണ്ടൂല്ല. മണികിലുക്കുകയേയുള്ളൂ. തൊട്ടുപിറകിലായി ഓണപ്പൊട്ടന്റെ ഭാര്യയും കാണും. മുണ്ടും മാറുമറച്ച തോര്‍ത്തുമാണ്‌ അവരുടെ വേഷം. തോളിലൊരു വലിയ മാറാപ്പും കാണും. മണികിലുക്കി എത്തുന്ന ഓണപ്പൊട്ടന്‌ ഓരോ വീട്ടില്‍നിന്നും ഒരണയും (ആറുപൈസ) അരിയും തേങ്ങയുമൊക്കെ നല്‍കും. ഒടുവില്‍ സന്‌ധ്യമയങ്ങുമ്പോഴാണ്‌ ഓണപ്പൊട്ടന്‍ വേഷമെല്ലാം അഴിച്ചുവയ്ക്കുന്നത്‌. പിന്നെ നേരെപോകുന്നത്‌ കള്ളുഷാപ്പിലേക്കാണ്‌. മൂക്കറ്റം കുടിച്ചിറങ്ങുന്നതുവരെ പൊട്ടന്റെ ഭാര്യ മലയി വെളിയില്‍ കാത്തുനില്‍ക്കും. കള്ള്‌ തലയ്ക്ക്‌ പിടിച്ച്‌ ലഹരി മൂത്തുകഴിയുമ്പോഴാണ്‌ ഇരുവരും വീട്ടിലേക്ക്‌ മടങ്ങുന്നത്‌. പൊട്ടന്‌ പിന്നെ ഓണപ്പാട്ടിന്റെ താളവും മേളവുമാണ്‌. മലയി പാട്ടിന്‌ താളമടിക്കുന്നത്‌ ഓണപ്പൊട്ടന്റെ പൃഷ്‌ടത്തിലായിരിക്കും. ലഹരിമൂത്ത ഓണപ്പൊട്ടന്‍ ഉച്ചത്തില്‍ പാടുന്നു.
ചെറിയോണം മോന്തി ക്ക്‌,
ചെറിയോണം മോന്തിക്ക്‌,
ചെറിയമ്മ പെണ്ണിന്റെ
മുല രണ്ടും കണ്ടില്ലാ.
അമ്മ കരയുന്നു അച്ഛന്‍ കരയുന്നു.
മച്ചുനന്‍ ചെക്കനോ, പൊട്ടിക്കരയുന്നൂ.
ചെറിയോണം പിറ്റേന്ന്‌
ചെറിയോണം പിറ്റേന്ന്‌
മുല രണ്ടും കണ്ടല്ലോ
പുളിമരക്കൊമ്പീല്‌
അച്ഛന്‍ ചിരിക്കുന്നു
അമ്മ ചിരിക്കുന്നു.
മച്ചുനന്‍ ചെക്കനോ ചാടിപ്പിടിക്കുന്നൂ.
ഇങ്ങനെ താളത്തില്‍ പാടിയകന്നുപോയ മലയനെയും മലയത്തിയെയും ഓര്‍ത്തിരിക്കുമ്പോഴേ എന്റെ മനസ്സില്‍ ഓണനിലാവ്‌ പരക്കും. ഇന്നും എന്നും.
മായാത്ത ചിത്രങ്ങളാണത്‌. ഓര്‍ത്തോര്‍ത്തിരിക്കാന്‍ എന്തു സുഖം!

വീണിടം ഓണലോകം
നെടുമുടി വേണു

ഞങ്ങള്‍ 'സിനിമാ'ക്കാര്‍ക്ക്‌ എവിടെയാണോ അവിടെത്തന്നെ ഓണവും ഓണസദ്യയും ആഘോഷവുമെല്ലാം. എവിടെയായാലും നാട്ടുനന്മയുടെ ഒരു കൂട്ടായ്‌മയെയാണ്‌ ആസ്വദിക്കാന്‍ ശ്രമിക്കുന്നത്‌. പുറംനാടുകളിലാണ്‌ ഇപ്പോള്‍ ഓണം കാര്യമായി ആഘോഷിക്കുന്നത്‌. ഊണിലും ഉടുപ്പിലും വരെ ഓണത്തിന്റെ എല്ലാ ആചാരനിഷ്ഠകളും അവര്‍ പാലിക്കുന്നു.

കേരളത്തിനുപുറത്ത്‌ മസ്കറ്റ്‌, കുവൈറ്റ്‌ തുടങ്ങി ഒട്ടേറെ രാജ്യങ്ങളില്‍ പ്രവാസി മലയാളികള്‍ സംഘടിപ്പിക്കുന്ന ഓണാഘോഷങ്ങളില്‍ ഞാന്‍ പലകുറി പങ്കെടുത്തിട്ടുണ്ട്‌. ഓണപ്പുടവകള്‍ നല്‍കിയും സദ്യ ഒരുക്കിയും ആടിയും പാടിയും അവര്‍ ഓണം ആഘോഷിക്കുന്നതു കണ്ടാല്‍ ഒരു കാര്യം ബോദ്ധ്യമാകും. കാലം എത്ര മാറിയാലും ആചാരാനുഷ്ഠാനങ്ങളോട്‌ എത്ര പുറംതിരിഞ്ഞു നില്‍ക്കാന്‍ ശ്രമിച്ചാലും അതൊക്കെ നല്ലൊരളവുവരെ ബാഹ്യസ്‌പര്‍ശിയായിരിക്കും. ഉപരിപ്‌ളവമെന്നും പറയാം. ആണ്ടിലൊരിക്കലുള്ള ഓണമെന്ന സങ്കല്‍പത്തിന്‌ എന്തോ ഒരു ഉദ്ദേശ്യലക്ഷ്യമുണ്ട്‌. ഓരോ ഓണത്തിനും നമ്മള്‍ അറിഞ്ഞും അറിയാതെയും അതിന്റെ ഭാഗമായി മാറിക്കൊണ്ടേയിരിക്കും.

വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ മസ്കറ്റിലെ ഒരു ഓണവിരുന്നില്‍ ഞാന്‍ ആദ്യന്തം പങ്കെടുത്തിരുന്നു. ഓണമൊരുക്കുന്നതിന്റെ കൗതുകമൂറുന്ന ഒത്തൊ രുമയാണ്‌ അവിടെ കാണാന്‍ കഴിഞ്ഞത്‌. നിലം മെഴുകി വൃത്തിയാക്കുന്നതു മുതല്‍ സദ്യവട്ടം ഒരുക്കി വിളമ്പുന്നതുവരെ പ്രവാസികളായ മലയാളികള്‍ ചേര്‍ന്നാണ്‌. എല്ലാം അവര്‍ സ്വയം ചെയ്യുന്നു. പാചകക്കാരനോ മറ്റു സഹായികളോ ഇല്ല. ഓണപ്പുടവകള്‍ കൈമാറുന്നു. നാടന്‍ പാട്ടുകളും ഓണക്കളികളുമായി അവര്‍ നാട്ടിലുള്ളവരെക്കാള്‍ ആഹ്‌ളാദാഘോഷങ്ങളോടെ, ഒത്തൊരുമയോടെ ഓണം ആഘോഷിക്കുന്നു. എവിടെയായാലും മലയാളി മറക്കാത്ത ആ കൂട്ടായ്‌മയെ നമ്മള്‍ ആരാധിച്ചുപോകും.

ഗോവയിലെ ഓണനിലാവ്‌
അക്ബര്‍ കക്കട്ടില്‍

ഇക്കുറി എന്റെ ഓണാഘോഷം നാട്ടിലല്ല. ടൂറിസ്റ്റുകളുടെ നാടായ ഗോവയിലാണ്‌. ഗോവയിലെ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ഓണാഘോഷങ്ങളുടെ ഉദ്ഘാടകനായാണ്‌ ഞാന്‍ ഇവിടെ എത്തിയത്‌. നമ്മുടെ നാട്ടിലേതുപോലെയല്ല ഇവിടത്തെ ഓണാഘോഷം. പ്രവാസി മലയാളികള്‍ മതേതര ഭാവത്തോടെ ഒരേ ചരടില്‍ കോര്‍ത്ത പൂക്കളെപ്പോലെ നമ്മളെക്കാള്‍ ആഹ്‌ളാദാഘോഷങ്ങളോടെ ഓണം പൊടിപൊടിക്കുകയാണ്‌.
ദിവസങ്ങള്‍ക്കു മുന്‍പേ ഇവിടെ ഓണാഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. മാവേലിയെ വരവേല്‍ക്കാനുള്ള ആചാരാനുഷ്ഠാനങ്ങള്‍ അതിന്റേതായ തീവ്രതയോടെ ആവിഷ്കരിക്കുന്ന കാഴ്ചകള്‍ എവിടെയും കാണാം.
നാട്ടില്‍ പോയി മടങ്ങിയെത്തിയവര്‍ ഓണസദ്യ ഒരുക്കാന്‍ പ്രത്യേക പാചകക്കാരെ തന്നെ കൊണ്ടുവന്നിട്ടുണ്ട്‌. വാഴയില മുതല്‍ ഓണപ്പുടവകള്‍ വരെ തയ്യാര്‍. ഒറ്റയ്ക്ക്‌ ഒറ്റയ്ക്കായിട്ടല്ല ഓണം ഒരുക്കുന്നത്‌. മലയാളികളുടെ ഒരു ഗോവന്‍ കൂട്ടായ്‌മയാണ്‌ കാണുന്നത്‌. മലയാളി അസോസിയേഷന്റെ വക ഓണസദ്യ ഉണ്ണാന്‍ ഇവിടത്തെ മുഖ്യമന്ത്രിയും എം.എല്‍.മാരും പൊലീസ്‌ അധികാരികളും സാഹിത്യകാരന്‍മാരുമടക്കം ആയിരത്തിലധികം പേര്‍ ഇതിനകം വിരുന്നുകാരായി.

നമ്മുടെ നാട്ടിലെ ജമന്തിയും മുല്ലയും ചെമ്പരത്തിയും ഗോവയിലും സുലഭമാണ്‌. നാട്ടില്‍ നിന്ന്‌ കൊണ്ടുവന്ന തൂശനില നിലത്തുവിരിച്ച്‌ ഓലനും കാളനും ഉപ്പേരിയും പ്രഥമനും പാല്‍പ്പായസവും വിളമ്പുന്ന മനോഹരമായ ഒരു കേരളീയ ചുറ്റുവട്ടം. അതിന്‌ ഓണനിലാവ്‌ തൂകുന്ന മലയാളികളുടെ വെടിവട്ടങ്ങളും ചേര്‍ന്നപ്പോള്‍ ഗോവയിലും ഞാന്‍ ഓണം ആഘോഷിക്കുകയാണ്‌.

ഓര്‍മ്മയില്‍ ഒതുങ്ങുന്ന ആഘോഷം
ഐഷാ പോറ്റി

ഞാന്‍ രാജിവച്ച ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ ഉപതിരഞ്ഞെടുപ്പ്‌ നടക്കുകയാണ്‌ ഈ ഓണക്കാലത്ത്‌. ഓണം പ്രചരണത്തില്‍ മുങ്ങി എന്നര്‍ത്ഥം. എങ്കിലും വ്യത്യസ്തമായ രസമുള്ള അനുഭവമാണ്‌ എനിക്കുണ്ടാകുന്നത്‌. നാട്ടുകാരോടൊപ്പം പലപല വീടുകളിലാണ്‌ ഒന്നാം ഓണംതൊട്ട്‌ ഊണു കഴിക്കുന്നത്‌. ഇന്ന്‌, തിരുവോണത്തിന്‌ ഭര്‍ത്താവിന്റെ വീട്ടില്‍ താമരക്കുടിയിലാണ്‌ ഓണസദ്യ. അതു പതിവാണ്‌. ഇത്തവണയും തെറ്റിക്കുന്നില്ല.
പണ്ടത്തെപ്പോലെ പൂപറിച്ചും അത്തമിട്ടും ഊഞ്ഞാലാടിയുമുള്ള ഓണാഘോഷം ഓര്‍മ്മയില്‍മാത്രം ഒതുങ്ങുന്നു. അനുഭവിക്കാന്‍ പറ്റുന്നില്ല. പലപല ആള്‍ക്കാര്‍ - കൂലിപ്പണിക്കര്‍, കശുഅണ്ടി തൊഴിലാളികള്‍, കച്ചവടക്കാര്‍ അങ്ങനെ പലരും ഓണനാളില്‍ വീട്ടില്‍ വരാറുണ്ട്‌. ഇവരുടെ മുഖത്ത്‌ സന്തോഷവും നിറഞ്ഞ ചിരിയും കാണുന്നു. തൃപ്‌തരാണവര്‍. അവരുടെ സന്തോഷത്തില്‍ ഞാന്‍ പങ്കുചേരുന്നു, ആനന്ദിക്കുന്നു. കല്യാണം കഴിഞ്ഞുള്ള ആദ്യ ഓണം എന്നൊക്കെ പറയുന്നതുപോലെ എം. എല്‍. എ ആയശേഷമുള്ള ആദ്യ ഓണമാണിത്‌. അത്‌ ജനങ്ങളോടൊപ്പം നിറഞ്ഞ മനസ്സോടെ ഞാന്‍ ആഘോഷിക്കുന്നു.

കടപ്പാട്‌ : കേരളകൗമുദി ഓണ്‍ലൈന്‍

posted by സ്വാര്‍ത്ഥന്‍ at 8:18 AM

0 Comments:

Post a Comment

<< Home