Thursday, July 13, 2006

Gurukulam | ഗുരുകുലം - പുഴ.കോമിലെ മകരസംക്രമഫലം - ഒരു വിശകലനം

എന്റെ കഴിഞ്ഞ ഒരു പോസ്റ്റില്‍ പെരിങ്ങോടന്‍ (രാജ് നായര്‍) പുഴ.കോമിലെ ഡോ. കെ. ദിവാകരന്റെ പ്രവചനത്തെപ്പറ്റി ഒരു കമന്റ് ഇട്ടിരുന്നു. ഇന്നാണു് അതു മുഴുവനും വായിക്കാന്‍ കഴിഞ്ഞതു്. കുറേ പ്രവചനങ്ങളുണ്ടു്. നമുക്കു് ജനുവരിയില്‍ പ്രവചിച്ച ഇക്കൊല്ലത്തെ ഫലം ഒന്നു നോക്കാം.

(ഏതായാലും പുഴ.കോമിലെ ജ്യോതിഷത്തിന്റെ പേജില്‍ പോയാല്‍ ഈ പ്രവചനമൊക്കെ New എന്നു പറഞ്ഞാണു കാണുന്നതു്. ഓ വിവരമില്ലാത്ത കമ്പ്യൂട്ടര്‍ പോസ്റ്റു ചെയ്ത ദിവസം നോക്കിയിടുന്ന ലേബലാണല്ലോ അതു്, ജനുവരിയില്‍ത്തന്നെ പ്രവചിച്ചിരുന്നു, അല്ലേ?)

ഉള്ളതു് ഉള്ളതുപോലെ പറയണമല്ലോ. ഗണിതക്രിയകളൊക്കെ കിറുകൃത്യം. ആധുനികരീതികളാണുപയോഗിച്ചിരിക്കുന്നതെന്നു മനസ്സിലായി. കാരണം, ഞാന്‍ ഉണ്ടാക്കിയ പഞ്ചാംഗവുമായി ഒത്തുപോകുന്നുണ്ടു്.

ഇതില്‍ ഗവേഷണം നടത്തണമെന്നു് ആഗ്രഹിക്കുന്ന ആളുകള്‍ ദയവായി ആലുവയ്ക്കു വേണ്ടി ഞാന്‍ കണക്കു കൂട്ടിയ പഞ്ചാംഗം (അതു് ഇവിടെ ഉണ്ടു്.) വേറെ ഒരു വിന്‍‌ഡോയില്‍ തുറന്നു വയ്ക്കുക. ഞാന്‍ ഇനി പേജ് നമ്പര്‍ പറയുന്നതു് ആ പുസ്തകത്തില്‍ നിന്നാണു്.

നമുക്കു പ്രവചനങ്ങളിലേക്കു കടക്കാം.

പുണര്‍തം നക്ഷത്രം വൈധുതനാമ നിത്യയോഗം

മകരസംക്രമം രാഷ്‌ട്രീയ പഞ്ചാംഗത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്‌. സൂര്യന്‍ ധനുരാശിയില്‍നിന്ന്‌ മകരം രാശിയിലേക്ക്‌ സംക്രമിക്കുന്നു. സമയത്തെ ഗൃഹനിലയനുസരിച്ച്‌ ലോകത്ത്‌ 1181-ല്‍ എന്തെല്ലാം സംഭവിക്കുമെന്നത്‌ പ്രവചിക്കാം. 14-1-2006 പകല്‍ 11 മണി 54 മിനിറ്റ്‌ ഈ വര്‍ഷത്തെ മകര സംക്രമം. അതനുസരിച്ച്‌ ശനിയാഴ്‌ചയും പൗര്‍ണ്ണമി തിഥിയും പുണര്‍തം നക്ഷത്രവും സിംഹക്കരണവും ചേര്‍ന്ന ശുഭദിനേ മിഥുനകൂറില്‍ ചന്ദ്രന്‍ നിന്ന സമയം മീതെ ലഗ്നം കൊണ്ടാണ്‌ മകര സംക്രമണം സംഭവിക്കുന്നത്‌. സൂര്യന്റെ സ്ഥിതി ഒരു രാജ്യത്തെ ഭരണത്തെ സൂചിപ്പിക്കുന്നു. സൂര്യന്‍, ശനി വക്രഗതിയോടുകൂടി പൂയം നക്ഷത്രത്തില്‍ കര്‍ക്കടകം രാശിയില്‍ ചൊവ്വയുടെ യോഗത്തില്‍ സ്ഥിതി ചെയ്യുന്നു.

പേജ് 10 നോക്കുക. ഏറ്റവും മുകളില്‍ മകരസംക്രമത്തിന്റെ സമയം കൊടുത്തിട്ടുണ്ടു്. 11:53. ഒരു മിനിട്ടിന്റെ വ്യത്യാസം. ത്രൈരാശികം ചെയ്തു കണ്ടുപിടിച്ച മൂല്യം കമ്പ്യൂട്ടറില്‍ കൃത്യമായി കണക്കുകൂട്ടിയതിനോടു് ഒന്നോ രണ്ടോ മിനിട്ടു മാറുന്നതു സ്വാഭാവികം. ആ പേജില്‍ ജനുവരി 14-നു നേരേ നോക്കിയാല്‍ നക്ഷത്രവും തിഥിയും ആഴ്ചയുമൊക്കെ ശരിയാണെന്നു കാണാം. ഞാന്‍ മുകളില്‍ പറഞ്ഞതുപോലെ, ഇതു കിറുകൃത്യം.

ആവശ്യ സാധനങ്ങള്‍ക്കു വില ക്രമാതീതമായി വര്‍ദ്ധിക്കും. സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുഃസ്സഹമാകും. സാധനങ്ങള്‍, പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക്‌ വില വര്‍ദ്ധിക്കും, ഗ്യാസ്‌, ഡീസല്‍, പെട്രോള്‍ ഇവയുടെയും വില വര്‍ദ്ധിക്കും. സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുസ്സഹമാകും. ഗ്യാസിന്‌ കൃത്രിമമായി ക്ഷാമം സൃഷ്‌ടിക്കും. അതുമൂലം പല കുഴപ്പങ്ങളും രാജ്യത്തുണ്ടാകും. സ്വര്‍ണ്ണത്തിന്റെ വില സര്‍വ്വകാല റിക്കാഡായി വര്‍ദ്ധിക്കും. സ്വര്‍ണ്ണം, വെളളി, ഭക്ഷ്യധാന്യങ്ങള്‍ ഇവയ്‌ക്ക്‌ വില വര്‍ദ്ധിക്കും. ഭരണമാറ്റം വരെ സംഭവിക്കും. ഭീകരപ്രവര്‍ത്തകര്‍ നക്സലൈറ്റുകള്‍ ഇവരുടെ പ്രവര്‍ത്തനം ഇന്ത്യാ പാക്കിസ്ഥാന്‍ ബന്ധം കൂടുതല്‍ നല്ല നിലയിലാക്കും. കാഷ്‌മീരിന്റെ അതിര്‍ത്തികളില്‍ ഭീകരപ്രവര്‍ത്തനം ശക്തിപ്രാപിക്കും.

ഇത്രയും പ്രവചിക്കാന്‍ നമുക്കു ജ്യോതിഷം വേണ്ടല്ലോ. എല്ലാക്കൊല്ലവും സംഭവിക്കുന്നതല്ലേ, ഗ്രഹങ്ങള്‍ എവിടെ നിന്നാലും? ഇതൊക്കെ ഏതു ഗ്രഹങ്ങള്‍ എവിടെയൊക്കെ നില്‍ക്കുന്നതുകൊണ്ടാണെന്നും ഏതു നിയമങ്ങള്‍ കൊണ്ടാണെന്നും പറഞ്ഞിട്ടില്ലല്ലോ. ഏതോ ഗ്രഹയോഗങ്ങള്‍ “ഗ്യാസിന്‌ കൃത്രിമമായി ക്ഷാമം സൃഷ്‌ടിക്കും..” എന്നതു വരാഹമിഹിരന്‍ പറഞ്ഞതാണോ അന്തോ മോഡേണ്‍ ഇന്റര്‍പ്രെട്ടേഷനാണോ?

വിദേശരാജ്യങ്ങളായ ഇറാന്‍, ഇറാക്ക്‌ അറേബ്യന്‍ രാജ്യങ്ങള്‍, അമേരിക്ക, ജപ്പാന്‍, കൊറിയ, ഇംഗ്ലണ്ട്‌ ഈ രാഷ്‌ട്രങ്ങളില്‍ ഭീകരര്‍ മൂലവും പ്രകൃതിക്ഷോഭങ്ങള്‍ നിമിത്തവും അനേക മരണങ്ങള്‍ 2006-ല്‍ സംഭവിക്കും.

ഇന്ത്യയില്‍ ഇപ്പറഞ്ഞ പ്രശ്നങ്ങളൊന്നുമില്ല, ഭാഗ്യം. ബോംബെയിലെ കാര്യമോ? നമുക്കു മേല്‍പ്പറഞ്ഞ രാജ്യങ്ങളുടെ കാര്യം ഡിസംബറില്‍ ഒന്നുകൂടി നോക്കാം.

മാര്‍ച്ച്‌ 15-നു മുതല്‍ സൂര്യന്‍ രാഹുവുമായി ഒന്നിക്കുമ്പോഴും ജൂലായ്‌ 17 മുതല്‍ ആഗസ്‌റ്റ്‌ 16-വരെ ശനിയും സൂര്യനും ഒന്നിക്കുമ്പോഴും ഭരണതലത്തിലുളളവര്‍ക്ക്‌ കുഴപ്പങ്ങള്‍ ഉണ്ടാകും. കേന്ദ്രഭരണത്തിലും കുഴപ്പങ്ങള്‍ ഉണ്ടാകും. മിക്കവാറും കേന്ദ്രത്തിലെ മന്ത്രിസഭ പിരിച്ചുവിടേണ്ടിവരും. ഭരണസാരഥ്യം വഹിക്കുന്ന കൂട്ടുകക്ഷി സഭയ്‌ക്ക്‌ പതനം സംഭവിക്കും.

പേജ് 26 നോക്കുക. രാഹു മീനത്തിലാണു്. പതിനഞ്ചാം തീയതി സൂര്യനും മീനത്തിലെത്തുന്നു. അവയ്ക്കു യോഗമില്ലെന്നു ശ്രദ്ധിക്കുക. തമ്മില്‍ ഇപ്പോഴും 11 ഡിഗ്രിയുടെ വ്യത്യാസമുണ്ടു്. അവ തമ്മില്‍ യോഗമുണ്ടാകുന്നതു് മാര്‍ച്ച് 25-നാണു്. സൂര്യന്‍ മീനം 10:01, രാഹു മീനം 10:39. എന്തെങ്കിലും ഉണ്ടായതായി അറിയാമോ ഈ ദിവസം?

ഏതായാലും ഏപ്രില്‍ 14-നു സൂര്യന്‍ മീനത്തില്‍ നിന്നു മേടത്തിലേക്കു കടക്കും. അപ്പോള്‍ ഒരു കഷ്ടകാലം അങ്ങേയറ്റം മാര്‍ച്ച് 15-നും ഏപ്രില്‍ 14-നും ഇടയ്ക്കു് (മീനമാസം).

ഇനി, ശനി കര്‍ക്കടകത്തിലാണു കുറെക്കാലമായി. ജൂലായ് 17 മുതല്‍ ആഗസ്റ്റ് 16 വരെ സൂര്യനും അവിടെയാണു്. (ഇതിനെയാണു നമ്മള്‍ കര്‍ക്കടകമാസം എന്നു വിളിക്കുന്നതു്.) ഇവയ്ക്കു തമ്മില്‍ ശരിക്കു യോഗമുണ്ടാകുന്നതു് ജൂലായ് 21-നാണു്. രണ്ടും ഏകദേശം കര്‍ക്കടകം 4 ഡിഗ്രിയില്‍.

അപ്പോള്‍ പ്രശ്നമുള്ള സമയങ്ങള്‍: (1) മാര്‍ച്ച് 15 - ഏപ്രില്‍ 13 (2) ജൂലായ് 17 - ആഗസ്റ്റ് 16. ഇതില്‍ മാര്‍ച്ച് 25, ജൂലായ് 21 എന്നീ ദിവസങ്ങളില്‍ എന്തോ വലിയ പ്രശ്നം ഉണ്ടാകാന്‍ വഴിയുണ്ടു്.

ഈ ദിവസങ്ങളില്‍ ബാക്കിയുള്ള ദിവസങ്ങളെ അപേക്ഷിച്ചു് എന്തെങ്കിലും വലിയ പ്രശ്നങ്ങള്‍ ഉണ്ടായോ എന്നു നമുക്കു നോക്കാം വര്‍ഷാവസാനത്തില്‍.

ആഗസ്‌റ്റ്‌ 16-ന്‌ മുമ്പുവരെ കേന്ദ്രഭരണത്തില്‍ ഏറ്റവും കഷ്‌ടമായ കാലമാണ്‌. പ്രതിസന്ധികള്‍ ഒരുപാട്‌ ഉണ്ടാകും. ചരിത്ര പ്രാധാന്യമുളള പല സംഭവങ്ങളും ഇക്കാലത്ത്‌ ലോകത്ത്‌ നടക്കും. കമ്യൂണിസ്‌റ്റ്‌ ഭരണം നടത്തുന്ന ലോകരാഷ്‌ട്രങ്ങളില്‍ വന്‍തോതില്‍ കുഴപ്പങ്ങള്‍ ഉണ്ടാകും.

ചരിത്രപ്രാധാന്യമുള്ള സംഭവങ്ങള്‍ എന്നും നടന്നുകൊണ്ടിരിക്കുന്നു. അതു കണക്കാക്കേണ്ടാ. എന്താണു പറഞ്ഞുവരുന്നതു്? ചരിത്രപ്രാധാന്യമുള്ള സംഭവങ്ങള്‍ എല്ലാം സൂര്യനും ശനിയും ചേരുമ്പോഴാണു് എന്നാണോ? ലീഗ് ഓഫ് നേഷന്‍സ് ഉണ്ടായതു്, ഐക്യരാഷ്ട്രസംഘടന ഉണ്ടായതു്, റഷ്യ ഛിന്നഭിന്നമായതു്, ഇന്ത്യയ്ക്കു സ്വാതന്ത്രയം കിട്ടിയതു് തുടങ്ങി കുറേ സംഭവങ്ങളൊക്കെ ഉണ്ടായിട്ടുണ്ടല്ലോ. അവയില്‍ എത്രയെണ്ണത്തില്‍ ഇതു സംഭവിച്ചിട്ടുണ്ടു്?

കേന്ദ്ര സര്‍ക്കാര്‍ പാവങ്ങള്‍ക്കുവേണ്ടി ഒത്തിരി നിയമനിര്‍മ്മാണം നടത്തും. ആദിവാസികള്‍ക്കും ദരിദ്രര്‍ക്കും നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സര്‍ക്കാരിന്‌ കഴിയും.

അതു ശരി. കഷ്ടകാലത്തു് ഇതും നടക്കുമോ? ഈ സമയത്താണോ പാര്‍ലമെന്റു കൂടുന്നതു്? നേരത്തെ അറിയുന്ന കാര്യം വല്ലതുമാണോ?

മെയ്‌മാസം 24 മുതല്‍ ചൊവ്വയും ശനിയും ഒന്നിക്കും. ആ യോഗം 2006 ജൂലായ്‌ 13നു വരെ നിലക്കും. ഈ കാലയളവില്‍ ഭൂലോകത്ത്‌ ഏറ്റവും കുഴപ്പങ്ങളും കഷ്‌ടതയും നിറഞ്ഞ കാലമായിരിക്കും. ഭൂമിയില്‍ പതിനായിരക്കണക്കിന്‌ മനുഷ്യ ജീവന്‍ ബലിയര്‍പ്പിക്കപ്പെടും. പ്രവചനാതീതമായ ധാരാളം സംഭവങ്ങള്‍ ഭൂമിയില്‍ സംഭവിക്കും. പ്രത്യേകിച്ച്‌ ഇന്ത്യയില്‍ പല പ്രമുഖരെ നമുക്ക്‌ നഷ്‌ടമാകും. ലോക നേതാക്കളെ വെടിവെച്ചു കൊല്ലും.

പേജ് 28 കാണുക. ശനി കര്‍ക്കടകത്തിലാണെന്നു പറഞ്ഞല്ലോ. ചൊവ്വ (കുജന്‍) മെയ് 24 മുതല്‍ ജൂലായ് 13 വരെ കര്‍ക്കടകത്തിലാണു്. അതാണു പറഞ്ഞിരിക്കുന്നതു്. ഇതില്‍ ഏകദേശം ജൂണ്‍ 20-നാണു് ഏറ്റവും വലിയ പ്രശ്നം ഉണ്ടാകേണ്ടതു്. രണ്ടും 15 ഡിഗ്രിയില്‍.

പ്രകൃതിക്ഷോഭങ്ങളും ഭീകരപ്രവര്‍ത്തനങ്ങളും നിമിത്തം അനേകമായിരം മനുഷ്യജീവനും അവരുടെ സ്വത്തുവകകളും നഷ്‌ടമാകും.

ഇന്ത്യയില്‍ ന്യൂതന ശാസ്‌ത്ര ഗവേഷണങ്ങളും പദ്ധതികളും നടപ്പില്‍ വരുത്തും. വിദേശരാജ്യങ്ങളില്‍നിന്ന്‌ വന്‍തോതില്‍ രാജ്യത്ത്‌ നിക്ഷേപം ക്ഷണിച്ചുവരുത്തും. പല രാജ്യങ്ങളുമായി ഇന്ത്യ വ്യാപാരകരാറുകളില്‍ ഒപ്പുവയ്‌ക്കും.

ദാ അതു വീണ്ടും വന്നു. പ്രകൃതിക്ഷോഭവും ഭീകരപ്രവര്‍ത്തനവും. അനേകമായിരം എന്ന പ്രയോഗം ശ്രദ്ധിക്കുക.

2006 ജൂണ്‍ മുതല്‍ സെപ്‌തംബര്‍ വരെയുളള കാലഘട്ടം ഒഴിവാക്കിയാല്‍ പല നല്ല കാര്യങ്ങളും സര്‍ക്കാരിന്‌ ജനങ്ങള്‍ക്കുവേണ്ടി ചെയ്യുവാന്‍ കഴിയും. വനിതകള്‍ക്കുവേണ്ടി ചില നിയമങ്ങള്‍ പാര്‍ലമെന്റില്‍ പാസാക്കും. ഇന്ത്യയുടെ ആത്മചൈതന്യങ്ങള്‍ വര്‍ദ്ധിക്കും.

അതെന്തിനു് ഒഴിവാക്കണം? ഏതു ഗ്രഹയോഗമാണു് ഇതിനു കാരണം? ഈ “ഇന്ത്യയുടെ ആത്മചൈതന്യം വര്‍ദ്ധിക്കും..” എന്നു പറഞ്ഞാല്‍ എന്താണു്?

2006 ഒക്‌ടോബര്‍ 27-ന്‌ വ്യാഴം തുലാം രാശിയില്‍ നിന്ന്‌ വൃശ്ചികം രാശിയിലും പരിവര്‍ത്തനം ചെയ്യുന്നു.

ശരിയാണു്. പേജ് 33 കാണുക. അന്നു് എന്തു സംഭവിക്കും എന്നു പറഞ്ഞില്ലല്ലോ.

ശനി ചൊവ്വയോഗം നടക്കുന്ന കാലയളവില്‍ പ്രതീക്ഷിക്കാത്ത സംഭവ വികാസങ്ങള്‍ ഉണ്ടാകും.

അതായതു് മെയ് 24 മുതല്‍ ജൂലായ് 13 വരെ. ജൂണ്‍ 20-നു് ഏറ്റവും അടുത്തു വരുന്നു. അല്ലാ, എന്തു സംഭവമാണു മനുഷ്യന്‍ പ്രതീക്ഷിച്ചിട്ടു മാത്രം ബാക്കി സമയത്തു് ഉണ്ടാകുന്നതു്?

2006 ഒക്‌ടോബര്‍ രാഹു മീനം രാശിയില്‍ നിന്ന്‌ കുംഭത്തിലേക്ക്‌ പരിവര്‍ത്തനം ചെയ്യുന്നു.

ശരിയാണു്. 13-നു്. പേജ് 33 കാണുക.

2006 ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളില്‍ സര്‍ക്കാരിന്‌ തലവേദനയുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ഉടലെടുക്കും.

ബാക്കി സമയത്തു യാതൊരു തലവേദനയുമില്ല. കൊള്ളാം. ഏതു ഗ്രഹയോഗം കൊണ്ടെന്നു പറഞ്ഞില്ല.

കേരളത്തില്‍ 2006-ലെ തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്‌റ്റ്‌ മന്ത്രിസഭ രൂപീകരിക്കും.

ഇതു നിരീശ്വരവാദികള്‍ വരെ പ്രവചിച്ചതാണല്ലോ. “കമ്യൂണിസ്റ്റ് മന്ത്രിസഭ” എന്നു് അവര്‍ പറഞ്ഞില്ല. അപ്പോള്‍ കമ്യൂണിസ്റ്റുകാരല്ലാത്ത ആരും മന്ത്രിസഭയിലില്ല, അല്ലേ? ഇതൊക്കെ ആരുടെ ഗ്രഹനില നോക്കി, ഏതു നിയമം ഉപയോഗിച്ചു പറയുന്നു?

ഡി.ഐ.സി വലിയ ശക്തിയായി ഭരണത്തില്‍ പ്രവേശിക്കും.

കരുണാകരന്റെയോ മുരളിയുടെയോ ഗ്രഹനില പരിശോധിച്ചതു തെറ്റിപ്പോയിരിക്കും. ജനുവരിയിലെ നില വെച്ചു് അങ്ങനെയാണു തോന്നിയതു്, അല്ലേ?

ഇന്ന്‌ ഭരിക്കുന്ന കക്ഷി പ്രതിപക്ഷത്ത്‌ നിലയുറപ്പിക്കും.

ആവര്‍ത്തനം. ഇടത്തുപക്ഷം ഭരണത്തില്‍ കയറിയെന്നു പറഞ്ഞാല്‍ മറ്റവര്‍ പ്രതിപക്ഷത്താണെന്നു പറയാനും ഗ്രഹനില നോക്കണോ?

രാഹുവിന്റെ പരിവര്‍ത്തനം വീണ്ടും നിത്യോപയോഗ സാധനങ്ങള്‍ക്കും പെട്രോളിയം ഉല്‍പന്നങ്ങള്‍ക്കും വില വര്‍ദ്ധിപ്പിക്കും.

വെറുതേ എന്തിനു രാഹുവിനെ കുറ്റം പറയുന്നു? എന്തു് എവിടെ നില്‍ക്കുമ്പോള്‍ വില കൂടില്ല എന്നൊന്നു പറഞ്ഞുതരൂ.

സൂര്യഗ്രഹണം 29 മാര്‍ച്ച്‌ 2006 ബുധനാഴ്‌ച സംഭവിക്കും. പകല്‍ 5 മണി 2 മിനിട്ടു മുതല്‍ 5.45 പി.എം.വരെ തെക്കേ ഇന്ത്യയില്‍ ഇത്‌ ദൃശ്യമല്ല. ഇന്ത്യയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ഗ്രഹണം ദൃശ്യമാണ്‌. ഇന്ത്യയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ഭൂമി കുലുക്കും ഉണ്ടാകും. രണ്ടാമത്തെ സൂര്യഗ്രഹണം 2006 സെപ്‌തംബര്‍ 22-ന്‌ പകല്‍ 5.15 മുതല്‍ തുടങ്ങും. ഉത്രം നക്ഷത്രത്തില്‍ കന്നിരാശിയില്‍ ഈ സമയത്ത്‌ ചൊവ്വയും ബുധനും സൂര്യനോട്‌ ചേര്‍ന്ന്‌ കന്നിരാശിയില്‍ സഞ്ചരിക്കുന്നു.

100 ശതമാനം ശരി. ഗ്രീനിച്ചിലുള്ള അണ്ണന്മാര്‍ ആരാണെന്നാ വിചാരം? എത്ര കൃത്യമായി പ്രവചിച്ചിരിക്കുന്നു? ജ്യോതിഷം ശരിയാണെന്നതിനു് ഇതില്‍ കൂടുതല്‍ എന്തു തെളിവാണു വേണ്ടതു്?

ബൃഹദ്‌സംഹിതയില്‍ പറയുന്നതനുസരിച്ച്‌ ഗംഗയുടെയും യമുനയുടെയും സരയുനദികളുടെയും തീരത്തുളള രാജ്യങ്ങളില്‍ കുഴപ്പങ്ങള്‍ ഉണ്ടാകും.

അവിടൊക്കെ ഇപ്പോള്‍ ഒരു രാജ്യമേ ഉള്ളൂ - ഇന്ത്യ. അറിഞ്ഞില്ലേ? ഗ്രഹണം നടക്കുമ്പോള്‍ എന്തു സംഭവിക്കുമെന്നാണു്? ഞാഞ്ഞൂലുകള്‍ തല പൊക്കുമെന്നോ? ഇതും നമുക്കു കാത്തിരുന്നു കാണാം.

സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും ഭരണാധികാരികള്‍ക്കും സൈന്യാധിപന്‍മാര്‍ക്കും ഈ ഗ്രഹണം ദോഷഫലങ്ങളെ ഉണ്ടാക്കും.

ഹാവൂ, രക്ഷപ്പെട്ടു. എല്‍‌ജിയും ജന്നമോളും ജോര്‍ജ് ബുഷുമൊക്കെ പേടിച്ചാല്‍ മതി.

ചന്ദ്രഗ്രഹണം, 2006 സെപ്തംബര്‍ 7-ാ‍ം തീയതി സംഭവിക്കുന്നത്‌ രാത്രി 12.23 മുതല്‍ സംഭവിക്കും. ഇന്ത്യയില്‍ ദൃശ്യമാണ്‌. 29 മാര്‍ച്ച്‌ നടക്കുന്ന സൂര്യഗ്രഹണം ഇടവം, മിഥുനം, തുലാം, മകരം കൂറുകള്‍ക്ക്‌ ഗുണഫലങ്ങളെ ചെയ്യും.

ദോഷം പറയരുതല്ലോ. ഈ ഗ്രഹണമൊക്കെ കിറുകൃത്യം സമയത്തു തന്നെ നടന്നു. മൊത്തം ആളുകളില്‍ മൂന്നിനൊന്നിനു സന്തോഷം കിട്ടുകയും ചെയ്തു.


അവസാനമായി, ഇതില്‍ നിന്നു് നാം ഒരു നിഗമനത്തിലും എത്തുന്നില്ല. ജ്യോതിഷം ശരിയാണെന്നോ തെറ്റാണെന്നോ ഇതില്‍ നിന്നു തെളിയുന്നില്ല. ഈ ജ്യോത്സന്‍ പറഞ്ഞ ചില കാര്യങ്ങള്‍ തെറ്റി എന്നും, ചിലതു കാത്തിരുന്നു കാണണം എന്നും ചിലതു വളരെ അസ്പഷ്ടമാണെന്നും മാത്രം അര്‍ത്ഥം.

ബാക്കി നിങ്ങള്‍ ആലോചിച്ചു തീരുമാനിച്ചുകൊള്ളൂ.

posted by സ്വാര്‍ത്ഥന്‍ at 11:23 PM

0 Comments:

Post a Comment

<< Home