Monday, July 31, 2006

മണ്ടത്തരങ്ങള്‍ - എ.ടി.എം മെഷീനും ഞാനും

URL:http://mandatharangal.blogspot.com/2006/07/blog-post_26.htmlPublished: 7/26/2006 6:59 PM
 Author: ശ്രീജിത്ത്‌ കെ
ഇന്നലെ ഓഫീസില്‍ നിന്ന് ഇറങ്ങിയത് പതിവില്ലാത്ത സന്തോഷത്തോടെ ആയിരുന്നു.

ആദ്യമായി ഒരു ജോലി, പറഞ്ഞ സമയത്ത്, പറഞ്ഞ രീതിയില്‍ ചെയ്ത് കൊടുത്തതിന്റെ സന്തോഷം. ഞാന്‍ ചെയ്ത ഒരു പ്രോഗ്രാം ആദ്യമായി മുഴുവനും ഒരു തെറ്റുമില്ലാതെ ഓടി കണ്ട നിര്‍വൃതി വേറെ. കഴിഞ്ഞു എന്ന് ഞാന്‍ പറഞ്ഞത് കേട്ട് മാനേജറുടെ മുഖത്ത് കണ്ട സന്തോഷം, ആ ആശ്വാസം, ഹൊ. അത് ഞാന്‍ എങ്ങിനെ മറക്കും. ഇന്നലത്തെ എന്റെ ജീവിതം ധന്യമായി അങ്ങിനെ.

ആ സന്തോഷത്തില്‍ ഒരു മൂളിപ്പാട്ടും പാടി, എന്തൊക്കെയോ പകല്‍ക്കിനാവുകളും ഒക്കെ കണ്ടായിരുന്നു ഞാന്‍ വീട്ടിലേക്ക് വൈകുന്നേരം യാത്രയായത്. മനസ്സെവിടെയോ, കാലെവിടെയോ എന്ന രീതിയില്‍ അങ്ങിനെ നടക്കുമ്പോഴായിരുന്നു വഴിയില്‍ ഞാന്‍ എന്റെ ബാങ്കിന്റെ എ.ടി.എം കാണുന്നത്.

പതിവില്ലാതെ അവിടെ ഒഴിഞ്ഞ് കിടന്നിരുന്നു. സാധാരണ നല്ല ക്യൂ ഉണ്ടാകാറുള്ള സ്ഥലമാണ്. അതു കൊണ്ട് വല്ലപ്പോഴും മാത്രമേ കാശെടുക്കാന്‍ അവിടെ പോകാറുണ്ടായിരുന്നുള്ളൂ. പോകുമ്പോള്‍ എടുക്കാവുന്നത്രയും എടുത്തു വയ്ക്കുകയും ചെയ്യും. അതിനാല്‍ കാശെടുക്കാനുള്ള ബട്ടനല്ലാതെ വേറെ ഒന്നും അവിടെ ശ്രദ്ധിച്ചിട്ടുണ്ടായിരുന്നില്ല. മെഷീനിന്റെ പ്രവര്‍ത്തനരീതി ഒന്ന് മുഴുവനും കണ്ട് മനസ്സിലാക്കാന്‍ ഇത് തന്നെ തക്കം എന്ന് ഞാന്‍ മനസ്സില്‍ വിചാരിച്ച് അങ്ങോട്ട് കയറി.

നേരത്തേ പാടിക്കൊണ്ടിരുന്ന മൂളിപ്പാട്ട് അപ്പോഴും ഞാന്‍ നിര്‍ത്തിയിട്ടുണ്ടായിരുന്നില്ല. മൈക്കിള്‍ ജാക്സനെക്കണക്കെ ഇടയ്ക്ക് കയ്യും കാലും ഊരി തെറിച്ച് പോകുന്ന പോലെ ചില നൃത്തച്ചുവടുകളും കാണിച്ച് കൊണ്ടാണ് ആ എ.ടി.എം ഇല്‍ ഞാന്‍ നില്‍ക്കുന്നുണ്ടായിരുന്നത്. അവിടെ ഉണ്ടായിരുന്ന ക്യാമറയില്‍ എല്ലാം പതിഞ്ഞ് കാണണം. അത് കണ്ട് എനിക്ക് ആരാധകര്‍ ഉണ്ടായിക്കാണുമോ എന്തോ.

മെഷീനിനകത്ത് ഞാന്‍ എന്റെ കാര്‍ഡ് ഇട്ടു. മെനു തെളിഞ്ഞ് വന്നു. പതിവില്ലാത്ത ഒരു മാറ്റം. സ്കീനില്‍ എഴുതിയിരിക്കുന്നതു ഞാന്‍ ഇതു വരെ കാണാത്ത എന്തൊക്കെയോ. കാശെടുക്കാനുള്ള ഓപ്ഷന്‍ മാത്രം അതു പോലെ. ഫോര്‍മാറ്റ് ചെയ്തു കാണും, എന്റെ കമ്പ്യൂട്ടര്‍ മനസ്സ് ചിന്തിച്ചു. പുതിയ ഓപ്പറേറ്റിങ്ങ് സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്തതായിരിക്കാം, അല്ലെങ്കില്‍ പുതിയ സോഫ്റ്റ്വെയര്‍. ഇല്ലെങ്കില്‍ പാച്ച് ഇറങ്ങിയതാവാനും സാധ്യത ഉണ്ട്. എന്തായാലും വന്ന ദിവസം കൊള്ളാം. ഇതൊക്കെ സൌകര്യമായി കാണാന്‍ പറ്റിയല്ലോ.

ബ്ലോഗില്‍ പോയി വായിച്ച്, കമന്റിട്ട്, പിന്നെ തനിമലയാളത്തില്‍പ്പോയി അടുത്ത ബ്ലോഗില്‍ പോയി കമന്റിട്ട് എന്ന പ്രക്രിയ പോലെ ഓരോ മെനുവിലുമായി ഞാന്‍ കയറിയിറങ്ങി. പുതുതായി പലതും കണ്ടു. എന്തെല്ലാം ലോകത്ത് നടന്ന് കൊണ്ടിരിക്കുന്നു. ചിലതെങ്കിലും അറിയണ്ടേ?

അഞ്ച് പത്ത് മിനുട്ട് ആയപ്പോഴേക്കും ബോറടിച്ചു തുടങ്ങി. ഇനി മതിയാക്കാം എന്നായി. എന്തായാലും വന്നതല്ലേ ഒരു 100 രൂപ എടുത്തേക്കാം എന്നും തീരുമാനിക്കപ്പെട്ടു.

എത്ര വേണം എന്ന ചോദ്യത്തിന് 100 എന്ന് പറഞ്ഞ് കഴിഞ്ഞപ്പോഴാണ്, എന്റെ പിന്‍ നമ്പര്‍ മെഷീന്‍ ചോദിച്ചത്. ഞാന്‍ പിന്‍ നമ്പര്‍ അവിടെ അമര്‍ത്തി. പിന്‍ തെറ്റാണെന്ന അറിയിപ്പ് വന്നു. നമ്പര്‍ ഞെക്കിയപ്പോള്‍ ഉന്നം തെറ്റിയതായിരിക്കും എന്ന് കരുതി ഒന്നും കൂടെ നമ്പര്‍ അമര്‍ത്തി. വിണ്ടും വന്നു അറിയിപ്പ്, നമ്പര്‍ തെറ്റാണെന്ന്. അപ്പോള്‍ ഉന്നം തെറ്റുന്നതല്ല, നമ്പര്‍ ആണ് തെറ്റുന്നത്.

എന്റെ സഹമുറിയനെ നല്ല വിശ്വാസമായതിനാല്‍ എന്റെ പിന്‍ നമ്പര്‍ ഞാന്‍ എവിടേയും എഴുതി വച്ചിട്ടുണ്ടായിരുന്നില്ല. എന്റെ മനസ്സില്‍ മാത്രമേ ഉള്ളൂ. എന്റെ ഓര്‍മ്മ, ബുദ്ധിയുടെ അത്ര നല്ല പ്രവര്‍ത്തനശേഷി ഉള്ള ഒന്നല്ലാത്തത് കാരണം സംശയമായി. ഒന്നോ രണ്ടോ അക്കങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും മാറിപ്പോകാനുള്ള സാധ്യത വളരെക്കൂടുതലാണ്.

നടുക്കുള്ള സംഖ്യകള്‍ തിരിച്ചിട്ട് ഒന്നും കൂടെ ശ്രമിച്ച് നോക്കി. രക്ഷയില്ല. അവസാനത്തേയും ആദ്യത്തേയും തിരിച്ചിട്ട് നോക്കി. കിം ഫല.

ഇനി എന്റെ മനസ്സ് ആദ്യം പറഞ്ഞ സംഖ്യ തന്നെ ഒന്നും കൂടെ ശ്രദ്ധിച്ച് ഇട്ടു നോക്കാം എന്ന് കരുതി. കമന്റ് വേരിഫിക്കേഷന്‍, ഓരോ അക്ഷരവും രണ്ടാമതും നോക്കി ഉറപ്പാക്കി മാത്രം ടൈപ്പ് ചെയ്യുന്ന പോലെ പതുക്കെ പതുക്കെ പിന്‍ നമ്പര്‍ കുത്തി. ഇത്തവണ പിന്‍ തെറ്റി എന്ന അറിയിപ്പ് വന്നില്ല.

പകരം വന്നത്, “ഇത്രയും ശ്രമിച്ചാല്‍ മതി. ഇനി ഈ കാര്‍ഡ് വേണമെന്നുണ്ടെങ്കില്‍ ബാങ്കില്‍ വന്ന് വാങ്ങണം” എന്ന അറിയിപ്പായിരുന്നു.

അതെന്താ ‍‍അങ്ങിനെ സംഭവിച്ചത് എന്ന സംശയമായി. ഇത് പതിവില്ലാത്തതാണല്ലോ. പോക്കറ്റില്‍ നിന്ന് പര്‍സ് എടുത്ത് നോക്കി. ഞാന്‍ ഞെട്ടി. ഡെബിറ്റ് കാര്‍ഡ് അതില്‍ തന്നെ കിടക്കുന്നുണ്ട്. അപ്പോള്‍ ഞാന്‍ ഇത്രയും നേരം അതിന്റെ അകത്തിട്ട് കളിച്ചത്? പര്‍സില്‍ തന്നെ വീണ്ടും തപ്പി. വിസിറ്റിങ്ങ് കാര്‍ഡും പര്‍സില്‍ തന്നെ ഉണ്ട്. എന്റെ ലൈസന്‍സും. പിന്നെ മെഷീന്‍ വിഴുങ്ങിയതെന്ത്?

കൂടുതല്‍ അന്വേഷണത്തില്‍ ഒരു കാര്യം വെളിവായി. എന്റെ ക്രെഡിറ്റ് കാര്‍ഡ് കാണുന്നില്ല. അപ്പോള്‍ അവന്‍ തന്നെ വില്ലന്‍. അത് പോയി. അങ്ങോട്ട് കേറിയ നേരത്തെ ശപിച്ച് കൊണ്ട് വേഗം ഫോണ്‍ എടുത്ത് കസ്റ്റമര്‍ സെര്‍വീസിന്റെ വിളിച്ച് കാര്‍ഡ് നഷ്ടപ്പെട്ട കാര്യം അറിയിച്ചു. “അത്രേയുള്ളോ, ബാങ്കിന്റെ മെയില്‍ ഓഫീസില്‍ നിന്ന് രണ്ട് ദിവസം കഴിഞ്ഞ് വന്ന് വാങ്ങിക്കോളൂ, ശുഭദിനം” എന്ന്‍ മറുപടി.

ആ ബ്രാഞ്ച് ആണെങ്കില്‍ എന്റെ വീട്ടില്‍ നിന്ന് വളരെയധികം ദൂരത്തിലും. ഇനി അത് വാങ്ങാ‍ന്‍ ഒരു അരദിവസമെങ്കിലും മെനക്കെടണം. സമയത്ത് ജോലി തീര്‍ത്തതിന്റേയും, ആദ്യമായി ഒരു അഭിനന്ദനം മാനേജറുടെ അടുത്ത് നിന്ന് കിട്ടിയതിന്റേയും സന്തോഷം അവിടെ നിന്നു. ഇനി മേലാല്‍ ഒരു പണിയും സമയത്ത് ചെയ്ത് തീര്‍ക്കില്ലെന്ന ഉഗ്രപ്രതിജ്ഞയുമെടുത്ത് ക്രെഡിറ്റ് കാര്‍ഡ് ഇല്ലാത്തവനായിത്തീര്‍ന്ന ദുഃഖത്തില്‍ മൂളിപ്പാട്ടിനുപകരം ശോകഗാനം മൂളിക്കൊണ്ട് ഞാന്‍ വേച്ച് വേച്ച് വീട്ടിലേക്ക് നടന്നു. എന്റെ ക്രെഡിറ്റ് കാര്‍ഡ് ഒന്ന് നിലവിളിക്കാന്‍ കൂടെ കഴിയാതെ, അനാഥമായി ആ മെഷിനിനകത്തും. ഡെബിറ്റ് കാര്‍ഡും ക്രെഡിറ്റ് കാര്‍ഡും തിരിച്ചറിയാന്‍ പാടില്ലാതെ വൃത്തികെട്ട മെഷീന്‍. അവനൊന്നും ഒരു കാലത്തും ഗുണം പിടിക്കില്ല, നോക്കിക്കോ

posted by സ്വാര്‍ത്ഥന്‍ at 8:06 PM

0 Comments:

Post a Comment

<< Home