Gurukulam | ഗുരുകുലം - ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി…
URL:http://malayalam.usvishakh.net/blog/archives/202 | Published: 8/30/2006 7:06 PM |
Author: ഉമേഷ് | Umesh |
ഒരു പക്ഷേ, ഏറ്റവുമധികം വിവാദങ്ങള്‍ക്കു വിഷയമായിട്ടുള്ള സംസ്കൃതശ്ലോകം:
പിതാ രക്ഷതി കൌമാരേ
ഭര്‍ത്താ രക്ഷതി യൌവനേ
പുത്രോ രക്ഷതി വാര്‍ദ്ധക്യേ
ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി
മനു എന്ന നിയമജ്ഞന്‍ പതിനെട്ടു നൂറ്റാണ്ടുകള്‍ക്കു മുമ്പു് (മന്വന്തരവും മത്സ്യാവതാരവുമായി ബന്ധപ്പെട്ട സ്വായംഭുവമനുവാണു് ഇദ്ദേഹമെന്ന ഐതിഹ്യത്തിനു യാതൊരു വിലയും കൊടുക്കേണ്ട കാര്യമില്ല) അന്നത്തെ പീനല്‍ കോഡ് എന്നു വിശേഷിപ്പിക്കാവുന്ന മനുസ്മൃതിയില്‍ എഴുതിവെച്ചതാണിതു്. “അച്ഛന്‍ കൌമാരത്തിലും ഭര്‍ത്താവു യൌവനത്തിലും പുത്രന്‍ വാര്‍ദ്ധക്യത്തിലും രക്ഷിക്കുന്നു-സ്ത്രീ സ്വാതന്ത്ര്യം അര്‍ഹിക്കുന്നില്ല” എന്നര്‍ത്ഥം.
മനുവിന്റെ ഈ വാക്കുകള്‍ ലോകം മുഴുവനുമുള്ള സാമൂഹികപ്രവര്‍ത്തകരെ, പ്രത്യേകിച്ചു സ്ത്രീസമത്വവാദികളെ, ചൊടിപ്പിച്ചിട്ടുണ്ടു്. ഇതിന്റെ അടിസ്ഥാനത്തില്‍ മനുസ്മൃതി കത്തിക്കണമെന്നു പറഞ്ഞു് ഗൌരിയമ്മയുടെ നേതൃത്വത്തില്‍ ഒരു പ്രക്ഷോഭണം നടന്നിട്ടു് അധികകാലമായിട്ടില്ല.
ഒരു കാലത്തെ നിയമസംഹിത എന്ന നിലയില്‍ ചരിത്രപരമായും സമൂഹശാസ്ത്രപരമായും വളരെ പ്രാധാന്യമുള്ള ഒരു പുസ്തകമാണു മനുസ്മൃതി. അതു കത്തിക്കണമെന്നു പറയുന്നതു് വൈജ്ഞാനികതയുടെ കടയ്ക്കല്‍ കോടാലി വെയ്ക്കലാണു്. അലക്സാണ്ഡ്രിയയിലെ ഗ്രന്ഥശാലയ്ക്കു് ഇതാണു സംഭവിച്ചതു്. തങ്ങള്‍ക്കു തെറ്റെന്നു തോന്നുന്നവ എല്ലാവരും കത്തിക്കാന്‍ തുടങ്ങിയാല്‍ ഭഗവദ്‌ഗീത, ബൈബിള്‍, ഖുര്‍ ആന്‍, കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ, വിവാകാനന്ദകൃതികള്‍, അര്‍ത്ഥശാസ്ത്രം, ഗാന്ധിസാഹിത്യം, ഓരിജിന്‍ ഓഫ് സ്പിഷീസ്, അറബിക്കഥകള്‍ തുടങ്ങി ലോകത്തില്‍ എഴുതപ്പെട്ടിട്ടുള്ള മിക്കവാറും ഗ്രന്ഥങ്ങളിലൊന്നും തന്നെ ബാക്കിയുണ്ടാവില്ല.
മനുസ്മൃതിയെ ആധുനികകാലത്തെ നിയമസംഹിതയായി അംഗീകരിക്കണം എന്നാരെങ്കിലും പറഞ്ഞാല്‍ എതിര്‍ക്കേണ്ടി വന്നേക്കും. പക്ഷേ, അതു കത്തിക്കണം എന്നു പറയുന്നതു കാടത്തമാണു്.
ഈ ശ്ലോകത്തിന്റെ നാലാം വരി മാത്രമേ സാധാരണ ഉദ്ധരിച്ചു കാണാറുള്ളൂ. കത്തിക്കുന്നവര്‍ ആദ്യത്തെ മൂന്നു വരികള്‍ ഒളിച്ചുവെയ്ക്കുന്നു. ഇതു് സ്ത്രീയ്ക്കു സ്വാതന്ത്ര്യം നിഷേധിക്കുന്ന ശ്ലോകമല്ല-മറിച്ചു്, സ്ത്രീയ്ക്കു സംരക്ഷണം കൊടുക്കുന്ന ശ്ലോകമാണു്. ബാല്യത്തില്‍ അച്ഛനും യൌവനത്തില്‍ ഭര്‍ത്താവും വാര്‍ദ്ധക്യത്തില്‍ മകനും എന്നിങ്ങനെ പുരുഷന്‍ സ്ത്രീയെ സംരക്ഷിക്കണം എന്നു നിഷ്കര്‍ഷിക്കുന്ന നിയമമാണിതു്. പുരുഷന്മാര്‍ ഇതു ചെയ്താല്‍ സ്ത്രീകള്‍ക്കു സ്വാതന്ത്ര്യത്തിന്റെ ആവശ്യമില്ല എന്നു വിവക്ഷ.
ഇതിന്റെ പ്രസക്തി ഇന്നും പൂര്‍ണ്ണമായി നഷ്ടപ്പെട്ടിട്ടില്ല. നല്ലൊരു പങ്കു സമൂഹങ്ങളിലും പുരുഷന്മാരെ ധനസമ്പാദനത്തിനുതകുന്ന ജോലികള്‍ ചെയ്യാനും സ്ത്രീകളെ ഗൃഹഭരണത്തിനും യോജിച്ചവരായി കരുതുന്നുണ്ടു്.
സ്ത്രീകളും ഈ സമൂഹവ്യവസ്ഥിതിയെ കുറച്ചൊക്കെ ആദരിക്കുകയും മുതലെടുക്കുകയും ചെയ്യുന്നുണ്ടു് എന്നു പറയാതെ വയ്യ. കൊടികുത്തിയ സ്ത്രീസ്വാതന്ത്ര്യവാദികള്‍ പോലും ബുദ്ധിമുട്ടുള്ള ജോലികള്‍ പുരുഷന്മാരെ ഏല്‍പ്പിക്കുന്നതു്-വീട്ടിലായാലും കോളജ് പ്രോജക്റ്റുകളിലായാലും ജോലിസ്ഥലത്തായാലും-സാധാരണ കാണാവുന്നതാണു്. സ്ത്രീയ്ക്കുള്ള ശാരീരികാസ്വാസ്ഥ്യങ്ങളെയും സമൂഹത്തിന്റെ വികലമായ സദാചാരപ്രവണതകളെയുമാണു പലപ്പോഴും പഴി ചാരുന്നതു് എന്നു മാത്രം.
സമത്വം പലപ്പോഴും ഒരു മിഥ്യയാണു്. മറ്റേയാളുടെ ജോലി ചെയ്യാന്‍ കഴിയാത്തിടത്തോളം കാലം ഡോക്ടറും എഞ്ചിനീയറും ബാര്‍ബറും കുഴിവെട്ടുകാരനും സമന്മാരാകാന്‍ കഴിയില്ല. എല്ലാം സമൂഹത്തിനു വേണ്ടവരാണു്, ഒന്നും ഒന്നിനെക്കാളും മെച്ചമല്ല എന്ന ചിന്തയാണു വേണ്ടതു്. അതേ ചിന്തയാണു് സ്ത്രീപുരുഷസമത്വത്തെപ്പറ്റി പറയുമ്പോഴും വേണ്ടതു്.
മനുവിന്റെ ശ്ലോകം ഇന്നത്തെ കാലത്തിനു യോജിച്ചതല്ല. കാരണം, ആദ്യത്തെ മൂന്നു വരികളില്‍ പറഞ്ഞ കാര്യങ്ങള്‍ പാലിക്കാന്‍ പുരുഷന്മാര്‍ പരാജയപ്പെട്ടിരിക്കുന്നു. ഭാര്യ ജോലി ചെയ്തു കൊണ്ടു വരുന്ന കാശെടുത്തു കള്ളു കുടിക്കുന്ന ഭര്‍ത്താക്കന്മാര്‍ അനവധിയാണു്. ഭാര്യയ്ക്കും ഭര്‍ത്താവിനും അവനവനു പറ്റുന്ന ജോലികള്‍ ചെയ്തു കുടുംബം പുലര്‍ത്തേണ്ടതു് ഇന്നത്തെ കാലത്തിന്റെ-കൃഷി ചെയ്യാന്‍ ഭൂമിയും പഠിപ്പിക്കാന്‍ ഗുരുക്കന്മാരും ആഹ്ലാദിക്കാന്‍ പരിസരവും കിട്ടാനില്ലാതെ എല്ലാറ്റിനും പണം ആവശ്യമുള്ള ഈ കാലത്തിന്റെ-ആവശ്യമാണു്.
മനു സ്ത്രീകളെ മോശമായി കരുതിയിരുന്നു എന്നു പറയുന്നതും തെറ്റാണു്.
യത്ര നാര്യസ്തു പൂജ്യന്തേ
രമന്തേ തത്ര ദേവതാഃ
യത്രൈതാസ്തു ന പൂജ്യന്തേ
സര്‍വ്വാസ്തത്രാഫലാഃ ക്രിയാഃ
(സ്ത്രീകള്‍ ആദരിക്കപ്പെടുന്നിടത്തു് ദേവന്മാര്‍ വിഹരിക്കുന്നു. അവര്‍ ആദരിക്കപ്പെടാത്തിടത്തു് ഒരു കര്‍മ്മത്തിനും ഫലമുണ്ടാവുകയില്ല)
എന്നു പറഞ്ഞതും മനു തന്നെ.
ഇതിനു് എന്റെ വക ഒരു ഹാസ്യാനുകരണമുണ്ടു്. പുരുഷന്മാരുടെ അസ്വാതന്ത്ര്യത്തെപ്പറ്റി ആരറിയാന്‍? ജീവിതം മുഴുവന്‍ ശാസന കേള്‍ക്കുകയല്ലേ അവന്റെ വിധി?
മാതാ ശാസതി കൌമാരേ
ഭാര്യാ ശാസതി യൌവനേ
പുത്രീ ശാസതി വാര്‍ദ്ധക്യേ
ന മര്‍ത്യഃ സുഖമര്‍ഹതി
അമ്മ ചെറുപ്പത്തിലും ഭാര്യ യൌവനത്തിലും മകള്‍ വാര്‍ദ്ധക്യത്തിലും ഇടതടവില്ലാതെ വഴക്കു പറയുന്നതുകൊണ്ടു് പുരുഷന്‍ സുഖം അര്‍ഹിക്കുന്നില്ല എന്നര്‍ത്ഥം
(സംസ്കൃതത്തില്‍ “ശാസിക്കുക” എന്നതിനു് “വഴക്കു പറയുക” എന്നതിനേക്കാള്‍ “ഭരിക്കുക” എന്നാണര്‍ത്ഥമെന്നു തോന്നുന്നു. അര്‍ത്ഥം അങ്ങനെയായാലും വിരോധമില്ല.)
0 Comments:
Post a Comment
<< Home