Monday, July 31, 2006

അശ്വമേധം - ഓഫ്‌ടോപ്പിക്കുകള്‍ ഉണ്ടാവുന്നത്

ടൈറ്റില്‍ വായിച്ച് ആര്‍ക്കെങ്കിലും ആനന്ദിന്റെ ‘മരുഭൂമികള്‍ ഉണ്ടാവുന്നത്’ എന്ന പുസ്തകവുമായി ബന്ധമുള്ള എന്തോ ആണ് ഞാന്‍ പറയാന്‍ പോകുന്നതെന്ന് വല്ല ധാരണയും വന്നുപോയിട്ടുണ്ടെങ്കില്‍ അതു വെറും തെറ്റിദ്ധാരണ മാത്രമാണെന്നു വ്യക്തമാക്കിക്കൊള്ളുന്നു. അല്ല, എന്നെ അറിയാവുന്നവര്‍ക്ക് ഞാന്‍ സാഹിത്യസംബന്ധമായി എഴുതും എന്ന് തെറ്റിദ്ധാരണ വരാന്‍ സാദ്ധ്യതയില്ല എന്നെനിക്കറിയാം. എന്നാലും പുതിയ വല്ല ആള്‍ക്കാര്‍ക്കും ധാരണകള്‍ ഒന്നും ഉണ്ടാവണ്ട എന്നു കരുതി പറഞ്ഞതാണ്. ദേ, പറഞ്ഞു തുടങ്ങിന്നതിനു മുന്നെ തന്നെ ഓഫ്‌ടോപ്പിക്കായി. (അപ്പോള്‍ മനസിലായല്ലോ, ഇങ്ങനെ ഒക്കെ തന്നെയാണ് ഓഫ്‌ടോപ്പിക്കുകള്‍ ഉണ്ടാവുന്നത്).

ങ്ഹാ, അപ്പോള്‍ നമുക്ക് (അപ്പോള്‍ ദമനകന്‍ എന്ന് എഴുതാനും അതു വഴി വേറൊരു ഓഫ്‌ടോപ്പിക്ക് തുടങ്ങാനും നല്ല പ്രലോഭനം) ടോപ്പിക്കിലേയ്ക്കു വരാം, അതായത് ഓഫ്‌ടോപ്പിക്കിലെയ്ക്കു വരാം. എന്താണീ ഓഫ്‌ടോപ്പിക്ക്? ഓഫ്, ഓടോ എന്നീ ഓമനപ്പേരുകളില്‍ അറിയപ്പെടുന്ന ഓഫ്‌ടോപ്പിക്കിന് ഒരു ക്രിത്യമായ നിര്‍വ്വചനം കൊടുക്കാന്‍ ബുദ്ധിമുട്ടാണ്. കാരണം, ഓഫ് എവിടെയും ഉണ്ട്, എന്തിലും ഉണ്ട്. യൂണിവേഴ്സിന്റെ സ്പന്ദനം തന്നെ ഓഫിലാണെന്ന് വേണമെങ്കില്‍ ഫിലോസഫിക്കലായി പറയാം. ഓഫിന് ഒരു നിര്‍വചനം തേടിപ്പോയ ഞാന്‍ ചെന്നു നിന്നത് ദേവഗുരു പണ്ട് ബൂലൊക ക്ലബ് ഉല്‍ഘാടനം ചെയ്തു കൊണ്ട് ചെയ്ത ഈ പ്രസംഗത്തിലാണ്.

അദ്ദേഹത്തിന്റെ വാക്കുകള്‍ കടമെടുക്കട്ടെ - “...ബൂലോഗര്‍ക്ക്‌ സോഷ്യലൈസ്‌ ചെയ്യാനൊരിടമില്ലാത്തതിനാല്‍ പലപ്പോഴും വേലിക്കല്‍ പെണ്ണുങ്ങള്‍ കൊച്ചുവര്‍ത്തമാനം പറയുന്നതുപോലെ പോസ്റ്റിങ്കല്‍ ഓഫ്‌ ടോപ്പിക്കായി വര്‍ത്തമാനം പറയേണ്ടിവരുന്നു.തല്‍ഫലമായി വിക്കിയെന്ന എന്‍സൈക്ലോപീഡിയയെക്കുറിച്ച്‌ അഞ്ചു ദിവസം തപസ്സിരുന്ന് മഞ്ജിത്ത്‌ എഴുതിന്ന പോസ്റ്റില്‍ ഒന്നാം കമന്റ്‌ ആയി ഞാന്‍ ജിക്കിയെന്ന പാട്ടുകാരിയെക്കുറിച്ചും രണ്ടാം കമന്റ്‌ ആയി നിങ്ങള്‍ മിക്കിയെന്ന എലിയെക്കുറിച്ചും മൂന്നാം കമന്റ്‌ ആയി വേറൊരാള്‍ ചക്കിയെന്ന തോലകവിയുടെ കാമുകിയെപ്പറ്റിയും പറയുന്നു.“

വിരോധാഭാസമെന്നേ പറയേണ്ടൂ, ബൂലൊകര്‍ക്ക് ഓഫ് ടോപ്പിക്ക് അടിച്ചു തെളിയാനായി തുടങ്ങിയ ക്ലബില്‍ ഓഫ് ടോപ്പിക്കുകള്‍ വിരളമായേ വരാറുള്ളു. എല്ലാവരും അളന്നു തൂക്കി കനപ്പെടുത്തിയ പോസ്റ്റുകളും വിഷയത്തില്‍ നിന്ന് അണുവിട മാറാതെയുള്ള കമന്റുകളുമായി ക്ലബ്ബിന് ഒരു പരിപാവനമായ ദേവാലയത്തിന്റെ ഭാവം നല്‍കി. അതെന്തൊക്കെയായാലും ഓഫ് അടിക്കാന്‍ മുട്ടിയവന് അതെവിടെയെങ്കിലും അടിച്ചല്ലേ പറ്റൂ, അങ്ങനെ ഓഫ് ടോപ്പിക്കുകള്‍ പഴയതിലും ശക്തിയായി അവിടവിടെ പോസ്റ്റുകളില്‍ കൂണു പോലെ വീണ്ടും കിളിര്‍ക്കാന്‍ തുടങ്ങി.

ഓഫ് ടോപ്പിക്കെന്ന പരമ്പരാഗത കലാരൂപത്തെക്കുറിച്ച് പരാമര്‍ശിയ്ക്കുമ്പോള്‍ അതിലെ അഗ്രഗണ്യരായ ചിലരെക്കുറിച്ച് പറയാതിരിയ്ക്കാന്‍ വയ്യ. ഒരു പോസ്റ്റില്‍ തന്നെ നൂറിലധികം കമന്റുകള്‍ എഴുതിയ വക്കാരി സാര്‍ തന്നെയായിരിയ്ക്കും ഓഫ് ടോപ്പിക്കിന്റെ കുലപതി എന്ന പേരില്‍ അറിയപ്പെടാന്‍ ഏറ്റവും അര്‍ഹന്‍. സന്ദര്‍ഭവശാല്‍ പറയട്ടെ വക്കാരി സാര്‍ സ്വെഞ്ചുറി അടിച്ച പോസ്റ്റ് ഓഫ് ടോപ്പിക്കിന്റെ ചരിത്രത്തില്‍ തങ്കലിപികളില്‍ എഴുതപ്പെട്ട ഒരു പോസ്റ്റാണ്. ഇപ്പൊഴത്തെ കണക്കു വെച്ച് 846 കമന്റുകള്‍. മഹാഭാരതത്തില്‍ എല്ലാമുണ്ടെന്നു പറയപ്പെടുന്നതു പോലെ, ആ കമന്റ് കൂമ്പാരത്തില്‍ ‘അറിയേണ്ടതായ എല്ലാത്തിനെയും’ പറ്റി പരാമര്‍ശമുണ്ട്.

ഓഫ് ടോപ്പിക്ക് യൂണിയനെ വളരെയധികം ശക്തിപ്പെടുത്തിയ ഒരു സംഭവമായിരുന്നു ശ്രീ ശ്രീ ആനപ്പുറം ഉമേഷ് ഗുരുക്കള്‍ ഒരു മുഴുവന്‍ സമയം ഓഫ് തൊഴിലാളിയായത്. അതുവരെ കടിച്ചാല്‍ പൊട്ടാത്ത സംസ്‌കൃത ശ്ലോകങ്ങളും മനുഷ്യന്‍ കേട്ടിട്ടില്ലാത്ത വൃത്തങ്ങളുടെയും ലക്ഷണങ്ങളും ഒക്കെയായി തന്റെ പര്‍ണ്ണകുടീരത്തില്‍ അലസം പാര്‍ത്തിരുന്ന ഇലവന്തൂര്‍ ഗുരുക്കള്‍ അരയും തലയും മുറുക്കി ഓഫ് രംഗത്തേയ്ക്ക് കടന്നു വന്നത് ഓഫ് പ്രസ്ഥാനത്തെ കുറച്ചൊന്നുമല്ല സഹായിച്ചത്. ഈ ഒരു ഒറ്റ സംഭവത്തോടെ, ഒളിഞ്ഞും മറഞ്ഞും പോസ്റ്റുടമ കാണാതെ ഓടി വന്ന് ഒരു ഓഫിട്ടിട്ട് ഓടി മറഞ്ഞിരുന്ന ഓഫ് ബാലകരും ബാലികമാരും സധൈര്യം പകല്‍ വെളിച്ചത്തില്‍ കടന്നു വന്ന് ഓഫ് മാമാങ്കങ്ങള്‍ തന്നെ നടത്താന്‍ തുടങ്ങി. രസകരമായ വസ്തുത എന്തെന്നാല്‍ പലപ്പോഴും ഈ മാമാങ്കങ്ങള്‍ നടന്നത് ഗുരുവിന്റെ നെഞ്ചത്തു തന്നെയായിരുന്നു. ഗുരുകുലം ഓഫ് ടോപ്പിക്കുകളെക്കൊണ്ട് നിറഞ്ഞു തുളുമ്പി. “എന്നാലും എന്റെ മാളോരേ! എന്റെ ബ്ലോഗില്‍ കയറി നിങ്ങള്‍ മത്തിവില്പനയും തുടങ്ങിയല്ലോ! ആ ബിന്ദുവിന്റെയും എല്‍.ജി.യുടെയും ആദിത്യന്റെയുമൊക്കെ കൂട്ടുകെട്ടില്‍പ്പെട്ടു് കൊള്ളാവുന്ന ബ്ലോഗിലൊക്കെ ഓഫ്‌ടോപ്പിക്കടിച്ചു നടന്നപ്പോള്‍ വിചാരിക്കണമായിരുന്നു എനിക്കും ഒരിക്കല്‍ ഇതൊക്കെ വരുമെന്നു്.“ എന്ന് ഗുരു വിലപിയ്ക്കുന്നിടത്തു വരെയെത്തി കാര്യങ്ങള്‍.

ഓഫിന്റെ ചരിത്രത്തിലേയ്ക്ക് വീണ്ടും ഊളിയിട്ടു ചെന്നാല്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയുന്നത് ശക്തമായ സ്ത്രീആധിപത്യമാ‍ണ്. എല്‍ജി, ബിന്ദു എന്നീ അഭിനവ ഉണ്ണിയാര്‍ച്ചകളാണ് ഇന്നീ പ്രസ്ഥാനത്തെ ഈ നിലയില്‍ എത്തിച്ചത്. പിന്നെ സൂ, കുട്ട്യേടത്തി തുടങ്ങിയവരുടെ സംഭാവനകളും വില കുറച്ചുകാ‍ണാനാവില്ല. ഒരിക്കല്‍ ഓഫ് എഴുതാനായി ഇട്ട ഒരു പോസ്റ്റില്‍ ബിന്ദു ഇട്ട കമന്റ് ഇവിടെ പ്രത്യേകം സ്മരണീയമാണ്. താന്‍ ചെയ്യുന്ന ജോലിയോടുള്ള അടങ്ങാത്ത കൂറും വിധേയത്വവും ബിന്ദുവിന്റെ ഈ വാക്കുകളില്‍ നിന്നും നിങ്ങള്‍ക്ക് മനസിലാവും - “ഓഫ്ടോപിക്‌ എന്നെഴുതി വച്ചിരിക്കുന്നിടത്തു വന്നു ഓഫ്ടോപിക്കടിച്ചാല്‍ അതു ടോപിക്‌ ആയിപ്പോകും. അതിനെന്നെ കിട്ടില്ല“.

ഈ പ്രസ്ഥാനം വളര്‍ന്നു കൊണ്ടിരിയ്ക്കുകയാണ് സുഹൃത്തുക്കളേ, അപ്പോള്‍ വരൂ അര്‍മ്മാദിയ്ക്കൂ എന്ന പതിവു സന്ദേശവുമായി ഞാന്‍ നിര്‍ത്തുന്നു. ഓഫ് ടോപ്പിക്കിനെപ്പറ്റി എഴുതാന്‍ എന്നെ പ്രേരിപ്പിച്ച ശനിയന് ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു. കൂടുതല്‍ ഓഫുകള്‍ ഉണ്ടാവുന്ന ഒരു നല്ല നാളെയെ സ്വപ്നം കണ്ടു കൊണ്ട്. എല്ലാ കമന്റിനും ഒരു ഓഫ് ടോപ്പിക്ക് കമന്റ് എന്നതാവട്ടെ നമ്മുടെ മുദ്രാവാക്യം.

അല്‍പ്പം ഓടോ: ആര്‍ക്കെങ്കിലും അവരുടെ പോസ്റ്റില്‍ ഓഫ് ടോപ്പിക്ക് കമന്റുകള്‍ വരുന്നത് ഇഷ്ടമല്ലെങ്കില്‍ ഇവിടെ ഒരു കമന്റ് എഴുതി ആ കാര്യം സൂചിപ്പിയ്ക്കാന്‍ അപേക്ഷ. ഞങ്ങള്‍ താങ്കളുടെ ബ്ലോഗ് ഒഴിവാക്കുന്നതായിരിയ്ക്കും.

posted by സ്വാര്‍ത്ഥന്‍ at 6:43 PM

0 Comments:

Post a Comment

<< Home