തുളസി - അവസ്ഥ (കന്നട നോവല്‍), യു. ആര്‍. അനന്തമൂര്‍ത്തി
URL:http://kevinsiji.goldeye.info/?p=101 | Published: 8/3/2006 3:55 PM |
Author: കെവി |
രണ്ടാഴ്ചയില്‍ കൂടുതലെടുത്തു വായിച്ചുതീര്‍ക്കാന്‍, സമയമില്ലാത്തതു തന്നെ മുഖ്യപ്രശ്നം. എനിയ്ക്കു ഈ പുസ്തകത്തിനെ കുറിച്ചു തോന്നിയതു് ഇതാണു്.
അവനവനിലുള്ള അല്പത്തരങ്ങളെക്കുറിച്ചു് നമ്മളാരും തീരെ ബോധ്യമുള്ളവരല്ല. അല്പത്തരങ്ങള്‍ പരതരത്തിലാണു്. കഥയുടെ കേന്ദ്രബിന്ദുവായ കൃഷ്ണപ്പഗൌഡരുടെ സ്വന്തം വീക്ഷണങ്ങളാണു്, സ്വന്തം അല്പത്തരങ്ങളെ കുറിച്ചുള്ള തീവ്രമായ തിരിച്ചറിവുകളാണു്, കഥയുടെ മര്‍മ്മം.
വിപ്ലവനായകനായവന്‍ സ്വന്തം ഭാര്യയെ തൊഴിയ്ക്കുന്ന അല്പത്തരം മുതല്‍ അധികാത്തോടും പ്രമാണിത്തത്തോടുമുള്ള പുറത്തുകാണിയ്ക്കാന്‍ വയ്യാത്ത ആര്‍ത്തി വരെ ഇതില്‍ നായകനെ വെല്ലുവിളിക്കുന്ന ശത്രുക്കളാണു്. സ്വന്തം ഉള്ളിലെ ഇത്തരം ശത്രുക്കളോടാണു് കൃഷ്ണപ്പ നിരന്തരം ഏറ്റുമുട്ടുന്നതു്.
വിരുദ്ധമായ ചിന്തകളുടെ ഒരു ശ്രേണിയാണു് മനസ്സു്. ആ വൈരുദ്ധ്യങ്ങളുടെ ഏറ്റുമുട്ടലില്‍ നിന്നുതിരുന്ന തീപ്പൊരികളാണു് കൃഷ്ണപ്പഗൌഡരെന്ന കീഴ്ജാതിക്കാരനെ വിപ്ലവനായകനാക്കിയതും പിന്നെ കാലാന്തരേണ തൊഴിലാളിപാര്‍ട്ടി നേതാവാക്കിയതും. ഇങ്ങിനെയൊക്കെ ആദരണീയനായപ്പോഴും സ്വയം ഉള്ളില്‍ അയാളൊരു അല്പനാണെന്ന ബോധം അയാളെ വലയ്ക്കുന്നു. ദേഷ്യം വരുമ്പോള്‍ ഭാര്യയെ തല്ലുക, അധികാരത്തിനോടുള്ള ആഗ്രഹം, അങ്ങിനെ പലതും അയാള്‍ക്കു തന്നെ അറിയാം തന്നിലേതു് ഒരു വൃത്തികെട്ട മനസ്സാണെന്നു്.
പക്ഷേ ഒടുവില്‍ കൃഷ്ണപ്പ തന്നിലെ അല്പത്തരങ്ങളെ ഓടിപ്പിച്ചു വിടുന്നതില്‍ വിജയിയ്ക്കുന്നു. പുറമേ കാണിച്ചിരുന്നില്ലെങ്കിലും മനസാ ആഗ്രഹിച്ച മുഖ്യമന്ത്രിപദം വലിച്ചെറിഞ്ഞു്, സമൂഹത്തിലെ അല്പത്തരങ്ങള്‍ ചുട്ടുകരിക്കാമെന്ന പഴയ സ്വപ്നം പൊടിതട്ടിയെടുക്കുന്നേടത്തു് കഥ തീരുന്നു.
ചില ശകലങ്ങള്‍:
നിങ്ങളിത്രയും നികൃഷ്ടമായി കാണുന്ന പെണ്ണിന്റെ കൂടെ എന്തിനു് കഴിയുന്നു? നിങ്ങളുടെ അഹങ്കാരത്തിനു് വളമായിത്തീരണം - അതിനല്ലേ നിങ്ങളേക്കാള്‍ താന്ന പെണ്ണിനെ തിരഞ്ഞുപിടിച്ചു് താലി കെട്ടിയതു്?
ഗൌരി ഗാഢമൌനത്തിന്റെ ഒരു കയമായിരുന്നു; മുളയ്ക്കാന്‍ വെമ്പുന്ന വിത്തിനെ സ്വന്തം ഊഷ്മളമായ ക്ഷമയുടെ ഇരുട്ടില്‍ ഒളിച്ചു സൂക്ഷിക്കുന്ന മണ്ണു്. അവളുടെ വിരലുകള്‍ കൃഷ്ണപ്പന്റെ ശരീരമാകെ പരതിനടന്നു. നീരുറവകളെ വെട്ടിക്കിളച്ചു് ഉണര്‍ത്തുന്നതു പോലെ, സന്ധിബന്ധങ്ങളിലെല്ലാം അവള്‍ തിരഞ്ഞു.
അവസ്ഥ (കന്നട നോവല്‍)
യു. ആര്‍. അനന്തമൂര്‍ത്തി
വിവ: ഡി. രാഘവന്‍
ഡി. സി. ബുക്സു് - 1998
0 Comments:
Post a Comment
<< Home