Thursday, August 03, 2006

Gurukulam | ഗുരുകുലം - തുളസി ചൊല്ലിയ ശ്ലോകം

തുളസി തന്റെ കര്‍ക്കിടകം എന്ന പോസ്റ്റില്‍ (കര്‍ക്കടകം എന്നാണു ശരി) താഴെപ്പറയുന്ന ശ്ലോകം ഉദ്ധരിച്ചു.

വഹന്തി വര്‍ഷന്തി നഭന്തി ഭാന്തി
ധ്യായന്തി നൃത്യന്തി സമാശ്രയന്തി
നദ്യോ ഘനാ മത്തഗജാ വനാന്താഃ
പ്രിയാവിഹീനാഃ ശിഖിതാഃ പ്ലവംഗാഃ

പലരും ഇതിന്റെ അര്‍ത്ഥം ചോദിച്ചിരുന്നു. അതു വിശദമാക്കാനാണു് ഈ പോസ്റ്റ്.

“ന്തി” എന്നവസാനിക്കുന്നതു ബഹുവചനക്രിയകളാണു്. അതുകൊണ്ടു നാമങ്ങളും ബഹുവചനങ്ങളാവണം. അതിനാല്‍ “മത്തഗജാ വനാന്താഃ“ എന്നായിരിക്കണം, “മത്തഗജം വനാന്തഃ” എന്നാവില്ല. തുളസി നോക്കിയിട്ടു തിരുത്തുമല്ലോ.

ഈ ശ്ലോകം ഞാന്‍ കേട്ടിട്ടുണ്ടെങ്കിലും ഏതു പുസ്തകത്തിലേതെന്നു് അറിയില്ല. മഴക്കാലത്തിന്റെ വര്‍ണ്ണനയാണു്. ഋതുസംഹാരത്തിലേതെന്നു വിചാരിച്ചു. അതില്‍ കാണുന്നില്ല.

മലയാളത്തില്‍ അഭംഗിയായിത്തോന്നുന്നതും സംസ്കൃതത്തില്‍ ക്രമം എന്നു വിളിക്കുന്ന അലങ്കാരമായതും ആയ ഒരു രീതിയിലുള്ളതാണു് ഈ ശ്ലോകം. (കാളിദാസന്റെ “പിപീലികാ ദന്തിവരം പ്രസൂതേ” എന്ന സമസ്യയ്ക്കുള്ള പ്രസിദ്ധമായ പൂരണവും ഈ രീതിയിലുള്ളതാണു്). കുറേക്കാര്യങ്ങള്‍ പറഞ്ഞിട്ടു് അവയോടു ബന്ധപ്പെട്ട വേറേ കുറേ കാര്യങ്ങള്‍ അതേ ക്രമത്തില്‍ത്തന്നെ പറയുന്നതാണു് ഈ രീതി.

നദ്യഃ വഹന്തി : നദികള്‍ വഹിക്കുന്നു
ഘനാഃ വര്‍ഷന്തി : മേഘങ്ങള്‍ വര്‍ഷിക്കുന്നു
മത്തഗജാഃ നഭന്തി : മദയാന കൊമ്പുകുത്തിക്കളിക്കുന്നു
വനാന്താഃ ഭാന്തി : കാടിന്റെ ഉള്‍ഭാഗം ശോഭിക്കുന്നു
പ്രിയാവിഹീനാഃ ധ്യായന്തി : പ്രിയയോടു വേര്‍പെട്ടവര്‍ ചിന്തിച്ചിരിക്കുന്നു (ദുഃഖിക്കുന്നു)
ശിഖിതാഃ നൃത്യന്തി : മയിലുകള്‍ നൃത്തം ചെയ്യുന്നു
പ്ലവംഗാഃ സമാശ്രയന്തി : തവളകള്‍ ആശ്രയിക്കുന്നു

പ്ലവംഗത്തിനു തവള എന്നും കുരങ്ങു് എന്നും അര്‍ത്ഥമുണ്ടു്. തവള ആണെന്നു തോന്നുന്നു ഇവിടെ ഒന്നുകൂടി ചേര്‍ച്ച.

മലയാളത്തില്‍ പറഞ്ഞാല്‍ “വഹിക്കുന്നു വര്‍ഷിക്കുന്നു കൊമ്പുകുത്തിക്കളിക്കുന്നു ശോഭിക്കുന്നു ചിന്തിക്കുന്നു ആടുന്നു ആശ്രയിക്കുന്നു നദികള്‍ മേഘങ്ങള്‍ മദയാനകള്‍ വനാന്തങ്ങള്‍ പ്രിയാവിഹീനര്‍ മയിലുകള്‍ തവളകള്‍” എന്നു പറഞ്ഞാല്‍ അഭംഗിയാണു്. സംസ്കൃതത്തില്‍ ഭംഗിയുമാണു്.

ഇതുപോലെയുള്ള മറ്റൊരു ശ്ലോകം:

വീടീകരാഗ്രാ വിരഹാതുരാ സാ
ചേടീമവാദീദിഹ ചിത്തജന്മാ
പ്രാണേശ്വരോ ജീവിതമര്‍ദ്ധരാത്രം
ആയാതി നായാതി ന യാതി യാതി

വിരഹാതുരയായ അവള്‍ കയ്യില്‍ (പ്രിയനു കൊടുക്കാന്‍) മുറുക്കാനും പിടിച്ചു കൊണ്ടു് തോഴിയോടു പറഞ്ഞു: “കാമദേവനും പ്രാണേശ്വരനും ജീവിതവും രാത്രിയും വരുന്നു, വരുന്നില്ല, പോകുന്നില്ല, പോകുന്നു”.

കാമദേവന്‍ (കാമവികാരം) വരുന്നു, പ്രാണേശ്വരന്‍ വരുന്നില്ല, ജീവിതം അവസാനിക്കുന്നില്ല, രാത്രി അവസാനിക്കുകയും ചെയ്യുന്നു എന്നു താത്പര്യം. “ആയാതി നായാതി ന യാതി യാതി” എന്ന സമസ്യ കാളിദാസന്‍ പൂരിപ്പിച്ചതാണു് ഇതു്.



ഋതുസംഹാരത്തില്‍ വര്‍ഷവര്‍ണ്ണനയിലുള്ളതാണിതു്. ആദ്യത്തെ വായനയില്‍ കണ്ടില്ല.

പ്ലവംഗം കുരങ്ങെന്നാണു വിവക്ഷ എന്നു തോന്നുന്നു. വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ പരിഭാഷ ഇതാ:

ഒലിപ്പു, വര്‍ഷിപ്പു, സമാശ്രയിപ്പൂ
വിളിപ്പു, ചിന്തിപ്പു, നടിപ്പു, വെല്‍‌വൂ
കാട്ടാര്‍, കരിങ്കൊണ്ടല്‍, കുരങ്ങു, കൊമ്പന്‍,
പ്രിയാവിഹീനന്‍, മയില്‍, കാനനാന്തം.

ഭാന്തി എന്നതിനു് ശോഭിക്കുന്നു എന്നാണു് വെല്‍‌വൂ എന്നതിനേക്കാള്‍ ശരി എന്നു തോന്നുന്നു. അതുപോലെ നഭന്തി എന്നു വെച്ചാല്‍ ആഘാതമുണ്ടാക്കുന്നു, മുറിപ്പെടുത്തുന്നു എന്നൊക്കെയാണര്‍ത്ഥം. അതാണു ഞാന്‍ “കൊമ്പുകുത്തിക്കളിക്കുന്നു” എന്നെഴുതിയതു്. വഹന്തി എന്നതിനു “ഒലിക്കുന്നു” എന്ന അര്‍ത്ഥം തന്നെ ഒന്നുകൂടി നല്ലതു്.

ഋതുസംഹാരത്തിന്റെ വ്യാഖ്യാനം കയ്യിലുള്ളവര്‍ ദയവായി വിശദീകരിക്കാമോ?

posted by സ്വാര്‍ത്ഥന്‍ at 10:35 AM

0 Comments:

Post a Comment

<< Home