Monday, July 31, 2006

Gurukulam | ഗുരുകുലം - നൂറടിക്കുമ്പോള്‍…

URL:http://malayalam.usvishakh.net/blog/archives/151Published: 7/18/2006 7:43 AM
 Author: ഉമേഷ് | Umesh

ഇതു് ഗുരുകുലത്തിലെ നൂറ്റൊന്നാമത്തെ പോസ്റ്റാണു്.

2006 ഫെബ്രുവരിയിലാണു “ഗുരുകുലം” തുടങ്ങിയതു്. പ്രധാനമായും വ്യാകരണലേഖനങ്ങള്‍ അടങ്ങിയ ഉമേഷിന്റെ മലയാളം ബ്ലോഗ്‌, ശരിയും തെറ്റും, പരിഭാഷകള്‍ അടങ്ങിയ ഉമേഷിന്റെ പരിഭാഷകള്‍ എന്നീ ബ്ലോഗ്സ്പോട്ട്‌ ബ്ലോഗുകളിലെയും, ഭാരതീയഗണിതം എന്ന വേര്‍ഡ്പ്രെസ്സ്‌ ബ്ലോഗിലെയും 48 പോസ്റ്റുകള്‍ കൂട്ടിച്ചേര്‍ത്തു് സ്വന്തമായി ഒരു സര്‍വറില്‍ ഇന്‍സ്റ്റാള്‍ ചെയ്ത വേര്‍ഡ്പ്രെസ്സ്‌ ബ്ലോഗില്‍.

ഒരു വര്‍ഷത്തില്‍ 48 പോസ്റ്റുകള്‍. അതു കഴിഞ്ഞു് അഞ്ചു മാസത്തിനുള്ളില്‍ 52 പോസ്റ്റുകള്‍!

2004 അവസാനത്തില്‍ ഞാനും രാജേഷ്‌ വര്‍മ്മയും കൂടി തുടങ്ങിവെച്ച അക്ഷരശ്ലോകഗ്രൂപ്പില്‍ ചൊല്ലുന്ന ശ്ലോകങ്ങള്‍ ഒരു ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതു നന്നായിരിക്കും എന്നു് Kerala blog roll നടത്തുന്ന മനോജ്‌ പറഞ്ഞതനുസരിച്ചാണു് ഞാന്‍ ആദ്യമായി ബ്ലോഗിംഗ്‌ തുടങ്ങിയതു് - 2005 ജനുവരി 17-നു് aksharaslokam.blogspot.com-ല്‍. അന്നു് ബൂലോഗത്തില്‍ പുലികള്‍ ഇറങ്ങിത്തുടങ്ങിയിട്ടില്ല. പെരിങ്ങോടനും സിബുവും ഏവൂരാനും സൂവും വിശ്വവുമുണ്ടു്. റീഡിഫില്‍ രേഷ്മയും എം. എസ്. എന്‍-ല്‍ കെവിനും. പിന്നെ രാത്രിഞ്ചരന്‍, ക്ഷുരകന്‍ എന്നിങ്ങനെ ഇപ്പോള്‍ അന്യം നിന്നു പോയ ചില സ്പിഷീസുകളും.

രണ്ടു ദിവസങ്ങള്‍ കൊണ്ടു കുറേ ശ്ലോകങ്ങളിട്ടപ്പോള്‍, സ്വന്തമായി എന്തെങ്കിലും എഴുതണമെന്നു തോന്നി. സച്ചിദാനന്ദനു പന്തളം കേരളവര്‍മ്മ പുരസ്കാരം കിട്ടിയതിനെപ്പറ്റിയുള്ള ഒരു സര്‍ക്കാസ്റ്റിക്‌ പോസ്റ്റിലാണു തുടക്കം. പിന്നെ വ്യാകരണലേഖനങ്ങള്‍ കുറേ എഴുതി. അതധികവും തെറ്റു ചൂണ്ടിക്കാണിക്കുന്നവയായതുകൊണ്ടു് ശരിയും തെറ്റും (rightnwrong.blogspot.com)എന്ന പുതിയ ബ്ലോഗ്‌ തുടങ്ങി. പഴയ കുറേ പരിഭാഷകളെടുത്തു് ഉമേഷിന്റെ പരിഭാഷകള്‍ (umeshtranslations.blogspot.com) എന്ന ബ്ലോഗില്‍ ഇട്ടു.

മുകളില്‍ പരാമര്‍ശിച്ച സാധനങ്ങള്‍ ഇട്ടുകഴിഞ്ഞു ഞാന്‍ പോലും വായിച്ചിട്ടില്ല. പ്രത്യേകിച്ചു് ആ പരിഭാഷകള്‍. ബ്ലോഗറിനും വേര്‍ഡ്പ്രെസ്സിനും ഭാരമായി അവ ഇങ്ങനെ കിടക്കുന്നു.

ബൂലോഗത്തിലെ മിക്ക ആളുകളുടെയും പ്രചോദനം പെരിങ്ങോടനാണെന്നു കേട്ടിട്ടുണ്ടു്. അദ്ദേഹത്തിന്റെ ഫെര്‍മയുടെ അവസാനത്തെ തിയൊറം എന്ന പോസ്റ്റില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടു ഭാരതീയഗണിതം എന്ന വേര്‍ഡ്പ്രെസ്സ്‌.കോം ബ്ലോഗ്‌ തുടങ്ങി. അതില്‍ ഗണിതം എഴുതാന്‍ വഴിയൊന്നും കാണാഞ്ഞപ്പോഴാണു സ്വന്തമായി ഒരു സര്‍വറില്‍ വന്‍സെറ്റപ്പുമായി ഒരു ബ്ലോഗു തുടങ്ങണമെന്നു തോന്നിയതു്. മുകളില്‍പ്പറഞ്ഞ ബ്ലോഗുകളില്‍ നിന്നു കുറേ പോസ്റ്റുകള്‍ തപ്പിയെടുത്തു അതങ്ങു തുടങ്ങി. പിന്നീടൊന്നും ഓര്‍മ്മയില്ല :-)

ഭാരതീയഗണിതം അതേ പേരില്‍ ഒരു കാറ്റഗറിയായി ഇവിടെ.

പല ബ്ലോഗുകളിലായിക്കിടന്ന പോസ്റ്റുകള്‍ ഇപ്പോള്‍ ഒരു ബ്ലോഗില്‍ പല കാറ്റഗറിയായിക്കിടക്കുന്നു. പഴയ വീഞ്ഞു്, പുതിയ കുപ്പി. കയ്പ്പും ചവര്‍പ്പും ഇത്തിരി കൂടിയോ എന്നു സംശയം!

സ്വന്തമായി എഴുതിയ ചില ശ്ലോകങ്ങളും പ്രസിദ്ധീകരിച്ചു. പരിഭാഷകളുടെ ഗതി തന്നെ അവയ്ക്കും!

പെരിങ്ങോടന്‍ പിന്നെയും വിട്ടില്ല. അദ്ദേഹത്തിന്റെ അപേക്ഷപ്രകാരമാണു് ഒരു ഓഡിയോ ബ്ലോഗ്‌ തുടങ്ങിയതു്. അതില്‍ കവിതകള്‍ ചൊല്ലിയതു ബൂലോഗചരിത്രത്തില്‍ കറുത്ത ലിപികളില്‍ എഴുതപ്പെട്ടിരിക്കുന്നു. അതിനിടയില്‍ എന്റെ മകന്‍ വിശാഖ്‌ ഉണ്ടായിരുന്നതുകൊണ്ടു തത്ക്കാലം രക്ഷപ്പേട്ടെന്നു പറയാം. പെരിങ്ങോടന്റെ തന്നെ അപേക്ഷപ്രകാരം തുടങ്ങിയ ഛന്ദശ്ശാസ്ത്രം ഇല്ലത്തുനിന്നിറങ്ങുകയും ചെയ്തു, അമ്മാത്തൊട്ടെത്തിയുമില്ല എന്ന പരുവത്തില്‍ നില്‍ക്കുന്നു.

അല്‍പം സമയം വീണുകിട്ടുമ്പോള്‍ എന്തെങ്കിലുമെഴുതാന്‍ കയ്യില്‍ കോപ്പില്ലെന്നുള്ള സത്യം എന്നെ അലട്ടിക്കൊണ്ടിരുന്നു. എഴുതുന്നതെല്ലാം കുറേ തയ്യാറെടുപ്പാവശ്യമായ കാര്യങ്ങളായിരുന്നു. അതിനു വേണ്ടി തുടങ്ങിയതാണു സുഭാഷിതം. ഒരു പോസ്റ്റിനും പതിനഞ്ചു മിനിട്ടില്‍ കൂടുതല്‍ ചെലവാക്കിയിട്ടില്ല. എങ്കിലും അതാണു് ഏറ്റവും വിജയിച്ചതു്. ഉത്തമഭാര്യാലക്ഷണത്തെപ്പറ്റിയുള്ള പോസ്റ്റ്‌ കമന്റുകളില്‍ ഹാഫ് സെഞ്ച്വറിയടിക്കുകയും നാലുപേരെ - എല്‍. ജി., വഴിപോക്കന്‍, സന്തോഷ്‌, രാജേഷ്‌ എന്നിവരെ - ശ്ലോകങ്ങളെഴുതാന്‍ പ്രേരിപ്പിക്കുകയും ചെയ്തു എന്നു പറഞ്ഞാല്‍ അതിന്റെ പ്രാധാന്യം മനസ്സിലാക്കാമല്ലോ.

ഏറ്റവുമവസാനം ജ്യോതിഷത്തിലാണു് അഭ്യാസം. ഇപ്പോഴാണു മനുഷ്യര്‍ ഞാനെഴുതുന്നതു വായിക്കാന്‍ തുടങ്ങിയതു് എന്നു തോന്നുന്നു. (അതോ വക്കാരിയുടെ കമന്റുകള്‍ വായിക്കാനാണോ അവിടെ ഒരു ആള്‍ക്കൂട്ടം?). ആദ്യമായി (മിക്കവാറും അവസാനമായും) എന്റെ ഒരു പോസ്റ്റിനു നൂറു കമന്റുകളും കിട്ടി. അതോടുകൂടി ഞാന്‍ കുട്ട്യേടത്തിയുടെ ശിഷ്യനായി.

ശിഷ്ടമുള്ള സമയം കമന്റുകളിട്ടും ഓഫ്‌ടോപ്പിക്കടിച്ചും ഇങ്ങനെ കഴിച്ചുകൂട്ടുന്നു.

ഗുരുകുലത്തിലെ പോസ്റ്റുകള്‍ കാറ്റഗറി തിരിച്ചു് ഇവിടെ.

ഇത്തരം ബോറന്‍ പോസ്റ്റുകള്‍ നൂറെണ്ണമായെന്നു വിശ്വസിക്കാന്‍ പറ്റുന്നില്ല. എന്നെ സഹിക്കുന്ന എല്ലാവര്‍ക്കും നന്ദി. ഇവിടെ വരെ എഴുതാന്‍ പ്രേരിപ്പിച്ച പെരിങ്ങോടനും വിശ്വത്തിനും സിബുവിനും പ്രത്യേകം നന്ദി.

posted by സ്വാര്‍ത്ഥന്‍ at 8:11 PM

0 Comments:

Post a Comment

<< Home