Thursday, August 10, 2006

സര്‍വകലാശാല - കൃഷ്ണാ & കുട്ടന്‍ ടീ സ്റ്റാള്‍സ്‌

ജനിമൃതികളുടെ സംഗമസ്ഥാനമായ അന്ധകാരത്തിന്റേയും അപ്പുറത്തുള്ള നിഗൂഢതയില്‍ നിന്ന് രണ്ട്‌ മൃതബിന്ദുക്കള്‍ പ്രണയമന്ത്രത്തിന്റെ പൊരുള്‍ തേടിയിറങ്ങി.

കാറ്റിലും, നിലാവിലും, കുളിരിലും, മഴയിലും, തീയിലും, വൈക്കോലിലും പ്രണയത്തിന്റെ അനന്ത സാധ്യതകള്‍ തിരഞ്ഞ്‌ അവശരായ അവര്‍, ഒരു ശിംശപാവൃക്ഷത്തിന്റെ ശാഖകളില്‍ അഭയം തേടി. ചിരന്തനമായ വിരഹത്തിന്റെ ഇറുകിപ്പൊട്ടുന്ന രൌദ്രഗീതങ്ങള്‍ തിരിച്ചറിഞ്ഞ ഒരു മുഹൂര്‍ത്തത്തില്‍, പെണ്‍ബിന്ദു ആണ്‍ബിന്ദുവിന്റെ കൈത്തലം കവര്‍ന്നു.

" അവസാനമായി നമുക്കൊന്നിച്ചൊരു ചായ കുടിച്ചിട്ട്‌ പിരിയാം"

തികട്ടി വന്ന മഹാദുഃഖത്തിന്റെ അലമാലകള്‍ ഉള്ളിലൊതുക്കി ആണ്‍ബിന്ദു ആ കൈത്തലം വിമുക്തമാക്കി.

" ചായയോ?... ഹം.. നീ കാവശ്ശേരിയിലാണ്‌"..

ശരിയായിരുന്നു. ഒരു കോളേജ്‌, രണ്ട്‌ ഹൈസ്ക്കൂളുകള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രം, കൃഷിഭവന്‍, പഞ്ചായത്ത്‌ ഓഫീസ്‌, പത്ത്‌ നാനൂറ്‌ പറക്ക്‌ വിളവ്‌ കൊയ്യുന്ന പാടശേഖരങ്ങള്‍ ഇവയൊക്കെ ഉണ്ടായിട്ടും, കാവശ്ശേരിയില്‍ നല്ല ഒരു ഹോട്ടലോ ചായക്കടയോ ഉണ്ടായിരുന്നില്ല. പരക്കാട്ട്‌ കാവിനടുത്ത്‌ ഇഞ്ചി നായരുടെ ചായക്കട കഴിഞ്ഞാല്‍ പിന്നെ ഒരു ചായ കുടിക്കണമെങ്കില്‍ 3 കിലോമീറ്റര്‍ പിന്നിട്ട്‌ കഴനി-ചുങ്കത്ത്‌ എത്തണം എന്നതായിരുന്നു സ്ഥിതി.അങ്ങിനെ, കാവശ്ശേരിയിലെ പാടത്തും പറമ്പിലും പണിയെടുക്കുന്ന ആയിരങ്ങള്‍, തങ്ങള്‍ക്കവകാശപ്പെട്ട ചായയുടെ ഇടവേളയില്‍ ആലുംചോട്ടില്‍ ജന്തര്‍മന്തറിനു മുന്നിലെ ടിബറ്റന്‍ അഭയാര്‍ത്ഥികളെപ്പോലെ കുത്തിയിരുന്നു. ആണുങ്ങള്‍ ബീഡി വലിച്ചു. പെണ്ണുങ്ങള്‍ പേന്‍ നോക്കിയും പരദൂഷണം പറഞ്ഞും സമയം കളഞ്ഞു. കൂട്ടത്തില്‍ അഗ്ഗ്രസ്സീവ്‌ ആയ ചില വെറ്ററന്‍മാരും യുവജനങ്ങളും അച്ചുവേട്ടന്റെ എ.എസ്‌. നമ്പര്‍ 323-ഇല്‍ കയറി ചായക്ക്‌ പകരം അവിടെ കൊടുക്കപ്പെടുന്ന ചാ യും യാ യും പിന്നെ നടുവില്‍ വെറെ ഒരക്ഷരവുമുള്ള ദ്രാവകം കുടിച്ച്‌ തൃപ്തിപ്പെട്ടു. സമര്‍ത്ഥരായ മറ്റു ചിലവരാവട്ടെ, തങ്ങളുടെ പാക്കേജില്‍ ചായ ഉള്‍പ്പെടുത്തണം എന്ന് വീട്ടമ്മമാരോട്‌ നേരത്തെ ആവശ്യപ്പെട്ട്‌ തങ്ങളുടെ ദാഹം ശമിപ്പിച്ചു.

കാര്യങ്ങള്‍ ഇങ്ങിനെയൊക്കെയായിരിക്കുന്ന അവസരത്തിലാണ്‌ തിരുവാഴിയോട്‌ എന്നോ പെരുവണ്ണാമൂഴി എന്നോ മറ്റോ പേരുള്ള ഒരു അന്യദേശത്തു നിന്ന് കുഞ്ചന്‍, കുട്ടന്‍, കൃഷ്ണന്‍ എന്ന് പേരുള്ള നായര്‍ ബ്രദേഴ്‌സ്‌ കാവശ്ശേരിയില്‍ എത്തിപ്പെട്ടത്‌. വന്ന ഉടനെ ഒരു ചായക്കടയുടെ നിസ്സീമമായ സാധ്യതകള്‍ തിരിച്ചറിഞ്ഞ അവര്‍ സര്‍വകലാശാല കേന്ദ്രീകരിച്ച്‌ കൃഷ്ണാ ടീ സ്റ്റാള്‍ കം റെസ്റ്റാറന്റ്‌ തുടങ്ങിയതോടെ കാലാകാലങ്ങളായി അനുഭവിച്ചു പോന്ന ചായ ദാരിദ്ര്യത്തിന്‌ ഒരു അറുതിയായി. സമയാസമയത്ത്‌ ചായ കൂടാതെ പഴംപൊരി, വട, സുഖിയന്‍, ബോണ്ട, കച്ചോലം തുടങ്ങിയ പലഹാരങ്ങളും കിട്ടുമെന്നത്‌ അദ്ധ്വാനിക്കുന്ന ജനവിഭാഗത്തേയും, പകല്‍ സമയത്ത്‌ ഒരു സിഗററ്റ്‌ പുകക്കാനും മോന്തി മയങ്ങിയാല്‍ രണ്ടെണ്ണം മോന്താനും ഒരു മറയായെന്നത്‌ സര്‍വകലാശാലയില്‍ കാലാട്ടിക്കൊണ്ടിരുന്ന യുവജനങ്ങള്‍ക്കും, പേരിലെ നായര്‍ സഫിക്സ്‌ തങ്ങളുടെ എണ്ണം കൂട്ടാന്‍ സഹായിക്കുമെന്നത്‌ ദേശത്തെ പ്രമാണിമാര്‍ക്കും നായര്‍ ബ്രദേഴ്‌സിനെ ആവേശത്തോടെ വരവേല്‍ക്കാനും മുഹമ്മദാലിക്കയുടെ പീടികയോട്‌ ചേര്‍ന്ന് കിടക്കുന്ന ഒന്നര സെന്റില്‍ ഒരു താത്‌കാലിക ഓലപ്പുര കെട്ടിക്കൊടുക്കാനും കൂട്ടത്തില്‍ മൂത്ത കുഞ്ചന്‍ നായരുടെ ഫാമിലിക്ക്‌ പീടികയോട്‌ ചേര്‍ന്ന ഒറ്റമുറിയില്‍ അക്കോമൊഡേഷന്‍ അറേഞ്ച്‌ ചെയ്ത്‌ കൊടുക്കാനും പ്രേരകമായി.

അങ്ങിനെ കൃഷ്ണാ റ്റീ സ്റ്റാള്‍ ഞങ്ങളുടെ ജീവിതത്തിന്റെ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു ഭാഗമായി മാറിവരുന്നതിനിടക്കാണ്‌ ഈ മൂന്ന് സഹോദരന്‍മാരേയും ബന്ധിപ്പിക്കുന്ന ഒരു കണ്ണി ഉണ്ടെന്ന് നാട്ടുകാര്‍ക്ക്‌ തോന്നാന്‍ തുടങ്ങിയത്‌. വൈകുന്നേരം 6 മണി കഴിഞ്ഞാല്‍ പിന്നെ ഇളയവന്‍ കൃഷ്ണേട്ടന്‍ മാത്രമേ കാഷ്‌ ഡീലിംഗ്‌സ്‌ കൈകാര്യം ചെയ്യാറുള്ളൂ എന്നും ചായ ഉണ്ടാക്കാനായി കുട്ടേട്ടന്‍ ഇടക്ക്‌ സമോവറിന്റെ റ്റാപ്പിനു പകരം സ്റ്റൌവിന്റെ നോബില്‍ തിരിക്കുന്നുവെന്നും രാത്രിയിലെ സര്‍വീസിംഗ്‌ പകലത്തേതിനെക്കാള്‍ ഒരുപാട്‌ പതുക്കെയാണെന്നും ചൂണ്ടിക്കാണിച്ച്‌ അഭിനവ ഷെര്‍ലക്കുകള്‍ ഇവര്‍ക്ക്‌ ഇരുട്ടു വീണാല്‍ കണ്ണു കാണില്ല എന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചു. ഇത്‌ പ്രൂവ്‌ ചെയ്യാനായി പലപ്പോഴും കൃഷ്ണേട്ടന്റെ കയ്യില്‍ പൈസക്ക്‌ പകരം ലോട്ടറി ടിക്കറ്റും എടുക്കാത്ത നോട്ടുകളും ഒക്കെ കൊടുത്തു നോക്കിയെങ്കിലും ഈ തിയറി സംശയാതീതം തെളിയക്കപ്പെട്ടിരുന്നില്ല.

അങ്ങിനെയിരിക്കേയാണ്‌, തിരുവില്ല്വാമല ഏകാദശി കഴിഞ്ഞ്‌, കല്ലേക്കുളങ്ങര ഗോപാലനേയും കൂട്ടി പാപ്പാന്‍മാര്‍ അതു വഴി വന്നത്‌. ഗോപാലനെ കടക്ക്‌ വെളിയില്‍ നിര്‍ത്തി ഓരോ കാലിച്ചായ കുടിച്ചു കൊണ്ടിരിക്കുകയായിരുന്നു പാപ്പാന്‍മാര്‍. ബോറടിച്ച ഗോപാലനാവട്ടെ വെറുതെ നില്‍ക്കാന്‍ വയ്യാതെ തുമ്പിക്കൈ നീട്ടി കിട്ടാവുന്ന കുപ്പി, പോസ്റ്റിന്റെ സ്റ്റേവയര്‍, കടയുടെ മുന്നില്‍ കൈകഴുകാന്‍ വെച്ചിരിക്കുന്ന മണ്‍തൊട്ടി മുതലായ സാധനങ്ങളില്‍ പെരുമാറിക്കൊണ്ടിരുന്നു. ഗോപാലന്റെ ഓരോ മൂവിനും തുമ്പികാര്യം ചെയ്യപ്പെടുന്ന സാധനങ്ങളും കാലില്‍ കെട്ടിയിരുന്ന ചങ്ങലയും "ച്‌ലും..ച്‌ലും.." എന്ന് ശബ്ദമുണ്ടാക്കി കൊണ്ടിരിക്കുകയും ചെയ്തു. കടക്കുള്ളില്‍ എന്തോ ചെയ്തു കൊണ്ടിരുന്ന കുഞ്ചേട്ടന്‍ പെട്ടെന്ന് ഒരു കമ്പിയും വലിച്ചെടുത്ത്‌ ചാടി വെളിയിലിറങ്ങി ഗോപാലന്റെ തുമ്പിക്കൈക്കും മുന്‍കാലിനും ഇടയില്‍ മുണ്ടക്കല്‍ ശേഖരനെ നേരിടാന്‍ നില്‍ക്കുന്ന മംഗലശ്ശേരി നീലകണ്ഠന്റെ പോസില്‍ നിന്ന്, "ആരാണ്ടാ പന്നീ, പെണ്ണുങ്ങള്‍ മാത്രം താമസിക്കണ മുറീന്റെ ബോള്‍ട്ടെളക്കണത്‌" എന്നലറിയപ്പോഴാണ്‌ ഇങ്ങേരുടേയും അനിയന്‍മാരുടേയും കണ്ണിന്റെ ബോള്‍ട്ട്‌ ഇളകിക്കെടക്കുകയാണെന്ന പരമാര്‍ത്ഥം വെളിയില്‍ വന്നതും, അത്‌ നാട്ടുകാരാല്‍ അംഗീകരിക്കപ്പെട്ടതും. എന്തായാലും സമാധാന പ്രിയരും സത്യസന്ധരും ആയ ഞങ്ങള്‍ അത്‌ മുതലെടുക്കാന്‍ ശ്രമിച്ചിരുന്നില്ല എന്നുകൂടി ഇപ്പോള്‍ പറയേണ്ടതുണ്ട്‌.

ആറു മലയാളിക്ക്‌ നൂറു മലയാളം എന്ന് മഹാകവി ഇക്കാസ്‌ ആന്റ്‌ വില്ലൂസ്‌ പാടിയ പോലെ, നായര്‍ ബ്രദേഴ്‌സ്‌ രണ്ടാവാന്‍ അധിക കാലതാമസം ഒന്നും വേണ്ടിവന്നില്ല. മധ്യ നായര്‍ ആയ കുട്ടേട്ടന്‍ ആയിരുന്നു വില്ലന്‍. ഒരു ദിവസം രാവിലെ ചങ്ങായി ചട്ടിയും കലവും സമോവറും പകുതി ഓലയും എടുത്ത്‌ അടുത്ത സ്റ്റോപ്പില്‍ കുട്ടന്‍സ്‌ ടീ സ്റ്റാള്‍ തുടങ്ങിയപ്പോള്‍, പിളര്‍ന്നു എന്നും കലശലായ അടികലശല്‍ നടന്നു എന്നും ഒക്കെ നാട്ടുകാര്‍ സ്ഥാപിക്കാന്‍ ശ്രമിച്ചെങ്കിലും, കുട്ടന്‍സ്‌ ടീ സ്റ്റാള്‍ ഒരു ബ്രാഞ്ച്‌ ഓഫീസ്‌ മാത്രമാണ്‌ എന്ന ലൈന്‍ ആയിരുന്നു ചായക്കുടുംബത്തിന്റേത്‌. അതങ്ങിനെയല്ല എന്നതിന്‌ എന്തെങ്കിലും ഒരു തെളിവ്‌ കിട്ടുന്നതിന്റെ ഭാഗമായി, കുട്ടന്‍സ്‌ 5 മണിക്കും കൃഷ്ണാസ്‌ ആറു മണിക്കുമാണ്‌ തുറക്കാറുള്ളത്‌ എന്നൊക്കെയുള്ള വാദങ്ങള്‍ ഞങ്ങള്‍ നിരത്തിയെങ്കിലും സഹോദരന്‍മാര്‍ തമ്മിലുള്ള പോക്കുവരത്തു കഴകം, പരസ്പര സഹായ സഹകരണ സംഘം എന്നിവയൊക്കെ പൂര്‍വാധികം ശക്തമായി തുടര്‍ന്നു വന്നിരുന്നതിനാല്‍ ഫൈനലി, അവരുടെ സ്റ്റാന്റ്‌ അംഗീകരിച്ചു കൊടുക്കപ്പെട്ടു.

പാലക്കാട്‌ നിന്ന് പഴയന്നൂര്‍, ചേലക്കര, വടക്കാഞ്ചേരി വഴി തൃശ്ശൂര്‍ക്കുള്ള ആനവണ്ടി 5 മണിക്ക്‌ കൂക്കി വിളിച്ച്‌ പോയപ്പോള്‍ പതിവുപോലെ എണീറ്റ്‌ ഒന്ന് മൂരി നിവര്‍ന്നതായിരുന്നു കുട്ടേട്ടന്‍. (നിവര്‍ന്നത്‌ കുട്ടേട്ടന്‍ തന്നെയാണ്‌, മൂരിയല്ല). ചിട്ട പ്രകാരം, പരക്കാട്ട്‌ കാവില്‍ നിന്ന് ഉഷപൂജക്കുള്ള മൂന്ന് കതിനയും പൊട്ടിച്ച്‌, ചായ കുടിക്കാന്‍ എത്തുന്ന വെടിക്കാരന്‍ കൃഷ്ണനെ പ്രതീക്ഷിച്ച്‌ സമോവര്‍ ചൂടാക്കിയ കുട്ടേട്ടന്‌ അന്നു പക്ഷേ ഒരു പുതിയ അതിഥിയുണ്ടായിരുന്നു. വാണിയംകുളം ചന്ത കഴിഞ്ഞ്‌ മടങ്ങിപ്പോവുകയായിരുന്ന ഒരു മരക്കാരും അങ്ങേരുടെ പശുവും. ബെഞ്ചിലിരുന്ന്‌, തലയില്‍ കെട്ടിയ തോര്‍ത്ത്‌ അഴിച്ച്‌ ഡസ്കിലിട്ട്‌, ഒരു മുറി ബീഡി കൊളുത്തി മരക്കാര്‌ കുട്ടേട്ടനോട്‌ പറഞ്ഞു.

" എളാരേ, കടുപ്പത്തിലൊരു ചായ പൂശിന്‍"

" പാലില്ല്യ കണ്ടോളിന്‍.. അഞ്ചര മണികണ്ഠന്‍ പോയാലേ മില്‍മ പാല്‌ വരുള്ളുവേ.. കട്ടന്‍ എടുക്കട്ടേ,,?"

"ഔ.. കൊഴപ്പിച്ചുവല്ലോന്നും.. നിങ്‌ക്കൊരു പയ്യിനെ വാങ്ങിക്കൂടേന്നും?"

" നോക്ക്‌ണ്ട്‌ മരക്കാരേ.. നല്ലത്‌ വല്ലൂം കണ്ടാ കൊണ്ട്‌രീന്‍"

" ദാ.. വെളീല്‌ കെട്ടീരിക്കണ ഉരൂനെ നോക്കിന്‍.. നല്ല ലക്ഷണൂള്ള പയ്യാണ്‌.. നമ്മള്‌ കുടുംബത്തിക്ക്‌ വാങ്ങീതാണ്‌.. വേണച്ചാ നിങ്ങളെടുത്തോളിന്‍.."

" അപ്പോ നിങ്‌ക്ക്‌ വേണ്ടേ?"

" നമുക്ക്‌ തരകല്ലേന്നും.. അടുത്താഴ്ച്ച വാങ്ങാ.. ന്യായവെല തര്‌ാണ്‌ച്ചാ നിങ്‌ക്ക്‌ തരാ.. നിങ്ങള്‌ വാങ്ങാണ്‌ച്ചാ എനിക്ക്‌ കൊല്ലങ്ങോട്ട്‌ക്ക്‌ ബസ്സില്‌ പൂവൂം ചിയ്യാല്ലോ.. ഒരു പനീം വയ്യായീം ഇണ്ടേ"

"അയ്‌ന്‌പ്പോ കറവ്യൊക്കെ നോക്കണ്ടേ.. അയ്‌നെന്താ ചിയ്യാ"

കറക്റ്റ്‌ സമയത്താന്‌ വെടിക്കാരന്‍ കൃഷ്ണന്‍ വന്നത്‌. അല്‍പസ്വല്‍പ്പം കറവയും കൈവശം ഉണ്ടായിരുന്ന കൃഷ്ണന്‍ പയ്യിനെ കറന്ന് സെര്‍ട്ടിഫൈ ചെയ്തു.

" ഗംഭീരം പയ്യാണ്‌ കണ്ടാ കുട്ടന്മൂത്താരേ.. വിടണ്ടാ നിങ്ങള്‌"..

"ശരി മരക്കാരേ.. എത്ര വേണം പറയിന്‍.."

" 1800ക്ക്‌ വാങ്ങിയതാണ്‌ നമ്മള്‌.. പുല്ലും വെള്ളൂം ഒരു 25 ഉര്‍പ്പ്യക്ക്‌ കൊടുത്തിണ്ട്‌.. വാണിയംകൊളത്ത്‌ന്ന് ദാ ഇത്‌ വരെ കൊണ്ട്‌രൂ ചീതു... നിങ്ങള്‌ ഒരു 2000 കൊടുക്കിന്‍.."

വില പേശി സംഗതി 1900-ത്തില്‍ ഉറപ്പിച്ചു. കയ്യിലുണ്ടായിരുന്നതും തലേന്നത്തെ കലക്ഷനും ഗ്യാസിനു വെച്ചിരുന്നതും ഒക്കെ ചേര്‍ത്ത്‌ റെഡി ക്യാഷില്‍ കുട്ടേട്ടന്‍ പശുമുതലാളി ആവുകയും ചെയ്തു.

അഞ്ചര മണികണ്ഠനും ആറു മണി പൌര്‍ണ്ണമിയും പോയി നേരം വെളുത്ത്‌ തൊടങ്ങിയപ്പോഴാണ്‌ കുഞ്ചേട്ടന്‍ അലറിപ്പാഞ്ഞ്‌ കുട്ടന്‍സ്‌ റ്റീ സ്റ്റാളില്‍ എത്തിയത്‌.

" ഡാ.. നായിന്റെ മോനേ.. നമ്മള്‌ തമ്മില്‌ പല പ്രശ്‌നൂം ഇണ്ടാവും.. അതിനാണ്ടാ നീയ്‌ രാത്രിക്ക്‌ രാത്രി എന്റെ പയ്യിനെ അഴിച്ചിട്ട്‌ വന്ന് ഇബടെ കെട്ടീത്‌? പയ്യിനെ കാണാണ്ട്‌ ഞാനും കൃഷ്ണനും അബടെ തെരഞ്ഞോണ്ടിരിക്കുമ്പളല്ലേ ആ മില്‍മ ഗോപി വന്ന് നീ പയ്യിനെ വാങ്ങി, നാളെത്തൊട്ട്‌ പാല്‌ വേണ്ടാ പറഞ്ഞൂന്ന് പറയ്‌ണത്‌.. അപ്പളേ ഞാന്‍ വിചാരിച്ചു നീ പയ്യിനെ അഴിച്ചിട്ട്‌ വന്ന്ട്ട്ണ്ടാവുംന്ന്.. ഗതി പിടിക്കില്ല്യടാ നീ.. തെണ്ടീ..!!!"

posted by സ്വാര്‍ത്ഥന്‍ at 1:49 PM

0 Comments:

Post a Comment

<< Home