Wednesday, August 30, 2006

Suryagayatri സൂര്യഗായത്രി - പൊഴിയുന്ന ഇലകള്‍

രാഘവന്‍ മാഷ്‌ ഒരിക്കല്‍ക്കൂടെ തിരിഞ്ഞുനോക്കി.

തിരിഞ്ഞുനോക്കിപ്പോയി എന്നതാണ് വാസ്തവം. സുവര്‍ണകാലഘട്ടത്തിലേക്ക്‌ ഒരു തിരിഞ്ഞുനോട്ടം.

പുതിയ ചായമടിച്ച കോളേജ്‌ കെട്ടിടം, മഴക്കാലത്തും പ്രൌഢിയോടെ തന്നെ തലയുയര്‍ത്തി നില്‍ക്കുന്നു. പണ്ടൊരു 32 വര്‍ഷം ഇതിന്റെ ഓരോ ശ്വാസത്തിലും അലിഞ്ഞുചേര്‍ന്നിരുന്നു. ഇതിന്റെ ഓരോ ചലനത്തിലും കൂടെ ചലിച്ചിരുന്നു. നീണ്ട ഇടനാഴികളിലും, വലിയ വലിയ മുറികളിലും, ജീവിതത്തിന്റെ ഒരു ഘട്ടം, പ്രത്യേകിച്ച്‌ മാറ്റമൊന്നുമില്ലാതെ ഒഴുകിക്കൊണ്ടിരുന്നു.

ഒരുപാടുപേരുടെ സ്വപ്നങ്ങളിലും, സന്തോഷങ്ങളിലും നീരസങ്ങളിലും, ആവലാതികളിലും, നിരാശകളിലും ഭാഗഭാക്കായി ലക്ഷ്യമിനിയും കണ്ടെത്താനുള്ള യാത്രയിലായിരുന്നു.

മനസ്സ്‌ ഓര്‍മ്മയുടെ വഴികളിലൂടെ പിറകോട്ട്‌ പൊയ്ക്കൊണ്ടിരുന്നു.


********************************

അദ്ധ്യാപകനായി തുടക്കം കുറിച്ച ദിവസം, മഴ ഒരുപാട്‌ സന്തോഷത്തില്‍ പൊട്ടിച്ചിരിച്ച്‌ ചിതറി വീണ ദിനമായിരുന്നു. നനഞ്ഞൊലിച്ച്‌, കോളേജില്‍‍ എത്തിയപ്പോള്‍ മഴയുടെ കുളിരിനേക്കാള്‍ പരിഭ്രമത്തിന്റെ ചൂടായിരുന്നു മനസ്സില്‍ നിറഞ്ഞ്‌ നിന്നത്‌. വിദ്യാര്‍ത്ഥികളും, അവരുടെ രക്ഷിതാക്കാളും കോളേജ് പരിസരത്ത് നിറഞ്ഞ് നിന്നിരുന്നു. പലരും രക്ഷിതാക്കളുടെ നിഴലില്‍ നിന്ന് പുറത്തേക്കിറങ്ങാന്‍ മടിച്ച് നിന്നു.

ക്ലാസ്സില്‍ വിദ്യാര്‍ത്ഥികളുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ പിറകെ വിട്ടുപോന്ന വിദ്യാര്‍ത്ഥിമനസ്സ്‌ വിട്ടുപോകാന്‍ കൂട്ടാക്കിയില്ല. അതുകൊണ്ട്‌ തന്നെ ഒരു പരുങ്ങല്‍. എല്ലാവരേയും, പരിചയപ്പെട്ട്‌, പൊതുവായ കാര്യങ്ങളൊക്കെ മിണ്ടിത്തുടങ്ങിയപ്പോള്‍ അപരിചിതത്വത്തിന്റെയും പരിഭ്രമത്തിന്റേയും ജ്വാല പതുക്കെപ്പതുക്കെ അണഞ്ഞുകൊണ്ടിരുന്നു.

"മാഷ്‌ പാടത്തെ ജോലിയും കഴിഞ്ഞാണോ ഇങ്ങോട്ട്‌ പുറപ്പെട്ടത്‌ ?" എന്ന് ഒരാള്‍, തന്റെ നനഞ്ഞും മണ്ണുപിടിച്ചും ഉള്ള വേഷം കണ്ടിട്ട്‌ ചോദിച്ചപ്പോള്‍ എല്ലാവരും ആസ്വദിച്ച്‌ ചിരിച്ചു.

അങ്ങനെയങ്ങനെ ദിവസം പോകുംതോറും അവരിലൊരാളായി മാറുകയായിരുന്നു. പുതുമഴപോലെ തന്നെ പുതുമുഖങ്ങള്‍ വന്നെത്തിക്കൊണ്ടിരുന്നു. അവരുടെ ചലനങ്ങളിലും, പെരുമാറ്റത്തിലും, കാലത്തിന്റേതായ മാറ്റങ്ങള്‍ പലതരം വര്‍ണങ്ങള്‍ നിറച്ച്‌ കൊണ്ടിരുന്നു. ക്ഷമ കൈവിടാതെ ഓരോ മാറ്റവും ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ബഹുമാനത്തിന്റെ ഉന്നതങ്ങളില്‍ നിന്നിരുന്ന അദ്ധ്യാപക - വിദ്യാര്‍ത്ഥി ബന്ധം സ്നേഹത്തിന്റേയും സൌഹൃദത്തിന്റേയും തലങ്ങളിലേക്ക്‌ എത്തിയത്‌ പുതിയൊരു മാറ്റം തന്നെ ആയി. വിദ്യാര്‍ത്ഥികളുടെ പരാതിയും പരിഭവവും നീരസവും ഒക്കെ പരിഹരിക്കുമ്പോള്‍ ജീവിതം പോയ വഴികളില്‍ ഒരിക്കലും നിരാശയുടെ കനല്‍ വീണിരുന്നില്ല. സമരക്കാരോട്‌ അനുരഞ്ജനത്തിനു പോയതിന്റെ സമ്മാനം കിട്ടിയ, നെറ്റിയുടെ വലത്‌ വശത്തെ പാടില്‍ മാഷ്‌ ഒന്ന് തടവി പുഞ്ചിരിച്ചു. താന്‍, മറുത്തൊരു പ്രശ്നവും ഉണ്ടാക്കിയില്ല. ഇന്നാണെങ്കിലോ.

**********************************

വെറുതേ വന്നതായിരുന്നു. അദ്ധ്യാപകന്റെ വേഷത്തിലല്ല. മുത്തച്ഛന്റെ വേഷത്തില്‍.

"മുത്തശ്ശാ, എന്റെ കൂടെ സ്കൂളില്‍ പഠിച്ചവരാ ഉള്ളത്‌, ഇപ്പോഴും കൂടെ, മുത്തശ്ശന്‍ വെറുതേ വരണ്ട." മോളു പറഞ്ഞിരുന്നു. എന്നാലും എന്തോ ഒരു പരിഭ്രമം. വിദ്യാര്‍ത്ഥിയും അദ്ധ്യാപകനും ആയ കാലം കടന്ന് വന്ന പരിചയസമ്പന്നമായ മനസ്സ്‌ നിര്‍ബന്ധിച്ചു. പക്ഷെ വന്നപ്പോഴേ മനസ്സിലായി. പുതുതലമുറ ആത്മവിശ്വാസത്തോടെ ഒറ്റയ്ക്കാണു നടന്നെത്തുന്നത്‌. ആരുടേയും പിന്നിലൊരു നിഴല്‍ ഇല്ല.

"ആരും വന്നിട്ടില്ല, ആരുടേം കൂടെ. കണ്ടില്ലേ. മുത്തശ്ശന്റെ ഒരു പേടി. ഞാനെന്താ ഒന്നാം ക്ലാസില്‍ ചേരാന്‍ വന്നതാണോ?"കുസൃതി നിറഞ്ഞ സ്വരത്തില്‍ പേരക്കുട്ടി പറഞ്ഞു.

അവളുടെ കൂട്ടുകാരുടെ അടുത്ത്‌ നിന്ന് അവരിലൊരാള്‍ ആയി മാറിയപ്പോള്‍ ഒറ്റപ്പെട്ട നിഴല്‍ ദൂരെ നിന്നു. അദ്ധ്യാപകരുടെ പെരുമാറ്റത്തിലും ആകെ ഒരു ഉണര്‍വ്‌. പലരും തന്റെ ശിഷ്യന്മാര്‍. കുശലം ചോദിച്ച്‌ കടന്നുപോയി. ജീവിതവും ജോലിയും ഒരുമിച്ചാസ്വദിക്കുന്നതിന്റെ ഒരു ഭാവം. ചുമതലകളുടെ ഭാരമൊന്നും ആരുടേയും മുഖത്ത്‌ കണ്ടില്ല.

ക്ലാസ്‌ തുടങ്ങാന്‍ ആയപ്പോള്‍ മോള്‍ വന്ന് പറഞ്ഞു. "മുത്തശ്ശന്‍ ഇനി പൊയ്ക്കോളൂ. മഴയത്തെ തണുപ്പില്‍ നില്‍ക്കേണ്ട".

മഴ കനത്തു പെയ്തുകൊണ്ടിരുന്നു. പറന്നുപോകാന്‍ ശഠിക്കുന്ന കുട പിടിച്ച്‌ വെയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ പുതുതായി ചേര്‍ന്ന അദ്ധ്യാപകന്‍ വെള്ളം തെറിപ്പിച്ചു കൊണ്ട്‌ പുത്തന്‍ കാറില്‍, രാഘവന്‍ മാഷിനെ കടന്നുപോയി.

മാഷ്‌ ബസ്‌സ്റ്റോപ്പിലേക്ക്‌ പതുക്കെ നടന്നു. തലമുറകളിലെ വിടവിനെപ്പറ്റി ചിന്തിച്ചുകൊണ്ട്.

റോഡരികിലെ വയസ്സന്‍ മരത്തില്‍ നിന്ന് ഒരു പഴുത്തില കൂടെ പൊഴിഞ്ഞുവീണു.

posted by സ്വാര്‍ത്ഥന്‍ at 10:01 AM

0 Comments:

Post a Comment

<< Home