Wednesday, September 20, 2006

എന്റെ നാലുകെട്ടും തോണിയും - സിറിയാന

നിങ്ങള്‍ ലോകപൊളിറ്റിക്സ് കാലത്തും വൈകിട്ടും കാപ്പിക്കൊപ്പം കടിയായി കഴിക്കാറുണ്ടോ?

നിങ്ങളുടെ തീന്മേശയിലും മറ്റും ചൂടുപിടിച്ച സംവാദങ്ങള്‍ ഭക്ഷണത്തോടൊപ്പം എന്നും ഉണ്ടാവാറുണ്ടൊ?

ഇതൊക്കെ ആളുകള്‍ എന്തുകൊണ്ട് ശ്രദ്ധിക്കുന്നില്ലാ, എന്തുകൊണ്ട് ആരും പ്രതികരിക്കുന്നില്ലാന്ന് വിഷമിക്കാറുണ്ടൊ?

ആര്‍ക്കെങ്കിലും ഇതെല്ലാം കൂട്ടിക്കുഴച്ച് ഒരു സിനിമയാക്കാന്‍ നട്ടെല്ലുണ്ടാവണേയെന്ന് വിചാരിക്കാറുണ്ടൊ?

എന്നാല്‍ അങ്ങിനെ ഒരാള്‍ക്ക് നട്ടെല്ലുണ്ടായി. വേറെ ആര്‍ക്കുമല്ല, സ്റ്റീഫന്‍ ഗാഗന്‍ എന്ന ട്രാഫിക്കിന്റെ തിരകഥാകൃത്തിന്. അങ്ങിനെ അദ്ദേഹം തന്നെ തിരക്കഥയും സംവിധാനവും ചെയ്ത സിനിമയാണ് സിറിയാന. യുദ്ധത്തിനെതിരേ പ്രതികരിച്ച സിനിമാതൊഴിലാളികളെ ബുഷ് ഭരണകൂടവും റിപ്പബ്ലിക്കന്‍ റൈറ്റ് വിങ്ങും ഒറ്റപ്പെടുത്തിയതാണിവിടെ. എന്നിട്ടും ഈ സാഹചര്യത്തില്‍ ഇതുപോലൊരു സിനിമ പിടിക്കണമെങ്കില്‍ തന്റേടം തന്നെ വേണം.

ഈ സിനിമ കാണെണമെങ്കില്‍ ഒരു മിനിമം റിക്ക്യര്‍മെന്റ് സമകാലീന വാര്‍ത്തകളെക്കുറിച്ച് ഒരു ബേസിക്ക് അവബോധം വേണമെന്നുള്ളതാണ്. കാരണം പ്രമേയം കടുകട്ടിയാണ്. അതും പോരാഞ്ഞിട്ട് മൂന്ന് വ്യത്യസ്ത കഥകളെ കോര്‍ത്തിണക്കിയുള്ളൊരു ഞാണിന്മേല്‍ ‍കളിയാണ്. മാത്രമല്ല, സിനിമയുടെ പേസ് വളരെ വേഗത്തിലാണ്, ഒരു നിമിഷം കണ്ണെടുത്താല്‍ വളരെയധികം കാര്യങ്ങള്‍ മനസ്സിലാവാതെ പോവും.

എക്സോണ്‍ എന്ന അമേരിക്കന്‍ എണ്ണ കമ്പനിയുടേയും എണ്ണയെന്നെ പൊന്മുട്ട കൊണ്ട് സമ്പല്‍ സമൃധമായ സൌദി അറേബ്യയും ആണീ സിനിമയില്‍ പ്രതിപാദിക്കുന്നതു. പക്ഷെ അത് തെളിച്ചു പറയുന്നില്ല. മനസ്സിലാക്കാവുന്നതേയുള്ളൂ.

സിനിമയുടെ മുഖ്യ കഥാതന്തു മിഡില്‍ ഈസ്റ്റ് രാജ്യങ്ങളുടെ വറ്റാത്ത എണ്ണസമ്പത്തില്‍ കൊളുത്തിട്ട് പിടിക്കുന്ന അമേരിക്കന്‍ രാഷ്ട്രീയമാണ്. വളരെയധികം ശ്രദ്ധിച്ചാണ് കഥ ഒരുക്കിയിട്ടുള്ളത്. എങ്ങോട്ടും ആരോടും ചായ്‌വില്ലാതെ. അതൊരു എടുത്തു പറയേണ്ട പ്രത്യേകതയാണ് ഈ സിനിമയുടെ.

മിഡില്‍ ഈസ്റ്റിലെ രാജ്യഭരണത്തിലുള്ള അമേരിക്കയുടെ കൈകടത്തുലുകള്‍ വളരെ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. അതില്‍ എനിക്ക് പ്രിയപ്പെട്ടൊരു ഡയലോഗ്. രാജാവിനോട് മൂത്ത പുത്രന്‍ ചോദിക്കുന്നതും, അതിനു രാജാ‍വിന്റെ മറുപടിയും, മകന്‍ തിരിച്ച് പറയുന്നതും.

"Who will be emir?"
"Your brother."
"He's barely qualified to run a brothel, much less a country!"

മറ്റൊരു ഇഷ്ടപ്പെട്ട ഡയലോഗ്. വെള്ളക്കാരിയായ ജൂലി വുഡമാന്‍ അറബികളുടെ വലിയ കുടുമ്പങ്ങളും അവര്‍ തമ്മില്ലുള്ള ബന്ധവും കാണുമ്പോള്‍ ഭര്‍ത്താവിനോട് ചോദിക്കുന്നതും അദ്ദേഹത്തിന്റെ മറുപടിയും.
“Arabs are very family-oriented...as a people. Is that racist?”
“Sure! A little.”

എനിക്ക് പ്രിയപ്പെട്ട ജോര്‍ജ്ജ് ക്ലൂണിയും മാറ്റ് ഡേമണും ആണ് ഇതിലെ രണ്ട് അഭിനേതാക്കള്‍. അവര്‍ അവരുടെ ഭാഗങ്ങള്‍ നന്നായി തന്നെ ചെയ്തുവെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലൊ. ജോര്‍ജ്ജ് ക്ലൂണിക്ക് ഗോള്‍ഡന്‍ ഗ്ലോബും ഓസ്കാറും നേടിക്കൊടുത്ത ചിത്രമാണിത്.

(സ്വല്‍പ്പം പൊങ്ങച്ചം : പണ്ട് എന്നാല്‍ വളരെ പണ്ട്, എന്ന് വെച്ചാല്‍ ജോര്‍ജ് ക്ലൂണി ജനിക്കുന്നതിനും മുമ്പ്, ഈ ജോര്‍ജ് ക്ലൂണി ആള്‍ കൊള്ളാലൊ, ഭാവിയുള്ള നടനാണെന്ന് ഞാന്‍ പറഞ്ഞത് കേട്ട് ചുറ്റും കൂടിയിരുന്നവര്‍ പരിഹസിച്ചു. ഒരു മനുഷ്യനും അറിഞ്ഞൂടാത്തവരയേ നിനക്ക് ഇഷ്ടപ്പെടൂന്ന് പറഞ്ഞെന്നെ കളിയാക്കി. ഇപ്പോഴോ ഡിങ്ങി....ഡിങ്ങാ..)

പോരായ്മകളായി ചൂണ്ടിക്കാട്ടാവുന്നത്, ട്രാഫിക്കിന്റെ അത്രയും ടൈറ്റ് സ്ക്രിപ്റ്റും സംവിധാനവും ഒത്തിട്ടില്ല. മാത്രമല്ല, ഇത്രേം കടുകട്ടി പ്രമേയത്തിന് വളരെ കടുകട്ടിയായ ഒരു സിനിമാ ഫോര്‍മാറ്റ്, സിനിമയെ സാധാരണ പ്രേഷകരില്‍ നിന്ന് മാറ്റി നിറുത്തിയേക്കാം.

പക്ഷെ അത്യാവശ്യം സിനിമാപ്രേമികള്‍ കണ്ടിരിക്കേണ്ട ഒരു സിനിമയാണെന്ന് ഞാന്‍ വിചാരിക്കുന്നു. ഇങ്ങിനെയുള്ള സിനിമകള്‍ വരേണ്ടതും പ്രോത്സാഹിപ്പിക്കേണ്ടതും പല കൊള്ളരുതായ്മകള്‍ക്കും മൌനം നടിക്കുന്ന ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. പല വമ്പന്‍ രാഷ്ട്രങ്ങളും ഒരു വലിയ കോര്‍പ്പറേറ്റ് ബിസിനസ്സ് പോലെയാണ് പല പൊളിറ്റിക്കല്‍ നീക്കങ്ങളും നടത്തുന്നത്, പ്രത്യേകിച്ച് ജനാധിപത്യം എന്ന് മുറവിളി പ്രത്യക്ഷമായി വിളിച്ച് കൂവിയിട്ട് പിന്‍വാതിലിലൂടെ അരാജകത്വത്തെ പിന്താങ്ങുന്നതു.

ഈ സിനിമ കാണുന്നതിന് മുമ്പ് തുറുപ്പുഗുലാനോ പോലുള്ള തട്ടുപൊളിപ്പന്‍ പടങ്ങള്‍ കണ്ട് മനസ്സും ചിന്തയും മൊത്തം ശൂന്യമാക്കാണം :). എന്നിട്ട് ഈ സിനിമ കാണണം എന്നപേക്ഷ. ഇതിന്റെ മൊത്തം എഫക്റ്റ് കിട്ടണമെങ്കില്‍.

posted by സ്വാര്‍ത്ഥന്‍ at 7:26 PM

0 Comments:

Post a Comment

<< Home