Tuesday, September 26, 2006

Suryagayatri സൂര്യഗായത്രി - കടങ്കഥ

URL:http://suryagayatri.blogspot.com/2006/09/blog-post_26.htmlPublished: 9/26/2006 10:04 AM
 Author: സു | Su
"അമ്മേ..." മിന്നു ബസ്സിറങ്ങി ഓടിവന്നത്‌ പതിവുപോലെ സന്തോഷത്തോടെയാണ്‌.

ബാഗ്‌ വാങ്ങി.

"എന്താ എന്റെ ചക്കരവാവേ..." അവളുടെ ആഹ്ലാദത്തില്‍ പങ്ക്‌ കൊണ്ടു.

എന്നും എന്തെങ്കിലും ഉണ്ടാവും, ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങള്‍. പഠിപ്പുണ്ട്‌ എന്നൊന്നും പറഞ്ഞിട്ട്‌ കാര്യമില്ല. ഇപ്പോഴത്തെ കുട്ടികളുടെ കൂടെ എത്തണമെങ്കില്‍ ഓടണം. അതാണ്‌ സ്ഥിതി. ഇന്നെന്താണാവോ!

വീട്ടിലേക്ക്‌ കയറി, ഷൂവും സോക്സും അഴിച്ചുകൊണ്ട്‌ പറഞ്ഞു.

"ഇന്ന് ടീച്ചര്‍ കടങ്കഥ പറഞ്ഞു തന്നു. അമ്മ പറഞ്ഞുതരാറില്ലേ, അതുപോലെ."

"ഉം. എന്നിട്ടോ? ഉത്തരം ഒക്കെ കിട്ടിയോ?"

"കുറച്ച്‌ കിട്ടി. കുറച്ച്‌ ടീച്ചര്‍ പറഞ്ഞു തന്നു. ബാക്കി നാളെപ്പറയാന്‍ പറഞ്ഞു."

"എന്താ അത്‌? എനിക്കറിയാമോന്ന് നോക്കട്ടെ."

"അച്ഛനെനിക്കൊരുടുപ്പ്‌ തന്നൂ, ഉടുത്തിട്ടും ഉടുത്തിട്ടും തീരുന്നില്ല..." മിന്നു ഈണത്തില്‍ പാടി.

"എന്താമ്മേ അത്‌?"

"ആകാശം അല്ലേ അത്‌." അവള്‍ക്ക്‌ ആലോചിക്കേണ്ടിവന്നില്ല ഒട്ടും. ആശ്വാസവും തോന്നി. അറിയാത്തത്‌ എന്തെങ്കിലും ആയിരുന്നെങ്കിലോ.

"ആകാശം എന്നാല്‍ എന്താ?"

അവള്‍ ഞെട്ടി."ആകാശം എന്നു പറഞ്ഞാല്‍ നമ്മള്‍ ഇരിക്കുന്ന ഭൂമിയ്ക്ക്‌ മുകളില്‍ ഉള്ളത്‌."

"കാണിച്ചു തരൂ."

"വരൂ."അവള്‍ ജനല്‍ തുറന്നു. എവിടെയും ആകാശം ഇല്ല. കെട്ടിടങ്ങള്‍ മാത്രം. പുറത്തിറങ്ങിയാലും കാണില്ലെന്ന് അവള്‍ ഓര്‍ത്തു.

"എവിടെ അമ്മേ?"

"അടുത്ത അവധി ദിവസം ബീച്ചില്‍ പോകുമ്പോള്‍ കാണിച്ച്‌ തരാം."

മിന്നുവിന്റെ മുഖം വാടി. ഇനി ഒരു അവധി ദിവസത്തിനു എത്ര നാള്‍ എന്നാവും ചിന്ത. ആകാശത്തെ നക്ഷത്രങ്ങളേയും, അമ്പിളിയമ്മാവനേയും കണ്ട്‌ ഭക്ഷണം കഴിച്ചതും, മഴവില്ല് കണ്ട്‌ നോക്കിനിന്നതും, വിമാനം പോകുന്നത് നോക്കി ആര്‍ത്തുവിളിച്ചതും ഒക്കെ ഓര്‍ത്ത്‌, നിസ്സഹായതയോടെ, അവള്‍, ടി.വിയും നോക്കിയിരിക്കുന്ന മിന്നുവിനു ഭക്ഷണം കൊടുത്തു.

posted by സ്വാര്‍ത്ഥന്‍ at 12:32 AM

0 Comments:

Post a Comment

<< Home