Saturday, July 15, 2006

ഭാഷ്യം - ഞാനും എന്റെ മനസാക്ഷിയും: വംശ വിവേചനം, ഒരനുഭവം

മനസാക്ഷി: നിഷാദേ, എടാ നിനക്കു കുറ്റം പറയാനേ നേരമുള്ളോ?. മലയാളിയെക്കുറിച്ചു നല്ലതൊന്നും പറയാനില്ലേ?

കൈപ്പള്ളി: ഞാന് എന്റെ സമൂഹത്തിനെ പുകഴ്ത്തുന്നതെന്തിന്? അതു വെറും നല്ലവാക്കാവില്ലേ? അതു അതിമനോഹരമായി നിര്വഹിക്കുന്ന എത്രപേരുണ്ട്?

മനസാക്ഷി: ദേ ഇതു ഭയങ്കര ബോറാണു കേട്ടോ?
കൈപ്പള്ളി: മലയാളി പെരുമാറുന്നതു് പലപ്പോഴും അവന്റെ അപകര്ഷധാ ബോധം മൂലമാണ്.
മനസാക്ഷി :നിനക്കുമില്ലേ അപകര്ഷതാബോധം? നീ പിന്നെ അന്നു ജബല് അലി ഗേറ്റില് വന്നപ്പം മലയാളം റേഡിയോ മാറ്റി എന്തിനാ ഇംഗ്ലീഷ് ചാനല് വെച്ചത്?

കൈപ്പള്ളി: ജബല് അലിയില് സംഭവിച്ച കാര്യമാണോ? അത് ഞാന് വിശദീകരിക്കാം.

പണ്ടോക്കെ ചെറിയ ലാന്സര് ഓടിക്കുംമ്പോള് സെക്യൂരിറ്റി ഗാര്ഡ് ഗേറ്റിലെത്തുമ്പോള് എന്നോട് വണ്ടിയുടെ കണ്ണാടി താഴ്ത്താന് പറഞ്ഞിട്ട് പാസ്സ് ചോദിക്കുമായിരുന്നു. ഇപ്പോള് വലിയ വണ്ടിയായപ്പോള് ആരും ഒന്നും ചോദിക്കാറില്ല. ഗേറ്റ് എത്തുമ്പോള് സ്റ്റൈലില് സണ്ഗ്ലാസ് ഫിറ്റ് ചെയ്ത വണ്ടിയില് ഒരു വശം ചരിഞ്ഞിരുന്നു വലത്തേ കൈ പതുക്കെ പൊക്കി കാണിക്കും. ഗാര്ഡ് ഏതോ കൂടിയ പുലിയാണെന്നു കരുതി സല്യൂട്ടടിക്കും. ഞാന് ഗേറ്റുകടക്കും. ഇത് ജബല് അലി ഗേറ്റു് കടക്കാന് ദുബൈയിലെ ഒരുവിധം എല്ലാ ചേട്ടന്മാരും ഉപയോഗിക്കുന്ന വിദ്യയാണു്. ഇങ്ങനെ പാസ്സില്ലാതെ ഒരു ആറ് മാസമായി ഞാന് ജബല് അലിയിലെ പല ഗേറ്റിലൂടേയും കടക്കാറുണ്ടായിരുന്നു.

അങ്ങനെ ഒരു ദിവസം കണ്ണാടി താഴ്ത്തി വച്ചിരുന്നപ്പോള്, റേഡിയോയില് ദാസേട്ടന്റെ മനോഹരമായ പാട്ടു കേട്ടിട്ട് മലയാളിയായ സെക്യൂരിറ്റി ഗാര്ഡിനു ഞാന് മലയാളിയാണെന്ന കാര്യം മനസിലായി, മലയാളത്തില് തന്നെ എന്നോടു പാസ്സ് ചോദിച്ചു. കൈയില് പാസ്സ് ഇല്ല എന്നു ഞാന് പറഞ്ഞു. പാസ്സില്ലാതെ യാതൊരു കാരണവശാലും അകത്തു കടക്കാന് പറ്റില്ല എന്നു അദ്ദേഹവും. പിന്നെ ക്യൂവില് 20 മിനിറ്റു് നിന്നു 5 ദിറഹം ചിലവാക്കി പാസ്സു വാങ്ങി അകത്തു കടന്നു.

പിന്നെ അതിനു ശേഷം ഞാന് ജെബല് അലി ഗേറ്റിന്റെ അരികില് വരുമ്പോഴൊക്കെ കൃത്യമായി സ്റ്റേഷന് ഇംഗ്ലീഷ് ചാനലിലേക്കു മാറ്റും. പാസില്ലതെ ജാട കാണിച്ചു കടക്കണമെങ്കില് ഒരുകാരണവശാലും നമ്മള് മലയാളിയാണ് എന്ന് മലയാളിയായ ഗാര്ഡിനെ അറിയിക്കരുത്. ഇനി ഏതു പൊക്കത്തിലെ വണ്ടിയോടിച്ചു കേറുന്ന മലയാളിയയാലും, ജെബല് അലിയിലെ ഗാര്ഡ് പാസ്സ് ചോദിക്കും. "പാസ്സില്ലാതെ നീയൊന്നും ഇതിന്റകത്തു് കേറി ഷൈന് ചെയണ്ടമോനെ" എന്ന മട്ടില് നമ്മളെ തടയും.

ഇതു എന്റെ അപകര്ഷധാബോധമാണോ ചേട്ടാ


മനസാക്ഷി: പക്ഷേ മലയാളിക്കു മലയാളി ആണു കൂട്ട് എന്നാണല്ലോ ഞാന് കരുതിയത്.

കൈപ്പള്ളി: മലയാളിക്കു മലയാളി പാരപണിയും എന്നും കേട്ടിട്ടില്ലേ.

മനസാക്ഷി: നീ എന്താ, അവിടെ ആ ഗാര്ഡിന്റെ അവസ്ഥ കൂടി മനസിലാകത്തത്.? ആ ചൂടില് അയാള് അവിടെ നിന്നു ജോലി ചെയ്യണ്ടേ?

കൈപ്പള്ളി: ഞാന് മനസിലാക്കുന്നത് ഇങ്ങനയാണു്. ഈ സീന് ഇനി ഗാര്ഡിന്റെ കണ്ണിലൂടെ ഒന്നു കാണാം:


"നല്ല തകര്പ്പന് ചൂട്. ചൂടും പോരാഞ്ഞിട്ട് ഈ തൊപ്പിയും വെയ്ക്കണം, ബാക്കിയൊള്ളവനൊക്കെ ഏസിയും, കാറും പൂ...., വേണ്ട. നമുക്കുമാത്രം നോക്കുകുത്തിയുടെ ജോലിയും"
ദൂരത്ത് ഒരു പുതിയ 4WD വരുന്നുണ്ടു.
ഗാര്ഡ് മനസില് മന്ത്രിച്ചു "ആരാണാവോ?". കാറടുത്തെത്തി. കണ്ണാടി താഴ്ത്തിയപ്പോള് കാറില് മലയാളം പാട്ട്.
ഗാര്ഡിന്റെ വിധം മാറി, മനസില് മന്ത്രിച്ചു: "എടാ മലബാറി, അവന്റയൊരു വണ്ടിയും പത്രാസും, ഞാന് കരുതി ഏതോ അറബിയാണെന്നു്."
ഗാര്ഡ് മലയാളത്തില് ജബല് അലി പോര്ട്ടിന്റെ ഡയറക്ടര് പോലും തോറ്റുപോകുന്ന ഗൌരവത്തില്. "ഗേറ്റ്പാസ് കാണിക്കു "
ഞാന്: "പാസില്ല സാര് ഒരു അഞ്ച് മിനിറ്റു മാത്രമേ വേണ്ടു. ഒന്നു പോയിട്ട് ഉടന് തിരികെ വന്നേക്കം"
ഗാര്ഡ് മനസില്: "അങ്ങനെ നീ പോണ്ടട മലബാറി. നീ ബുദ്ധിമുട്ടി, കാത്ത് നിന്നു പാസെടുത്തിട്ടു പുളുത്തിയാല് മതി, മലബാറി അങ്ങനെ ജാഡ കാണിക്കണ്ട കേട്ട. എനിക്കില്ലാത്ത സൌകര്യം നിനക്കുവേണ്ട, ഇപ്പൊ കാണിച്ചുതരാം"

ഗാര്ഡ്: "പറ്റില്ല, പോയി പാസ്സ് വാങ്ങണം, അതാണു ഇവിടുത്തെ റൂള്സ്"
അപ്പോള്തന്നെ രണ്ടു മൂന്ന്, 4WD ഉം മെര്സിഡീസും, BMWഉം, ഗേറ്റില് പൊടിയും പറത്തി നിര്ത്താതെ പോയി. ഗാര്ഡുകള് പല്ലുകള് കാട്ടി ഇളിച്ചോണ്ട് സല്യൂട്ടടിച്ചു മാറിനിന്നു.

മനസാക്ഷി: നിഷാദേ, നീ ഒരു മര്യാദയുമില്ലാതെ മലയാളിയെ ആക്ഷേപിക്കുന്നു. നീ കരുതുന്നതുപോലയൊന്നുമല്ല കാര്യങ്ങള്.

കൈപ്പള്ളി: ഞാന് അനുഭവിച്ച ചെറിയ കാര്യങ്ങള് ഞാന് വലുതാക്കി ഏഴുതുന്നതിന്റെ കാരണം കഥകളിക്കാരന് കണ്ണുകള് വിടര്ത്തുന്നതുപോലയാണ്. വലുതാക്കിയാലെ പുറകില് നില്ക്കുന്നവനു കാണാന് കഴിയുകയുള്ളു. അതിശയോക്തി ഉണ്ടെങ്കിലും സത്യമില്ലാതില്ല. ഇനിയും ഉണ്ട് പല അനുഭവങ്ങള്.

മനസാക്ഷി: ദേ വീണ്ടും തുടങ്ങി, ഞാന് കരുതി ഇതു ഇവിടെയങ്ങ് തീര്ന്നുവെന്ന്.

കൈപ്പള്ളി: തീര്ന്നില്ല ചേട്ടാ!

ഷോപ്പിംഗ് മാളില് ഒരു പാവം അന്ധ്രാക്കരനായ കൂലിപ്പണിക്കാരന് മൂത്രപുര അന്വേഷിച്ച് അലഞ്ഞു തിരിഞ്ഞപ്പോള്, മലയാളിയായ സെക്യുരിറ്റി ഗാര്ഡ് പിടിച്ചു പുറത്താക്കി. ഞാന് അതു കണ്ടയുടന് ഗാര്ഡിനോട് കാര്യം അന്വേഷിച്ചു. ഗാര്ഡ് പറഞ്ഞത്, "Safety Shoes ധരിച്ചുകൊണ്ടു മാളില് പ്രവേശിക്കാന് പാടില്ല എന്നു് നിയമം ഉണ്ട്" എന്നാണ്.

Safety Shoes ഇട്ടുകൊണ്ടു ഒരുകൂട്ടം വെള്ളക്കാരായ സിവില് എഞ്ജിനിയര്മാര് food court-ല് ഇരുന്നു ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. ഞാന് മലബാറി ഗാര്ഡ് ചേട്ടനോടു അതു ചൂണ്ടി കാട്ടിയിട്ട്, അവരെ ആരെയെങ്കിലും ഒന്നു പുറത്തിറക്കാന് ചേട്ടനു സാധിക്കുമോ എന്നു ചോദിച്ചു. ഞാന് ഈ ബഹളം കൂട്ടുന്നതു കണ്ടു രണ്ടു ഇമറാത്തി ചെറുപ്പക്കാര് കാര്യം അന്വേഷിച്ച് അരികില് വന്നു. ഇതു മനുഷ്യ ധ്വംസനമാണെന്നും പടച്ചവന് പൊറുക്കാത്ത തെറ്റാണെന്നും അവര് ഗാര്ഡിനെ ഓര്മ്മിപ്പിച്ചു.

മലബാറി ഗാര്ഡ് ചേട്ടന് നിസ്സഹായതയോടെ പറഞ്ഞു. "എന്തുചെയ്യാനാണു സാര്, നമ്മള് പറഞ്ഞാല് അവര് ആരും കേള്ക്കില്ല" ചുരുക്കത്തില് നിയമം എന്നു പറയുന്ന സാധനം പാവപ്പെട്ടവന്റെ മുതുകില് എടുത്തുവെച്ച് കുതിരകളിക്കാനുള്ള സാധനമാണ്.

മനസാക്ഷി: ഈ രണ്ടു കഥയും തമ്മില് എന്തോന്നു ബന്ധം ?

കൈപ്പള്ളി: മാളില് അങ്ങനെയൊരു നിയമം ഉണ്ട്. പക്ഷേ അതെല്ലവര്ക്കും ബാധകമല്ല. പാവപ്പെട്ടവനു മാത്രം. ജബല് അലിയില് പാസ്സില്ലാതെ അകത്തു കയറാനും പാടില്ല. പക്ഷേ ആ നിയമവും പാവപ്പെട്ടവനുമാത്രം ബാധകം. ഈ രണ്ടു നിയമവും കാക്കാന് നിയോഗപെട്ടവരും നമ്മള് തന്നെ. എന്തൊരു വിരോധാഭാസം. രണ്ടു നിയമത്തിനും നല്ല കാരണങ്ങള് ഉണ്ട്. മാളിലെ നിയമം അവിടത്തെ തറ വൃത്തികേടാക്കാതിരിക്കാനു. ജബല് അലി പോര്ട്ടിലെ നിയമം അനധികൃതമായി ജോലി ചെയ്യുന്നത്തു തടയാനുമാണു്. പക്ഷേ ആ നിയമങ്ങളെ വംശവിവേചനത്തിന്റെ ആയുധമാക്കി മലയാളി മാറ്റുന്നു എന്നതാണു ശ്രദ്ധിക്കേണ്ട വസ്തുത.

മനസാക്ഷി: നിഷാദേ, സൂക്ഷിച്ചോ. നിന്നെ അരെങ്കിലും തള്ളിയിട്ടു പെരുമാറും, പറഞ്ഞില്ലന്നു വേണ്ട.

posted by സ്വാര്‍ത്ഥന്‍ at 5:03 PM

0 Comments:

Post a Comment

<< Home