Monday, July 31, 2006

Ente Malayalam - മാലാഖയുടെ കഥ

ആരോ പിറകെയുണ്ട്, കാലൊച്ച കേള്‍ക്കുന്നു.

തിരിഞ്ഞു നോക്കി.

കണ്ണട ധരിച്ച ഒരു കൌമാരക്കാരിയാണ്, ഒരു കടലാസ്സ് തുണ്ട് നീട്ടിപിടിച്ചിട്ടുണ്ട്.

“എസ്ക്യൂസ് മീ..! ഐ തിങ്ക് യു ഡ്രോപ്ഡ് ദിസ്..”

വിലാസം തിരഞ്ഞ കൂട്ടത്തില്‍ താഴെപ്പോയതാവും, കൈ നീട്ടി വാങ്ങി.

“തേങ്ക് യൂ സോ മച്ച്...!!”

വര്‍ഷങ്ങളാവുന്നു, ഈ ഡയറി കൂടെ കൂടിയിട്ട്. പലപ്പോഴായി കൈവന്നിട്ടുള്ള പ്രാധാന്യമുള്ള കടലാസ്സു തുണ്ടുകളിലൊന്നാവണം.

നിവര്‍ത്തി നോക്കി. മുഷിഞ്ഞ കടലാസ്സില്‍, കുരിശിന്റെ ആകൃതിയിലെ പ്രിന്റൌട്ട്.

ടൂറിനിലെ ശവകുടീരത്തില്‍ നിന്നും കണ്ടെടുത്തതായ് പറയപ്പെടുന്ന പ്രാര്‍ത്ഥനയുടെ പകര്‍പ്പാണ്. . നേരോ നുണയോ, എന്തോ..? കിട്ടിയ നാള്‍ മുതല്‍, കളയാനൊരു മടി. ഭവ്യമായിത്തന്നെ സൂക്ഷിച്ച് പോന്നതാണ്, എന്നിട്ടും ഇതെങ്ങനെ താഴെപ്പോയി?

ഡയറി നിവര്‍ത്തിയതിനെ തിരികെ വെച്ചു. ഇനി, താഴെപ്പോകാതെ സൂക്ഷിച്ചോളാം.ഇനിയുമേറെ നടക്കാനുണ്ടോ ആവോ? ആരോടെങ്കിലും ഒന്ന് കൂടെ ചോദിച്ചുറപ്പു വരുത്തണം.

യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളെന്ന് തോന്നുന്നു, കുറെപ്പേര്‍ വരുന്നുണ്ട്, അവരോട് ചോദിക്കാം.

വഴി അല്പം കൂടിയേ ബാക്കിയുള്ളൂ, ഭാഗ്യം. വേനല്‍ ചൂടിലെ ഈ നടപ്പ് ദുഷ്ക്കരമെന്ന് ഇതിനകം തോന്നിത്തുടങ്ങിയിരിക്കുന്നു.എന്നാലും, ചൊല്ലും വിളിയുമില്ലാത്ത രീതിയില്‍ അവളെന്തേ ഇങ്ങനെ? സാധാരണ, ഒരു ദിവസം തന്നെ പലപ്രാവശ്യം സംസാരിക്കുന്നതാണ്. ഇതിപ്പോ ആഴ്ചകളായിരിക്കുന്നു. വോയ്സ്‌മെയിലുകള്‍ക്കും ഫലമില്ല, ഈ-മെയിലയച്ചിട്ടും മറുപടിയില്ല.

പഠനത്തിന്റെ തിരക്കുണ്ടാവുമെന്നത് സത്യം. പക്ഷെ, രണ്ടരയാഴ്ചത്തെ നിശ്ശബ്ദതയ്ക്കും മാത്രമുള്ള തിരക്കുണ്ടോ?എത്തിപ്പോയ്. വാതിലിലെ നമ്പര്‍‌ ശരിയാണെന്നുറപ്പ് വരുത്താന്‍ ഒന്ന് കൂടി വിലാസമെടുത്ത് നോക്കി. അതെ, ഇതു തന്നെ, കതകിന്മേലുള്ള നെയിം പ്ലേറ്റില്‍ അവളുടെ പേരുമുണ്ട്.

ഏറെ നേരം കോളിംഗ് ബെല്ലടിച്ചിട്ടും അനക്കമില്ല. ഇനി, പുറത്തെവിടെയെങ്കിലും പോയതാണോ...?

വാതില്‍പ്പാളി പൊടുന്നനെ തുറന്നു. അലോസരത്തിന്റെ വിമ്മിഷ്ടം സ്ഫുരിക്കുന്ന മുഖവുമായ്, ടൌവ്വല്‍ മാത്രമുടുത്ത ഒരു കറുമ്പന്‍, പാളിയ്ക്ക് പിന്നില്‍.

ഇവനാരെടാ‍..? ഇനി വീട് മാറിയതാണോ?

“വാട്ട്..?” ഈര്‍ഷയോടെ, ഘനഗംഭീരമായ ചോദ്യം,

അവള്... അവളിവിടെയില്ലേ..?

“ഹൂ ആര്‍ യൂ...?”

ആരാണെന്ന് പറഞ്ഞപ്പോളവന്റെ ഭാവം മാറുന്നതറിഞ്ഞു. വേഗത്തിലവന്‍ കതക് ചാരാനായുന്നത് കണ്ടപ്പോള്‍, തലച്ചോറിലെവിടെയോ വിദ്യുത്‌പ്രഭാവമുണ്ടായ പോലെ.

അപായം...! ആറാമിന്ദ്രിയമിപ്പോഴെങ്കിലും ഒന്നുണര്‍ന്നല്ലോ..!

ചേര്‍ന്നടയുന്ന വാതില്‍‌പാളി ആഞ്ഞ് ചവിട്ടിയകത്തി. കതകിന്റെയടിയേറ്റ കറുമ്പന്‍ ഞരക്കത്തോടെ തലപൊത്തി നിലത്തേയ്ക്ക്.

എന്നോടാണോടാ, നിന്റെ കളി? അവന്റെ നെഞ്ചത്ത് തന്നെ ചവിട്ടി, അകത്തേക്ക് കടന്നു.

ചിതറി കിടക്കുന്ന സാമഗ്രികള്‍.

അവളെവിടെ? ജീവനോടെയുണ്ടോ ഇപ്പോഴും?അകത്തേക്ക് പായുന്നതിനിടയില്‍ വശത്തെ മുറിക്കുള്ളില്‍ കണ്ടു, മുറയൊപ്പിച്ച് ഉയര്‍ന്നു താഴുന്ന, വിവസ്ത്രനായ മറ്റൊരു കറുമ്പനെ.

അടിയില്‍, നൂല്‍‌ബന്ധമില്ലാത, അവളുമുണ്ട് . അവളുടെ കണ്ണുകളടഞ്ഞിരിക്കുന്നു.

ചരല്‍ക്കല്ലുകള്‍ നിറച്ച ഫ്ലവര്‍‌വേയ്സാണ് കൈയില്‍ തടഞ്ഞത്.

ആ‍ക്രോശത്തോടെ, ഫ്ലവര്‍‌വേയ്സ് കറുമ്പന്റെ തലയ്ക്കടിച്ച് പൊട്ടിച്ചു. നിശ്ചലനായ അവനെ ചവിട്ടി നീക്കിയിട്ട് അവളെ കോരിയെടുത്ത് കിടക്കയിലിട്ടു.വിളിച്ചു നോക്കി.

അവള്‍ക്കനക്കമില്ല.

നാഡീസ്പന്ദനമുണ്ടോയെന്നറിയാന്‍ അവളുടെ കൈത്തണ്ട കവര്‍ന്നെടുത്തു. എലുമ്പിച്ച കൈത്തണ്ടകള്‍ നിറയെ, സൂചി കുത്തിയ പാടുകള്‍. കിടക്കയിലും മേശപ്പുറത്തും ഒഴിഞ്ഞ സിറിഞ്ചുകളും സിഗരറ്റ് തുണ്ടുകളും...

തലയ്ക്കകം പെരുക്കുന്നത് പോലെ. തറയില്‍, ചിതറിക്കിടക്കുന്ന സാധനങ്ങള്‍ക്കിടയില്‍ കണ്ട ബെയ്സ്‌ബോള്‍ ബാറ്റ് ചെന്നെടുത്തു.

നിലത്ത് കിടക്കുന്നവന്റെ അനക്കം തീരുന്നത് വരെയടിച്ചു.

ഇനി, വാതില്‍ക്കല്‍ ഒരുവന്‍ കൂടിയുണ്ട്.

അവന്റെ ഞരക്കങ്ങളും നിന്നു.

കൈകളിലും വസ്ത്രങ്ങളിലും ചോര പുരണ്ടിരിക്കുന്നു.

അവളിപ്പോഴും അബോധാവസ്ഥയിലാണ്. കുഴിഞ്ഞ കണ്ണുകളെങ്കിലും, അവളുടെ മുഖത്ത് വല്ലാത്ത ഒരു ശാന്തത.

മുഷിഞ്ഞ, മഞ്ഞ നിറമുള്ള വിരിപ്പ് അവള്‍ക്ക് മേലേ വലിച്ചിട്ടിട്ട്, തലയിണയമര്‍ത്തി പിടിച്ചു, ശ്വാസം ഇല്ലാതാകുന്നത് വരെ.ഒരുപാട് നോമ്പ് നോറ്റുണ്ടായ മകളാണ്, നീ.

ഇനി, നീ ഉറങ്ങിക്കോളൂ, അച്ഛനുണ്ടിവിടെ.

posted by സ്വാര്‍ത്ഥന്‍ at 9:12 PM

0 Comments:

Post a Comment

<< Home