Wednesday, July 05, 2006

Sakshi (സാക്ഷി) - ശിശിരം

URL:http://sakshionline.blogspot.com/2006/07/blog-post.htmlPublished: 7/4/2006 11:50 AM
 Author: സാക്ഷി

മുറ്റം നിറയെ പേരയുടെ ഇലകള്‍ കൊഴിഞ്ഞുകിടന്നിരുന്നു.
കൂടുതലും മഞ്ഞനിറത്തിലുള്ള ഇലകള്‍.
മരങ്ങള്‍ ഇലകള്‍ പൊഴിച്ചുകളയുന്നത് ശിശിരത്തിലാണോ?
ശി..ശി..രം ആ വാക്കിനോടപ്പോള്‍ വല്ലാത്തൊരു അപരിചിതത്വം തോന്നി.
ഇതിനു മുമ്പൊരിക്കലും ഈ വാക്ക് മനസ്സിലേക്ക് കടന്നു വന്നിട്ടില്ലല്ലോ.
ഇപ്പോഴിതെവിടെനിന്നു വന്നു.
ഏതായാലും ഒരു വല്ലാത്ത വാക്ക് തന്നെ.
മെലിഞ്ഞ എല്ലുന്തിയ ഒരു ഇറാഖി ബാലനെപ്പോലെ തോന്നി ആ വാക്ക്.
ഒരു പറ്റം ശിശിരങ്ങള്‍ ഒരു റൊട്ടിയ്ക്കുവേണ്ടി തല്ലുപിടിക്കുന്നത് സങ്കല്പ്പിച്ചു നോക്കി.

"രണ്ടു മൂന്നു ദിവസമായി മുറ്റമടിച്ചിട്ട്. നീ കേറിയിരിക്ക്"
ചുരിദാറിന്‍റെ കോട്ടണ്‍ ടോപ്പിനും നരച്ച പാ‌വാടയ്ക്കും ഉള്ളില്‍
അവള്‍ ഒന്നു കൂടി മെലിഞ്ഞപോലെ.
പതിവുപോലെ അവളുടെ മുഖത്തുനോക്കാതെ ഉമ്മറത്തെ തിണ്ണയില്‍ കയറിയിരുന്നു.
പത്രമെടുത്ത് വെറുതെ നിവര്‍ത്തി.
"നീയെന്നാ തിരിച്ചു പോകുന്നത്"
"നാളെ" മുഖമുയര്‍ത്താതെ പറഞ്ഞു.
ഇനിയൊരു തിരിച്ചുപോക്കില്ലെന്നു അവളോടു പറഞ്ഞത് മറന്നുകാണും.
"കഴിഞ്ഞ തവണ വന്നപ്പോള്‍ നീ അച്ഛനോട് എന്തൊക്കെ പറഞ്ഞെന്നോര്‍മ്മയുണ്ടോ?"
പത്രത്തില്‍ മുഖം പൂഴ്ത്തിയിരുന്നു.
"അച്ഛന്‍ അന്നൊരുപാട് കരഞ്ഞു.
ജാതകവും തലക്കുറിയുമെല്ലാമെടുത്ത് കത്തിച്ചുകളഞ്ഞു.
അവന്‍ നാട്ടിലു വരുമ്പോള്‍ പോയി കാണാമെന്നും പറഞ്ഞു."
മുഖമുയര്‍ത്തിയപ്പോള്‍ അവളുടെ കവിളിലെ പെരുകിവരുന്ന മുഖക്കുരുകള്‍ ചുവന്നു.

"അവനിന്നലെ രാത്രിയും വിളിച്ചിരുന്നു."
ആരെന്നുള്ള ചോദ്യം പ്രതീക്ഷിച്ച് അവള്‍ കുറച്ചുനേരം മിണ്ടാതെ നിന്നു.
പിന്നെ തുടര്‍ന്നു,
"അവിടെയെല്ലാരും കള്ളു കുടിയ്ക്കും അല്ലേ?"
അവള്‍ മറുപടി പ്രതീക്ഷിച്ചിരുന്നില്ലല്ലോ.
'ഇന്നലെ സിഗരറ്റും വലിച്ചിട്ടുണ്ടായിരുന്നു.
സംസാരിക്കുമ്പോഴെല്ലാം സിഗരറ്റിന്‍റെ മണം ഗുമുഗുമാന്ന്.."
ഫോണിലൂടെ നിനക്കെങ്ങിനെ സിഗരറ്റിന്‍റെ മണം കിട്ടിയെന്നു ചോദിച്ചില്ല.
അവള്‍ സംസാരിച്ചുകൊണ്ടിരുന്നു.
"പാതിരാത്രിയിലുള്ള അവന്‍റെ കോളുകള്‍ കാരണം ഫോണ്‍ ഞാന്‍ ബെഡ്റൂമിലേക്കു മാറ്റി.
എന്തിന് അച്ഛന്‍റെ ഉറക്കം കൂടി കളയണം."

വല്ലാത്തൊരു വീര്‍പ്പുമുട്ടല്‍. ഇനിയും അവളുടെ മുന്നില്‍ ഇരിക്കാന്‍ വയ്യ.
പേപ്പര്‍ മടക്കിവച്ച് എഴുന്നേറ്റു.
"ചായയെടുക്കട്ടെ."
പുതിയതായി എന്തൊ കേട്ടതുപോലെ അവളെ നോക്കി.
ചായകുടിക്കാറില്ലെന്ന് അവള്‍ മറന്നതാണോ.
"നീയെന്താ ഇതുവരെ അച്ഛനെ തിരക്കാഞ്ഞത്?"
ഓര്ത്തില്ല.
എല്ലാം എന്നത്തേയും പോലെയായിരുന്നു.
അടച്ചിട്ടിരുന്ന ഗേറ്റ്, തിണ്ണയില്‍ ചിതറിക്കിടന്നിരുന്ന പത്രത്താളുകള്‍,
പൂമുഖക്കോണില്‍ ചാരി വച്ചിരുന്ന സട്രച്ചര്‍,
ഒഴിഞ്ഞുകിടന്നിരുന്ന ചാരുകസേര ഒഴികെ എല്ലാം.
വല്ലാത്ത കുറ്റബോധം തോന്നി.
"അച്ഛന്‍ മരിച്ചു"
തെക്കേമൂലയിലേക്ക് അവള്‍ കാണാതെ കണ്ണോടിച്ചു. കരിഞ്ഞ മണ്ണ്.
പുതിയ തുടിപ്പ് തേടുന്ന തെങ്ങിന്‍ തൈ.
മഞ്ഞയിലകള്‍ അവിടെയും ചിതറിക്കിടപ്പുണ്ട്.
"എന്നെ ഒറ്റയ്ക്കാക്കിയിട്ട് അച്ഛന്‍ അത്മഹത്യചെയ്യുംന്ന് നീ കരുതണ്ടോ?"
അയാള്‍ക്കതേ ചെയ്യുവാനാകുമായിരുന്നുള്ളൂ. അവള്‍ക്കെന്തറിയാം.
"ഇവിടെ നീയിപ്പോള്‍ ഒറ്റയ്ക്കാണോ?"
എന്തെങ്കിലും ചോദിക്കണമല്ലൊ.
"എല്ലാരുംണ്ട്. തിരിച്ചു പോകാനൊരുങ്ങുന്നു."
"ഞാനും പോകും.
ഒന്നുകില്‍ വല്യേച്ചിയുടെ കൂടെ മസ്ക്കറ്റിലേയ്ക്ക്.
മിക്കവാറും മീനൂന്‍റെ കൂടെ ബോംബയ്ക്കായിരിക്കും.
രവിയ്ക്കാ കൂടുതല്‍ വിഷമം,
ഭാര്യയുടെ ചേച്ചിയെ ഒറ്റയ്ക്കാക്കി പോകാന്‍.
പ്രായം തികഞ്ഞ പെണ്ണല്ലേ."
അവള്‍ ചിരിച്ചു.

"പോയാല്‍ പിന്നെ അവന്‍ വരുമ്പോള്‍..?"
ആരെന്ന് അവള്‍ ചോദിക്കുമെന്നു ഭയന്നു.
കുറച്ചുനേരം ഒന്നും മിണ്ടിയില്ല.
"അവന്‍ കള്ളു കുടിയ്ക്കും. ഇന്നലെ വിളിച്ചപ്പോള്‍ സിഗരറ്റും വലിച്ചിരുന്നു"
കണ്ണില്‍ നോക്കിയപ്പോള്‍ അവള്‍ മുഖം താഴ്ത്തി.

യാത്ര പറയാതെയിറങ്ങി.
ആകാശം മൂടിക്കെട്ടി തുടങ്ങിയിരുന്നു.
മഴപെയ്യും.
ഒരു മഴ പെയ്തെങ്കില്‍ എന്ന് അല്പം മുമ്പ് കൊതിച്ചില്ലേ.
ഒരു സിഗരറ്റ് കിട്ടിയിരുന്നെങ്കില്‍...
പഴയ ശീലങ്ങള്‍ തിരിച്ചു വരുകയാണോ?
"മഴ പെയ്യും"
അവള്‍ വിളിച്ചുപറഞ്ഞു.
അതെ മഴ പെയ്യും.
പടിഞ്ഞാറുനിന്ന് മഴയിരമ്പി വരുന്നതു കാണാമായിരുന്നു.
ശിശിരം അവസാനിക്കുമ്പോഴാണോ മഴ പെയ്യുന്നത്?
അയാള്‍ മഴയുടെ നേര്‍ക്ക് നടന്നു.
പിന്നില്‍ മഞ്ഞയിലകള്‍ കൊഴിഞ്ഞു വീഴുന്നുണ്ടായിരുന്നു.

0 Comments:

Post a Comment

<< Home