Tuesday, August 08, 2006

ദുര്‍ഗ്ഗ - കഥകളി.

URL:http://durgahere.blogspot.com/2006/08/blog-post_07.htmlPublished: 8/7/2006 2:52 PM
 Author: Durga
ദീപാരാധന കഴിഞ്ഞു. കളി തുടങ്ങാന്‍ വൈകും, വീട്ടില്‍ പോയി ഊണു കഴിച്ചു വരിക തന്നെ...
കേളികൊട്ട് കേള്‍ക്കുന്നുണ്ട്..കളിഭ്രാന്ത് ഏറ്റവും കൂടുതല്‍ അച്ഛച്ഛനാണ്..
ഹൈദരാലി മാസ്റ്റര്‍ വരണുണ്ടെന്നാ കേട്ടത്..ഗോപിയാശാനും ഉണ്ടത്രേ! ഇന്നത്തെ കളി കേമാവും! കര്‍ണ്ണശപഥോം കിരാതോം ആണുള്ളത്..
തിടുക്കത്തില്‍ അത്താഴം കഴിച്ചൂന്ന് വരുത്തിയപ്പോഴെയ്യ്ക്കും അച്ഛാച്ഛന്‍ പറയണൂ..”തിരക്കു കൂട്ടണ്ട...അത്താഴശീവേലി കഴിഞ്ഞേ കളി തുടങ്ങൂന്നാ കേട്ടത്....ഞാന്‍ ഊണു കഴിച്ചു വന്നു മക്കളെ വിളിക്കാം..പോകണ വഴിക്ക് അഞ്ജൂനേം അശ്വത്യേം കൂടെ വിളിക്കണം..ആതിരേം ശ്രീക്കുട്ടനും ഇല്ല്യാത്രേ! അവര്‍ക്കു നാളെ പരീക്ഷ്യാന്ന്‍”..
ഹാവൂ, വേണ്ട സമയമുണ്ട്..വേണംന്നെച്ചാ ഒന്നു തല ചായ്ക്കുഏം ആവാം..കിടന്നാലും ഉറക്കം വരില്ല...ചുണ്ടിലും മനസ്സിലും കഥകളിപ്പദങ്ങള്‍!
ഈ നല്ല ഡ്രെസ്സൊക്കെ മാറ്റി ഏതെങ്കിലും പഴയതെടുത്തിടാം..രാത്രി മുഴുവനിരുന്നു കളി കാണേണ്ടതല്ലേ?
അച്ഛന്‍ കിടന്നു-കിരാതം കാണാനേ അച്ഛന്‍ വരണുള്ളത്രേ!
ആ..അച്ഛച്ഛന്‍ വന്നല്ലോ!! നിലാവുണ്ട്..ടോര്‍ച്ചിന്റെ ആവശ്യം ഉണ്ടായിരുന്നില്ല..ഞാനും രഞ്ജൂം മണീം അച്ഛച്ഛന്റെ കൂടെ പുറപ്പെട്ടു.

ഓ..നിലത്തു വിരിക്കാനുള്ള ന്യൂസ് പേപ്പര്‍ എടുക്കാന്‍ മറന്നു..സാരല്ല്യാ..അഞ് ജൂന്റെ വീട്ടീന്നെടുക്കാം...
നേരത്തെ പറഞ്ഞുറപ്പിച്ച പ്രകാരം അഞ്ജൂം അശ്വതീം പടിക്കല്‍ കാത്തു നില്ക്കുന്നുണ്ടായിരുന്നു..നിലത്തു വിരിക്കാനുള്ള പേപ്പര്‍ സംഘടിപ്പിച്ച് ഞങ്ങള്‍ പടിഞ്ഞാറേ നടയിലേയ്ക്ക്..
കിഴക്കേ നടയിലെത്തി..അകത്തൂടെ പോവാം ..ചെരിപ്പു ഇവിടെക്കിടക്കട്ടെ..വാര്യത്തെ പടിക്കലേയ്ക് നീക്കിയിടാം..ആരും എടുത്തോണ്ടുപോവില്ലല്ലോ!
അമ്പലത്തിനകത്ത് കടന്നു..അത്താഴശീവേലി കഴിഞ്ഞതേയുള്ളൂ..അവിടെയെങ്ങും ആനച്ചൂര്..ആനപ്പിണ്ടതിന്റെ ഗന്ധമാണ് ഇവിടെങ്ങും...
കൃഷ്ണനേം ഭഗവത്യേം ഒന്നു സല്യൂട്ട് ചെയ്തിട്ട്, ഊട്ടുപുരയുടെ വശത്തുകൂടെ പടിഞ്ഞാറേ നടയിലേക്കു നടക്കവേ, ഒന്നു പാളി നോക്കി- കളിക്കാര്‍ പച്ചകുത്തുന്നതും മറ്റും കാണാന്‍..കുറെ ചട്ടമ്പിപ്പയ്യന്മാര്‍ മരത്തിന്റെ അഴികള്‍ക്കിടയിലൂടെ അവരെ നോക്കി എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നു..
പാട്ടുപുരയ്ക്കല്‍ കളമെഴുത്തും പാട്ടും കഴിഞ്ഞു വാതില്‍ അടച്ചിരുന്നു..അവിടെത്തന്നെ സ്ഥാനം പിടിച്ചു..ആ പടികളില്‍ ഇരുന്നു കളികാണുന്ന സുഖം വേറെ എവിടേം കിട്ടില്ല...
വാര്യത്തെയും മാരാത്തെയും ഷാരത്തെയും ചേച്ചിമാര്‍ വരുന്നതിനു മുന്‍പ് എത്തീതു നന്നായി....
മനയ്ക്കലെ അമ്മൂമ്മമാരൊക്കെ മുന്‍പില്‍ തന്നെ സ്ഥാനം പിടിച്ചിട്ടുണ്ട്....ഇതെന്തിനാണാവോ കഥയറിയാതെ ആട്ടം കാണാന്‍ ഈ പീക്കിരിപ്പിള്ളേരെക്കൂടെ കൊണ്ട്വന്നിരിക്കണേ?? ചില കുട്ടികള്‍ അപ്പഴേ ഉറക്കം തുടങ്ങീരുന്നു..അമ്മമാരുടെ മടിയില്‍ തലവെച്ച്..

ഞങ്ങളെ അവിടിരുത്തീട്ട് അച്ഛച്ഛന്‍ തന്റെ സഹപാഠികളായ വാര്യരുടേയും മറ്റും അടുത്തേയ്ക്ക് നടന്നു....ഇനി വെളുപ്പിന് കട്ടന്‍ കാപ്പി മേടിച്ചുതരാനാവും വരിക....
കളി തുടങ്ങി..കഴിഞ്ഞ തവണത്തേക്കാള്‍ ഗംഭീരാവണുണ്ട്...ഇടയ്ക്കെപ്പോഴോ ഉറക്കം വന്നു തൂങ്ങിയപ്പോള്‍ ചെണ്ടയുടെ ശബ്ദം എന്നെ ഉണര്‍ത്തി..
അമേരിക്കയില്‍ നിന്നു വന്ന ആ പരിഷ്കാരിച്ചേച്ചി ക്യാമറയുമായി ഓടി നടക്കുന്നു..മുന്നിലിരുന്ന കുട്ടികള്‍ കൂടുതലും ശ്രദ്ധിച്ചതു അതായിരുന്നു...
ഹയ്! എന്താത്...ഓ ഒരു തവളയയിരുന്നു...കുറേ നേരായി അത് അവിടെക്കിടന്നുചാടുന്നു...ഒരു കല്ലെടുത്ത് ഓടിക്കാന്‍ ശ്രമിച്ചു.....ഉം...തല്‍ക്കാലം അവന്‍സ്ഥലം കാലിയാക്കി...
കുറേ നേരായല്ലോ കര്‍ണന്‍ ഈ ഇരിപ്പ് തുടങ്ങീട്ട്..ഇന്നു വല്ലതും നടക്ക്വോ? ങ് ഹാ‍...കണ്ണൊക്കെ അനങ്ങിത്തൂടങ്ങി..ഹായ് കുന്തിയല്ലേ വരണത്!!! സുന്ദരിയാണല്ലോ....

അങ്ങനെ കര്‍ണ്ണശപഥോം കഴിഞ്ഞു. ഇനി കിരാതം!! കാട്ടാളന്‍ ആ വശത്തൂടെ ഓടി വരാനിടയുണ്ട്..ഇവിടെത്തന്നെ ഇരുന്നാല്‍ മതി...

കിരാതം തുടങ്ങി പത്തു മിനിറ്റായില്ല..അച്ഛച്ഛനെത്തി, ചൂടുള്ള കട്ടന്‍ കാപ്പിയും പപ്പടവടയും വാങ്ങിത്തരാനാണ്‍..:)
അങ്ങനെ ക്ഷീണമകറ്റി പഴയ സ്ഥാനത്തേയ്ക്ക് തിരിച്ചു വരുമ്പോള്‍ ആണുങ്ങളുടെ വശത്തായി അച്ചനും ഇളയച്ഛനും നില്‍ക്കുന്നു..ഞങ്ങളെ കണ്ടൂന്ന് ആംഗ്യം കാണിച്ചു.:) ഇനി കളി കഴിഞ്ഞേ അവരെല്ലാം പോവൂ...
ശാന്തിക്കാരിലും കഴകക്കാരിലും ചിലര്‍ നിര്‍മാല്യം കഴിഞ്ഞ് എത്തീട്ട്ണ്ട്...കിരാതത്തിന്റെ ക്ലൈമാക്സ് കാണാനാണ്..
കിരാതനും കുടുംബവും താഴോട്ടോടിയിറങ്ങീപ്പോള്‍ ചില കുട്ടികള്‍ ഭയന്ന് അമ്മമാരുടേയും അമ്മൂമ്മമാരുടേയും നേര്യതിന്റെ തുമ്പില്‍ മുഖമൊളിപ്പിച്ചു....!!
കിരാതം തകര്‍ത്തു!
പക്ഷേ കളി പെട്ടെന്നു കഴിഞ്ഞപോലെ! പുലരാന്‍ ഇനീം രണ്ട് നാഴിക ബാക്കി....വീട്ടിലേയ്ക്ക് നടക്കുമ്പോള്‍ കണ്ണില്‍ നിന്നു കഥകളി മുദ്രകളും കാതില്‍ നിന്നു പദങ്ങളും പോവാന്‍ മടിച്ചു നിന്നു..കളിക്കാരോടുള്ള ആരാധന മനസ്സു നിറയെ!...

കുളികഴിഞ്ഞ് ഒന്നു കിടന്നെങ്കിലും പകലുറക്കം ശീലമില്ലാത്തതിനാല്‍ ഉറങ്ങാനായില്ല...
ഇനി എന്നാണാവോ അടുത്ത കളി കാണാന്‍ പറ്റുക? ടി വി യിലും മറ്റും കണ്ടാലും ഇങ്ങനെ നേരില്‍ കാണണത്ര സുഖാവില്ല...അടുത്ത വര്‍ഷം വരെ ക്ഷമിച്ചേ തീരൂ.

posted by സ്വാര്‍ത്ഥന്‍ at 11:24 AM

0 Comments:

Post a Comment

<< Home