Wednesday, September 20, 2006

ഇതിഹാസം /O^O\ ithihasam - ധന്യ, നീ..

URL:http://ithihasam.blogspot.com/2006/09/blog-post_20.htmlPublished: 9/21/2006 8:01 AM
 Author: ശനിയന്‍ \o^o/ Shaniyan
എന്നുമീ വാതില്‍ തുറന്നുവരുന്നൊരാ
നറു പുഞ്ചിരി കാണാന്‍ കൊതിച്ചിരിപ്പൂ
ഞങ്ങളെ സ്നേഹത്തിന്‍ പൂക്കളാല്‍ മൂടിയ
ഹൃദ്യമാം പുഞ്ചിരി, എങ്ങുപോയ് നീ?

അനുദിനമെന്നോണമേറുന്ന വേദന
പുഞ്ചിരിക്കുള്ളില്‍ മറച്ച പൂവേ
ഏവരുടെയും ചിരികള്‍തന്‍ മൂലമാം
നീയേയിതെങ്ങിന്നു പോയ് മറഞ്ഞൂ?

വേദനയേറിലും നിന്റെ ചിരിയാലെ
ഈയാരാമമെങ്ങും നിറഞ്ഞ പൂവേ,
നീയുമിന്നാരാമ ഭംഗിയില്‍നിന്നുയര്‍ന്നാ-
കാശഭംഗിയില്‍ പോയിയെന്നോ?

ധന്യ നീ, യെത്രയും ഓര്‍മ്മകള്‍മാത്രമായ്,
പര ശതം ജന്മങ്ങള്‍ ബാക്കിയായി..
നിന്‍ ചിരിയെന്നാലും മായില്ലൊരുനാളും,
ഞങ്ങള്‍ തന്‍ ഹൃത്തില്‍ നീ മഴയായിടും..

കണ്‍കള്‍ നിറക്കുന്നതിഷ്ടമല്ലെന്നാലും
നിറകണ്‍കളോടതു ചൊല്‍‌വതാമോ?
ഒരുപെരുമഴയങ്ങു പെയ്തിറങ്ങീയിന്നു
കാര്‍മേഘമില്ലാത്ത വിണ്ണില്‍നിന്നും..

നിന്‍ചിരിയെങ്കിലും മായില്ലൊരു നാളും
ഹൃദയത്തില്‍ കൊത്തിയ കവിതപോലെ..

നിന്‍ ചിരിയെന്നാലും മായില്ല.....
ധന്യ നീ.......

ഒരുപിടിയോര്‍മ്മകളും, ഒരുപിടി വേദനകളും മാത്രം ബാക്കിയാക്കി ഞങ്ങളുടെ ലോറ കടന്നു പോയി..

എപ്പോഴും ചിരിക്കാന്‍ മാത്രമറിയുന്ന, കാര്‍ന്നു തിന്നുന്ന ലിവര്‍ കാന്‍സറിന്റെ വേദനയില്‍ നടക്കാന്‍ ബുദ്ധിമുട്ടുമ്പോഴും മായാത്ത ചിരിയുമായി ഞങ്ങളുടെ എല്ലാ ജോലിക്കും എപ്പോഴും സഹായിക്കാന്‍ ഓടിയെത്തുമായിരുന്ന, കീമോതെറാപ്പിക്കായി വരുമ്പോള്‍ കൂടെ വരുന്ന ഭര്‍ത്താവിനോട് വാശിപിടിച്ച് ഞങ്ങളേക്കാണാന്‍ 25-ആം നിലയില്‍ കേറിയെത്തി മെല്ലെ എല്ലാവരേയും കണ്ട്, ചിരി വിതറിയിരുന്ന, പാവക്കുട്ടിയേപ്പോലിരിക്കുന്ന ഒരു പത്തുവയസ്സുകാരന്റെ അമ്മയായ, ഹവായി കടല്‍ത്തീരത്തിനെ അകമഴിഞ്ഞു സ്നേഹിച്ചിരുന്ന, പണിയിലെ ആത്മാര്‍ത്ഥതക്കും, പെര്‍ഫെക്റ്റ് അറ്റന്‍ഡന്‍സിനും കമ്പനിയുടെ അഞ്ചു വര്‍ഷത്തെ ജേതാവായിരുന്ന, ചീത്തപറയാനറിയാത്ത, വഴക്കു കൂടാനറിയാത്ത, ഞങ്ങളുടെ ലോറ പോയി...

ധന്യ നീ.......

ഒരിക്കല്‍ പരിചയപ്പെട്ടാല്‍ മറക്കുകില്ലൊരിക്കലും നിന്നെയാരും... ആദ്യമായി കാണുന്ന ഒരാളെ ചിരപരിചിതനെന്നു തോന്നിപ്പിക്കുന്ന നിന്റെ ചിരിയും, നീ വിതറിയ സ്നേഹവും മറക്കുവതെങ്ങനെ?

ധന്യ നീ.......

ഇന്നു വൈകീട്ട് ഒരു ചെറിയ കൂട്ടത്തിലെ നിറഞ്ഞ കണ്ണുകളെ നോക്കി, ഞങ്ങളുടെ ഡയറക്ടറ് ഡയാന പറഞ്ഞതു പോലെ “Laura showed us how to smile in pain, and we should keep that smile on..“

നിന്റെ സാന്നിധ്യം മറക്കില്ലൊരിക്കലുമീ ചെറിയ കുടുംബം.. നിന്നാത്മ ശാന്തിക്കായ് പ്രാര്‍ത്ഥിക്കുന്നു ഞങ്ങള്‍, ലോറ..

ധന്യ നീ.......

-ഇന്നു ഞങ്ങളെ വിട്ടു പോയ ലോറ ബിര്‍ക്കിത്ത് എന്ന മായാത്ത പുഞ്ചിരിക്കു വേണ്ടി.

A great RSS feed can help you live, work, or play better. If it's been a while since you've found a feed like this, head over to the Squeet Reader Directory where you'll find 80+ quality feeds in many categories. Quickly and easily subscribe to multiple groups or catgories all at once.

Try the Squeet Reader Feed Directory Now
Read the Squeet Blog Article

posted by സ്വാര്‍ത്ഥന്‍ at 8:42 PM

0 Comments:

Post a Comment

<< Home