Tuesday, September 26, 2006

അതുല്യ :: atulya - ഈ പോസ്റ്റ്‌ കലേഷിനു വേണ്ടി...

അമേരിയ്കേന്ന് ഉമേഷും കുടുംബവും, കുട്ട്യേടത്തി, ഹന്നവാവ, മഞ്ചിത്ത്‌, പിന്നെ ബിന്ദു,, രേഷ്മ, നമ്മടെ ഇഞ്ചി വാവ കുടുംബം,ആദിത്യന്‍.. പിന്നെ ആരാണാവോ, അയ്യോ ആ സസ്നേഹം സന്തോഷും കുടുംബവവും.... എല്ലാരും ഉണ്ടാവും തീര്‍ച്ച. സിബുവും, ഏവുരാനും, കെവിനും ഒക്കെ വരും. അതിരാവിലെ തന്നെ എത്തും. ആരെങ്കിലും വിട്ടുപോയെങ്കില്‍ ഒന്ന് അന്യോന്യം വിളിച്ച്‌ അറിയിയ്കണമെന്ന് പറഞ്ഞിട്ടുണ്ട്‌. ആരേയും കണ്ടിട്ട്‌ കൂടിയില്ലാ,എന്നാലും പരിചയക്കേട്‌ ഒന്നുമുണ്ടാവില്ലാ. ആ ഉമേഷന്‍ മാഷെങ്ങാനും എല്ലാ ചീത്തയും കൂടി ഒന്നിച്ച്‌ പറയുമോ ആവാ? സ്വകാര്യത്തിലു വേണോട്ടോ....

പിന്നെ കൊച്ചീന്ന് ആരൊക്കെ... ബ്ലോഗ്ന്ന് പറഞ്ഞ്‌ കയറീത്‌ സൂവിന്റെ ബ്ലോഗിലാ ആദ്യം.....
സൂവും മണിച്ചേട്ടനും,(സൂ നേരത്തേ വരണെ.. പിടിപ്പത്‌ പണിയുണ്ടാവും)ഉമേച്ചി, ഗോപ്യേട്ടന്‍,അരുണ്‍ വിഷ്ണു, തുളസീ, കുമാര്‍, സുമ, കല്ല്യാണി വാവ, ഇക്കാസ്‌, വില്ലൂസ്സ്‌, പച്ചാളം, രായമാണിയ്ക്യം, മുല്ലപ്പൂ, ദുര്‍ഗ്ഗ, ഒബിയും ഭാര്യയും, തിരുവനന്തപുരത്തീന്ന് ചന്ദ്രേട്ടനും കുടുംബവും, . .ഞാന്‍, സഹയാത്രികന്‍, നിക്ക്‌, നാട്ടിലേ എല്ലാരും ആയോ ആവോ.. ഒന്ന് ലിസ്റ്റ്‌ കമ്പ്ലീറ്റ്‌ ആക്കിയേ ഇക്കാസേ.... എന്നിട്ട്‌ എല്ലാരേയും കൂട്ടി വരൂട്ടോ....

ബാഗ്ലൂര്‍... ശ്രീജിത്ത്‌...(ആ ചെക്കന്‍ പറയും.. റൂം വേണം, രാത്രി യാത്ര, പല്ലു തേയ്കണം, ....ചെക്കാ ആ 400 രുപ കണക്ക്‌ ഒന്ന് സെറ്റിലാക്ക്‌ നീ ആദ്യം..), പിന്നെ ബാഗ്ലൂര്‍ ആരാ ശ്രീജിത്തേ... ചാത്തുണ്ണീ... എനിക്കങ്ങട്‌ നിശ്ചയം പോരാ... ഒന്ന് എല്ലാരോടും കാര്യം പറഞ്ഞ്‌ കൂട്ടി വാ ട്ടോ, നേരത്തേ വരണെ.. അല്‍പം ഡെക്കറേഷന്‍ ഒക്കെ നീ തന്നെ നോക്കി..

പിന്നെ ബെന്നീ, സൂഫി, യാത്രാമംഗളം.. ഒന്ന് ഇവരോടും കൂടി പറയൂ,,, കൈപ്പള്ളി ഇപ്പോ ബ്ലോഗിലുണ്ട്‌... പറഞ്ഞിട്ടുണ്ട്‌. വരും .. തീര്‍ച്ച.


കുവൈറ്റീന്ന് വിശ്വം, സംഗീത, ആച്ചി..... ജപ്പാനീന്ന് എന്റെ പ്രിയവക്കാര്‍( (കുടുംബം ഉണ്ടോ ആവോ, കള്ളനാ അവന്‍, ആരോടും ഇത്‌ വരെ ഒന്നും പറയാതെ... വരട്ടെ ഇങ്ങട്‌ ആ പാസ്പ്പോര്‍ട്ടില്‍ സൂത്രത്തില്‍ നോക്കിയാ അറിയാലോ)....) ഖത്തീറീന്ന് സ്വാര്‍ഥന്‍, സ്വപന... റിയാദീന്ന് സുനില്‍.. ആഫീക്കേന്ന് നമ്മടെ അരവിന്നന്‍... റ്റിക്കറ്റ്‌ ഒക്കെ ശരിയായി കാണൂല്ലോ അല്ലേ?

ദുബായീന്ന്.. ദേവന്‍, ഭാര്യ വരുമോ ആവോ? പെരിങ്ങ്സിജി, കണ്ണൂസ്സ്‌, സിദ്ധാര്‍ഥന്‍, കലേഷും റീമയും, റീമേ, ഒന്ന് ഉത്സാഹിച്ച്‌ വാ ട്ടോ, ഒന്നു കണ്ടിട്ടും കൂടിയില്ലല്ലോ .. പിന്നെ ഇടിവാല്‍, ദില്‍ബന്‍, ദിവാസ്വ്പനം, പിന്നെ ഈ അഗ്രജന്‍, അംഗനാഗാരി,ഇബ്രുജീ, ഇവരെയൊക്കെ അറിയൂം കൂടിയില്ലാ, എന്നാലും വരുമ്ന്ന് തന്നെ പ്രതീക്ഷ. വിശാലനും സോണയും, ചുന്തരികളും, നമ്മടെ ഗന്ധര്‍വന്‍ മാഷു, വഴക്കാണേങ്കിലും വരൂട്ടോ.. (41 ഇഞ്ച്‌ ടീവിയുമുണ്ട്‌ ട്ടോ, നോട്ട്‌ ദ പോയിന്റ്‌..... ) , അനിലും സുധയും, കണ്ണനുണ്ണിമാരും, അപ്പൂനു കൂട്ടായി,.. അബുദാബീന്ന് സമീറ, കുറുമാന്‍ എത്തിയോ ആവോ? സാക്ഷീനെ ഈയിടായി കണ്ടിട്ടേയില്ലാ ബ്ലോഗിലു. എന്നാലും വരും തീര്‍ച്ച. പുതിയതാരോ ഒക്കെ ഉണ്ട്‌ യു. എ യീന്ന്.. കരീം മാഷ്‌.. ആ മുസാഫിര്‍... മാഗ്നിഫൈയര്‍....... അങ്ങനെ പലരും. കലേഷേ ഒന്ന് വിളിച്ച്‌ പറഞ്ഞ്‌ കൂട്ടി വാ ട്ടോ. പിന്നെ പാര്‍വതി, ജ്യോതിര്‍മയി, കല്ലേച്ചി... ആരേയും ലിസ്റ്റീന്ന് വിടല്ലെ... ആ ബ്ലോഗ്‌ ചുരുള്‍ ഒന്ന് നിവര്‍ത്തി നോക്കൂട്ടോ.


അപ്പോ ഇനി മെനുവിലേയ്ക്‌ കടക്കാം.

പ്രാതല്‍.. അമേരിയ്കക്കാരൊക്കെ യാത്ര ചെയ്ത്‌ ക്ഷീണിച്ച്‌ ആവും വരുക, പാവങ്ങള്‍ .... ഉമ്മറത്തെ ഹോട്ടലിലു സ്യൂട്ട്‌ ബുക്ക്‌ ചെയ്തിട്ടുണ്ട്‌. രാവിലെ പ്രാതലിനു പോയി വിളിച്ചാമതി. ഉറങ്ങട്ടെ അവരു നല്ലോണം.

ദേ ബാച്ച്ലെര്‍സ്‌ വരുന്നതൊക്കെ കൊള്ളാം ആ അമ്മേടെം കുഞ്ഞിന്റേം കാര്യം ഒക്കെ തീര്‍ത്തിട്ടെ പോരാവുട്ടോ.. ചുമ്മാ ശര്‍മാജിയ്ക്‌ പണിയാക്കല്ലേ... ആ കുഞ്ഞ്‌ ബാഗ്ലൂര്‍ പോയതായിട്ടും, ഒരു കണ്ണാടിക്കാരനേ കണ്ടതായിട്ടും ഒക്കെ പറയുന്നുണ്ടായിരുന്നു.

പ്രാതലിനു, ഇഡ്ഡലി, ഉള്ളി സാമ്പാര്‍, അപ്പം സ്റ്റ്യൂ, ഇഡിയപ്പം കടലക്കറി, സേമിയ വെജിറ്റബിള്‍ ഉപ്പുമാ, കേസരി, മൈസൂര്‍ പാക്‌, ഫില്‍റ്റര്‍ കോഫി.. ചായ

അതു കഴിഞ്ഞ്‌ വേണമെങ്കില്‍ കറങ്ങാന്‍ പോണവരു പോയ്യ്ക്കോട്ടെ, അപ്പോഴേയ്കും വീടൊക്കെ ഒഴിച്ച്‌ സദ്യയ്ക്‌ വട്ടം കുട്ടാം. കുഞ്ഞുവാവകളെ ഒക്കെ ഇവിടെ വിട്ടു പോകണം ട്ടോ. അപ്പൂം ശര്‍മാജിയും കൂടി നോക്കി കൊള്ളും. എന്തൊക്കെയോ ഗേംസ്‌ ഒക്കെ തട്ടി കൂട്ടിയിട്ടുണ്ട്‌.

പിന്നെ ഉച്ചയ്ക്‌ സദ്യ.. ഞാന്‍ ആദ്യം ആലോചിച്ചു, ഫ്രെഡ്‌ റെസും സാലടും.... പിന്നെ കരുതി.... ആകെ ഒരു നെയ്യ്‌ മണം ആവും വീട്ടില്‍. സദ്യ മതി...

നല്ല തുമ്പപ്പു ചോറു, നറും നെയ്യ്‌, പരിപ്പ്‌, എരിവുള്ള കായം മണക്കുന്ന സാംബാര്‍, കാംബേജ്‌ തോരന്‍, വെള്ളിരിയ്ക കിച്ചടി, പൈനാപ്പിള്‍ പച്ചടി, എളവന്‍ പയറു ഓലന്‍, ചേന, കടല കൂട്ട്‌,സ്പെഷല്‍ ആയീട്ട്‌ അല്‍പം ഉള്ളി തീയ്യല്‍ ഉണ്ട്ട്ടോ. കട്ടി അവിയല്‍, പുളിയിഞ്ചി, നാരങ്ങക്കറി, പപ്പടം, കരിങ്ങാതല്‍ ചൂടുവെള്ളം... തൈരു വേണോ? അതോ സംബാരമോ... നാരകത്തിന്റെ ഇല കൊണ്ട്‌ വന്നിട്ടുണ്ട്‌.. അപ്പോ സംഭാരം മതി.

ദേ കറങ്ങാന്‍ പോയവരു വന്നു. ശ്രീജിത്തേ, കലേഷേ.. ആ ഇല യൊക്കെ ഒന്ന് ഇടു... വിളമ്പല്‍ ശര്‍മാജിയ്കു വശമില്ലാട്ടോ.. അതോണ്ട്‌ ഒരു കൈ സഹായം....

ഹാവും സദ്യ കഴിഞ്ഞു... ആ 203യും 304 ഉം ഒക്കെ കാലിയാ, ഞാന്‍ ആ നാത്തൂരോട്‌ പറഞ്ഞിട്ടുണ്ട്‌.. ഉച്ചയ്ക്‌ ഒന്ന് തുറന്ന് കൊടുക്കാന്‍... അല്‍പം എല്ലാരും നടു നിവര്‍ത്തട്ടെ.. അപ്പൂ... നീ ആ ഹന്നേന്നയും, നിളയേയും,ഇളയേയും, കല്ലൂനേയും, വിശാലന്റെ സുന്ദരീകളേയും ഒക്കെ ഒന്ന് കാര്‍ട്ടുണിട്ട്‌ കാണിയ്ക്‌... വലിയവരൊക്കെ ഒന്ന് ഉറങ്ങട്ടെ..


മണി അഞ്ചായി... ചായ ആവാം അല്ലേ... ചക്കപഴം വരട്ടി കൊണ്ടു വന്നു, അതൊണ്ട്‌ ഇലയിടയാ, പിന്നെ കപ്പയും കാന്താരിമുളക്‌ വെളിച്ചണ്ണകൂട്ടി ചതച്ചത്‌.. കുട്ടികള്‍ക്ക്‌ പഴം പൊരിയാവം ല്ലെ.... അപ്പു പറയുന്നു വീ വില്‍ ഗോ ട്ടു ബീച്ച്‌ ആന്‍ഡ്‌ ഹാവ്‌ അമ്മാ... ഓ ശരി.... ഒരു സ്വിമ്മിംഗ്‌ ആവും എല്ലാര്‍ക്കും... ശ്രിജിത്തേ... മക്കളെ ഒക്കെ ഒന്ന് നോക്കണേ... എന്ത്‌ രസാ അല്ലാ.. എല്ലാരും കൂടി ബീച്ചിലിരുന്ന് കപ്പയും ഉള്ളി ചമ്മന്തിയും, ഇലയടയും... വക്കാരി ആ കട്ടന്‍ കാപ്പി ഒന്ന് ഇല്ലാര്‍ക്കും കൊടുക്കൂ...

മണി 10 ആയീലോ... എല്ലാര്‍ക്കും ക്ഷീണായില്ലേ... ആ ബീച്ചിപോയി ആര്‍മാദിച്ചപ്പോ ഞാന്‍ കരുതിയാതാ.. കുട്ടികള്‍ കളിച്ച്‌ മദിച്ച്‌ ദേ കണ്ടോ ഉറങ്ങി പോയി... എന്നാലും കലേഷേ നീ ആ ഡിന്നര്‍ ഒന്ന് വിളമ്പിയ്കോ വേഗം. ..

ചപ്പാത്തിയും കടലക്കറിയും, പിന്നെ ചിലര്‍ പറഞ്ഞു, കഞ്ഞീം പയറും പപ്പടവും മതീന്ന്. എനിക്ക്‌ എളുപ്പവുമായി. ഉള്ളിചമ്മന്തി കൂട്ടി പപ്പടം ഞരടി കഞ്ഞീ കുടിയ്കാനായി തിരയ്ക്‌ കൂടുതല്‍....


എല്ലാരും നേരത്തേ കിടന്നോളൂ, രാവിലെ നേരത്തേയല്ലേ എല്ലാരുടെയും ഫൈറ്റ്‌?

അല്ലാ അതുല്യേച്ചി... ഇതൊക്കെ....

എല്ലാത്തിനും കാരണം ഈ കലേഷ്‌ ഒറ്റ ഒരുത്തനാ.. ചേച്ചി എഴുത്‌.... വരമൊഴി ഡൗണ്‍ലോട്‌ ചെയ്യ്‌ ചേച്ചി.. ഈസിയാ... ദേ കലേഷേ... എനിക്ക്‌ ക്ഷമയില്ലാട്ടോ.. എനിക്ക്‌ അക്ഷരം ഒന്നും വഴങ്ങുന്നില്ല. പറ്റിലാ എനിക്കീ പണി.. ഇല്ലാ ചേച്ചി.. പറ്റും, ട്രൈ ചെയ്യ്‌... എന്നെ വിളിച്ചാ മതി ഇടയ്ക്‌... (ഒരു മണിക്കൂറു വീതം വിളിച്ചു ഒരാഴ്ചയ്ക്‌....) അങ്ങനെ... ഞാന്‍ എല്ലാര്‍ക്കും ഒരു ശല്ല്ല്യമായിട്ട്‌ ഇപ്പോ ഒരു കൊല്ലമായീ...

posted by സ്വാര്‍ത്ഥന്‍ at 3:32 AM

0 Comments:

Post a Comment

<< Home