Suryagayatri സൂര്യഗായത്രി - ജനല്‍
URL:http://suryagayatri.blogspot.com/2006/09/blog-post.html | Published: 9/1/2006 12:10 AM |
Author: സു | Su |
ജനാലയിലൂടെ പുറത്തേക്ക് നോക്കിനില്‍ക്കുന്നത് പലപ്പോഴും ഒരു ബോറന്‍ പരിപാടിയും, ചിലപ്പോള്‍ നീരസം നിറഞ്ഞൊരു കാര്യവും, മറ്റു ചിലപ്പോള്‍ മറ്റുള്ളവരെക്കൊണ്ട് 'ഇവനൊന്നും വേറെ ജോലിയില്ലേ' ന്ന് ചോദിക്കുന്ന തരത്തില്‍ ആകുന്നതും ഒക്കെയാണെങ്കിലും, ഈ മഞ്ഞച്ചായമടിച്ച മരത്തിന്റെ ഉരുണ്ട അഴികളില്‍പ്പിടിച്ച് ഏകാന്തതയിലേക്ക് കണ്ണുനട്ട് എവിടെയുമല്ലാതെ അലഞ്ഞു തിരിയാന്‍, മനസ്സിനെ കെട്ടുപാടുകളില്‍ നിന്ന് വിമുക്തമാക്കി വിട്ട്, അകലേക്ക് എന്തൊക്കെയോ കാണാന്‍ കൊതിക്കുന്ന മട്ടില്‍, കണ്ണ് എത്തിപ്പിടിച്ച് നോക്കിയിരിക്കുന്ന ഒരു അലസവേളയിലാണ് ഞാന്‍ അകലത്തെ ചില്ലുജനാലയ്ക്കരികില്‍ ഒരു രൂപം ഇങ്ങോട്ടും, ഏതാണ്ട് എന്റെയൊരു അവസ്ഥയില്‍ത്തന്നെ മിഴികള്‍ പായിച്ച് നില്‍ക്കുന്നത് കണ്ടതും, ഏതോ ഒരു ജന്മത്തിന്റെ അടുപ്പം ആ രൂപവുമായി തോന്നാന്‍ ഇടയായതും, പിന്നീടുള്ള ദിവസങ്ങളിലൊക്കെ ആ നില്‍പ്പില്‍ ഒരു നിര്‍വൃതി കണ്ടെത്തിയതും, കളിപ്പാട്ടം കിട്ടിയ കൊച്ചുകുട്ടിയെപ്പോലെ മനസ്സ് ആ ജനലിനേയും, രൂപത്തേയും സ്വന്തമാക്കാന്‍ ആഗ്രഹിച്ചതും, ഒക്കെ ഒരു വിസ്മയകഥപോലെയായിരുന്നെങ്കിലും, ഒരിക്കല്‍ അവിടെയെത്തി ആ രൂപത്തിനുമുമ്പില്‍ മുട്ടുകുത്തിനിന്ന് പ്രണയം അറിയിക്കുന്നത് ഓര്‍ത്ത് പുഞ്ചിരിക്കുകയും, സ്വപ്നസാഫല്യത്തിനുവേണ്ടി, ആ വീട്ടിലേക്ക് കടന്ന് ചെല്ലുകയും, തുറക്കാത്ത വാതിലിനോട് മുഖം കനപ്പിച്ച്, ആ ജനാല മാത്രം തേടി നടക്കുകയും ചെയ്ത്, അകലെ നിന്ന് കണ്ടാരാധിച്ച ആ രൂപത്തിന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ട്, താന്‍ വിചാരിച്ചതുപോലെ ഒരു സുന്ദരിയാണെന്ന് കണ്ടെത്തിയതിന്റെ സന്തോഷത്തില്‍, പലപ്പോഴും പറയാന്‍ സ്വരുക്കൂട്ടിവെച്ചിരുന്നകാര്യം അറിയിക്കാന്‍ തുനിഞ്ഞതും, ആ രൂപം, ഭീകരമായത് എന്തോ കണ്ട പോലെ ഉച്ചത്തില്‍ അലറുകയും, തല, ജനലിനിട്ട് അടിക്കുകയും ചെയ്തപ്പോഴുണ്ടായ അമ്പരപ്പില്‍, ആ സുന്ദരരൂപത്തിന്റെ കൈകള്‍ ജനലിനോട് ചേര്‍ത്ത് ബന്ധിച്ച ചങ്ങലയില്‍ കണ്ടെത്തിയത്, എനിക്ക് സത്യത്തിലേക്ക് തുറക്കുന്ന ജനല്‍ ആയി അനുഭവപ്പെട്ടു.
0 Comments:
Post a Comment
<< Home